OPINION

കരാറുകള്‍ പാഴ്‌വേല; പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി

സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്

Author : പി.പി. പ്രശാന്ത്

മാസങ്ങള്‍ക്ക് മുന്‍പ് ഒപ്പുവെച്ച അമേരിക്ക-ഇറാന്‍ ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ പശ്ചിമേഷ്യ വീണ്ടും വലിയൊരു യുദ്ധഭീതിയിലാണ്. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് കരാറില്‍ നിന്ന് പിന്മാറിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് ഇറാനെതിരെ അമേരിക്ക വീണ്ടും വ്യോമാക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യാക്രമണമായി ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാനും തിരിച്ചടിച്ചു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ലോകം യുദ്ധഭീതിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും ആക്രമണങ്ങള്‍.

കരാറുകള്‍ പാഴ്‌വേല; പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി

മാസങ്ങള്‍ നീണ്ട യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ആഗോള അനിശ്ചിതാവസ്ഥക്കും അവസാനമാകുമെന്ന പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടായിരുന്നു യുഎസും ഇറാനും ജൂണ്‍ 15ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. യുഎസിന് വേണ്ടി പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവരാണ് ഒപ്പിട്ടത്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫുമാണ് ഇറാന് വേണ്ടി ഒപ്പുവെച്ചത്. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നിരുന്നു. എന്നാല്‍, സമാധാന സാഹചര്യത്തിന് ആഴ്ചകളുടെ ആയുസ് മാത്രം നല്‍കിക്കൊണ്ട് ഇരുപക്ഷവും വീണ്ടും ആക്രമണമാരംഭിച്ചിരിക്കുകയാണ്. ഒപ്പം ധാരണാപത്രം അവസാനിച്ചതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് നിലവിലെ ആക്രമണങ്ങള്‍ക്ക് കാരണം. ഹോർമുസ് കടലിടുക്കില്‍ ഖത്തര്‍, സൗദി ഓയില്‍ ടാങ്കറുകള്‍ ഇറാന്‍ ആക്രമിച്ചതിന് മറുപടിയായിട്ടായിരുന്നു യുഎസ് വ്യോമാക്രണങ്ങള്‍ നടത്തിയത്. കുവൈറ്റിലെയും ബഹറൈനിലെയും യുഎസ് സംവിധാനങ്ങളെ ഇറാനും ആക്രമിച്ചു. ഇറാനില്‍ 9 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ ഹോർമുസില്‍ ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു.

ഹോര്‍മുസ് വീണ്ടും സംഘര്‍ഷഭരിതം

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള ഇറാനിയന്‍ നീക്കങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാന്തരീക്ഷമുണ്ടായത്. ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമം അനുസരിച്ച്, ഒരു രാജ്യത്തിന്റെ തീരത്തുനിന്ന ഏകദേശം 13.67 മൈല്‍ അതായത് 22 കി.മീ ദൂരം ആ രാജ്യത്തിന്റെ സ്വന്തം സമുദ്രാതിര്‍ത്തിയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തിന് കേവലം 39 കി.മീ മാത്രമാണ് വീതിയുള്ളത്. ഹോര്‍മുസിലെ അന്താരാഷ്ട്ര ജലപാത എന്നത് സാങ്കേതികമായി , ഇറാന്റെയും ഒമാന്റെയും സമുദ്രാതിര്‍ത്തിക്കുള്ളിലാണ് വരുന്നത്. ഇതില്‍ കപ്പലുകള്‍ക്ക് വരാനും പോകാനുമായി 2 മൈല്‍ വീതിയുള്ള രണ്ട് പ്രത്യേക പാതകളും, അവ കൂട്ടിയിടിക്കാതിരിക്കാന്‍ ഇടയില്‍ 2 മൈല്‍ വീതിയുള്ള ഒരു ബഫര്‍ സോണുമാണുള്ളത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത, ഈ പ്രധാന അന്താരാഷ്ട്ര കപ്പല്‍പ്പാതകള്‍ ഭൂരിഭാഗവും കടന്നുപോകുന്നത് ഒമാന്റെ സമുദ്രാതിര്‍ത്തിയിലൂടെയാണ്, ഇറാന്റെ ഭാഗത്തുകൂടിയല്ല എന്നുള്ളതാണ്. ഒമാന്‍ വളരെ കൃത്യമായി അന്താരാഷ്ട്ര ഗതാഗതത്തിന് ഈ പാത തുറന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്. നിയമം അനുസരിച്ച്, രണ്ട് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തരം പ്രധാന കടലിടുക്കുകളിലൂടെ ഏതു രാജ്യത്തിന്റെ കപ്പലുകള്‍ക്കും തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. ഇറാന്‍ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി അത് അംഗീകരിച്ച് നിയമ നടപടികളിലേക്ക് കടന്നിട്ടില്ല. അതിനാല്‍, ഭീഷണിയായ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്ക് തങ്ങളുടെ അതിര്‍ത്തിയിലൂടെ പോകാന്‍ അവകാശമില്ലെന്ന് ഇറാന്‍ വാദിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് തോന്നിയാല്‍ കപ്പല്‍ ഗതാഗതം തടയുമെന്ന് ഇറാന്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുള്ളത് ഈ പഴുത് ഉപയോഗിച്ചാണ്.

ഇടക്കാല കരാര്‍ അവസാനിച്ചതായി ട്രംപ്

ഇക്കഴിഞ്ഞ ആറിന് ജപ്പാന്റെ കപ്പല്‍വ്യൂഹം ഹോര്‍മുസ് കടന്നത് പൂര്‍ണമായും ഇറാന്‍ നിയന്ത്രിതമായ കപ്പല്‍ചാലിലൂടെയായിരുന്നു. കപ്പലുകള്‍ ഇറാന്‍ നിയന്ത്രിത വഴിയിലൂടെ കടന്നുപോയാല്‍ ഐആര്‍ജിസി ചുങ്കം ഈടാക്കി വരുന്നുണ്ട്. ജൂലൈ 7 ന് ഒമാന്‍ ഭാഗത്തുള്ള അന്താരാഷ്ട്ര കപ്പല്‍പാതയിലുണ്ടായിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഖത്തര്‍, സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടു. പിന്നാലെയാണ് ഇറാനുമായുള്ള ഇടക്കാല കരാര്‍ അവസാനിച്ചതായി തുര്‍ക്കിയിലെ അങ്കറയില്‍ നേറ്റോ ഉച്ചകോടിയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിയന്‍ എണ്ണവ്യാപാരത്തിന്‍മേലുള്ള ഉപരോധം നീക്കം ചെയ്ത നടപടി യുഎസ് ട്രഷറി പിന്‍വലിക്കുകയും ചെയ്തു. പിന്നാലെയാണ് ഇറാനിലെ 60 ഐആര്‍ജിസി കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം നടത്തിയത്. ജൂലൈ എട്ടിന് ഐആര്‍ജിസി ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും വര്‍ഷിച്ചു. കുവൈറ്റിലെ ക്യാംപ് ആരിഫ് ജാനിലും അലി അല്‍ സലേം വ്യോമതാവളത്തിലും ബഹ്‌റൈനിലെ ജുഫൈറിലെ യുഎസ് ഫിഫ്ത് ഫ്‌ലീറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സ്‌ഫോടനങ്ങളുണ്ടായി. അന്ന് രാത്രി യു എസ് ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടു. വൈകാതെ ഇറാന്റെ തെക്കന്‍ തീരമേഖലയില്‍ 90 സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. സുപ്രധാന തുറമുഖങ്ങളായ ബുഷെഹറും ബന്ദര്‍ അബ്ബാസും സിരിക്കും ആക്രമിക്കപ്പെട്ടു. ജൂലൈ 9 ന് കുവൈറ്റിലും ബഹ്‌റൈനിലും ഇറാനിയന്‍ ആക്രമണമുണ്ടായി. ഹോര്‍മുസ് കടലിടുക്ക് തുറക്കുക നിശിതമായ ഇറാനിയന്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കുമെന്ന് യുഎസുമായുള്ള ചര്‍ച്ചകള്‍ക്ക് ഇറാനിയന്‍ സംഘത്തെ നയിക്കുന്ന പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഘേര്‍ ഗലീബാഫ് പറഞ്ഞതും ശ്രദ്ധേയമായി.

എണ്ണവില കുതിച്ചുയര്‍ന്നു

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരത ആഗോള ഇന്ധന വിതരണത്തെയും കപ്പല്‍ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ധന വിലയിലുണ്ടാകുന്ന ഈ വർധനവ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനിടെ, യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഇറാഖ് സന്ദര്‍ശനം വെട്ടിച്ചുരുക്കി തെഹ്‌റാനിലേക്ക് മടങ്ങിക്കഴിഞ്ഞു. സൈനിക നടപടികള്‍ക്കിടയിലും നയതന്ത്ര ചര്‍ച്ചകള്‍ക്ക് അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉടന്‍ തന്നെ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. എന്നാല്‍ നിലവിലെ കലുഷിതമായ സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ എത്രത്തോളം ഫലം കാണുമെന്നതില്‍ പ്രസിഡന്റ് തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

യുദ്ധഭീതി ഒഴിയാന്‍ സാഹചര്യം സൃഷ്ടിക്കണം

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും യുഎസും ഇറാനും തമ്മിലുള്ള ഇടക്കാല കരാറിന്റെ തകര്‍ച്ചയും പശ്ചിമേഷ്യയെ വീണ്ടും വലിയൊരു യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ പാതകളുടെ നിയന്ത്രണവും സുരക്ഷയും സംബന്ധിച്ച നിയമപരമായ അവ്യക്തതകളും സാങ്കേതിക കുരുക്കുകളും ഈ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. വെടിനിര്‍ത്തല്‍ കരാറുകളും സമാധാന നീക്കങ്ങളും ഫലം കണ്ടു എന്ന ആശ്വാസത്തില്‍ ലോകം സാധാരണ നിലയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നതിനിടെയാണ് സ്ഥിതിഗതികള്‍ താറുമാറായത്. നിലവിലെ സാഹചര്യത്തില്‍, സൈനിക നടപടികള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ഇടയില്‍ ഈ രാജ്യങ്ങള്‍ സംയമനം പാലിച്ചില്ലെങ്കില്‍, പശ്ചിമേഷ്യയിലെ ഈ സംഘര്‍ഷം കൂടുതല്‍ വിനാശകരമായ ഒരു ആഗോള പ്രതിസന്ധിയിലേക്ക് വഴിതുറന്നേക്കാം.

SCROLL FOR NEXT