NEWSROOM

പരമ്പര തൂക്കി നീലപ്പട; മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റ് ജയം, ജയ്സ്വാളിന് സെഞ്ച്വറി

പ്രോട്ടീസിൻ്റെ ഇടങ്കയ്യൻ ബാറ്റർ ഏകദിനത്തിൽ ഇന്ത്യക്കെതിരായ തൻ്റെ ഏഴാമത്തെ സെഞ്ച്വറിയാണ് കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

വിശാഖപട്ടണം: യശസ്വി ജെയ്സ്വാളിൻ്റെ (116*) തകർപ്പൻ സെഞ്ച്വറിയുടെ രോഹിത് ശർമയുടെയും (75) വിരാട് കോഹ്ലിയുടെയും (65*) അർധ സെഞ്ച്വറികളുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയെ ഏകദിന പരമ്പരയിൽ 2-1ന് മുട്ടുകുത്തിച്ച് ഇന്ത്യയുടെ മധുരപ്രതികാരം. നേരത്തെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ 2-0ന് ഇന്ത്യ തോറ്റിരുന്നു. കോഹ്ലിയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് ഓൾഔട്ടായിരുന്നു. കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വീതം വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി.

മറുപടിയായി ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. രോഹിത്തിനെ കേശവ് മഹാരാജ് ബ്രീറ്റ്സ്‌കെയുടെ കൈകളിലെത്തിച്ച് ഒരു വിക്കറ്റ് നേടി.

ഇന്ത്യക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത് ഓപ്പണർ ക്വിൻ്റൺ ഡീ കോക്ക് ആയിരുന്നു. ഹർഷിത് റാണ എറിഞ്ഞ മുപ്പതാം ഓവറിലെ മൂന്നാം പന്ത് ഡീപ്പ് മിഡ് വിക്കറ്റിലേക്ക് പുൾ ചെയ്തു സിക്സർ പറത്തിയാണ് പ്രോട്ടീസിൻ്റെ ഇടങ്കയ്യൻ ബാറ്റർ ഏകദിനത്തിൽ ഇന്ത്യക്കെതിരായ തൻ്റെ ഏഴാമത്തെ സെഞ്ച്വറി കണ്ടെത്തിയത്.

മത്സരത്തിൽ 80 പന്തിൽ നിന്നാണ് ഡീ കോക്ക് സെഞ്ച്വറി നേടിയത്. ആറ് കൂറ്റൻ സിക്സറുകളും എട്ട് ബൗണ്ടറികളും ഈ ഇന്നിങ്സിന് മാറ്റേകി. 120ന് അടുത്ത് സ്ട്രൈക്ക് റേറ്റിൽ താരം ബാറ്റിങ് തുടർന്ന് ഇന്ത്യക്ക് തുടക്കത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

ഇനി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കൂടി ദക്ഷിണാപ്രിക്ക ഇന്ത്യയിൽ കളിക്കും. ഡിസംബർ 9ന് കട്ടക്കിലാണ് ആദ്യ ടി20 മത്സരം.

SCROLL FOR NEXT