NEWSROOM

'കൂട്ടക്കൊല നടന്നു, ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു'; സംഭല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം യുപി നിയമസഭയില്‍ അവതരിപ്പിച്ച് യോഗി ആദിത്യനാഥ്

പ്രതിപക്ഷം സത്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്


സംഭല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം യുപി നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1978 ല്‍ സംഭലില്‍ കൂട്ടക്കൊലയുണ്ടായെന്നത് യാഥാര്‍ത്ഥ്യമെന്ന് യോഗി പറഞ്ഞു. പ്രതിപക്ഷം സത്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

സംഭലില്‍ വര്‍ഗീയ കലാപങ്ങള്‍ 1947 മുതല്‍ തുടരുന്നതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭലുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു ആദിത്യനാഥ്. 209 ഹിന്ദുക്കള്‍ സ്വതന്ത്ര്യാനന്തരം സംഭലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1978 മുതല്‍ 1984 വരെയുള്ള കാലയളവില്‍ 184 ഹിന്ദുക്കള്‍ സംഭല്‍ മേഖലയില്‍ വര്‍ഗീയ കലാപത്തില്‍ മരിച്ചുവെന്നും യോഗി. വര്‍ഗീയ കലാപത്തില്‍ ക്ഷേത്രം പൂര്‍ണമായും തകര്‍ന്നുപോയെന്നും യോഗിയുടെ പരാമര്‍ശം.

സഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തെയും യോഗി വിമര്‍ശിച്ചു.. സംഭലിനെ പ്രതിപക്ഷം രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രത്യേക അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. സത്യത്തെ ദീര്‍ഘനാള്‍ മറച്ചുപിടിക്കാനാകില്ലെന്നും യോഗി വിമര്‍ശിച്ചു.

2017 ന് ശേഷം യുപിയില്‍ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു. എന്‍സിആര്‍ബിയുടെ കണക്ക് പ്രകാരം 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളില്‍ 99 ശതമാനം വരെ കുറവുണ്ടായി. എന്നാല്‍ 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 815 വര്‍ഗീയ കലാപങ്ങള്‍ സംസ്ഥാനത്ത് നടന്നു. 192 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 2007 നും 2011 നും ഇടയില്‍ 616 വര്‍ഗീയ കലാപങ്ങള്‍ നടന്നതായും 121 പേര്‍ കൊല്ലപ്പെട്ടതായും യോഗി പറഞ്ഞു.

വിധാന്‍സഭാ പ്രസംഗത്തില്‍ ജയ് ശ്രീറാം വിളിയെ പ്രകീര്‍ത്തിക്കാനും യോഗി മറന്നില്ല. ജയ് ശ്രീറാം വിളിക്കുന്നത് പ്രകോപനപരമായി കണക്കാക്കാനാകില്ലെന്നും അത് വര്‍ഗീയമായി കണക്കാക്കാന്‍ ആകില്ലെന്നും യോഗി പറഞ്ഞു. അലഹബാദ് ജഡ്ജ് ശേഖര്‍ യാദവിനെ ന്യായീകരിക്കുകയും ചെയ്തു.

SCROLL FOR NEXT