OPINION

ഇ 20 ഭക്ഷ്യ സുരക്ഷക്ക് ഭീഷണിയോ?

കേവലം മധ്യവര്‍ത്തി സമൂഹത്തിന്റെ പ്രശ്‌നം എന്നതിലുപരി പൊതുസമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയമായി ഇ 20 പെട്രോള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്

Author : പി.പി. പ്രശാന്ത്

രാജ്യത്ത് ഇ 20 പെട്രോളിനെതിരായ രോഷം പുകയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തിയതും അത് പൊലീസ് തടഞ്ഞതും. പ്രതിഷേധം തുടരുമെന്ന് കെജ്‌രിവാള്‍ പ്രസ്താവിച്ചതിന് പിന്നാലെ ഇ 20 ഇന്ധനവിതരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി കഴിഞ്ഞു. അതേസമയം എഥനോളിന്റെ രാസസൂത്രവാക്യം പങ്കുവച്ചതിന് നടന്‍ സണ്ണി വെയ്നെ ദേശദ്രോഹിയാക്കിയുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പെട്രോളില്‍ എഥനോള്‍ ചേര്‍ത്തില്ലായിരുന്നു എങ്കില്‍ ഒരു ലിറ്റര്‍ പെട്രോളിന് 125 രൂപയായി വില വര്‍ധിക്കുമായിരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമത ആറ് ശതമാനം വരെ കുറവ് വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇ20 പെട്രോളിലെ ഉയര്‍ന്ന അളവിലുള്ള ക്ലോറൈഡ് സാന്നിധ്യം എന്‍ജിനുകളെ സ്ഥിരമായി തകരാറിലാക്കുമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. ഇതിനിടെയാണ് പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട ഭക്ഷ്യധാന്യങ്ങളും എഫ്‌സിഐ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള അരിയും എഥനോള്‍ ഉത്പ്പാദനത്തിനായി വകമാറ്റുന്നു എന്ന ആരോപണം ഉയരുന്നത്.

ഇ 20 ഭക്ഷ്യ സുരക്ഷക്ക് ഭീഷണിയോ?

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 14,596 കോടി രൂപയുടെ 63 ലക്ഷം ടണ്‍ അരി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എഥനോള്‍ ഉല്പാദകര്‍ക്ക് വില്പന നടത്തിയെന്ന് രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നു. വിപണി വിലയെക്കാള്‍ 40% കുറവിലായിരുന്നു വില്‍പന. ക്വിന്റലിന് 3720 മുതല്‍ 3889 രൂപ വരെ ശരാശരി വിലയുള്ള അരിയാണ് 2,250 മുതല്‍ 2,320 രൂപയ്ക്ക് വിറ്റതെന്നാണ് മന്ത്രി സമ്മതിച്ചിരിക്കുന്നത്.

സ്വകാര്യ കമ്പനികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഇന്ധന മിശ്രിതം കേവലം 20 ശതമാനം മാത്രമായി നിലനിര്‍ത്തിയിരിക്കുന്ന അവസരത്തിലാണ് ഈ ആനുകൂല്യം. ഇനി 85 ശതമാനം എഥനോള്‍ കലര്‍ന്ന ഇന്ധനം പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കിയ പശ്ചാത്തലത്തില്‍ പടിപടിയായി എഥനോള്‍ ചേര്‍ക്കുന്നത് ഇനിയും വര്‍ധിപ്പിക്കുമെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ രാജ്യത്തെ എഥനോള്‍ ഉത്പാദനം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ നിര്‍ബന്ധമായും സംഭവിക്കാവുന്ന സാമൂഹിക ചെലവുകളെ സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല എന്നത് ഗൗരവമായ കാര്യമാണ്. ഇന്ത്യ പോലുള്ള വന്‍തോതില്‍ ജലക്ഷാമമുള്ള ഒരു രാജ്യത്ത് നെല്ല്, കരിമ്പ് തുടങ്ങിയ വെള്ളം കുടിക്കുന്ന വിളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ സാമൂഹിക ചെലവും വിലയിരുത്തപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, എഥനോള്‍ ഉല്‍പാദനത്തിനായി ഭക്ഷ്യധാന്യങ്ങള്‍ തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുകയും പിന്നാക്കം നില്‍ക്കുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എഥനോള്‍ ഉത്പാദനം നിലനിര്‍ത്താന്‍ ഭാവിയില്‍ ഇന്ത്യയില്‍ മിച്ച ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

എഥനോള്‍ വ്യവസായത്തിന് വന്‍ സബ്‌സിഡി

ഇന്ത്യയിലെ എഥനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാമിന്റെ ഭാഗമായി എഥനോള്‍ ഉല്‍പ്പാദന കമ്പനികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും പലിശ സബ്‌സിഡിയും നികുതിയിളവുകളും ഉള്‍പ്പെടെ വന്‍ സാമ്പത്തിക ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുമായി ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകള്‍ക്ക് 6 ശതമാനമോ മൊത്തം പലിശയുടെ 50 ശതമാനമോ 5 വര്‍ഷത്തേക്ക് പലിശ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനുപുറമെ, പെട്രോളില്‍ ബ്ലെന്‍ഡ് ചെയ്യാനായി ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് 5 ശതമാനമായി കുറച്ചതിനൊപ്പം, പൊതുമേഖലാ എണ്ണ കമ്പനികളുമായി ദീര്‍ഘകാല വാങ്ങല്‍ കരാറുകള്‍ വഴി ഉറപ്പായ വിപണിയും മുന്‍കൂട്ടി നിശ്ചയിച്ച ആകര്‍ഷകമായ താങ്ങുവിലയും സര്‍ക്കാര്‍ ഉറപ്പാക്കുന്നു. കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് എഥനോള്‍ നിര്‍മിക്കുന്ന സെക്കന്‍ഡ് ജനറേഷന്‍ പ്രോജക്ടുകള്‍ക്ക് 'പ്രധാനമന്ത്രി ജീവന്‍ യോജന' വഴി പ്രത്യേക ധനസഹായവും ഗ്രാന്റുകളും നല്‍കുന്നതും ഈ പ്രോത്സാഹന നടപടികളില്‍ ഉള്‍പ്പെടുന്നു.

ഇ 20 യില്‍ ഉയര്‍ന്ന ക്ലോറൈഡ് സാന്നിധ്യം

നിലവിലുള്ള ഇ10 വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 2021 ജൂണില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഔദ്യോഗിക പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം പഠന സംഘത്തില്‍ ഉള്‍പ്പെട്ട സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് എന്ന സിയാം ഇ20 പെട്രോളിലെ ഉയര്‍ന്ന അളവിലുള്ള ക്ലോറൈഡ് സാന്നിധ്യം എന്‍ജിനുകളെ സ്ഥിരമായി തകരാറിലാക്കുമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനവുമായി നേരിട്ട് ബന്ധം വരുന്ന ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, ഫ്യുവല്‍ പമ്പുകള്‍, ഇജിആര്‍ വാല്‍വുകള്‍, എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങള്‍ തുടങ്ങിയവയ്ക്ക് വലിയ തോതില്‍ തകരാറുകള്‍ സംഭവിക്കുന്നതായി സിയാം ചൂണ്ടിക്കാട്ടുന്നു. ഇവ മാറ്റിവയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. കേടായ വാഹനങ്ങളുടെ ഭാഗങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ ഇന്ധനത്തിലുള്ള ഉയര്‍ന്ന അളവിലുള്ള ക്ലോറൈഡ് കാരണം അവയ്ക്ക് ഗുരുതരമായ നാശം സംഭവിച്ചതായി കണ്ടെത്തി. വാഹനങ്ങളുടെ ടാങ്കുകളില്‍ നിന്ന് എടുത്ത ഇന്ധന സാംപിളുകളില്‍ കിലോഗ്രാമില്‍ 500 മില്ലിഗ്രാം വരെയും, പെട്രോള്‍ പമ്പുകളില്‍ നിന്ന് എടുത്തവയില്‍ 350 മില്ലിഗ്രാം വരെയും ക്ലോറൈഡ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം 2000 ത്തോളം പരിശോധനകളില്‍ രണ്ടിടത്ത് മാത്രമേ ക്ലോറൈഡ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളൂവെന്നും ക്ലോറൈഡ് കലരാനുള്ള സാധ്യത വളരെ കുറവാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ആശങ്കകള്‍ ഇനിയും ബാക്കി

കേന്ദ്ര സര്‍ക്കാരും പെട്രോളിയം മന്ത്രാലയവും ഉപരിതലഗതാഗത മന്ത്രിയും പാര്‍ലമെന്റിനകത്തും പുറത്തും ന്യായീകരണങ്ങളും എഥനോള്‍ അനുകൂല വാദമുഖങ്ങളും ഉയര്‍ത്തി രംഗത്തുവന്നിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അവയ്‌ക്കൊന്നും ആയിട്ടില്ല. നിത്യയാത്രയ്ക്ക് ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും ഉപയോഗിക്കുന്ന ഏതാണ്ട് 30 കോടി ഉപഭോക്താക്കളെങ്കിലും ഈ പരിഷ്‌കാരത്തിന്റെ ഇരകളാക്കി മാറ്റപ്പെട്ടിരിക്കുന്നു. ഏപ്രില്‍ 2023ന് മുമ്പ് നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് 20% എഥനോള്‍ കലര്‍ത്തിയ പെട്രോളില്‍ 30 മുതല്‍ 35% ഊര്‍ജ കാര്യക്ഷമത കുറയുമെന്നാണ് വാഹന ഉടമകളുടെ അനുഭവം. തല്‍ഫലമായി ഈ വിഭാഗം ഉപഭോക്താക്കള്‍ രണ്ട് മുതല്‍ ഏഴ് ശതമാനം വരെ അധിക ഇന്ധനം ഉപയോഗിക്കേണ്ടിവരുന്നു. അത് ഇന്ധനം ലാഭിക്കാമെന്ന കണക്കുകൂട്ടലിനെത്തന്നെ തകിടംമറിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നിര്‍ബന്ധമാക്കുന്ന ഇ20 ഇന്ധനവിതരണം പുനഃപരിശോധിക്കണമെന്നും, നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നത് വരെ ഇത് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിക്കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് വേണ്ടി ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമയാണ് പ്രമേയം അവതരിപ്പിച്ചത്. ഇ20 പെട്രോളിനെതിരെ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ 2.3 ലക്ഷത്തിലധികം ഒപ്പുകളടങ്ങിയ നിവേദനങ്ങളുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ അതേദിവസമാണ് നിയമസഭ പ്രമേയം പാസാക്കിയത്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം

രാജ്യത്തിന്റെ മൊത്തം പെട്രോളിയം ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനത്തിനും നാം ഇറക്കുമതിയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ധന ഇറക്കുമതി കുറയ്ക്കുക എന്നതും പാരമ്പര്യേതര ഇന്ധനത്തിലേക്ക് മാറുകയെന്നതും രാഷ്ട്രസമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വര്‍ധിച്ചുവരുന്ന പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിനും ആഗോളതാപനത്തിനും ആക്കം കൂട്ടുമെന്നതിലും തര്‍ക്കമില്ല. പെട്രോള്‍ വിലക്കയറ്റം തടയുന്നതില്‍ എഥനോള്‍ മിശ്രണം വലിയ പങ്ക് വഹിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍, അതിനായി ഇ 20 പെട്രോള്‍ വാഹന ഉടമകളുടെമേല്‍ അടിച്ചേല്പിക്കുന്നതും പ്രശ്‌നപരിഹാരമല്ല. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 1.7 ബില്യണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, ഇന്ത്യ ഭക്ഷ്യ ഉല്‍പാദനം പല മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഭക്ഷ്യ ആവശ്യകതയായ 354 ദശലക്ഷം ടണ്ണില്‍ നിന്ന് 2050 ആകുമ്പോഴേക്കും അത് ഏകദേശം 480 ദശലക്ഷം ടണ്ണായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. എഥനോള്‍ ഉല്‍പാദനത്തിനായി ഭക്ഷ്യധാന്യങ്ങള്‍ വകമാറ്റുന്ന നയവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നുറപ്പാണ്. കേവലം മധ്യവര്‍ത്തി സമൂഹത്തിന്റെ പ്രശ്‌നം എന്നതിലുപരി പൊതുസമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയമായി ഇ 20 പെട്രോള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഈയൊരു വിഷയം മുന്‍നിർത്തി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഉണര്‍ന്നേ തീരൂ.

SCROLL FOR NEXT