ഭൂമിയിടപാടിലെ തെറ്റായ തീരുമാനത്തിലൂടെ റെയിൽവേയ്ക്ക് 852 കോടി രൂപ നഷ്ടമായെന്ന് സിഎജിയുടെ കണ്ടെത്തൽ. റെയിൽവേയുടെ ഭാഗമായ പൊതുമേഖലാ സ്ഥാപനം ഇർകോണിന് വേണ്ടി റെയിൽ ലാൻഡ് അതോറിറ്റിയിൽ നിന്ന് 4.3 ഹെക്ടർ ഭൂമി പാട്ടത്തിനെടുത്തതിലാണ് വീഴ്ചയുണ്ടായത്. ബാന്ദ്ര ഈസ്റ്റിൽ വികസന പദ്ധതികൾ ആരംഭിക്കാനായാണ് 99 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുക്കാൻ ഇർകോണും ആർഎൽഎയും തമ്മിൽ കരാറൊപ്പിട്ടത്.
3200 കോടി രൂപയാണ് പാട്ടത്തുകയായി നൽകാൻ ധാരണയായത്. ഇതിൽ 2700 കോടിയിലേറെ രൂപ ഇർകോൺ നൽകാനും ശേഷിക്കുന്ന തുകയും ആകെ തുകയുടെ പലിശയും റെയിൽവേ മന്ത്രാലയം നൽകാനുമായിരുന്നു കരാർ. 2018 മാർച്ച് 28ന് ഭൂമി ഏറ്റെടുക്കേണ്ടെന്ന് തീരുമാനമായി.
എന്നാൽ മാർച്ച് 31ന് ഇർകോൺ ഭൂമി പാട്ടത്തിനെടുക്കാനായി തുക കൈപ്പറ്റുകയും കേന്ദ്ര റെയിൽവേ മന്ത്രാലയം വായ്പ അടയ്ക്കുകയും ചെയ്തു. അതായത് ഇല്ലാത്ത ഭൂമി പാട്ടത്തിനെടുക്കലിൻ്റെ പേരിൽ റെയിൽവേ മന്ത്രാലയത്തിന് ഉണ്ടായത് 852 കോടി രൂപയുടെ ബാധ്യതയാണെന്ന കണ്ടെത്തലിലേക്ക് സിഎജി എത്തി. തീരുമാനങ്ങളിലെ പിഴവ് കൊണ്ടുണ്ടായ നഷ്ടം നികത്താനും സിഎജി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.