NEWSROOM

തടിയനെന്ന് വിളിച്ച് അപമാനിച്ചു; അതിഥികൾക്ക് നേരെ വെടിയുതിർത്ത് യുവാവ്

സംഭവത്തിൽ ഉത്തർപ്രദേശ് ബെൽഘട്ട് നിവാസിയായ അർജുൻ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് ഗോർഖാപൂരിൽ ശരീരഭാരത്തിൻ്റെ പേരിൽ അപമാനിച്ച രണ്ട് പേർക്ക് നേരെ വെടിയുതിർത്ത് യുവാവ്. പ്രദേശത്തെ സമൂഹവിരുന്നിനിടെ തടിയനെന്ന് വിളിച്ച് അപമാനിച്ച അതിഥികൾക്ക് നേരെയാണ് യുവാവ് വെടിയുതിർത്തത്. സംഭവത്തിൽ ബെൽഘട്ട് നിവാസിയായ അർജുൻ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അർജുൻ ചൗഹാൻ തൻ്റെ അമ്മാവനൊപ്പം ഒരു ക്ഷേത്രത്തിന് സമീപമുള്ള ഒരു സമൂഹ വിരുന്നിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ, മഞ്ജരി നിവാസികളായ അനിൽ ചൗഹാനും ശുഭം ചൗഹാനും അർജുൻ്റെ ശരീരഭാരത്തെ പരിഹസിക്കുകയും 'മോട്ടു'(തടിയൻ) എന്ന് വിളിക്കുകയും ചെയ്തു. ഇതിൻ്റെ വൈരാഗ്യത്തിലാണ് അർജുൻ ആക്രമണം നടത്തിയത്.


വ്യാഴാഴ്ച രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന അനിലിനെയും ശുഭത്തിനെയും അർജുനും സുഹൃത്ത് ആസിഫ് ഖാനും ചേർന്ന് പിന്തുടർന്നു. ആക്രമിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ, പ്രതികൾ തെനുവ ടോൾ പ്ലാസയ്ക്ക് സമീപം കാർ നിർത്തി, ഇരുവരെയും വലിച്ചിറക്കി വെടിവയ്ക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടെന്നും ഖജ്‌നി പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.

വഴിയാത്രക്കാരാണ് റോഡിൽ പരിക്കേറ്റ് കിടന്ന അനിലിനെയും ശുഭത്തിനെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് ജില്ലാ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇരുവരും ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.


സംഭവം നടന്ന് പിറ്റേ ദിവസം തന്നെ പിറ്റേന്ന് ഖജ്‌നി പൊലീസ് സ്റ്റേഷനിൽ പരാതിയെത്തി. ശുഭം ചൗഹാന്റെ പിതാവാണ് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, തൊട്ടടുത്ത ദിവസം തന്നെ പ്രതി അർുജനെ അറസ്റ്റ് ചെയ്തു.



SCROLL FOR NEXT