NEWSROOM

"സുരേഷ് ഗോപിയുടെ കഴുത്തില്‍ പുലിപ്പല്ല് മാല"; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കേന്ദ്രമന്ത്രിയുടെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിമാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.


പുലിപ്പല്ല് ലോക്കറ്റ് എന്ന് തോന്നിക്കുന്ന മാല ധരിച്ചുള്ള കേന്ദ്രമന്ത്രിയുടെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. കണ്ണൂരിലെ മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ പുലിപ്പല്ല് കൊണ്ടുള്ള ലോക്കറ്റ് കഴുത്തില്‍ കണ്ടുവെന്ന് പരാതിയില്‍ പറയുന്നു.


മാമാനിക്കുന്ന് ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴും തൃശൂരില്‍ പൊതുപരിപാടിയിലും പുലിപ്പല്ല് മാല ദൃശ്യമാകുന്ന വിധം സുരേഷ് ഗോപി ശരീരത്തില്‍ അണിഞ്ഞ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ മാല അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് വ്യക്തമാണ്. ഇത്തരം വസ്തുക്കളുടെ പ്രദര്‍ശനവും കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്.

വന്യമൃഗങ്ങളുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമാണെന്നിരിക്കേ പുലിപ്പല്ല് എങ്ങനെയാണ് അദ്ദേഹത്തിന്റെ കൈവശം എത്തിയതെന്ന് വിശദീകരിക്കണം. കേന്ദ്രമന്ത്രിയുടെ നിയമലംഘനം ഭരണഘടനാ ലംഘനവും ഗുരുതരമായ കൃത്യവിലോപമാണെന്നും പരാതിയില്‍ പറയുന്നു.

വിഷയങ്ങള്‍ പരിശോധിച്ച് പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള സംശയങ്ങള്‍ ദുരീകരിക്കണമെന്നും നിയമലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയ കേസില്‍ റാപ്പര്‍ വേടനെ കോടതി രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ലോക്കറ്റ് ധരിച്ചതിന്റെ പേരില്‍ മൃഗവേട്ട അടക്കമുള്ള ഒന്‍പത് ഗുരുതര വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്.

SCROLL FOR NEXT