‘‘എന്തേ ഇത്ര ഉഷ്ണം... ചൂട് നേരത്തെ എത്തിയോ’’ കഴിഞ്ഞ ദിവസങ്ങളിൽ വെളിയിലിറങ്ങിയ ആരും പറഞ്ഞുപോയിട്ടുണ്ടാകും. കാഠിന്യം കൂടിയ വെയിൽ നേരത്തെ എത്തി എന്ന് മാത്രമല്ല ശരീരത്തിന് അതീവ ഗുരുതരമായ യു.വി റേയ്സ് എന്ന് വിളിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളാണ് നമുക്ക് മേൽ നേരത്തെയെത്തി പതിച്ചകൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിരിക്കുന്നു. രണ്ട് പതിറ്റാണ്ടിൽ ഏറെയായി യു.വി വികിരണങ്ങളടെ അപകടകരമാം വിധമുള്ള പതനം നമ്മുടെ ചർച്ചയിൽ വന്നിട്ട്. മാരകമായ ഇത്തരം പ്രകാശ വികിരണങ്ങൾ പ്രതീക്ഷിച്ചിരിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതായത് മാർച്ച് എത്തും മുമ്പേ നേരത്തെ സൂര്യൻ പണി തുടങ്ങിയിട്ടുണ്ട്. ഓരോ വർഷം കൂടുംതോറും ചൂട് കൂടിവരികയാണെന്ന് അറിയാമല്ലോ. അപ്പോൾ മാർച്ച്, ഏപ്രിൽ മാസത്തെ അപായ ഭീഷണി ഉയർത്തുന്ന ചൂടിന് വേണ്ടി കരുതലൊരുക്കുക. കാലാവസ്ഥാ വ്യതിയാനത്തിൽ സംസ്ഥാനത്ത് വേനലിൽ സംഭവിക്കുന്നത് എന്താണ്.
മാർച്ച് ഏപ്രിൽ മാസങ്ങളാണ് അത്യുഷ്ണ മാസങ്ങളെന്ന് കണക്കാക്കുന്നതെങ്കിലും വേനൽ ഫെബ്രുവരിയിൽ തന്നെ കനത്തു തുടങ്ങി. മധ്യകേരളത്തിലും തീരദേശങ്ങളിലും ഇടനാടൻ ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലും വൻതോതിൽ ചൂട് കൂടി. രാത്രികാലങ്ങളിൽ കിട്ടുന്ന ചെറിയ തണുപ്പ് ഉഷ്ണത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഇനി പകൽ ചൂട് കൂടുകയും രാത്രി തണുപ്പ് കുറയുകയും ചെയ്യും.
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടാറുള്ള യു.വി. സൂചികയിലെ ഉയർന്ന നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തയെന്നതാണ് ഇപ്പോൾ ഏറെ ആശങ്ക ഉയർത്തുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്ക് ഇട നൽകിയേക്കാവുന്ന എട്ടിന് മുകളിലേക്ക് സൂചിക എത്തുകയാണ്. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യു.വി. സൂചിക അഞ്ചു മുതൽ ഏഴ് വരെ എന്ന മിതമായ പരിധിയിലാണ് അനുഭവപ്പെട്ടിരുന്നത്. മാർച്ച് പകുതിക്ക് ശേഷമാണ് സൂചിക 10 കടക്കാറ്. ഇത്തവണ ഫെബ്രുവരിയിൽ തന്നെ എട്ടിലും ഒൻപതിലും എത്തി. അടുത്ത രണ്ട് മാസങ്ങളിൽ കടുത്ത ചൂടിനും വരൾച്ചക്കും സാധ്യത പ്രവചിക്കുകയാണ് കാലാവസ്ഥ വിദഗ്ധർ.
ലോകാരോഗ്യ സംഘടന നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് 0 മുതൽ 11 ൽ കൂടുതൽ വരെയുള്ള സൂചികയിലാണ് അൾട്രാ വയലറ്റ് വികിരണതോത് അളക്കുന്നത്. യു.വി സൂചിക 1 മുതൽ 2 വരെ സുരക്ഷിതം, 3 മുതൽ 5 വരെ മിതം, 5 മുതൽ 7 വരെ ഉയർന്നത്, 8 മുതൽ 10 വരെ അതിശക്തം, 11 പ്ലസ് -അതീവ അപകടം എന്നീ കാറ്റഗറികളായാണ് തിരിച്ചിട്ടുള്ളത്. പലപ്പോഴും കേരളത്തിൽ ഈ ഇൻഡക്സ് 11 കടക്കാറുമുണ്ട്. ഓരോ ജില്ലകളിലും സജ്ജീകരിച്ച യു.വി. ബയോ മീറ്ററുകൾ വഴിയാണ് ഈ ഇൻഡക്സ് നമുക്ക് ലഭിക്കുന്നത്.
ഈ ഭീഷണി നിലനിൽക്കുമ്പോൾ തന്നെ സൂര്യാതപം മൂലം നഷ്ടപ്പെടുന്ന ജീവനുകൾ നമ്മുടെ സജീവ ചർച്ച വിഷയം ആകാത്തത് എന്തുകൊണ്ടാണ് എന്ന് നമുക്ക് പരശോധിക്കാം. സൂര്യാഘാതത്തെ തുടർന്നുള്ള നിർജലീകരണം, മരണത്തിൽ എത്തുന്നത് ഹൃദയാഘാതം ഉൾപ്പടെ മറ്റ് വഴികളിലടെയാണ് എന്നതാണ് ഇതിനുള്ള ഒരു കാരണം. അതിനാൽ അവ ആരോഗ്യവകുപ്പിന്‍റെ കണക്കിൽ പെടുന്നില്ല.
2010 മാർച്ച് മാസമാണ് കേരളത്തിൽ ആദ്യമായി സൂര്യാതപം പാലക്കാട് റിപ്പോർട്ട് ചെയ്യുന്നത്. 2011ൽ തൃശൂരിലും മറ്റ് പല ഉൾനാടുകളിലും റിപ്പോർട്ട് ചെയ്തു. ഈ നിരക്ക് ക്രമാതീതമായി ഉയർന്നത് 2019ൽ ആയിരുന്നു. പിന്നീട് സൂര്യാഘാതം എന്നത് വാർത്ത ആവാതായി. സൂര്യാഘാതം വന്നവർ ആശുപത്രിയിലും പോകാത്ത അവസ്ഥയായി.
കാലാവസ്ഥ വ്യതിയാനവും ഓസോൺ പാളിയിലെ ബലക്ഷയവും തന്നെയാണ് യു.വി വികിരണതോത് വർധിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലെ ഓസോണാണ് അൾട്രാവലയററ് രശ്മികളെ തടയുന്നത്. അന്തരീക്ഷത്തിൽ നീരാവി കുറയുമ്പോൾ യു.വി വികിരണങ്ങളെ തടയാനോ ചിതറിച്ചുകളയനോ കഴിയാതെ വരുന്നു. ഇതെത്തുടർന്ന് വികിരണം നേരിട്ട് ഭൂമിയിലേക്ക് പതിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് മുകളിലെ ഓസാൺ സാന്ദ്രതയിൽ ഉണ്ടാകുന്ന ചെറിയമാറ്റം പോലും യു.വി. വികിരണ തോതിൽ പ്രതിഫലിക്കും. കേരളം ഭൂമധ്യ രേഖക്ക് അടുത്തായതിനാൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നതാണ് മറ്റൊരു കാരണം.
സംസ്ഥാനത്ത് ചൂടിനൊപ്പം മാരകമായ അൾട്രാ വയലറ്റ് വികിരണ പതനം അപകടരേഖ കടന്നിട്ടും ഗൗരവ പഠനം നടന്നിട്ടില്ലെന്ന് അറിയാമോ. 2007-2010 വരെ കാർഷിക സർവകലാശാല കാലവസ്ഥ പഠന ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് യു.വി വികിരണതോത് സംബന്ധിച്ച ആദ്യ പഠനം നടന്നത്. ഡോ. പ്രസാദ റാവുവിന്‍റെയും ഡോ. ഗോപകുമാർ ചോലയിലിന്‍റെയും നേതൃത്വത്തിൽ നടന്ന പഠനത്തിൽ അൾട്രാ വയലറ്റ് വികിരണങ്ങൾ വരും വർഷങ്ങളിൽ കൂടുമെന്ന് വിലയിരുത്തിയിരുന്നു. രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കുറേ യു.വി ബയോ മാപിനികൾ സ്ഥാപിച്ചതല്ലാതെ കാര്യമായ തുടർ പഠനങ്ങൾ നടന്നില്ല.
ദുരന്ത നിവാരണ വകുപ്പും കാലാവസ്ഥ വകുപ്പും നിരന്തരം മുന്നറിയിപ്പുകൾ നൽകാറുണ്ട്. അവയെ മുഖവിലക്കെടുക്കണം. ജാഗ്രതയാണ് ആവശ്യം. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഇവ ഉൾപ്പടെ നിദേശങ്ങൾ അനുസരിക്കുക എന്നത് മാത്രമാണ് പ്രതിരോധം. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങളിൽ തുടർ പഠനങ്ങൾ വേണ്ടതാണ്. അതോടൊപ്പം പരിസ്ഥിതി സൗഹാർദ ജീവിതം പുലർത്തി നമ്മടെ ലോകത്തെ മനോഹരമാക്കുക.