NEWSROOM

പാലയിൽ കുടുംബവഴക്കിനെ തുടർന്ന് അരുംകൊല; ഭാര്യമാതാവിനെ പെട്രോൾ ഒഴിച്ചുകൊലപ്പെടുത്തി; ദേഹത്തേക്ക് തീപടർന്ന് യുവാവും മരിച്ചു

സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന, നിർമലയുടെ ഭർതൃമാതാവ് കമലാക്ഷിയും മനോജിൻ്റെ മകനും മാത്രമാണ് സംഭവത്തിൻ്റെ ദൃക്സാക്ഷികൾ

Author : ന്യൂസ് ഡെസ്ക്

പാലാ അന്ത്യാളത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ഇരുവരും മരിച്ചു. അന്ത്യാളം സ്വദേശി നിർമല, മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. നിർമലയെ കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ മനോജിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു.


ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി കയ്യിൽ പെട്രോൾ കരുതിയാണ് മനോജ് നിർമലയുടെ വീട്ടിലേക്ക് എത്തിയത്. ആറു വയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. മനോജ് കയ്യിൽ കരുതിയിരുന്ന പെട്രോൾ നിർമലയുടെ ദേഹത്തെക്ക് ഒഴിച്ച് തീ കൊളുത്തി. നിർമല പ്രതിരോധിക്കാൻ ശ്രമിച്ചതോടെ മനോജിൻ്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന, നിർമലയുടെ ഭർതൃമാതാവ് കമലാക്ഷിയും മനോജിൻ്റെ മകനും മാത്രമാണ് ദൃക്സാക്ഷികൾ.

ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. പുലർച്ചെയാണ് ഇരുവരും മരിച്ചത്. മനോജും ഭാര്യ ആര്യയും തമ്മിൽ ഏറെനാളായി അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ആര്യ എറണാകുളത്ത് ജോലിക്ക് പോയതുമായി ബന്ധപ്പെട്ട തർക്കമാണ് മനോജും നിർമ്മലയും തമ്മിൽ ഉണ്ടായിരുന്നത്.

SCROLL FOR NEXT