NEWSROOM

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 23കാരന്‍ മരിച്ചു

ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായിരുന്ന നിയാസ് അസുഖബാധിതനായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിയിൽ നിയാസാണ് മരിച്ചത്. 23 വയസായിരുന്നു. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായിരുന്ന നിയാസ് അസുഖ ബാധിതനായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അതേസമയം, സമീപ ജില്ലയായ കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ന് കൊമ്മേരിയിൽ അഞ്ചുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി. കഴിഞ്ഞ ദിവസം പ്രദേശത്തെ മെഡിക്കൽ ക്യാംപിൽ പങ്കെടുത്തവർക്കാണ് ഇന്ന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പ്രദേശത്തെ കിണറുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ രണ്ടാംവട്ട പരിശോധനാഫലം ഇന്ന് ലഭിക്കും.

കൊമ്മേരിയിലെ പൊതുകിണറിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും കോര്‍പ്പറേഷൻ ഉയർത്തുന്നുണ്ട്. വിഷയത്തിൽ ജനകീയ സമിതിയെ പഴിചാരുകയാണ് കോര്‍പറേഷന്‍.

SCROLL FOR NEXT