ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം കരിനിഴലിൽ 
OPINION

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം കരിനിഴലിൽ

ഡിജിറ്റൽവൽക്കരണത്തിൻ്റെ വേഗതയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Author : പി.പി. പ്രശാന്ത്

ലോകത്തിലെ ഏറ്റവും വലിയ തത്സമയ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമായി ഇന്ത്യയുടെ യുപിഐ വളർന്നിരിക്കുന്നു. ആഗോളതലത്തിൽ നടക്കുന്ന തത്സമയ ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ പകുതിയോളവും ഇന്ന് ഇന്ത്യയിലാണ് നടക്കുന്നത്. സാധാരണക്കാരുടെ ചായക്കട മുതൽ വലിയ മാളുകൾ വരെ പണമിടപാടുകൾക്ക് ഇന്ന് യുപിഐയെ ആശ്രയിക്കുന്നു. എന്നാൽ 'സൗജന്യ യുപിഐ' എന്ന സംവിധാനം നിലനിർത്തണമോ അതോ ബാങ്കുകൾക്കും ഇടനിലക്കാർക്കുമായി എംഡിആർ പുനഃസ്ഥാപിക്കണമോ എന്ന ചർച്ച ശക്തമായിരിക്കുകയാണ്. വ്യാപാരികൾ നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.25% മുതൽ 0.4% വരെ എംഡിആർ.

ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ലോക് സഭയിൽ അവതരിപ്പിച്ചു. 2,000 രൂപയ്ക്ക് വെറും 5 മുതൽ 8 രൂപ വരെ മാത്രമാണ് ഈടാക്കുന്നത് എന്നതിനാൽ ഇത് ചെറുതായി തോന്നാം. കൂടാതെ, മൊത്തം യുപിഐ. ഇടപാടുകളിൽ 5% മാത്രമേ 2,000 രൂപയ്ക്ക് മുകളിലുള്ളൂ എന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഇത് ഡിജിറ്റൽവൽക്കരണത്തിൻ്റെ വേഗതയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം കരിനിഴലിൽ

യുപിഐ എന്നത് ഇന്ത്യയുടെ പ്രധാന പേയ്മെൻ്റ് ഓപ്‌ഷനായി മാറിയിരിക്കുന്നു. 2025-26 ൽ 24,000 കോടിയിലധികം യുപിഐ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇവയുടെ ആകെ മൂല്യം 314 ലക്ഷം കോടി രൂപയാണ്. ഈ വളർച്ചയ്ക്ക് നിരവധി കാരണങ്ങളുണ്ട്, അതിൽ ഏറ്റവും പ്രധാനം 'എംഡിആർ' അഥവാ 'മെർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ്' ഒഴിവാക്കിയതാണ്. ഡിജിറ്റൽ പേയ്‌മെൻ്റുകൾ സാധ്യമാക്കാൻ ബാങ്കുകളും മറ്റ് ഇടനിലക്കാരും ഈടാക്കുന്ന ഫീസാണിത്. ഇത് അനുവദിക്കുന്നതിനായാണ് ധനമന്ത്രി ചൊവ്വാഴ്ച 'ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. നിലവിൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡുകൾ എന്നിവ വഴി ഇടപാട് നടത്തുമ്പോൾ എംഡിആർ ഈടാക്കുന്നതിൽ നിന്ന് ബാങ്കുകളെയും കമ്പനികളെയും ഈ വകുപ്പ് പൂർണ്ണമായി തടഞ്ഞിരുന്നു.

എന്നാൽ ഈ പുതിയ ഭേദഗതി ബിൽ പാസാകുന്നതോടെ, ഏതൊക്കെ പേയ്മെൻ്റുകൾ സൗജന്യമായി തുടരണം എന്നും ഏതൊക്കെ ഇടപാടുകൾക്ക് എംഡിആർ ഫീസ് വേണം എന്നും തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിന് ലഭിക്കും. അതായത്, സർക്കാരിന് വേണമെങ്കിൽ ഭാവിയിൽ എല്ലാ യുപിഐ ഇടപാടുകൾക്കും എംഡിആർ ഫീസ് കൊണ്ടുവരാൻ സാധിക്കും. നിരക്ക് എത്രയായിരിക്കണം, ഏതെല്ലാം ഇടപാടുകൾക്ക് ബാധകമാക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചർച്ചയിലുള്ള നിർദേശങ്ങളിൽ ഒന്നനുസരിച്ച് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ മർച്ചൻ്റ് ഡിസ്‍കൌണ്ട് റേറ്റ് ഈടാക്കാനാണ് ആലോചന.

എന്നാൽ വാർഷിക വിറ്റുവരവ് ഒന്നര കോടി രൂപയ്ക്ക് മുകളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. ഉപഭോക്താക്കൾ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ചെറുകിട വ്യാപാരികളെ ചാർജിൽ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്രം പറയുന്നണ്ടെങ്കിലും വൈകാതെ ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം കരിനിഴൽ വീഴ്ത്തുന്ന ഒന്നായി ഇത് മാറുമോയെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു.

എന്താണ് എംഡിആർ

ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുപയോജിച്ച് ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുമ്പോൾ വ്യാപാരികളിൽ നിന്ന് ബാങ്കുകളും പേയ്മെൻ്റ് കമ്പനികളും ഈടാക്കുന്ന ഒരു ചെറിയ സർവീസ് ഫീസാണ് എംഡിആർ അഥവാ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്. ഈ ഫീസ് ഒരിക്കലും ഉപഭോക്താവിൽ നിന്നല്ല, മറിച്ച് വ്യാപാരിയിൽ നിന്നാണ് ഈടാക്കുന്നത്. നിങ്ങൾ ഒരു കടയിൽ നിന്ന് ആയിരം രൂപയുടെ സാധനം വാങ്ങി കാർഡ് സ്വൈപ്പ് ചെയ്യുന്നു എന്ന് കരുതുക.. എംഡിആർ നിരക്ക് രണ്ടു ശതമാനമാണെങ്കിൽ, നിങ്ങൾ നൽകുന്ന ആയിരം രൂപയിൽ നിന്ന് ഇരുപത് രൂപ ഫീസായി കുറച്ച ശേഷം ബാക്കി 980 രൂപ മാത്രമേ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുകയുള്ളൂ. അതായത്, ഉപഭോക്താവ് മുഴുവൻ തുകയും നൽകുമെങ്കിലും വ്യാപാരിക്ക് ഈ ചെറിയ ഫീസ് കിഴിച്ചുള്ള തുകയാണ് ലഭിക്കുക.

വ്യാപാരി നൽകുന്ന ഈ എംഡിആർ തുക പ്രധാനമായും മൂന്ന് വിഭാഗങ്ങൾക്കാണ് വീതിച്ചു നൽകുന്നത്. ആദ്യത്തേത്, ഉപഭോക്താവിന് കാർഡ് നൽകിയ ബാങ്ക് ആണ്; തുകയുടെ ഏറ്റവും വലിയ പങ്ക് ലഭിക്കുന്നതും ഇവർക്കാണ്. രണ്ടാമതായി, പേയ്മെന്റ് സുരക്ഷിതമാക്കുന്ന വിസ , മാസ്റ്റർകാർഡ് പോലുള്ള കാർഡ് നെറ്റ്‌വർക്ക് കമ്പനികൾക്കും, മൂന്നാമതായി വ്യാപാരിക്ക് കാർഡ് സ്വൈപ്പിംഗ് മെഷീൻ നൽകിയ ബാങ്കിനുമാണ് ഈ തുക ലഭിക്കുന്നത്.. ഇവിടെ നമ്മൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ഫീസ് ഒരിക്കലും ഉപഭോക്താക്കൾ നൽകേണ്ടതില്ല എന്നതാണ്. കൂടാതെ, നിലവിൽ ഇന്ത്യയിൽ നമ്മൾ സാധാരണയായി ചെയ്യുന്ന ബാങ്ക്-ടു-ബാങ്ക് യുപിഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡുകൾക്കും സർക്കാർ നിയമപ്രകാരം എംഡിആർ പൂർണ്ണമായും സൗജന്യമാണ്. അതുകൊണ്ടാണ് ചെറിയ കടകളിൽ പോലും ഇന്ന് യുപിഐ പേയ്മെന്റുകൾ വ്യാപകമായി ഉപയോഗത്തിൽ വന്നത്.

എന്തുകൊണ്ടാണ് ഭേദഗതി കൊണ്ടുവരുന്നത്?

നിലവിലെ പോലെ 'പൂർണ്ണമായും സൗജന്യം' എന്ന രീതിയിൽ യുപിഐ സംവിധാനത്തെ ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. യുപിഐ കൂടുതൽ ശക്തമാക്കാനും അതിന്റെ അടുത്ത ഘട്ട വളർച്ചയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. ദിവസവും നടക്കുന്ന കോടിക്കണക്കിന് രൂപയുടെ യുപിഐ ഇടപാടുകൾ തടസ്സമില്ലാതെയും സുരക്ഷിതമായും നടക്കണമെങ്കിൽ വലിയ സെർവറുകളും സാങ്കേതിക സംവിധാനങ്ങളും ആവശ്യമാണ്. ഇത് പ്രവർത്തിപ്പിക്കാൻ വലിയൊരു തുക ചെലവ് വരുന്നുണ്ട്. നിലവിൽ യുപിഐ പൂർണ്ണമായും സൗജന്യമായതുകൊണ്ട് ഉപഭോക്താക്കളോ കച്ചവടം ചെയ്യുന്നവരോ ഇതിനായി ഫീസൊന്നും നൽകുന്നില്ല. അതിനാൽ, ഈ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും ഇപ്പോൾ വഹിക്കുന്നത് ബാങ്കുകളും എൻപിസിഐയും ആണ്, സർക്കാരും സഹായം നൽകുന്നുണ്ട്. യുപിഐ ഉപയോഗം ഒരോ ദിവസവും കുതിച്ചുയരുകയാണ്. ഈ സേവനം വഴി യാതൊരു വരുമാനവും ലഭിക്കാത്തതിനാൽ, പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരാനോ നിലവിലെ സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കാനോ സാധിക്കുന്നില്ലെന്ന് യുപിഐ സേവന ദാതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളാണ് രാജ്യത്തെ ഭൂരിഭാഗം യുപിഐ ഇടപാടുകളും കൈകാര്യം ചെയ്യുന്നത്... കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം ഇന്ത്യയിൽ നടന്നത് 2,360 കോടി യുപിഐ ഇടപാടുകളാണ്! ഇത്രയും വലിയ ഇടപാടുകൾ താങ്ങിനിർത്താൻ വലിയ ചെലവുണ്ടെന്നാണ് കമ്പനികളുടെ വാദം. എംഡിആർ ഈടാക്കുന്നത് വഴി ഡിജിറ്റൽ പേമെൻറ് വ്യവസായത്തിന് പ്രതിവർഷം 5,000 കോടി രൂപ മുതൽ 10,000 കോടി രൂപ വരെയുള്ള വരുമാനം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

റിസർവ ബാങ്ക് എന്താണ് ചെയ്യുന്നത് ?

യുപിഐ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നത് ചെലവേറിയതാണെന്നാണ് പേയ്‌മെന്റ് വ്യവസായം അവകാശപ്പെടുന്നുണ്ടെങ്കിലും ഓരോ ഇടപാടിനും എത്ര ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല.. കഴിഞ്ഞ സാമ്പത്തിക വർഷം 2,000 രൂപയിൽ താഴെയുള്ള 95 ശതമാനം യുപിഐ വ്യാപാരി ഇടപാടുകൾക്കായി സർക്കാർ നൽകിയ സബ്‌സിഡി 2,196 കോടി രൂപയായിരുന്നു. ഇനി റിസർവ് ബാങ്കിന്റെ ചില സാമ്പത്തിക കണക്കുകൾ കൂടി പരിശോധിക്കാം. 2025-26 കാലയളവിൽ റിസർവ് ബാങ്ക് കേടായ 1,700 കോടി നോട്ടുകൾ നശിപ്പിക്കുകയും പുതിയ കറൻസി അച്ചടിക്കാൻ 4,875 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതോടെ കറൻസി അച്ചടി, ഗതാഗതം, എടിഎം പരിപാലനം എന്നിവയിൽ ബാങ്കുകൾക്കും സർക്കാരിനും ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.

2014-15 ൽ ഇന്ത്യയിൽ പണമിടപാടുകൾ നടത്തുന്നതിനുള്ള ചെലവ് ജി.ഡി.പി യുടെ 1.7 ശതമാനമായിരുന്നുവെന്ന് വിസ റിപ്പോർട്ട് കണക്കാക്കിയിട്ടുണ്ട്. ഇന്നത്തെ ജി.ഡി.പി യുടെ 0.1 ശതമാനം എടുത്താൽ പോലും അത് 30,000 കോടി രൂപയിലധികം വരും. കൂടാതെ, ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിച്ചതോടെ നികുതി നൽകുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ യുപിഐ ഇടപാടുകളുടെ നടത്തിപ്പിനായി ഒരു വർഷം വരുന്ന ചെലവ് ഏകദേശം 9600 കോടി മുതൽ 24000 കോടി രൂപ വരെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം റിസർവ് ബാങ്ക് തങ്ങളുടെ മിച്ചത്തുകയായി കേന്ദ്ര സർക്കാരിന് കൈമാറിയ 2.9 ലക്ഷം കോടി രൂപയുടെ വെറും മൂന്ന് മുതൽ എട്ട് ശതമാനം വരെ പണം മാറ്റിവെച്ചാൽ തന്നെ ഇന്ത്യയിലെ മുഴുവൻ യുപിഐ ഇടപാടുകളുടെയും ചെലവ് വളരെ എളുപ്പത്തിൽ നികത്താൻ കഴിയും.

എംഡിആർ

യുപിഐ ഇത്രയും വലിയൊരു ജനകീയ മുന്നേറ്റമായി മാറിയതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ഇത് പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കിയതാണ്. ഭൗതിക കറൻസി അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഭീമമായ ചെലവുകൾ പരിശോധിക്കുമ്പോൾ, യുപിഐ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നൽകുന്ന ലാഭം വളരെ വലുതാണ്. യുപിഐ സേവനങ്ങൾക്ക് വ്യാപാരികളിൽ നിന്ന് സർക്കാർ ഫീസ് ഈടാക്കിയാൽ അത് ഒടുവിൽ ഉപഭോക്താക്കളെ തന്നെയാകും ബാധിക്കുക. കാരണം, തങ്ങൾക്ക് വരുന്ന അധികച്ചെലവ് വ്യാപാരികൾ സാധനങ്ങളുടെ വില കൂട്ടിയോ സർവീസ് ചാർജ് ചേർത്തോ ഉപഭോക്താക്കളിൽ നിന്ന് തന്നെ തിരിച്ചുപിടിക്കാനാണ് സാധ്യത.

അതായത്, വ്യാപാരികൾക്ക് വരുന്ന ചാർജ് ആത്യന്തികമായി സാധാരണക്കാരുടെ പോക്കറ്റിൽ ഈടാക്കപ്പെടും. പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ചെലവുകൾ പരിഹരിക്കാൻ എം.ഡി.ആർ. ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ, സർക്കാരിന്റെ മറ്റ് ഫണ്ടുകളിൽ നിന്നോ സബ്‌സിഡികളിലൂടെയോ പരിഹാരം കാണുന്നതാണ് രാജ്യത്തിന്റെ ഡിജിറ്റൽ ഭാവിക്ക് കൂടുതൽ ഗുണകരമാവുക. ഇ​തോടുകൂടി ഇന്നത്തെ സ്​പോട്ട്ലൈറ്റ് സമാപിക്കുന്നു. നാളെ മറ്റൊരു വിഷയവുമായി എത്താം.

SCROLL FOR NEXT