NEWSROOM

വരൂ, പുടിന്‍റെ ചെയ്തികള്‍ കാണൂ...; യുക്രെയ്ന്‍ സന്ദർശിക്കാന്‍ ട്രംപിനെ ക്ഷണിച്ച് സെലന്‍സ്കി

ഞായറാഴ്ച രാവിലെ സുമിയിൽ നടന്ന റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 34 പേർ കൊല്ലപ്പെടുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്ക്

Author : ന്യൂസ് ഡെസ്ക്

യുദ്ധക്കെടുതികള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ രാജ്യത്തേക്ക് ക്ഷണിച്ച് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കി. പുടിന്‍ എന്താണ് ചെയ്തതെന്ന് നേരിട്ടുകണ്ട് മനസിലാക്കാനാണ് ക്ഷണം. ഓശാന ഞായറാഴ്ച സുമിയില്‍ നടന്ന റഷ്യന്‍ ആക്രമണത്തിന് പിന്നാലെ സിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്കി ട്രംപിനെ യുക്രെയ്നിലേക്ക് ക്ഷണിച്ചത്.


"ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾക്ക് മുമ്പ്, ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾക്ക് മുമ്പ്, മരിച്ച ഈ ആളുകളെയും, സാധാരണക്കാരെയും, കുട്ടികളെയും, യോദ്ധാക്കളെയും, നശിപ്പിക്കപ്പെട്ട ഈ ആശുപത്രികളും,പള്ളികളും, ദയവായി വന്നു കാണൂ."സെലന്‍സ്കി പറഞ്ഞു.

ഞായറാഴ്ച രാവിലെ സുമിയിൽ നടന്ന റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 34 പേർ കൊല്ലപ്പെടുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്ക്. ഞായറാഴ്ച ഓശാന ആഘോഷിക്കാൻ ആളുകൾ പള്ളിയിലേക്ക് പോകുന്നതിനിടെ തിരക്കേറിയ നഗരമധ്യത്തിലാണ് രണ്ട് മിസൈലുകൾ പതിച്ചത്. ഇതിലൊന്ന് യാത്രക്കാർ നിറഞ്ഞ ഒരു ട്രോളി ബസിലാണ് വീണത്. ഈ ആക്രമണത്തില്‍ മരിച്ചവരിൽ രണ്ട് പേർ കുട്ടികളായിരുന്നു. വെള്ളിയാഴ്ച റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌ക്കോഫും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ആക്രമണം.

സുമിയിലെ റഷ്യന്‍ മിസൈല്‍ ആക്രമണം മേഖലയില്‍ വെടിനിർത്തല്‍ ഏർപ്പെടുത്തേണ്ടതിന്‍റെ അടിയന്തര ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. വിദേശകാര്യങ്ങളിൽ യൂറോപ്യൻ യൂണിയൻ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ ഇന്ന് ലക്സംബർഗിൽ ചേരുന്ന യോഗത്തില്‍ സുമിയിലെ ആക്രമണമാണ് പ്രധാന വിഷയം.

SCROLL FOR NEXT