Source: News Malayalam 24x7
OPINION

അയോധ്യ: വിശ്വാസത്തിന് മേൽ അഴിമതിയുടെ കരിനിഴലോ?

രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായും ട്രസ്റ്റിയായ അനിൽ മിശ്രയും രാജിവച്ചുകഴിഞ്ഞു

Author : പി.പി. പ്രശാന്ത്

അധികാരത്തിൽ തുടർച്ചയായി 12 വർഷം പിന്നിട്ട മോദി സർക്കാർ, പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് തയ്യാറെടുക്കുമ്പോൾ മുൻപില്ലാത്ത വിധം എതിർസ്വരങ്ങൾ പാർട്ടിക്കകത്തും സംഘപരിവാർ സഹയാത്രികരിൽനിന്നും ഉയരുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനയിൽനിന്നു കോടികൾ തട്ടിയെടുത്ത പരാതിയും തുടർഅന്വേഷണങ്ങളും അറസ്റ്റും ബിജെപിയിലും സംഘപരിവാറിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായും ട്രസ്റ്റിയായ അനിൽ മിശ്രയും രാജിവച്ചുകഴിഞ്ഞു. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ചമ്പത് റായ് നിലവിൽ വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനാണ്. ഭക്തരുടെ സംഭാവനകളിൽനിന്നു കൊള്ള നടത്തിയതിനു തെളിവുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ സ്വന്തം ക്യാമ്പിനകത്ത് തന്നെയുള്ള പടലപ്പിണക്കമാണ് ഈ സംഭാവന ക്രമക്കേട് പുറംലോകത്തെത്തിച്ചതെന്ന അടക്കംപറച്ചിൽ വിശ്വഹിന്ദുപരിഷത്തിനെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.

അയോധ്യ: വിശ്വാസത്തിന് മേൽ അഴിമതിയുടെ കരിനിഴലോ?

''ബാബറും ഗസ്‌നിയും ഗോറിയും ഇവിടത്തെ ക്ഷേത്രങ്ങൾ കൊള്ളയടിച്ച് കടന്നുപോയി. എന്നാൽ, ഇപ്പോൾ അയോധ്യ ക്ഷേത്രത്തിന്റെ ഖജനാവ് തന്നെയാണ് കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവർ ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷകളെയുമാണ് വഞ്ചിക്കുന്നത്''. അയോധ്യയിലെ സംഭാവന കൊള്ളയ്ക്കെതിരെ പൊലീസിൽ ആദ്യം പരാതിപ്പെട്ട സന്തോഷ് ദുബെ പറയുന്നു. ലാൽ കൃഷ്ണ അദ്വാനി ഉൾപ്പെടെയുള്ള 30 പേർക്കൊപ്പം ബാബരി മസ്ജിദ് തകർത്ത കേസിൽ സിബിഐ പ്രതിചേർത്തയാളാണ് ദുബെ. 2003-2004 കാലം മുതൽ രാമക്ഷേത്രത്തിലേക്ക് ലഭിച്ച പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയും അഴിമതിയും നടന്നിട്ടുണ്ടെന്ന് ഇപ്പോൾ ധരംസേന ഭാരത് എന്ന സംഘടനയുടെ നടത്തിപ്പുകാരനായ ഇദ്ദേഹം ആരോപിക്കുന്നു. ജൂൺ ഏഴിനാണ് സമാജ് വാദി പാർട്ടി മുൻ എംഎൽഎ പവൻ പാണ്ഡെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച അഞ്ചു കോടി മുതൽ 7.5 കോടിവരെ രൂപ മൂല്യമുള്ള വസ്തുക്കളും പണവും തട്ടിയെടുത്തതായി ആരോപണം ഉന്നയിച്ചത്. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവും മറ്റു പ്രതിപക്ഷനേതാക്കളും വിഷയം ഏറ്റെടുത്തു. 2024 ജനുവരി 22ന് രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം പ്രതികളിൽ പലരുടെയും സാമ്പത്തിക സ്ഥിതി അതിവേഗം മാറിയതും ചിലർ പൊടുന്നനെ കോടീശ്വരന്മാരായതുമാണു സംശയത്തിനിടയാക്കിയത്.

വെളിവായത് ഗുരുതര നിയമലംഘനങ്ങൾ

അയോധ്യയിലെ ശ്രീരാമക്ഷേത്ര ഫണ്ട് കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നോട്ടെണ്ണൽ പ്രക്രിയയിൽ സുരക്ഷാ ജീവനക്കാരെ വിന്യസിക്കുക, എണ്ണുന്ന മുറിയിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഉദ്യോഗസ്ഥരെ പരിശോധിക്കുക, സംഭാവന എണ്ണുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ 180 ദിവസത്തേക്ക് സൂക്ഷിക്കുക തുടങ്ങിയ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടു. നിയമങ്ങൾ ലംഘിച്ച്, ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവർ നിരവധി സംഭാവനപ്പെട്ടികളുടെ താക്കോൽ കൈവശം വച്ചിരുന്നു. ഈ സംഭാവന പെട്ടികളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. എസ്ഐടി റിപ്പോർട്ടനുസരിച്ച്, സംഭാവന എണ്ണൽ ചുമതലക്കാരനും കുറ്റാരോപിതനുമായ സുഭാഷ് ശ്രീവാസ്തവയെ ട്രസ്റ്റിലെ ഒരാളുടെ ശുപാർശ പ്രകാരമാണ് നിയമിച്ചത്. എസ്‌ഐടി റിപ്പോർട്ടിനെത്തുടർന്ന് 25നാണ് കേസിൽ എഫ്‌ഐആർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്ത എട്ടുപേരിൽ ആറുപേരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 80 ലക്ഷം രൂപയോളം പണവും വിദേശ കറൻസിയും കണ്ടെടുത്തിട്ടുണ്ട്.

ജീവനക്കാരെ ബലിയാടാക്കുന്നോ?

അയോധ്യയിലെ രാമക്ഷേത്രക്കൊള്ളയിൽ ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ ഒത്തുകളിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസംസ്ഥാന സർക്കാരുകൾ എന്ന സംശയം ശക്തമാണ്. ചമ്പത്‌റായിയും,അനിൽ മിശ്രയെയും നിയമനടപടികളിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ടുപേരുടെയും രാജിയെന്ന് ആരോപണമുയരുന്നുണ്ട്. കേസിൽ നിലവിൽ പ്രതി ചേർക്കപ്പെട്ടവർ ഈ നേതാക്കളുടെ അടുത്ത സഹായികളും ബന്ധുക്കളുമായിട്ടും, പ്രധാന ഭാരവാഹികളായ ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാവുകയാണ്. യഥാർഥ പ്രതികളായ ഉന്നത നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കേസ് ഒതുക്കിത്തീർപ്പാക്കാൻ ശ്രമിക്കുകയാണ് യുപി സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘമെന്ന ആക്ഷേപമാണ് ഉയരുന്നത്. ട്രസ്റ്റ് എന്നാൽ വിശ്വാസമെന്നാണ് അർഥമെന്നും അത് നഷ്ടമായെന്നും അയോധ്യാ കേസിലെ ഹർജിക്കാരിലൊരാളായ സ്വാമി ധരംദാസ് പറഞ്ഞു. എഫ്‌ഐആർ വെറും പ്രഹസനമാണെന്ന് ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രതികരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ബാധിക്കുമോ?

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സംഘപരിവാറാണ് ശരിക്കും വെട്ടിലായത്. രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര ഉപാധ്യക്ഷൻ ചമ്പത് റായിയെ തള്ളിപ്പറഞ്ഞ് രാജ്യാന്തര അധ്യക്ഷൻ അലോക് കുമാറും ഭാരവാഹികളിൽ ഒരു വിഭാഗവും പരസ്യമായി രംഗത്തെത്തിയത് സംഘടനക്കകത്തെ ഭിന്നിപ്പ് വെളിപ്പെടുത്തിയിരുന്നു. അയോധ്യയിൽ നടക്കേണ്ടിയിരുന്ന വിഎച്ച്പി മാനേജ്‌മെന്റ് കമ്മിറ്റിയുടെ വാർഷിക യോഗം മാറ്റിവച്ചതും ഈ വിവാദങ്ങളുടെയും ഭിന്നിപ്പിൻ്റെയും സാഹചര്യത്തിലാണ്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട ഉത്തർപ്രദേശിൽ ബിജെപിക്കു വലിയ ആഘാതമാണ് ഈ വിവാദം. രാമക്ഷേത്രത്തിന്റെ പൂർത്തീകരണം ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനു കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.

പ്രധാനമന്ത്രി മൗനത്തിൽ

അയോധ്യ രാമക്ഷേത്രത്തിലെ ശതകോടികളുടെ കൊള്ള തെളിവുസഹിതം പുറത്തുവന്ന് നാലാഴ്ച പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം തുടരുകയാണ്. ഭക്തർ നൽകിയ കോടികൾ വിലമതിക്കുന്ന കാണിക്കയും സംഭാവനകളും കൊള്ളയടിച്ച ട്രസ്റ്റിന് രൂപംനൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ക്ഷേത്രനിർമാണ കമ്മിറ്റി ചെയർമാനും ട്രസ്റ്റ് അംഗവുമായ നൃപേന്ദ്ര മിശ്ര മോദിയുടെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. രാജിവച്ച ആർഎസ്എസ് നേതാക്കളായ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായും ട്രസ്റ്റ് അംഗം അനിൽ മിശ്രയും മോദിയുമായി ഏറെ അടുപ്പമുള്ളവരുമാണ്. കൊള്ളയെക്കുറിച്ച് ചില സംഘപരിവാർ നേതാക്കൾ പരാതിപ്പെട്ടതോടെയാണ് നൃപേന്ദ്ര മിശ്രയെ മോദി അന്വേഷണത്തിന് അയോധ്യയിലേക്ക് അയച്ചത്. കവർച്ച ബോധ്യപ്പെട്ട മിശ്ര കാര്യങ്ങൾ മോദിയെ അറിയിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് യുപി സർക്കാർ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകിയത്.

ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടട്ടേ

അയോധ്യയിലെ രാമക്ഷേത്രം കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തിൻ്റെ പ്രതീകമാണ്. എന്നാൽ, ആ വിശ്വാസത്തിന് മേൽ ഉയർന്നിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ നിഴൽ, രാഷ്ട്രീയ അധികാര തർക്കങ്ങൾക്കപ്പുറം വലിയൊരു ധാർമിക പ്രതിസന്ധിയാണ് ഉയർത്തുന്നത്. അഴിമതി ആരോപണങ്ങൾക്കുമേൽ മൗനം പാലിക്കുന്നതിലൂടെയോ, രാഷ്ട്രീയമായ പ്രതിരോധങ്ങളിലൂടെയോ ഈ പ്രതിസന്ധിയെ മറികടക്കാനാവില്ല. സുതാര്യമായ അന്വേഷണവും ഭരണപരമായ തിരുത്തലുകളും അനിവാര്യമാണ്. ഭക്തരുടെ വിയർപ്പും വിശ്വാസവും ചേർത്തുണ്ടാക്കിയ സമ്പത്ത് ആരുടെയെങ്കിലും സ്വകാര്യ താൽപ്പര്യങ്ങൾക്കോ രാഷ്ട്രീയ ലാഭത്തിനോ വിട്ടുകൊടുക്കാതെ, പൂർണ്ണമായ സുതാര്യത ഉറപ്പാക്കി ക്ഷേത്ര ഭരണത്തെ കളങ്കരഹിതമാക്കുക എന്നത് ഭരണാധികാരികളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും ഉത്തരവാദിത്തമാണ്. ആ തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ ഈ വിവാദം വരും നാളുകളിൽ രാഷ്ട്രീയമായ വലിയ തിരിച്ചടികൾക്ക് തന്നെയായിരിക്കും വഴിവെക്കുക.

SCROLL FOR NEXT