വിദേശ സംഭാവന നിയമ ഭേദഗതി അഥവാ എഫ്സിആര്‍എ ബില്‍ 2026നെതിരായുള്ള പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രം കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങളോടെ നിയമത്തില്‍ ചട്ടഭേദഗതി വരുത്തിയിരിക്കുന്നു. രാജ്യത്തെ സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിംഗിന്മേല്‍ കൂടുതല്‍ സുതാര്യതയും കടുത്ത നിരീക്ഷണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിദേശ സംഭാവന നിയമത്തില്‍ പുതിയ ഭേദഗതികള്‍ നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ പാര്‍ലമെൻ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട എഫ്സിആര്‍എ ബില്‍ ന്യൂനപക്ഷ എന്‍ജിഒകളുടെയും ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ കക്ഷികളുടെയും വ്യാപക എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും പ്രതിഷേധം മൂലം തുടര്‍ നടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ജൂലൈ മൂന്നാംവാരം ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെയാണ് നിയമഭേദഗതിക്ക് കാത്തുനില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ ചട്ടഭേദഗതിക്ക് മുതിര്‍ന്നത്.
'വിദേശ സംഭാവനകളെ കൈപ്പിടിയിലൊതുക്കാന്‍ ചട്ടഭേദഗതി'
വിദേശ ഫണ്ട് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതു വിലക്കുന്നതടക്കമുള്ള മാറ്റങ്ങളോടെയാണ് 2010 ലെ വിദേശസംഭാവന ചട്ടം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കിയത്. ചട്ടഭേദഗതി ആയതിനാല്‍ കേന്ദ്രസര്‍ക്കാരിന് സ്വന്തം നിലയില്‍ ചെയ്യാന്‍ അധികാരമുണ്ട്. 2010ലെ എഫ്‌സിആര്‍എ നിയമങ്ങളിലെ പത്താമത്തെ ഭേദഗതിയാണിത്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കൃത്യമായ നിരീക്ഷണവും ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ മാർഗനിര്‍ദേശങ്ങള്‍ പ്രകാരം, സംഘടനകള്‍ തങ്ങളുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വ്യക്തമാക്കിയാല്‍ മാത്രമേ വിദേശ സഹായത്തിന് അനുമതി ലഭിക്കുകയുള്ളൂ. മതം, സംസ്‌കാരം, സാമ്പത്തിക മേഖല, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലായി 105 തരം പ്രവര്‍ത്തനങ്ങളെയാണ് സര്‍ക്കാര്‍ ഇതിനായി അംഗീകരിച്ചിട്ടുള്ളത്.
ഉദാഹരണത്തിന്, മതപരമായ പ്രവര്‍ത്തനങ്ങളില്‍ ആരാധനാലയങ്ങളുടെ നിര്‍മാണം, പുനരുദ്ധാരണം, മതഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം എന്നിവ ഉള്‍പ്പെടെ 18 കാര്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ഈ പുതിയ നിബന്ധനകള്‍ പ്രകാരം, അംഗീകൃത പട്ടികയില്‍ പെടാത്ത പ്രവര്‍ത്തനങ്ങള്‍ക്കോ, രാഷ്ട്രീയ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഫ്സിആര്‍എ രജിസ്‌ട്രേഷനുള്ള എല്ലാ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനമേഖലകളും അവ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്. ഒന്നിലധികം പ്രവര്‍ത്തന മേഖലകളിലോ സംസ്ഥാനങ്ങളിലോ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അപേക്ഷിക്കുമ്പോള്‍ അധിക ഫീസ് അടയ്‌ക്കേണ്ടി വരുമെന്നതും പുതിയ ചട്ടത്തിന്റെ ഭാഗമാണ്.
മാധ്യമപ്രവര്‍ത്തനം, സമൂഹമാധ്യമങ്ങള്‍ എന്നിവക്ക് നിയന്ത്രണം
മതപരിവര്‍ത്തനം മാത്രമല്ല, രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍, മാധ്യമപ്രവര്‍ത്തനം, സമൂഹമാധ്യമങ്ങള്‍ എന്നിവയ്ക്കുകൂടി കര്‍ശന നിയന്ത്രണവും നടപടികളും എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലുണ്ട്. പുതിയ ഗസറ്റ് വിജ്ഞാപനത്തിലെ നിയന്ത്രണങ്ങളില്‍ ചിലത് ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടുകളുടെ വെളിപ്പെടുത്തല്‍, വാര്‍ത്തകള്‍ അല്ലെങ്കില്‍ സമകാലിക സംഭവങ്ങളിലെ ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള വിലക്ക്, വര്‍ധിച്ച പിഴത്തുകകള്‍ തുടങ്ങിയവയാണു പുതിയ ഭേദഗതിയിലെ ശ്രദ്ധേയ മാറ്റങ്ങള്‍. ഭാഗികമായെങ്കിലും വിദേശ സംഭാവന ലഭിച്ച എല്ലാ സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. എഫ്സിആര്‍എ രജിസ്ട്രേഷനോ നിലവിലുള്ളത് പുതുക്കാനോ ശ്രമിക്കുന്ന എന്‍ജിഒകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വെബ്‌സൈറ്റുകളുടെയും വിശദാംശങ്ങള്‍ അപേക്ഷയില്‍ വെളിപ്പെടുത്തണം. അസോസിയേഷനോ അതിന്റെ പ്രധാന പ്രവര്‍ത്തകരോ ആ വര്‍ഷത്തില്‍ ഏതെങ്കിലും പുസ്തകങ്ങള്‍, മാസികകള്‍ അല്ലെങ്കില്‍ പത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കണമെന്നും ചട്ടത്തിലുണ്ട്.
സംഘടനകള്‍ക്ക് സാമ്പത്തിക നിയന്ത്രണങ്ങള്‍
അനുവദിച്ച പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ എഫ്‌സിആര്‍എ ഫണ്ട് ഉപയോഗിച്ചാല്‍, കുറഞ്ഞത് ഒരു ലക്ഷം രൂപയായിരിക്കും പിഴ. ദുരുപയോഗിക്കപ്പെട്ട തുക ഒരു ലക്ഷത്തിനു മുകളിലെങ്കില്‍ 30% വരെ അധിക പിഴയായി ഈടാക്കാം. ഭരണപരമായ ചെലവുകള്‍ പരിധി വിട്ടാലും ലഭിച്ച തുക ഊഹക്കച്ചവടത്തില്‍ നിക്ഷേപിച്ചാലും മിനിമം ഒരു ലക്ഷം രൂപ പിഴ നല്‍കേണ്ടി വരും. സംഘടനയുടെ രജിസ്ട്രേഷന് കീഴില്‍ വരാത്ത സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ വിദേശ ഫണ്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളിലും ഇതേ പിഴ ബാധകമാകും. ഇന്ത്യന്‍ വംശജരല്ലാത്ത വിദേശ പൗരന്മാര്‍ ഭരണസമിതിയിലുള്ള സംഘടനകള്‍ക്ക് സാധാരണ സാഹചര്യങ്ങളില്‍ എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ നല്‍കില്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഇളവു നല്‍കാം. എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപ വിദേശ സഹായം ചെലവഴിച്ചിരിക്കണം. പ്രവര്‍ത്തനരഹിതമായ സ്ഥാപനങ്ങള്‍ എഫ്‌സിആര്‍എ ലൈസന്‍സ് കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ഒറ്റത്തവണ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മുന്‍കൂര്‍ അനുമതി നല്‍കുന്നതിനും ഉപാധികള്‍ കടുപ്പിച്ചു. ആദ്യ ഗഡു സംഭാവനയുടെ 75 ശതമാനവും ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ തുടര്‍ ഗഡുക്കള്‍ നല്‍കൂ.
എഫ്സിആര്‍എ ബില്‍ ജൂലൈയില്‍
ജൂലൈ മൂന്നാംവാരം ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ ഭേദഗതി ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ലോക്സഭ സമ്മേളനത്തില്‍ എഫ്സിആര്‍എ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നു വന്നത്. ഒരു സംഘടനയുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍, വിദേശ ഫണ്ട് ഉപയോഗിച്ച് ആര്‍ജിച്ച ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആസ്തികളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അതോറിറ്റിക്ക് ഏറ്റെടുക്കാന്‍ എഫ്സിആര്‍എ ബില്‍ അധികാരം നല്‍കുന്നുണ്ട്. ലൈസന്‍സ് പുതുക്കുന്നതിലെ കാലതാമസം അല്ലെങ്കില്‍ മറ്റ് സാങ്കേതിക തടസ്സങ്ങള്‍ വഴി സംഘടനകള്‍ക്ക് തങ്ങളുടെ ആസ്തികള്‍ നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കൂടാതെ, വിദേശത്തുനിന്നും ലഭിക്കുന്ന പണം ചെലവഴിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നതും, ആസ്തികള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക സര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നതും ബില്ലിലെ വിവാദ വ്യവസ്ഥകളാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 25, 26 എന്നിവ പ്രകാരം ഓരോ മതവിഭാഗത്തിനും അവരുടെ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്. ഈ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ ഇടപെടലെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. കൂടാതെ, സ്വത്തവകാശം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 300-എ-ക്ക് വിരുദ്ധമാണ് ഈ ഭേദഗതിയെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മതലക്ഷ്യങ്ങളാല്‍ നയിക്കപ്പെടരുത് നിയമനിര്‍മാണങ്ങള്‍
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ചട്ടഭേദഗതികള്‍ എന്‍ജിഒകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. സുതാര്യതയും ദേശസുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് രാജ്യത്തെ സിവില്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമാണ്.പ്രത്യേകിച്ച്, ന്യൂനപക്ഷ സംഘടനകളെയും ക്രൈസ്തവ സഭകളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ നിയന്ത്രണങ്ങളെന്ന ആശങ്ക വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താതെ, നിയമങ്ങള്‍ കൂടുതല്‍ ജനാധിപത്യപരവും പ്രായോഗികവുമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേശസുരക്ഷ പ്രധാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും, അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സേവന പ്രവര്‍ത്തനങ്ങളുടെയും അന്തസത്തയെ തകര്‍ക്കുന്നതാകരുത് എന്നതാണ് ഈ വിഷയത്തിലെ കാതലായ പ്രശ്‌നം.