NEWSROOM

റിയാലിറ്റി ഷോയിലെ വിവാദ പരാമർശം; സുപ്രീം കോടതിയെ സമീപിച്ച് യൂട്യൂബർ രൺവീർ അല്ലാഹ്ബാദിയ

ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് എന്ന പരിപാടിക്കിടെയായിരുന്നു ഇയാൾ വിവാദപരാമർശം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

റിയാലിറ്റി ഷോയിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം പരാതികൾ രജിസ്റ്റർ ചെയ്തതിൽ സുപ്രീം കോടതിയെ സമീപിച്ച് യൂട്യൂബർ രൺവീർ അല്ലാഹ്ബാദിയ. ഹാസ്യനടൻ സമയ് റെയ്‌ന അവതാരകനായ ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് എന്ന പരിപാടിക്കിടെയായിരുന്നു ഇയാൾ വിവാദപരാമർശം നടത്തിയത്. നിരവധി പരാതികൾ ഉയർന്നതിനാൽ അവയൊക്കെ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം സുപ്രീം കോടതിയെ സമീപിച്ചത്.

ഷോ അവതരിപ്പിച്ചവർക്കെതിരെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചിരുന്നു. ഇതിനു പിന്നാലെ രൺവീർ മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഹർജി അടിയന്തര വാദം കേൾക്കണമെന്നായിരുന്നു യൂട്യൂബറിൻ്റെ ആവശ്യം. എന്നാൽ ഹർജി പരിഗണിക്കാൻ തീയ്യതി നിശ്ചയിച്ചിട്ടുണ്ടെന്ന് പറഞ്ഞ കോടതി, ഈ ആവശ്യം നിരസിക്കുകയായിരുന്നു.



ഹാസ്യനടന്മാരെയും സ്വാധീനശക്തിയുള്ളവരെയും വിധികർത്താക്കളായും പങ്കാളികളായും അവതരിപ്പിച്ച ഇന്ത്യ ഗോട്ട് ലാറ്റൻ്റ് എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിൽ അല്ലാഹ്ബാദിയ നടത്തിയ പരാമർശത്തെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മാതാപിതാക്കൾക്കിടയിലെ ലൈംഗികതയെ കുറിച്ച് അശ്ലീലം പറഞ്ഞുവെന്നാണ് ഇയാൾക്കെതിരെ ഉയർന്ന പ്രധാന ആരോപണം.

"നിങ്ങളുടെ മാതാപിതാക്കൾ ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ നിങ്ങൾ ഒരിക്കൽ അതിൽ പങ്കുചേർന്ന് ആ ബന്ധം എന്നെന്നേക്കുമായി നിർത്താനാണോ ആഗ്രഹിക്കുന്നത്?" എന്നായിരുന്നു ഒരു മത്സരാർഥിയോട് രൺവീർ അലഹാബാദിയ ചോദിച്ചത്. പരാമർശം വിവാദമായതിനെ തുടർന്ന് മഹാരാഷ്ട്ര സൈബർ വകുപ്പ് ഇവർക്കെതിരെ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐടി ആക്ട് കൂടാതെ ഷോയുടെ 18 എപ്പിസോഡുകളും നീക്കം ചെയ്യാൻ സൈബർ വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67പ്രകാരം ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ കുറ്റകരമാണ്.



ഗുവാഹത്തി സ്വദേശിയായ ഒരാൾ ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്ന് അസം പൊലീസ് അശ്ലീലം,പൊതു സദാചാരം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അല്ലാഹ്ബാദിയ, റെയ്‌ന, ആശിഷ് ചഞ്ച്‌ലാനി, ജസ്പ്രീത് സിംഗ്, അപൂർവ മഖിജ, എന്നീ  അവതാരകരും ഉൾപ്പെടുന്നു.

പരിപാടിയിൽ കേരളത്തിനെതിരെ ഉയർന്ന അധിക്ഷേപ പരാമർശത്തിനെതിരെയും നിരവധി കമൻ്റുകളാണ് ഉയർന്നത്. ടോക് ഷോയിൽ എത്തിയ മത്സരാർഥി മലയാളിയാണെന്ന് പരിചയപ്പെടുത്തുമ്പോഴേക്ക് ജഡ്ജ് പാനലിലുള്ളവർ പരിഹാസിക്കുന്നത് ഷോയിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതാദ്യമായല്ല കേരളത്തിനെതിരായ അധിക്ഷേപം സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പലപ്പോഴും ഇത്തരം വിദ്വേശ പരാമർശങ്ങൾ കമൻ്റ് ബോക്സുകളിൽ ഒതുങ്ങുകയാണ് പതിവ്.


എന്നാൽ ദേശീയ ടെലിവിഷൻ ഷോയ്‌ക്കിടെയുണ്ടായ അധിക്ഷേപം ക്ഷമിക്കാൻ മലയാളികളും ഒരുക്കമായില്ല. എന്തുകൊണ്ടാണ് കേരളം നമ്പർ വണ്ണാകുന്നതെന്നും സാക്ഷരത വെറുതെയുണ്ടായതല്ലെന്നും മലയാളികളുടെ നേട്ടങ്ങൾ എന്തൊക്കെയാണെന്നുമെല്ലാം വിവരിച്ച് കൊണ്ടുള്ള വീഡിയോ റീലുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞാണ് ജസ്പ്രീതിന് മറുപടി നൽകുന്നത്. പഞ്ചാബിയായ ജസ്പ്രീത് സിംഗിന്, കേരളത്തേയും പഞ്ചാബിനേയും താരതമ്യം ചെയ്തുകൊണ്ടുള്ള മറുപടി കമൻ്റുകളും സജീവമാണ്.

SCROLL FOR NEXT