പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. ശ്രീനഗറിലെ ദാല്‍ തടാകത്തിന്‍റെ കരയിലെ ഷേര്‍ - ഇ -കശ്മീര്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ കോംപ്ലക്‌സിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ മോദി വ്യത്യസ്ത യോഗാസനങ്ങള്‍ അവതരിപ്പിച്ചു. മഴകാരണം കോംപ്ലക്‌സിനുള്ളിനാണ് പരിപാടി നടന്നത്. കുട്ടികള്‍, വി ഐ പികള്‍ എന്നിവരടക്കം 7,000-ത്തിലധികം പേര്‍ പരിപാടിയില്‍ മോദിക്കൊപ്പം പങ്കെടുത്തു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള യോഗ സെഷന്‍ രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ഗണപത്‌റാവു ജാദവ് എന്നിവരും പരിപാടിയുടെ ഭാഗമായി.
ഈ വര്‍ഷത്തെ യോഗ ദിനത്തിന്‍റെ പ്രമേയം 'അവനവനും സമൂഹത്തിനുമായി യോഗ' എന്നാണ്. വ്യക്തിപരവും സാമൂഹികപരവുമായ വികാസത്തില്‍ യുവാക്കളെ പങ്കാളികളാക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലെത്തുന്ന പ്രധാനമന്ത്രി 84 വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും. റോഡ് വികസനം, ജലവിതരണ പദ്ധതികള്‍, ഉന്നതവിദ്യാഭ്യാസ രംഗം എന്നിവയുള്‍പ്പെടുന്ന പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
2015 മുതല്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു വരുന്നു. കര്‍ത്തവ്യ പാത, ചണ്ഡീഗഢ്, ഡെറാഡൂണ്‍, റാഞ്ചി, ലഖ്‌നൗ, മൈസൂരു, ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം എന്നിവിടങ്ങളിലാണ് ഇതിന് മുന്‍പ് മോദി യോഗ ദിനത്തിന് നേതൃത്വം നല്‍കിയത്. യോഗ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം പരിപാടികള്‍ നടക്കും. കോമണ്‍ യോഗ പ്രോട്ടോക്കോളിന്‍റെ ഭാഗമായി 'യോഗ ഫോര്‍ സ്‌പെയ്‌സ്' എന്ന പരിപാടി ഐ എസ് ആര്‍ ഒ സംഘടിപ്പിക്കും. രാജ്യാന്തര പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ എംബസികളിലും യോഗ ദിന പരിപാടികളുണ്ടാകും.