NEWSROOM

സജി ചെറിയാൻ്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ലൈംഗികാരോപണം ഉയർന്നതിനു പിന്നാലെ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. തിരുവനന്തപുരത്തുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. ലൈംഗികാരോപണം ഉയർന്നതിനു പിന്നാലെ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. പിന്നാലെ കോഴിക്കോടുള്ള രഞ്ജിത്തിൻ്റെ വീട്ടിലും പൊലീസ് സുരക്ഷയൊരുക്കി. 


രഞ്ജിത്ത് രാജ്യം കണ്ട പ്രഗല്‍ഭനായ കലാകാരനാണ്. മാധ്യമങ്ങളില്‍ നടത്തിയ ഒരു ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞത്. ഇത് വിവാദമായതോടെ ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെതിരെ നടപടിയുണ്ടാകുമെന്ന് നിലപാട് മയപ്പെടുത്തി. 

2009-10 കാലഘട്ടത്തില്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. നടിയുടെ വെളിപ്പെടുത്തലില്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമാകുകയാണ്. രഞ്ജിത്ത് സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്ന് സിപിഐയുടെ കമ്മിറ്റിയംഗം മനോജ് കാന പറഞ്ഞു. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്നാണ് മറ്റൊരംഗമായ എന്‍. അരുണും വ്യക്തമാക്കിയത്.

SCROLL FOR NEXT