പത്തനംതിട്ട മല്ലപ്പള്ളി തെള്ളിയൂരിൽ 1200 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തെള്ളിയൂർ സ്വദേശി ഒ.കെ അനു ആണ് പിടിയിലായത്. വീട്ടിലെ മുറിയിൽ വലിയ പൊതികളാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇതര സംസ്ഥാന തൊഴിലാളികൾ മുഖേന എത്തിക്കുന്ന കഞ്ചാവ് യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും പൊതികളിലാക്കി വിൽക്കുന്നതാണ് രീതിയെന്നും പത്തനംതിട്ട ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ അനു എന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.