Source: News Malayalam 24x7
OPINION

'വരലാറു തിരുമ്പുകിറുത് !' ചരിത്രം ആവർത്തിക്കപ്പെടുന്നു

തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഇക്കഴിഞ്ഞ വാരം സംഭവിച്ചത്

Author : സുജിത് ചന്ദ്രന്‍

തമിഴ്നാട്ടിലെ ടിവികെയുടെ വിജയം പലതുകൊണ്ടും രാഷ്ട്രീയ വിദ്യാർഥികൾക്ക് പാഠപുസ്തകമാണ്. എല്ലാ അനുമാന സാധ്യതകൾക്കും അപ്പുറം രൂപപ്പെട്ട തെരഞ്ഞെടുപ്പ് ഫലമായിരുന്നു തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം വെട്ടിപ്പിടിച്ചത്. ആക്സിസ് മൈ ഇന്ത്യ ഒഴികെ ഒരു ഏജൻസിയും തമിഴ്നാട്ടിൽ വിജയ്‌യുടെ പാർട്ടി ഇത്ര വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചില്ല. ഒട്ടെല്ലാ രാഷ്ട്രീയ നിരീക്ഷകരും സെഫോളജിസ്റ്റുകളും ടിവികെയ്ക്ക് 10 മുതൽ 25 സീറ്റുകൾ വരെയൊക്കെയാണ് പ്രവചിച്ചത്. തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഇക്കഴിഞ്ഞ വാരം സംഭവിച്ചത്. സകല വിചക്ഷണരുടേയും പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും അപ്പുറത്തെ വൻ മുന്നേറ്റം. രണ്ട് വർഷം മാത്രം പ്രായമുള്ള ഒരു പാർട്ടി, തമിഴക രാഷ്ട്രീയ വിശകനത്തിൻ്റെ സകലസാധ്യതകളേയും ഞെട്ടിച്ചുകൊണ്ട് 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു. ഇത്രകാലം തിരൈപ്പടങ്ങളിൽ നമ്മളെ ത്രസിപ്പിച്ച വിജയ് എന്ന താരശരീരം ഇതാ തമിഴ്നാടിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയരുന്ന രാഷ്ട്രീയ പ്രതിഭാസമായി മാറുന്നു.

'വരലാറു തിരുമ്പുകിറുത് !' ചരിത്രം ആവർത്തിക്കപ്പെടുന്നു

1967, 1977, 2026 ഈ മൂന്ന് വർഷങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തെ സംബന്ധിച്ച് വൻ വഴിത്തിരിവുകളായ മൂന്ന് ദശാസന്ധികളെയാണ് അടയാളപ്പെടുത്തുന്നത്.

1967 — സി.എൻ.അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ ആദ്യമായി ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിച്ച വർഷം. ഡിഎംകെ യുടെ വിജയവും കോൺഗ്രസിൻ്റെ പതനവും. അതോടെ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം ആദ്യമായി അധികാര സ്ഥാനമേറ്റു.

1977 — എഐഎഡിഎംകെ, ഡിഎംകെയിൽ നിന്ന് പിളർന്ന് അധികാരം പിടിച്ച വർഷം. എംജിആർ അഭ്രപാളികളിൽ നിന്ന് അരസിയൽ കളത്തിലേക്ക് പ്രവേശിച്ച്, മക്കൾ തിലകമെന്ന വിശേഷണത്തോടെ മുതൽ അമേച്ചറായത് 1977ലാണ്.

ഇത് 2026, ടിവികെയുടെ വെട്രിവിജയം. ആറ് പതിറ്റാണ്ടുകാലത്തെ ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ദ്വയാധിപത്യത്തിൽ നിന്ന് മാറി തമിഴ്നാട് രാഷ്ട്രീയം വേറിട്ടൊരു പാതയിൽ ഒഴുകിത്തുടങ്ങുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് മധുരയിലെ പരപത്തിയിൽ നടന്ന തമിഴക വെട്രി കഴകത്തിൻ്റെ രണ്ടാം സംസ്ഥാന സമ്മേളന വേദിയിൽ ഈ വർഷങ്ങൾ വലിയ അക്ഷരങ്ങളിൽ ആലേഖനം ചെയ്തിരുന്നു, ഓർമയുണ്ടാകുമല്ലോ. അണ്ണാദുരൈ, എംജിആർ, വിജയ് എന്നിവരുടെ വലിയ കട്ടൗട്ടുകൾക്കൊപ്പമായിരുന്നു ഈ വർഷങ്ങൾ വേദിയിൽ എഴുതി പ്രദർശിപ്പിച്ചത്.'വരലാറു തിരുമ്പുകിറുതു', അതായത് ചരിത്രം ആവർത്തിക്കപ്പെടുന്നു എന്ന് അന്നത്തെ പ്രസംഗത്തിൽ വിജയ് ആവർത്തിച്ചു. അതങ്ങനെ തന്നെ സംഭവിച്ചു. 1967ഉം 77ഉം പോലെ, തമിഴ് രാഷ്ട്രീയത്തിലെ മൂന്നാമത്തെ വലിയ മാറ്റമായി നിശ്ചയമായും നമുക്കീ ചരിത്ര ഘട്ടത്തെ അടയാളപ്പെടുത്താം.

കോൺഗ്രസിനെയും മറ്റ് ചെറുകക്ഷികളേയും കൂട്ടുപിടിച്ച് വിജയ് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയാണ്. യഥാർഥത്തിൽ ഇത് എല്ലാ അനുമാന സാധ്യതകൾക്കും അപ്പുറം രൂപപ്പെട്ട ഫലമാണ്. പുതിയകാലം, പ്രവചനങ്ങൾക്കപ്പുറം അത്ഭുതകരമായ ഫലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നു. നേരത്തേ പറഞ്ഞതുപോലെ, ഒട്ടെല്ലാ വിശകന വിചക്ഷണരും, കോളമിസ്റ്റുകളും എക്സിറ്റ് പോളുകളും ഡിഎംകെയുടെ വിജയം പ്രവചിച്ചു. അണ്ണാ ഡിഎംകെയ്ക്കും പിന്നിൽ ടിവികെയെ മൂന്നാം ശക്തി മാത്രമായി കണ്ടു. എന്നാൽ എന്തുകൊണ്ട് ഈ അട്ടിമറി സാധ്യമായി?

എന്തുകൊണ്ട് ഈ അട്ടിമറി ?

2024 ഫെബ്രുവരി രണ്ടിനാണ് വിജയ് ടിവികെ എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചത്. എന്നാൽ അതിനും ഏറെ മുമ്പേ വിജയ് സ്വന്തം രാഷ്ട്രീയ പ്രവേശം തീരുമാനിച്ചിരുന്നു. വിജയ് മക്കൾ ഇയക്കം എന്ന ആരാധക കൂട്ടായ്മയിലൂടെ അടിത്തട്ടിൽ സംഘടന കെട്ടിപ്പടുത്തു. ദുരിതാശ്വാസ പരിപാടികളും ചികിത്സാ, പഠന സഹായവും, സൗജന്യങ്ങളും സ്കോളർഷിപ്പ് വിതരണവും ഒക്കെയായി ആദ്യം ആരാധക സംഘടനയെ സജീവമാക്കി. 2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം ആ പേരിൽ തന്നെ മത്സരിക്കുകയും 129 തദ്ദേശ വാർഡുകളിൽ വിജയിക്കുകയും ചെയ്തു. അതൊരു വൺ ടൈം വണ്ടർ എന്ന് മാത്രമേ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കണ്ടുള്ളൂ.എന്നാൽ,തമിഴ്നാടാകെ കമ്മിറ്റികളും കേഡർ സ്വഭാവത്തിലുള്ള പ്രവർത്തനവുമായി വിജയ് മക്കൾ ഇയക്കം അതിൻ്റെ ചട്ടക്കൂട് വിപുലമാക്കി. അതിനും ശേഷമാണ് വിജയ് മക്കൾ ഇയക്കം, ടിവികെ എന്ന രാഷ്ട്രീയ കക്ഷി ആയി പരിണമിച്ചത്. അങ്ങനെ ദശലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയോടെ വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.

'പിറപ്പൊക്കും എല്ലാ ഉയിർക്കും' എന്ന തിരുക്കുറൾ വചനമാണ് ടിവികെ അവരുടെ മുദ്രാവാക്യമായി തെരഞ്ഞെടുത്തത്. എല്ലാവർക്കും സമത്വം എന്നർഥം. അടിസ്ഥാന മുദ്രാവാക്യം മുതൽ വിജയ് മുന്നോട്ട് വച്ച പദ്ധതികളും പരിപാടികളെല്ലാം, തമിഴ്നാട്ടിലെ അടിസ്ഥാന, മധ്യവർഗങ്ങളെ ആകർഷിക്കാൻ തക്കതായിരുന്നു. സാമൂഹിക നീതി, യുവാക്കൾക്ക് തൊഴിൽ, ലഹരിയിൽ നിന്ന് വിമുക്തി, വിദ്യാഭ്യാസ സഹായങ്ങൾ, പലിശരഹിത വായ്പകൾ തുടങ്ങിയ വിഷയങ്ങൾ ടിവികെ പ്രചാരണ വിഷയങ്ങളാക്കി. അരാഷ്ട്രീയ മധ്യവർഗത്തേയും അസംതൃപ്ത ദ്രാവിഡ രാഷ്ട്രീയ മനസുകളേയും ഒരുപോലെ ആകർഷിക്കുംവിധം വിഷയങ്ങൾ നിരത്തി. ശേഷം, എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ ടിവികെ തീരുമാനിച്ചു. നാടിളക്കിയ റാലികൾ,അതിലേക്ക് ഒഴുകിവന്ന അഭൂതപൂർവമായ ജനസാഗരം, ഇതിനിടെ 41 പേരുടെ ജീവനെടുത്ത കരൂർ ദുരന്തം, എന്നിട്ടും വിജയ്ക്കുള്ള ജനപിന്തുണ വിട്ടുപോയില്ല.

സിനിമ, എക്കാലവും തമിഴൻ്റെ രാഷ്ട്രീയ മാധ്യമം

കലൈഞ്ജർ കരുണാനിധിയേയും എംജിആറിനേയും അരസിയൽ പോർക്കളത്തിൽ ഉറപ്പിച്ചത് സിനിമ എന്ന കരുത്തുറ്റ മാധ്യമമാണ്. കലൈഞ്ജർ എഴുതി, എംജിആർ വേഷമിട്ട, ഏഴൈ തോഴർ പ്രമേയങ്ങളിലൂടെയാണ് ദ്രാവിഡ രാഷ്ട്രീയം തമിഴ്നാട്ടിൽ വളർന്ന് തഴച്ചത്. എഴുപതോളം സിനിമകളിൽ വേഷമിട്ട വിജയും സിനിമയെ രാഷ്ട്രീയ മാധ്യമമാക്കുക എന്ന പ്രചാരണ തന്ത്രമാണ് ആദ്യം പയറ്റിയത്. സോവിയറ്റ് റഷ്യ മുതൽ പരീക്ഷിക്കപ്പെട്ട അതേ പഴയ തന്ത്രത്തെ പുതിയ കാലത്തിന് വേണ്ടുംവിധം പരുവപ്പെടുത്താൻ വിജയ് സിനിമകൾക്ക് കഴിഞ്ഞു. വിജയ് സിനിമകളെ പ്രമേയമപരമായി വിശാലമായി വിഭജിച്ചാൽ മൂന്നായി തിരിക്കാം. ആദ്യകാല ക്യംപസ്, യുവ പ്രമേയ ചിത്രങ്ങൾ, ശേഷം ഗ്രാമത്തെ പലവിധ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനായി എത്തുന്ന ഒറ്റയാൾ രക്ഷകൻ പടങ്ങൾ, ശേഷം വ്യക്തമായ രാഷ്ട്രീയ സൂചനയുള്ള സിനിമകൾ. അഴിമതിക്കെതിരായ നിതാന്ത വിമർശനം, തൊഴിലില്ലായ്മയ്ക്ക് എതിരായ അമർഷം, ഭരണകൂടത്തോടുള്ള നിത്യപ്രതിഷേധം എന്ന് തുടങ്ങി 2019 ലെ കേന്ദ്രസർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമത്തെ അടക്കം വിമർശിക്കുന്ന നിലയിലേക്ക് വിജയ് സിനിമകൾ എത്തി. അതോടെ വിജയ് സിനിമകൾക്ക് തികഞ്ഞ രാഷ്ട്രീയ സ്വഭാവം കൈവന്നു. ജനനായകൻ എന്ന ഒടുവിലത്തെ ചിത്രം തീയേറ്ററുകളിൽ എത്താതിരിക്കാൻ രാഷ്ട്രീയ എതിരാളികൾ പരമാവധി ശ്രമിച്ചതും ആ മാധ്യമം വിജയ് ഉപയോഗിക്കുമ്പോഴുള്ള ആഘാത ശേഷിയെ ഭയന്ന് തന്നെ. പ്രത്യേകിച്ചും ചെറുപ്പക്കാരിലും സ്ത്രീകളിലും അടുത്ത കാലത്തെ വിജയ് സിനിമകൾ അതിസൂക്ഷ്മ തലത്തിൽ സൃഷ്ടിച്ച രാഷ്ട്രീയ സ്വാധീനം ചെറുതല്ല.

സൂപ്പർ താരം എന്ന നിലയിലെ ആരാധക പിന്തുണ പുതിയ കാലത്ത് വോട്ടായി മാറില്ല എന്ന് ധരിച്ചവർക്ക് തെറ്റി. താരപരവേഷം ഗ്രാമീണ-നഗര മേഖലകളിലെല്ലാം വോട്ടായി. ഡിഎംകെ ഭരണത്തിനെതിരായ അതൃപ്തിയും അണ്ണാ ഡിഎംകെയുടെ സംഘടനാ അപചയത്തോടുള്ള അവമതിപ്പും ടിവികെയിലേക്ക് വോട്ടൊഴുക്കി. പ്രത്യയശാസ്ത്ര ശത്രു എന്ന് ബിജെപിയേയും, രാഷ്ട്രീയ ശത്രു എന്ന് ഡിഎംകെയേയും പ്രഖ്യാപിച്ചുള്ള കാമ്പെയ്ൻ കുറിക്കുകൊണ്ടു. ഭാഷാ സ്വാഭിമാന രാഷ്ട്രീയത്തിലും, ശക്തമായ പ്രാദേശിക സ്വത്വത്തിലും വേരൂന്നിയ ദ്രാവിഡ രാഷ്ട്രീയത്തെ ഏറെക്കുറെ അതേ ശൈലി കൊണ്ട് തന്നെ ചെറുക്കുക എന്നതായിരുന്നു ടിവികെ തന്ത്രം. ബിജെപിക്ക് എതിരായ തമിഴ്‌നാടിന്റെ ദീർഘകാല ചെറുത്തുനിൽപ്പിനെയും ടിവികെ മറ്റൊരു വിധം പ്രതിഫലിപ്പിച്ചു. ഫലമോ, ഡിഎംകെക്ക് എതിരായ ഭരണവിരുദ്ധ വോട്ടുകളും അണ്ണാ ഡിഎംകെ വിരുദ്ധ നിഷേധ വോട്ടുകളും, ബിജെപി വിരുദ്ധ രാഷ്ട്രീയ വോട്ടുകളും ടിവികെയിലേക്ക് എത്തി. ദളിത്, ന്യൂനപക്ഷ വോട്ടുകൾ അനുകൂലമായി ധ്രുവീകരിക്കാനും അവർക്കായി.ശേഷം ചരിത്രം...

ഇനി വിജയ് തമിഴക മുതൽ അമേച്ചർ

രണ്ടാം വരവ് ഉറപ്പിച്ച മട്ടിൽ അമിത ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കൊളത്തൂരിൽ 8795 വോട്ടിന് ടിവികെ സ്ഥാനാർഥിയോട് തോറ്റു. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിച്ച വിജയ് രണ്ടിടത്തും വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 സീറ്റുകൾ വേണം. ടിവികെയ്ക്ക് നിലവിൽ കേവലഭൂരിപക്ഷത്തിന് പത്ത് വോട്ട് കുറവ്. രണ്ടാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാമെന്നാണ് വിജയ് ഗവർണറെ അറിയിച്ചിരിക്കുന്നത്. അഞ്ച് അംഗങ്ങളുടെ പിന്തുണ കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.പിന്നെയും വേണം അഞ്ച് സീറ്റ് കൂടി.വിടുതലൈ സിരുത്തൈകൾ, ഇടത് പാർട്ടികൾ, മുസ്ലിം ലീഗ് ഒക്കെയായി വിജയ് ചർച്ച നടത്തുന്നുണ്ട്, അവർ ഡിഎംകെ മുന്നണി വിട്ട് വിജയുമായി സഹകരിക്കാൻ ഈ ഘട്ടത്തിൽ സാധ്യത കുറവാണ്.പട്ടാളി മക്കൾ കക്ഷിയേയും ടിവികെ ഉന്നമിടുന്നുണ്ടെങ്കിലും അൻപുമണി രാംദാസിന് ബിജെപി വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രി സ്ഥാനം ടിവികെയ്ക്ക് കൈ കൊടുക്കാൻ അവർക്ക് തടസമാകും.പെരമ്പൂർ നിലനിർത്തി, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയ് രാജി വയ്ക്കുമെന്നാണ് വാർത്തകൾ. അവിടെ പുതിയൊരു അംഗത്തെക്കൂടി ജയിപ്പിച്ചെടുക്കാനായാൽ കേവലഭൂരിപക്ഷത്തിലേക്കുള്ള ദൂരം ഒന്നുകൂടി കുറയും . ഇനി അണ്ണാ ഡിഎംകെ, ഡിഎംകെ സഖ്യങ്ങളിലൊന്ന് വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാലും വിജയ് തൂക്കുസഭയുടെ മുഖ്യമന്ത്രിയാകും.അതിനാണ് സാധ്യതയേറെയും.

തമിഴ്‌നാട് തങ്ങളുടെ സിനിമാതാരങ്ങളെ വെറുതെ ആരാധിക്കുക മാത്രമല്ല ചെയ്യുന്നത് . അവർ അവരിൽ വിശ്വാസം കൂടി നിക്ഷേപിക്കും. എംജിആർ മുതൽ ജയലളിത വരെയുള്ള സിനിമാതാരങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും സംസ്ഥാനത്തെ ദീർഘകാലം നയിക്കുകയും ചെയ്തു. വിജയ് കാന്ത് കുറഞ്ഞ കാലത്തേക്കെങ്കിലും ശ്രദ്ധേയ സാന്നിദ്ധ്യമായിട്ടുണ്ട്. ശിവാജി ഗണേശനും കമൽഹാസനും ശരത്കുമാറുമെല്ലാം രാഷ്ട്രീയ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വിജയ് ആ പരമ്പരയിലേക്ക് കാലെടുത്തുവയ്ക്കുന്നു. പക്ഷേ ഈ ചരിത്ര സാഹചര്യം സമാനമാവുന്നത് 1977ലെ എംജിആറിൻ്റെ അട്ടിമറി വിജയത്തോട് മാത്രം. തമിഴ് രാഷ്ട്രീയത്തിലെ രണ്ടാം ബ്ലോക്ക്ബസ്റ്റർ. സഖ്യകക്ഷികളുമായി ധാരണകളുണ്ടാക്കുന്നതിലെ പരിചയക്കുറവ് അടക്കം ഒരുപിടി പ്രതിസന്ധികൾ മുന്നിലുണ്ടെങ്കിലും 108 സീറ്റ് എന്ന വലിയ സംഖ്യ വിജയുടെ കയ്യിൽ ഭദ്രമായുള്ളിടത്തോളം തമിഴ്നാടിൻ്റെ അടുത്ത മുതൽ അമേച്ചർ ജോസഫ് വിജയ് ചന്ദ്രശേഖർ തന്നെയെന്നതിൽ തർക്കമില്ല. കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ, ടിവികെ സർക്കാർ യാഥാർഥ്യമാകാൻ ഏറെ സമയം വേണ്ടിവരില്ല. ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവ് എന്ന നിലയിൽ നിന്ന് സഖ്യകക്ഷികളെ കൂട്ടിപ്പിടിക്കുന്ന അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലേക്കാണ് വിജയ് ഇനി മാറേണ്ടത്.

SCROLL FOR NEXT