പിണറായി വിജയൻ Source: Facebook
Onam 2025

സംസ്ഥാനത്ത് സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 31 മുതൽ; സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

വെളിച്ചെണ്ണയുടെ വിലവർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റ് 31 മുതലാണ് നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ ഓണം ഫെയർ ആരംഭിക്കുക. ഓണം സമൃദ്ധമായി ആഘോഷിക്കാൻ ജനങ്ങൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൊതുവിപണി ഇടപെടൽ സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നു എന്നാണ് അടുത്ത ദിവസത്തെ അനുഭവം തെളിയിക്കാൻ പോകുന്നത്. വെളിച്ചെണ്ണയുടെ വിലവർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429 രൂപക്കും നൽകി. കേര വെളിച്ചെണ്ണ എംആർപിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ സപ്ലൈകോ വഴി വിതരണം ചെയ്തു. വില ഇനിയും കുറക്കാനുള്ള ഇടപെടൽ സർക്കാർ നടത്തും. ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ഇറക്കുന്നുണ്ട്. ഇതുമൂലം മറ്റ് ബ്രാൻഡുകളുടെ വില പൊതു വിപണിയിൽ കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരന്റെ കീശ കാലിയാകാതെ ഓണം ആഘോഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. 250ലധികം ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് വിലകുറവും ഓഫറും നൽകുന്നുണ്ട്. ആയിരത്തിലധികം സപ്ലൈകോ വിൽപ്പന ശാലകളിൽ ഓഫർ ലഭ്യമാണ്. സാധാരണക്കാരൻ്റെ ഓണം സമൃദമാകാൻ സപ്ലൈകോ ഇടപെടലുകൾ സാധ്യമാക്കും. കേരളം ഉപഭോക്ത സംസ്ഥാനമാണ്. ഏറ്റവും കൂടുതൽ വില കയറ്റം സ്വാഭാവികമായും ഉണ്ടാവേണ്ടതാണ് കേരളത്തിലാണ്. എന്നാൽ മാതൃകപരമായ ഇടപെടലിലൂടെ വിലകയറ്റം പിടിച്ച് നിർത്താൻ കഴിഞ്ഞു. 250 കോടിയിൽ കുറയാത്ത കച്ചവടം സപ്ലൈകോ വഴി ഓണകാലത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ നയമെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബദൽ നയം നടപ്പിലാക്കുന്നത് കൊണ്ടാണ് സംസ്ഥാന വേറിട്ട് നിൽക്കുന്നത്. ഒരു മണി അരി പോലും അധികം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. അങ്ങനെ നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. എന്തൊക്കെ പ്രയാസങ്ങൾ നേരിട്ടാലും സാധാരണക്കാരന് സമാധാനം ഉണ്ടാകുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. അർഹമായ സഹായം കിട്ടാത്തത് മൂലം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നുണ്ട്. അതൊന്നും വികസനത്തിനും ക്ഷേമ പ്രവർഅനങ്ങൾക്കും തടസമാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT