പത്തനംതിട്ട: മധ്യ തിരുവിതാംകൂറിലെ ഓണാട്ടുകരക്കാർക്ക് മഹാബലി എത്തണമെങ്കിൽ പിണ്ടി വിളക്ക് നാട്ടണം. എന്താണ് പിണ്ടിവിളക്ക് എന്നല്ലേ. വാഴത്തട വൃത്തിയാക്കി പിണ്ടി വേർതിരിച്ചെടുത്ത് അത് മണ്ണിൽ നാട്ടും. എന്നിട്ട് പിണ്ടിയിൽ ഈർക്കിൽ വളച്ച് തിരുകി അതിൽ ചിരാത് വച്ച് തിരിതെളിയിക്കും. പിണ്ടി വിളക്കിനെ കുറിച്ചും അതിന് പിന്നിലെ ഐതിഹ്യത്തെ കുറിച്ചും അറിയാം.
വിശ്വാസങ്ങൾ പലതാണ്. ഓണാട്ടുകരക്കാർക്ക് മഹാബലി വീട്ടിലേക്ക് എത്തണമെങ്കിൽ വീടിനു മുന്നിൽ പിണ്ടിവിളക്ക് ഉണ്ടാകണം. വാഴപ്പിണ്ടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓണാട്ടുകരയിലെ എല്ലാ വീടുകളിലും ഈ ആചാരം പിന്തുടരുന്നുണ്ട്.
സന്ധ്യയോടെ വീടുകൾക്ക് മുന്നിൽ പിണ്ടി വിളക്ക് നാട്ടും. ഇരുവശങ്ങളിലും വാഴപ്പിണ്ടി സ്ഥാപിക്കും. അതിൽ ഈർക്കിൽ വളച്ചുവച്ച് വിളക്കു കത്തിക്കും. പിണ്ടി വിളക്കിൽ തിരി തെളിയിച്ചു കഴിയുമ്പോൾ മഹാബലി വീട്ടിലെത്തും എന്നാണ് വിശ്വാസം.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളിലാണ് പ്രധാനമായും പിണ്ടി വിളക്ക് കത്തിക്കുന്നത്. ചിലയിടങ്ങളിൽ ഉതൃട്ടാതി വരെയും പിണ്ടി വിളക്ക് തെളിയിക്കാറുണ്ട്. പിന്നാലെ പൂത്തിരിയും, കുരവപ്പൂക്കളും, പടക്കങ്ങളുമായി വീട്ടുകാർ രാത്രി വരെ ആഘോഷമാകും.
മരോട്ടിക്കായിൽ ആയിരുന്നു പണ്ടുകാലം മുതൽ തിരി തെളിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിരാത് വിളക്കുകളും ഉപയോഗിക്കുന്നുണ്ട്. കാലം മാറിയപ്പോൾ മരോട്ടിക്കായകളും ലഭിക്കാതെയായി.
ഉത്രാട സന്ധ്യക്ക് തന്നെ മാവേലി വീടുകളിൽ എത്തുമെന്ന് ഓണാട്ടുകരക്കാർ വിശ്വസിക്കുന്നു. കുരുത്തോല ഉപയോഗിച്ച് പിണ്ടി വിളക്ക് അലങ്കരിക്കുന്നവരും ഉണ്ട്. രാത്രി വൈകുന്ന വരെ പിണ്ടി വിളക്ക് തെളിഞ്ഞ് നിൽക്കും.