OPINION

മുജ്തബയുടെ ഇറാനിൽ എന്ത് സംഭവിക്കും?

പിതാവിനെയും മാതാവിനെയും ഭാര്യയെയും യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുജ്തബ ഖമനേയി പരമോന്നത നേതൃസ്ഥാനത്ത് എത്തുന്നത്

Author : പി.പി. പ്രശാന്ത്

മിസൈലുകള്‍ തുടര്‍ച്ചയായി പതിക്കുന്നതിനിടയിലും ഇറാന്‍ ജനത തെരുവിലാണ്. ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമി മകന്‍ മുജ്തബ ഖമനേയിക്ക് അനുകൂലമായി ജനങ്ങളുടെ കൂറ്റന്‍ റാലിയാണ് കഴിഞ്ഞ ദിവസം നടന്നത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡും ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയും മുജ്തബയുടെ നേതൃത്വം അംഗീകരിച്ചുകഴിഞ്ഞു. എങ്ങും പുതിയ നേതാവ് എത്തുന്നതിന്റെ ആവേശം കാണാം. അതേസമയം യുദ്ധം അടപടലം ബാധിച്ച ഇറാനെ നയിക്കാന്‍ മുജ്തബ ഖമനേയി എത്തുന്നത് പ്രതിസന്ധിയുടെ നടുക്കടലിലേക്കാണ്. യുദ്ധ ആക്രമണത്തിന് പുറമെ മിതവാദികളും തീവ്രനിലപാടുകാരും തമ്മിലുള്ള കടുത്ത ഭിന്നതകള്‍ ഇറാന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിന് പുറമെയാണ് മുജ്തബയുടെ പശ്ചാത്തലവും നിലപാടുകളും സംബന്ധിച്ച് ഉയരുന്ന ആശങ്കകളും. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ കേസുകളില്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപരോധം നേരിട്ടയാളാണ് മുജ്തബ എന്ന റിപ്പോര്‍ട്ടുകളും ഖമനേയിയുടെ ഖ്യാതി നിലനിര്‍ത്താനാകുമോ എന്ന സംശയങ്ങളും മുജ്തബ ഖമനേയി സ്ഥാനമേല്‍ക്കുമ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

മുജ്തബയുടെ ഇറാനില്‍ എന്തുസംഭവിക്കും?

പിതാവിനെയും മാതാവിനെയും ഭാര്യയെയും യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുജ്തബ ഖമനേയി പരമോന്നത നേതൃസ്ഥാനത്ത് എത്തുന്നത്. ആയത്തുള്ള അലി ഖമനേയിയുടെ ആറുമക്കളില്‍ രണ്ടാമന്‍, ഇസ്ലാമിക വിപ്ലവകാലത്ത് ഷായുടെ രഹസ്യപൊലീസായ സവാക്ക് സംഘം വീട്ടിലെത്തി പിതാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന് ദൃക്സാക്ഷിയായ മകന്‍, 1999 ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ മതപഠനം. അതിന്ശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനേയിയുടെ ഓഫിസിന്റെ ചുമതലയില്‍ എത്തുന്നത്. രണ്ടായിരത്തോടെ മുജ്തബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്‌മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മുജ്തബ ഇടപെട്ടിരുന്നു. 2009ല്‍ നടന്ന ഗ്രീന്‍ മൂവ്മെന്റ് ജനകീയ പ്രക്ഷോഭത്തെയും 2022ല്‍ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മുജ്തബ പങ്കുവെച്ചു. കഴിഞ്ഞ ദിവസം ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ മുജ്തബ ഖമനേയിക്ക് യുദ്ധത്തില്‍ പരിക്കേറ്റതായി പരാമര്‍ശമുണ്ടായിരുന്നു.

ഉന്നത നേതൃത്വത്തില്‍ കടുത്ത ഭിന്നത

യുഎസിനെയും ഇസ്രയേലിനെയും നേരിടുന്ന കാര്യത്തില്‍ ഇറാന്‍ നേതൃത്വം ഒറ്റക്കെട്ടാണെന്ന് തോന്നിപ്പിക്കുമ്പോഴും, യുദ്ധത്തിന്റെ ദിശയെ കുറിച്ച് ഭരണകൂടത്തിനുള്ളില്‍ ഭിന്നത വര്‍ധിച്ചുവരികയാണെന്നാണ് സൂചന. പശ്ചിമേഷ്യയിലേക്ക് യുദ്ധം വ്യാപിപ്പിക്കുന്നതിനെ മിതവാദികള്‍ എതിര്‍ക്കുന്നു. യുദ്ധത്തെ ഇറാന് അതിജീവിക്കാനായാല്‍ പോലും ഇതേ കാരണംകൊണ്ട് മേഖലയില്‍ കൂടുതല്‍ ഒറ്റപ്പെടേണ്ടി വരുമെന്നാണ് ഇവര്‍ കരുതുന്നത്.

കഴിഞ്ഞദിവസം, പ്രസിഡന്റ് പെഷസ്‌കിയാന്റെയും സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലരിജാനിയുടെയും പ്രസ്താവനകളില്‍ വൈരുധ്യമുണ്ടായിരുന്നു. അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്നായിരുന്നു പെഷസ്‌കിയാന്റെ പ്രസ്താവന. എന്നാല്‍ റെവല്യൂഷണറി ഗാര്‍ഡിലെയും പൗരോഹിത്യ നേതൃത്വത്തിലെയും തീവ്രനിലപാടുകാരില്‍നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം പ്രസ്താവന തിരുത്തി. തന്റെ വാക്കുകള്‍ ശത്രുക്കള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇറാന്റെ പ്രതിരോധ നയത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.

മിതവാദികളുടെ എതിര്‍പ്പ്

മതിയായ മതപരമായ യോഗ്യതകളോ രാഷ്ട്രീയ അനുഭവപരിചയമോ ഇല്ലാത്ത മുജ്തബയെ നിയമിച്ചത് 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മിതവാദി നേതാക്കള്‍ വാദിക്കുന്നു. മാത്രമല്ല, രാജ്യത്തിന്റെ പരമോന്നതമായ അധികാര സ്ഥാനം അലി ഖമനേയിയുടെ മകനിലേക്ക് കൈമാറുന്ന രീതിയെയും ഇവര്‍ എതിര്‍ക്കുന്നു. ഇത് അടിസ്ഥാനപരമായ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പാരമ്പര്യവാഴ്ചയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുമെന്നും ഒക്കെയാണ് ഇവരുന്നയിക്കുന്ന വാദങ്ങള്‍. മകന്‍ പരമോന്നത നേതാവാകുന്നതിനോട് ഖമനേയിക്ക് എതിര്‍പ്പാണെന്ന് പണ്ഡിതസേനയിലെ ഒരംഗം രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഐആര്‍ജിസിയുടെ ശക്തമായ പിന്തുണയുള്ളതിനാല്‍ മുജ്തബയുടെ സ്ഥാനം തത്കാലം സുരക്ഷിതമാണ്. ഐആര്‍ജിസിക്ക് സ്വാധീനമുള്ള ഒരാള്‍ പരമോന്നത നേതാവായി വരുന്നത് ഇറാനിലെ നയപരമായ കാര്യങ്ങളിലുള്‍പ്പെടെ അവരുടെ സ്വാധീനം വര്‍ധിക്കാനിടയാക്കും. നിലവില്‍ സിവിലിയന്‍ നേതൃത്വത്തേക്കാള്‍ നിര്‍ണായകമായ ശബ്ദമായി ഐആര്‍ജിസി മാറിക്കഴിഞ്ഞിട്ടുണ്ട്.

അംഗീകരിക്കാതെ ട്രംപ് ; അനുകൂലിച്ച് ചൈനയും റഷ്യയും

ഖംനേയിയുടെ പിന്‍ഗാമി ആരായാലും, അവരുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത് ഇറാന്‍ നേതാവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കി. എന്നാല്‍, ഇറാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനയും റഷ്യയും. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ അനുവദിക്കില്ലെന്നും പുതിയ നേതാവിനെതിരായ ഏത് നീക്കവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഖ്യാതി നിലനിര്‍ത്താനാകുമോ?

മുജ്തബക്ക് പിതാവ് ഖംനേയിയുടെ നേതൃപാടവം ഉണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഇറാന്‍ വിപ്ലവത്തില്‍ സജീവമായി പങ്കെടുക്കുകയും തുടര്‍ന്ന് വിപ്ലവാനന്തരം 1981 മുതല്‍ 89 വരെ രാജ്യത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്ത ശേഷമാണ് ഖംനേയി പരമോന്നത നേതാവ് എന്ന പദത്തിലെത്തിയത്. മുജ്തബയെ സംബന്ധിച്ച് ഇത്തരം പോരാട്ടത്തിന്റെ ചരിത്രമൊന്നുമില്ല. 2009 വരെയും രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. ആ വര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാലത്താണ് മുജ്തബയെക്കുറിച്ച് പുറംലോകമറിയുന്നത്.

കോടികളുടെ ആസ്തി

മുജ്തബ ഖമനേയിക്ക് കോടികളുടെ ആസ്തി ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ ബ്ളൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപം, ബ്രിട്ടനില്‍ 1271 കോടി രൂപയിലേറെ വിലവരുന്ന ആഡംബര വസതി, യൂറോപ്പിലും ഗള്‍ഫിലും വടക്കേ അമേരിക്കയിലും സ്വത്തുക്കള്‍, എന്നിവ സ്വന്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള സാമ്പത്തിക ശൃംഖലയില്‍ ശക്തമായ സാന്നിധ്യമുണ്ടെന്ന് കരുതപ്പെടുന്ന മുജ്തബ ഖമനേയിയുടെ യഥാര്‍ഥ ആസ്തി അജ്ഞാതമാണ്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ കാര്യങ്ങള്‍ നിരത്തി 2019ല്‍, യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അദ്ദേഹത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

യുദ്ധം രൂക്ഷമാകുമോ?

വിപ്ലവാനന്തര ഇറാനെ പശ്ചിമേഷ്യയിലെ കരുത്തുറ്റ സൈനിക, രാഷ്ട്രീയ ശക്തിയായി വളര്‍ത്തിയ ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ വരുന്നത് അമേരിക്കയും ഇസ്രയേലും ആഗ്രഹിക്കുന്ന കാര്യമല്ല. മുജ്തബയെ എതിര്‍ക്കുമെന്ന് തന്നെയാണ് അമേരിക്കയും ഇസ്രായേലും പറയുന്നത്. റഷ്യയും ചൈനയും ഇറാനിലെ പുതിയ ഭരണ നേതൃത്വത്തെ സ്വാഗതം ചെയ്തത്, വരും ദിവസങ്ങളില്‍ വന്‍ശക്തിരാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാക്കുമെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. അതേസമയം, ആഗോളതലത്തിലുള്ള സാമ്പത്തിക, രാഷ്ട്രീയ സ്വാധീനങ്ങള്‍ മുജ്തബ ഖമനേയി എങ്ങനെ ഉപയോഗിക്കുമെന്ന ആകാംക്ഷയിലാണ് ലോകം.

SCROLL FOR NEXT