NEWSROOM

വോട്ട് ചെയ്യണമെന്ന് ട്രംപിൻ്റെ എക്സ് പോസ്റ്റ്: ട്രംപോ, കമലാ ഹാരിസോ എൻ്റെ പ്രസിഡൻ്റാകില്ലെന്ന മറുപടിയുമായി ഇന്ത്യൻ വംശജൻ

നവംബർ 5ന് നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാൻ തയ്യാറായിരിക്കണമെന്ന് റോഷൻ റായിയെ മെൻഷൻ ചെയ്തു കൊണ്ട്, ഡോണാൾഡ് ട്രംപ് എക്സ് പോസ്റ്റ് പങ്കുവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് വൈറലാകുന്നു. നോർത്ത് കരോലിനയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിവരങ്ങൾ ഞാൻ നിങ്ങൾക്കായി പങ്കുവെക്കാം, നവംബർ 5ന് നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാൻ തയ്യാറായിരിക്കണമെന്നാണ് റോഷൻ റായിയെ മെൻഷൻ ചെയ്തു കൊണ്ട്, ഡോണാൾഡ് ട്രംപ് എക്സ് പോസ്റ്റ് പങ്കുവെച്ചത്.

ഇതിനു പിന്നാലെയാണ് പോസ്റ്റിനെ പരിഹസിച്ചു കൊണ്ട് റോഷൻ റായി മറ്റൊരു പോസ്റ്റിട്ടത്. ഇങ്ങനെ ഒരു അറിയിപ്പിന് നന്ദിയുണ്ടെന്നും, പക്ഷെ ട്രംപോ, കമലാ ഹാരിസോ, തങ്ങളുടെ പ്രസിഡൻ്റ് ആകില്ലെന്നും റോഷൻ റോയി പോസ്റ്റിൽ കുറിച്ചു. താനൊരു ഇന്ത്യക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി റിയാക്ഷനുകളാണ് പോസ്റ്റിന് ലഭിച്ചത്. 

രണ്ട് വധശ്രമങ്ങളെ അതിജീവിച്ചതിന് ശേഷം ട്രംപ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, സോഷ്യൽ മീഡിയയെ കൂടുതലായും ആശ്രയിക്കുന്നത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്ന് വിമർശനവും വിനോദവും ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ഹാക്ക് ചെയ്തെന്ന ആരോപണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ കുറ്റപത്രം സമർപ്പിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ഡാറ്റകള്‍ ചോർത്തുന്നുവെന്നതാണ് പ്രധാന ആരോപണം.

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിദേശ ശക്തികളുടെ ഇടപെടൽ തടയാൻ ബൈഡൻ ഭരണകൂടം ഫലപ്രദമായി ഇടപെടുന്നുവെന്നത് ഉയർത്തിക്കാണിക്കാനുള്ള ശ്രമമാണിതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ പിന്തള്ളി ട്രംപ് മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മൂന്നിടങ്ങളിൽ ട്രംപിന് 45 മുതൽ 49 ശതമാനം വരെ മുന്നേറ്റമുണ്ടായേക്കുമെന്നും യുഎസ് മാധ്യമങ്ങൾ പ്രവചിച്ചു.


SCROLL FOR NEXT