എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കുടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിനെയാണ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൽദോസ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. ജനവാസമേഖലയിൽ കാട്ടാനയെത്തി ആക്രമണം നടത്തിയതോടെ പ്രദേശത്ത് നാട്ടുകാർ വലിയ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
പ്രദേശത്ത് വേണ്ടവിധത്തിൽ വെളിച്ചമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ തന്നെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയ കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായത് നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നേരത്തെ പ്രതിഷേധങ്ങൾ നടന്നപ്പോൾ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് യുവാവിനെ കാട്ടാന ചവിട്ടികൊന്നിരിക്കുന്നത്.
നാട്ടുകാരുടെ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്, അതിനാൽ ഫെൻസിങ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.