കരിയാട്ടം 2025 Source: News Malayalam 24x7
Onam 2025

ഫുൾ വൈബ്! പതിനായിരങ്ങള്‍ പങ്കെടുത്ത 'കരിയാട്ടം 2025'; കോന്നിയിലെ ഓണാഘോഷങ്ങള്‍ക്ക് സമാപനം

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രഥമ കരിയാട്ടം പുരസ്കാരത്തിന് എഴുത്തുകാരൻ ബെന്യാമിൻ അർഹനായി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോന്നിയിലെ ഓണാഘോഷം കരിയാട്ടത്തിന് സമാപനം. 500ല്‍ അധികം കലാകാരന്മാർ അണിനിരന്ന കരിയാട്ടം കാണുവാനായി പതിനായിരങ്ങളാണ് കോന്നിയിൽ ഒഴുകിയെത്തിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രഥമ കരിയാട്ടം പുരസ്കാരത്തിന് എഴുത്തുകാരൻ ബെന്യാമിൻ അർഹനായി. വേടന്റെ സ്റ്റേജ് ഷോയോടെ ആയിരുന്നു പരിപാടിയുടെ അവസാനം.

തൃശൂരിന് പുലികളി എന്ന പോലെയാണ് കോന്നിക്ക് കരിയാട്ടം. കരിവീരൻമാരായി നൂറോളം ഗജ വേഷധാരികൾ ഘോഷയാത്രയിൽ പങ്കെടുത്തു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിനാളുകളാണ് പരിപാടിയുടെ ഭാഗമായത്. അക്ഷരാർത്ഥത്തിൽ കോന്നി നഗരത്തെ കരിയാട്ടം കളറാക്കി.

ഗജവീരന്മാർ അണിനിരന്ന ഘോഷയാത്രയെ ആഹ്ലാദത്തോടെയാണ് ഏവരും വരവേറ്റത്. ദൂരസ്ഥലങ്ങളിൽ നിന്നടക്കം ആളുകൾ കരിയാട്ടം കാണാനായി എത്തി. വിനീത് ശ്രീനിവാസൻ, സിത്താര തുടങ്ങിയ പ്രമുഖരുടെ സ്റ്റേജ് ഷോയും ജനസാഗരത്തെ കോന്നിയിലേക്കെത്തിച്ചു. വേടൻ അവതരിപ്പിച്ച സ്റ്റേജ് ഷോയോടെ ആയിരുന്നു കരിയാട്ടം പൂർത്തിയായത്. കോന്നിയെ ടൂറിസം കേന്ദ്രമാക്കി വളർത്തുകയാണ് ലക്ഷ്യമെന്ന് കെ.യു. ജെനീഷ് കുമാർ എംഎൽഎ പറഞ്ഞു. പരിപാടി ഫുൾ വൈബ് ആണല്ലോയെന്നായിരുന്നു മന്ത്രി വീണ ജോർജിന്റെ കമന്റ്.

പത്തു ദിവസം നീണ്ടു നിന്ന കരിയാട്ടം ഫെസ്റ്റിൽ തൊഴിൽ മേള, അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾ, വിവിധ സെമിനാറുകൾ, ഫുഡ് ഫെസ്റ്റ്, പ്രദർശന വിപണന മേള തുടങ്ങിയവയും അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കരിയാട്ടം കാണാനായി കോന്നിയിലേക്ക് എത്തി. ഒന്‍പത് ദിവസം നീണ്ടുനിന്ന പരിപാടി പൂർത്തിയാകുമ്പോൾ എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ച സംഘാടന മികവിന്റെ മാതൃക കൂടിയായി മാറി കരിയാട്ടം.

SCROLL FOR NEXT