NEWSROOM

ബൈഡനെതിരെയല്ല, എനിക്കെതിരാണ് നിങ്ങൾ മത്സരിക്കുന്നത്; ട്രംപിന് ഓർമപ്പെടുത്തി കമല

ബൈഡനെതിരായ വിമർശനങ്ങളിലൂന്നിയാണ് ഹാരിസിനെതിരെ ട്രംപ് ആഞ്ഞടിക്കാൻ ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്



ബൈഡനെതിരെയല്ല, തനിക്കെതിരാണ് ട്രംപ് മത്സരിക്കുന്നതെന്ന് ഓർമപ്പെടുത്തി കമല ഹാരിസ്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിനിടെയാണ് ഇക്കാര്യം കമല ഹാരിസ് പറഞ്ഞത്. തുടർച്ചയായി ജോ ബൈഡനെക്കുറിച്ചുള്ള വിമർശനങ്ങൾ വാഗ്വാദത്തിൽ ട്രംപ് പരാമർശിച്ചപ്പോഴായിരുന്നു കമലയുടെ പ്രതികരണം. 

"അദ്ദേഹം ജോ ബൈഡനെതിരെ മത്സരിക്കുന്നില്ലെന്ന് മുൻ പ്രസിഡൻ്റിനെ ഓര്‍മിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. നിങ്ങൾ എനിക്കെതിരാണ് മത്സരിക്കുന്നത്"- കമല ഹാരിസ് പറഞ്ഞു. ബൈഡനെതിരായ വിമർശനങ്ങളിലൂന്നിയാണ് ഹാരിസിനെതിരെ ട്രംപ് ആഞ്ഞടിക്കാൻ ശ്രമിച്ചത്. ജോ ബൈഡനെ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്നും ഹാരിസിനെ ഏറ്റവും മോശം വൈസ് പ്രസിഡൻ്റെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഹാരിസ് ബൈഡനെ വെറുക്കുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. താൻ ജോ ബൈഡനല്ല, ട്രംപുമല്ല. അമേരിക്കൻ ജനതയെ ഇകഴ്ത്തുന്നതിന് പകരം പുതുതായി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണ് താനെന്നും കമല പറഞ്ഞു.

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് എട്ട് ആഴ്ച മുമ്പാണ് സ്ഥാനാർഥികൾ തമ്മിലുള്ള സംവാദം നടക്കുക. ഇന്ത്യൻ സമയം രാവിലെ ആറുമണിക്കാരംഭിച്ച സംവാദത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും നടത്തിയത്. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്ദാനം നടത്തിയിരുന്നു. രണ്ടുമാസം മുൻപ് നടന്ന സംവാദത്തിനായി ട്രംപും പ്രസിഡന്റ് ജോ ബൈഡനും കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT