ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്കെ 
NEWSROOM

വീണ്ടും യൂറിക്കോ കൊയ്കെ; മൂന്നാം തവണയും ടോക്കിയോ ഗവർണറായി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍

തെരഞ്ഞെടുക്കപ്പെട്ടാല്‍ പുരുഷന്മാർ അടക്കി ഭരിക്കുന്ന ജപ്പാന്‍ രാഷ്ട്രിയത്തിലെ ശക്തമായ വനിത സാന്നിധ്യമാവും യൂറിക്കോ

Author : ന്യൂസ് ഡെസ്ക്

യൂറിക്കോ കൊയ്കെ - ജപ്പാനിലെ ഏറ്റവും ജനസംഖ്യയുള്ള ടോക്കിയോ നഗരത്തിന്‍റെ ആദ്യ വനിത ഗവർണർ. ഞായറാഴ്ച നടന്ന ടോക്കിയോ ഗവർണർ തെരഞ്ഞെടുപ്പിൽ യൂറിക്കോ കൊയ്കെ തുടർച്ചയായ മൂന്നാം തവണയും വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളെ കണക്കിലെടുത്താല്‍ ഈ 71 വയസ്സുകാരി ഇനി നാല് വർഷം കൂടി തന്‍റെ സ്ഥാനം ഉറപ്പിക്കും. മൂന്നാം വട്ടവും യൂറിക്കോ കൊയ്കെ വിജയിച്ചാല്‍ അവരെ പിന്തുണച്ച പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കും അദ്ദേഹത്തിന്‍റെ ലിബറൽ ഡമോക്രാറ്റിക് പാർട്ടിക്കും (എൽഡിപി) അതൊരു നേട്ടമാകും.

2016ലും 2020ലും തുടർച്ചയായി രണ്ട് വട്ടം യൂറിക്കോ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. യാഥാസ്ഥിതിക നിലപാടുകളുള്ള യൂറിക്കോയുടെ നേതൃത്വത്തിലാണ് കൊറോണ വൈറസിന്‍റെ മഹാവ്യാധിക്കാലം ടോക്കിയൊ കടന്നത്. കൊറോണ മൂലം നീട്ടിവെയ്ക്കപ്പെട്ട 2021 ലെ വേനൽക്കാല ഒളിമ്പിക്സും വിജയകരമായി സംഘടിപ്പിക്കാന്‍ യൂറിക്കോയ്ക്കായി.

ജപ്പാന്‍ വന്ധ്യതയിലേക്ക് നീങ്ങുകയാണൊ എന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ പ്രധാന ചോദ്യം. വിജയിക്കുന്ന സ്ഥാനാർഥി നേരിടേണ്ടി വരിക ടോക്കിയോയിലെ ഞെട്ടിക്കുന്ന തരത്തില്‍ താഴ്ന്ന ജനനനിരക്കിനെയായിരിക്കും. രാജ്യത്തെ മറ്റിടങ്ങളെക്കാള്‍ കുറവാണ് ടോക്കിയോയിലെ ജനന നിരക്ക്. ഇതിനെ ഒരു പ്രശ്നമായാണ് ജപ്പാന്‍ സമൂഹം നിരീക്ഷിക്കുന്നത്.


തെരഞ്ഞെടുക്കപ്പെട്ടാല്‍ പുരുഷന്മാർ അടക്കി ഭരിക്കുന്ന ജപ്പാന്‍ രാഷ്ട്രിയത്തിലെ ശക്തമായ വനിത സാന്നിധ്യമാവും യൂറിക്കോ. കാരണം ജപ്പാന്‍ ജനസംഖ്യയില്‍ 11 ശതമാനവും ജിഡിപിയുടെ 20 ശതമാനവും സംഭാവന ചെയ്യുന്നത് ടോക്കിയൊയാണ്. മാത്രവുമല്ല വിജയിച്ചാല്‍ ഈ സാമ്പത്തിക വർഷം 16.55 ട്രില്യൺ യെൻ (100 ബില്യൺ ഡോളർ; 80 ബില്യൺ പൗണ്ട്) ആയി ഉയർന്ന നഗരത്തിന്‍റെ ബജറ്റിന്‍റെ ചുമതലയും യൂറിക്കോയ്ക്കായിരിക്കും. യൂറിക്കോയ്ക്ക് 40 ശതമാനത്തില്‍ കൂടുതൽ വോട്ട് ലഭിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

വ്യവസായ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വന്നതിനാല്‍ ഡിജിറ്റൽ പരിവർത്തനങ്ങളുമായി എങ്ങനെ മുന്നോട്ട് പോകാം എന്നതാണ് തന്‍റെ പ്രധാന വെല്ലുവിളിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ വിജയം പ്രഖ്യാപിച്ചു കൊണ്ട് യൂറിക്കോ പറഞ്ഞു. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജപ്പാനിൽ അപര്യാപ്തമാണെന്ന് പറയുന്ന "വനിതാ ശാക്തീകരണത്തിനുള്ള അന്തരീക്ഷം" സൃഷ്ടിക്കുമെന്നും ടോക്കിയോ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കുമെന്നും യൂറിക്കോ കൂട്ടിച്ചേർത്തു.

യൂറിക്കോയുടെ വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായത്, സ്വതന്ത്ര സ്ഥാനാർത്ഥിയും ഹിരോഷിമ പ്രവിശ്യയിലെ അകിറ്റകറ്റ പട്ടണത്തിലെ മുൻ മേയറുമായ 41കാരന്‍ ഷിൻജി ഇഷിമാരുവിന്‍റെ രണ്ടാം സ്ഥാനമാണ്. ഈ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോൺസ്റ്റിറ്റ്യൂഷണൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ (സിഡിപിജെ) പിന്തുണച്ച 56 കാരിയായ റെൻഹോ സൈറ്റോ മൂന്നാം സ്ഥാനത്താണ്. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് ഇഷിമാരു ടോക്കിയോയിൽ താരതമ്യേന അജ്ഞാതനായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, തനിക്കുള്ള വലിയ സോഷ്യൽ മീഡിയ ഫോളോവേഴ്സിലേക്ക് എത്തിച്ചേരുന്നതിലൂടെ തന്‍റെ പ്രശസ്തി വർദ്ധിപ്പിക്കുന്നതിലാണ് ഇഷിമാരു ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇഷിമാരുവിന് രണ്ടാം സ്ഥാനം കിട്ടാന്‍ കാരണം യുവ വോട്ടർമാർക്കിടയിലുള്ള സ്വാധീനമാണെന്ന് കരുതപ്പെടുന്നു. ഒരു മുൻ ബാങ്കർ എന്ന നിലയിൽ ടോക്കിയോയുടെ സമ്പദ് വ്യവസ്ഥയും വ്യവസായവും മുന്നോട്ട് കൊണ്ടുപോകേണ്ടതെങ്ങനെയെന്ന വിഷയവും പ്രചാരണത്തിലേക്ക് കൊണ്ടുവരാന്‍ ഇഷിമാരു ശ്രദ്ധിച്ചിരുന്നു.   "ഞാൻ ആവുന്നതെല്ലാം ചെയ്തു", തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം രണ്ട് പ്രധാന മത്സരാർത്ഥികളെ അപേക്ഷിച്ച് തനിക്ക് പ്രത്യേകമായി ഒരു പാർട്ടിയോടും ചായ്‌വില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഇഷിമാരു തന്‍റെ അനുയായികളോട് പറഞ്ഞു.


SCROLL FOR NEXT