OPINION

ആരൊക്കെ കൈക്കൊള്ളും ജൂലൈ മൂന്നിന്‍റെ കുർബാന?

എറണാകുളം അങ്കമാലിഅതിരൂപതയെ പ്രത്യേക മെത്രാപ്പോലീത്തൻ സഭയായി പ്രഖ്യാപിക്കുന്നതുകൊണ്ട് അവസാനിക്കുന്നതല്ല പ്രശ്നങ്ങൾ. പിന്നീട് പള്ളികളിൽ അധികാരം പിടിക്കാനും സഭാസ്വത്തിന്‍റെ അവകാശിയെ കണ്ടെത്താനും ഏറ്റുമുട്ടലുകൾ ഉണ്ടാകും.

Author : ജോര്‍ജ് ആന്റണി

പിളർപ്പിനു മുന്നിൽ കേരളാ കോൺഗ്രസുകളെപ്പോലയല്ല കേരളത്തിലെ കത്തോലിക്കാ സഭ. പിളർന്നപ്പോഴൊക്കെ ചെറുഗ്രൂപ്പുകളായി മാറി എന്നല്ലാതെ ഒരു തരത്തിലും വളർച്ച ഉണ്ടായിട്ടില്ല. ജൂലൈ മൂന്ന് മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന മാത്രമേ അനുവദിക്കൂ എന്നാണ് പുതിയ സർക്കുലർ. ആ സർക്കുലറിനു മുന്നിൽ രണ്ടായി തിരിഞ്ഞു നിൽക്കുകയാണ് അതിരൂപതയിലെ വിശ്വാസി സമൂഹം.

ജൂലൈ മൂന്ന് കേരളത്തിലെ ക്രൈസ്തവ സഭാ വിശ്വാസത്തിന്‍റെ ആണിക്കല്ല് പാകിയ ദിവസമാണ്. സെയ്ന്‍റ് തോമസ് ഡേ അഥവാ തോറാനയാണ് ആ ദിവസം. ചരിത്രപരമായി സ്ഥിരീകരണം ഇല്ലെങ്കിലും ജൂലൈ മൂന്നിലെ സെയ്ന്‍റ് തോമസ് ദിനത്തെ ചുറ്റിപ്പറ്റിയാണ് കേരളത്തിൽ വിശ്വാസിസമുഹം വളർന്നുവന്നത്. ക്രൈസ്തവ ധാര പ്രചരിപ്പിക്കാൻ തെക്കേ ഇന്ത്യയിലെത്തിയ സെയ്ന്‍റ് തോമസ് തമിഴ്നാട്ടിലെ മൈലാപ്പൂരിൽ കൊല്ലപ്പെട്ടു എന്നു കരുതുന്ന ദിവസമാണ് എഡി 72ലെ ജൂലൈ മൂന്ന്. ഇപ്പോൾ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സർക്കുലർ പ്രാബല്യത്തിൽ വരുന്നതും ഈ ദിവസമാണ്. ചരിത്രപരമായും വിശ്വാസപരമായും കത്തോലിക്കാ വിശ്വാസത്തെ തന്നെയാണ് സർക്കുലർ നെടുകെ പിളർത്തുന്നത്.

സാധ്യമോ സ്വതന്ത്ര സഭ?

ഏകീകൃത കുർബാന നടപ്പാക്കില്ലെന്നും സ്വതന്ത്ര മെത്രാപ്പോലീത്തൻ സഭയായി തുടരും എന്നുമാണ് വൈദിക സമിതിയുടെ തീരുമാനം. സ്വതന്ത്ര മെത്രാപ്പോലീത്തൻ സഭയായി തുടരുമെന്ന ഈ പ്രഖ്യാപനം നാനൂറു വർഷം മുൻപ് നടന്ന കൂനൻകുരിശ് സത്യം പോലെ നിർണായകമാണ്. കേരളത്തിലെ ആദ്യകാല ക്രൈസ്തവ സമൂഹത്തിനു മേൽ പോർച്ചുഗീസ് ചിട്ടകൾ നടപ്പാക്കാനുള്ള ശ്രമമാണ് കൂനൻ കുരിശു സത്യത്തിലേക്കു നയിച്ചത്. മട്ടാഞ്ചേരിയിൽ കുരിശിൽ കെട്ടിയ വടത്തിൽ  പിടിച്ചുനിന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ വിശ്വാസികൾ കൈക്കൊണ്ട പ്രതിജ്ഞയായിരുന്നു അത്. റോമൻ കത്തോലിക്ക സഭയെ അനുസരിക്കില്ല എന്ന ആ ദൃഢ പ്രതിജ്ഞയെയാണ് ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപത ഓർമിപ്പിക്കുന്നത്.

വിശ്വാസികൾക്ക് ആമുഖമായി!

കുർബാന എങ്ങനെ അർപ്പിച്ചാലെന്താണ്  എന്നു ചോദിക്കാവുന്നത്ര ലളിതമല്ല ഈ തർക്കം.എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, താമരശ്ശേരി രൂപതകളിൽ ഒക്കെ നടന്നിരുന്നത് ജനാഭിമുഖ കുർബാനയായിരുന്നു. വൈദികൻ വിശ്വാസികളുടെ നേരെ തിരിഞ്ഞുനിന്ന് അർപ്പിക്കുന്ന ഈ കുർബന വിഗ്രഹാരാധനാ രീതികളെ തള്ളിക്കളയുന്നതാണ്. എന്നാൽ ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ നടന്നുവന്നതെല്ലാം അൾത്താരയ്ക്ക് അഭിമുഖമായ കുർബാനയായിരുന്നു. വിശ്വാസികളോടു പിന്തിരിഞ്ഞു നിൽക്കുന്ന ഈ രീതിയെ എറണാകുളം-അങ്കമാലി അതിരൂപത ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഇതിനിടെയാണ് 1999ൽ സിനഡ് ചെർന്ന് പകുതി ജനാഭിമുഖമായും പകുതി അൾത്താരാ അഭിമുഖമായും അർപ്പിക്കുന്ന ഏകീകൃത കുർബാന നിർദേശിച്ചത്. ഇതു നടപ്പാക്കാനുള്ള നീക്കം കഴിഞ്ഞ 25 വർഷമായി തുടരുകയായിരുന്നു. ഞങ്ങൾ ഞങ്ങളുടെ വിശ്വാസമല്ലേ പിന്തുടരേണ്ടത് എന്നാണ് വിമതവിഭാഗം ഉന്നയിക്കുന്ന ചോദ്യം. നിങ്ങളുടെ വിശ്വാസത്തിന്‍റെ പകുതി ഞങ്ങളെന്തിനു കൈക്കൊള്ളണം എന്ന ആ ചോദ്യം തന്നെയാണ് കൂനൻ കുരിശു സത്യത്തിലും ഉയർന്നത്.

പാറേക്കാട്ടിൽ തെളിച്ച വഴിയിൽ

മാർപ്പാപ്പയെ പൂർണമായും തള്ളുന്നവരല്ല എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത പക്ഷം. വിശ്വാസികളുടെ നേരേ നിന്നവരെ പകുതി സമയമാണെങ്കിലും തിരിച്ചു നിർത്താനുള്ള തീരുമാനം മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത്. എറണാകുളത്തുള്ളവർ മാർപ്പാപ്പയോടൊപ്പം സ്ഥാനം നൽകുന്നയാളാണ് കർദിനാൾ ജോസഫ് പാറേക്കാട്ടിൽ. ജനാഭിമുഖമായുള്ള കുർബാനക്രമം നടപ്പാക്കിയത് കർദിനാൾ പാറേക്കാട്ടിലാണ്. ആ പാറേക്കാട്ടിൽ പിതാവിന്‍റെ അന്ത്യവിശ്രമ സ്ഥലമാണ് സെയ്ന്‍റ് മേരീസ് ബസലിക്ക. ആ ബസിലക്കയിലാണ് ആദ്യം ഏകീകൃത കുർബാന നടപ്പാക്കാനുള്ള നീക്കം നടന്നത്.

സെമിനാരി മുതൽ സെമിത്തേരി വരെ

എറണാകുളം അങ്കമാലിഅതിരൂപതയെ പ്രത്യേക മെത്രാപ്പോലീത്തൻ സഭയായി പ്രഖ്യാപിക്കുന്നതുകൊണ്ട് അവസാനിക്കുന്നതല്ല പ്രശ്നങ്ങൾ. പിന്നീട് പള്ളികളിൽ അധികാരം പിടിക്കാനും സഭാസ്വത്തിന്‍റെ അവകാശിയെ കണ്ടെത്താനും ഏറ്റുമുട്ടലുകൾ ഉണ്ടാകും. യാക്കോബായ-ഓർത്തഡോക്സ് സഭകളിൽ നൂറ്റാണ്ടു പിന്നിട്ടും തുടരുന്ന സംഘർഷാവസ്ഥയാണ് ഇതിനുള്ള ഉദാഹരണം. മൂന്നുപതിറ്റാണ്ടു കേസു കേട്ട സുപ്രീംകോടതി നൽകിയ ഉത്തരവ് പോലും നടപ്പാക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. അതിനിടെയാണ്  എറണാകുളം-അങ്കമാലി അതിരൂപതയിലെ പിളർപ്പ്.  കുർബാനത്തർക്കം സഭയുടെ ആഭ്യന്തര പ്രശ്നം മാത്രമല്ല. സെമിനാരികളുടെ മുതൽ സെമിത്തേരികളുടെ വരെ കൈവശാവകാശത്തിനായി സംഘർഷം ഉണ്ടാകുന്ന നിലയിലേക്ക് അതു വളരാൻ അനുവദിക്കുകയുമരുത്. 

SCROLL FOR NEXT