NEWSROOM

ഔറംഗസേബിൻ്റെ പിന്മുറക്കാർ റിക്ഷ വലിച്ചാണ് ജീവിച്ചിരുന്നത്; വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

ക്ഷേത്രങ്ങളും വിശുദ്ധ സ്ഥലങ്ങളും തകര്‍ക്കുന്നതിലേക്കും ദൈവീകതയെ നിന്ദിക്കുന്നതിലേക്കും ഔറംഗാസേബ് പോകാതിരുന്നെങ്കില്‍ പിന്മുറക്കാര്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ചരിത്രത്തിലെ ദൈവിക നീതിയാണിത് - യോഗി ആദിത്യനാഥ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വിവാദ പരാമർശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.. മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ പിന്മുറക്കാർ റിക്ഷ വലിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നതെന്ന് യോഗി. ചരിത്രത്തിലെ ദൈവികനീതി എന്ന് വിശേഷിപ്പിച്ചായിരുന്നു യുപി മുഖ്യമന്ത്രിയുടെ പരാമർശം.

ഉത്തർപ്രദേശ് അയോധ്യ അസർഫി ഭവൻപീഠത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ പിൻമുറക്കാർ ഇപ്പോൾ കൊൽക്കത്തക്ക് സമീപം താമസിക്കുന്നുണ്ടെന്നും അവർ റിക്ഷ തൊഴിലാളികളായി ആണ് ഉപജീവനമാർഗം കണ്ടെത്തുന്നതെന്നുമായിരുന്നു പരാമർശം.

ക്ഷേത്രങ്ങളും വിശുദ്ധ സ്ഥലങ്ങളും തകര്‍ക്കുന്നതിലേക്കും ദൈവീകതയെ നിന്ദിക്കുന്നതിലേക്കും ഔറംഗാസേബ് പോകാതിരുന്നെങ്കില്‍ പിന്മുറക്കാര്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ചരിത്രത്തിലെ ദൈവിക നീതിയാണിത് - യോഗി ആദിത്യനാഥ് പറഞ്ഞു.

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും ആദിത്യനാഥ് അതൃപ്തി പ്രകടിപ്പിച്ചു. കാശി, അയോധ്യ, സംഭൽ, ഭോജ്പൂർ തുടങ്ങിയിടത്ത് ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ ചരിത്രത്തിൽ ആവർത്തിച്ച് ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തുവെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT