സ്പോട്ട്ലൈറ്റ്  News Malayalam 24X7
OPINION

SPOTLIGHT | ഇസ്രയേല്‍ നടത്തുന്ന വംശഹത്യാപരമ്പര

ഇസ്രായേല്‍ കാണിച്ചത് കൊടുംചതിയുമാണ്. ചര്‍ച്ചയ്ക്കു വിളിച്ചശേഷം ആക്രമിക്കുന്ന ക്രൂരത ചെയ്യാന്‍ ഇസ്രായേലിനല്ലാതെ മറ്റൊരു രാഷ്ട്രത്തിനും കഴിയില്ല

Author : അനൂപ് പരമേശ്വരന്‍

ആഗോളതെമ്മാടി സ്വരൂപം പൂണ്ട് ഇസ്രയേല്‍. ഭൂലോക പൊലീസ് ചമഞ്ഞ് അമേരിക്ക. കുഞ്ഞുകുട്ടി പരാദീനങ്ങളും, വോയധികരും, ഗര്‍ഭിണികളും, നടക്കാനാവാത്തവരും, നില്‍ക്കാന്‍പോലുമാകാത്തവരും, പൂര്‍ണകിടപ്പിലായവരുമെല്ലാമുള്ള ജനവാസ കേന്ദ്രങ്ങളുടെ മധ്യത്തിലേക്ക് എയ്തുവിടുന്ന ആ മിസൈലുകളുണ്ടല്ലോ, അതിന്റെ പേരാണ് ധാര്‍ഷ്ട്യം. ഇപ്പോള്‍ ഇസ്രായേല്‍ ഇറാനില്‍ നടത്തുന്നത് മാപ്പര്‍ഹിക്കാത്ത യുദ്ധക്കുറ്റമാണ്. കാണിക്കുന്നത് എത്ര ചോരകുടിച്ചാലും മതിവരാത്തവന്റെ ഉന്മാദമാണ്. ആണവായുധം പ്രയോഗിക്കുന്നതിനു തുല്യമാണ് ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത്. സൈനികത്തലവന്മാരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കിയാല്‍ ഒരു ജനതയുടെ ആത്മവീര്യം അണയില്ല. ഒരു ബിന്‍ലാദന്‍ പോയതുകൊണ്ട് ഭീകരസംഘടനകള്‍ ഇല്ലാതായിട്ടില്ല. ഒരു സദ്ദാംഹുസൈന്‍ പോയതുകൊണ്ട് അമേരിക്കയെ ചോദ്യം ചെയ്യുന്നവരുടെ വംശം കുറ്റിയറ്റില്ല. ലോകത്തെ ഏറ്റവും സമ്പന്നമായ, പൈതൃകമുള്ള പ്രദേശമാണ് പേര്‍ഷ്യ. ആ പേര്‍ഷ്യയെയാണ് ഇപ്പോള്‍ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. ശത്രുമാത്രം ഇല്ലാതായി ഒരു യുദ്ധവും അവസാനിച്ചിട്ടില്ല.

ഇസ്രായേല്‍ നടത്തുന്ന വംശഹത്യാപരമ്പര

ഇറാന്റെ ആണവകേന്ദ്രങ്ങളിലെ ഇസ്രയേല്‍ ആക്രമണം കഴിഞ്ഞ് മൂന്നാം ദിവസം പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ടു നോക്കുക. MUCH OF IRAN'S NUCLEAR PROGRAMME REMAINS INTACT. അതെ, ആക്രമണത്തിനുശേഷവും ഇറാന്റെ ആണവപദ്ധതികളെല്ലാം അതുപോലെ തുടരുന്നു എന്നാണ് ആ തലക്കെട്ട്. പിന്നെ എന്തിനായിരുന്നു ഈ വമ്പ് കാണിച്ചത്. ഇറാന്റെ ഏഴ് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തു എന്നാണ് ഇസ്രായേല്‍ ഊറ്റം കൊണ്ടത്. കനത്ത നാശം വിതച്ചു എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്. ഇറാന്റെ തലപ്പത്തുള്ള മനുഷ്യരെ ഇല്ലാതാക്കുന്നതില്‍ ഇസ്രായേല്‍ വിജയിച്ചു. അപ്പോഴും ഇറാന്റെ ആണവപദ്ധതികള്‍ ഒരു പോറലുമേല്‍ക്കാതെ തുടരുന്നു. ഇതിലും അപകടകരമായ സ്ഥിതി മറ്റെന്താണ്? ഒറ്റദിവസം കൊല്ലപ്പെട്ട നാലു പട്ടാള ജനറല്‍മാര്‍ക്കും പകരക്കാരെ ഒരു മണിക്കൂര്‍ കൊണ്ട് നിയമിച്ചു. ഇറാന്റെ സൈന്യം ഒരു പോറലുമേല്‍ക്കാതെ തുടരുകയുമാണ്. മുറിവേറ്റ ആള്‍ക്കൂട്ടമാണ് ഇന്ന് ഇറാന്‍. അതിലും അപകടകരമായി മറ്റെന്താണുള്ളത്. ഈ യുദ്ധം ലോകത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെല്ലാം ഇസ്രായേല്‍ ചോദിച്ചുവാങ്ങുന്നതായിരിക്കും. ഒരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള ഈ തീരുമാനം യുദ്ധക്കൊതിയില്‍ നിന്നു മാത്രം ഉണ്ടാകുന്നതാണ്. ഇസ്രായേലില്‍ രാഷ്ട്രീയാധികാരം നഷ്ടപ്പെടാതിരിക്കാനും ദീര്‍ഘകാലം വാഴാനും ബഞ്ചമിന്‍ നെതന്യാഹുവിന്റെ കുടില ബുദ്ധിയില്‍ ഉണ്ടായതാണ് ഈ ആക്രമണ പദ്ധതി.

ചര്‍ച്ചകള്‍ക്കിടെ നടത്തിയ ആക്രമണം

ആണവചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണം എല്ലാ മര്യാദകളും ലംഘിക്കുന്നതായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടാല്‍ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ ആക്രമിക്കും എന്നൊരു സൂചന ഇറാന് ഉണ്ടായിരുന്നു. എന്നാല്‍ 15ന് ഒമാനിലാണ് അടുത്തവട്ട ചര്‍ച്ച നിശ്ചയിച്ചിരുന്നത്. അതിന്റെ ഫലംപോലും വരുന്നതിനു മുന്‍പ് ഇസ്രായേല്‍ കടന്നാക്രമിക്കുകയായിരുന്നു. ഇറാന് തയ്യാറെടുക്കാന്‍ അവസരം നല്‍കാതിരിക്കുക എന്ന ലക്ഷ്യത്തില്‍ നടത്തിയതാണ് ഈ ആക്രമണം. ചര്‍ച്ചകള്‍ക്കിടെ ഒരാക്രമണം ഇറാന്‍ പ്രതീക്ഷിച്ചതുമില്ല. സത്യത്തില്‍ ചര്‍ച്ചയ്ക്കു വിളിച്ചു ചതിക്കുകയാണ് അമേരിക്കയും ഇസ്രായേലും ചെയ്തത്. അമേരിക്ക കൂടി അറിഞ്ഞാണ് ഈ ആക്രമണം എന്ന് ഡോണള്‍ഡ് ട്രംപ് സമ്മതിക്കുകയും ചെയ്തു. ഇറാന്‍ ഒരു ആക്രമണത്തിനും തയ്യാറെടുത്തിരുന്നില്ല എന്നതിന്റെ സൂചനയാണ് അവരുടെ നാലു ജനറല്‍മാരും കൊല്ലപ്പെട്ടത്. രണ്ട് ആണവ ശാസ്ത്രജ്ഞരേയും ഇസ്രായേല്‍ കൊന്നു. യുദ്ധത്തിന്റെ എന്തെങ്കിലും സൂചന ഉണ്ടായിരുന്നെങ്കില്‍ ഇവരൊക്കെ സുരക്ഷിതരായി നില്‍ക്കുമായിരുന്നു. കൊല്ലപ്പെട്ട നാലു ജനറല്‍മാരും സുരക്ഷിത ബങ്കറുകളില്‍ ആയിരുന്നില്ല. അവരവരുടെ വീടുകളില്‍ ആയിരുന്നു. ആണവചര്‍ച്ച പരാജയപ്പെട്ടാല്‍ ഇവരൊക്കെ സുരക്ഷിത ബങ്കറുകളിലേക്കു മാറുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടി. എല്ലാവരും ഒരേ പ്രദേശത്തു തന്നെ നില്‍ക്കുന്ന സ്ഥിതിയും ഉണ്ടാകുമായിരുന്നില്ല. ഇതിനാണ് കൊടുംചതി എന്നുപറയുന്നത്.

ഇസ്രായേലില്‍ രാഷ്ട്രീയാധികാരം നഷ്ടപ്പെടാതിരിക്കാനും ദീര്‍ഘകാലം വാഴാനും ബഞ്ചമിന്‍ നെതന്യാഹുവിന്റെ കുടില ബുദ്ധിയില്‍ ഉണ്ടായതാണ് ഈ ആക്രമണ പദ്ധതി

15 ഇടത്ത് ഒരേസമയം നടന്ന ആക്രമണം

15 കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം നടന്നത്. ഇസ്ഫഹന്‍, തബ്‌റിസ്, ഇലം, ലോര്‍സ്റ്റന്‍, ഉര്‍മിയ, ഷിരാസ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ബോംബ് വര്‍ഷം. ഇറാന്റെ റഡാറുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഇസ്രായേല്‍ മറികടന്നു. പക്ഷേ ഇറാന്റെ വിപുലമായ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇറാന്റെ പ്രശസ്തമായ വ്യോമപ്രതിരോധം ഇങ്ങനെയൊരാക്രമണത്തിനായി ഒട്ടും തയ്യാറെടുത്തിരുന്നില്ല. അതുകൊണ്ടാണ് ഇസ്രായേലിന് ഒരേസമയം വിവിധ കേന്ദ്രങ്ങളില്‍ കടന്നുകയറാന്‍ സാധിച്ചത്. ഉന്നത കമാന്‍ഡര്‍മാരെ വരെ വധിക്കാന്‍ സാഹചര്യം ഒരുങ്ങിയതും ഇറാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല എന്നതുകൊണ്ടാണ്. ഇറാന് ഇന്റലിജന്‍സ് വീഴ്ച ഉണ്ടായി എന്നതു നൂറുതരം. അതോടൊപ്പം തന്നെ ഇസ്രായേല്‍ കാണിച്ചത് കൊടുംചതിയുമാണ്. ചര്‍ച്ചയ്ക്കു വിളിച്ചശേഷം ആക്രമിക്കുന്ന ക്രൂരത ചെയ്യാന്‍ ഇസ്രായേലിനല്ലാതെ മറ്റൊരു രാഷ്ട്രത്തിനും കഴിയില്ല. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഇപ്പോള്‍ സുരക്ഷിത കേന്ദ്രത്തിലാണ്. ഖമനേയി രാജ്യത്തെ അഭിസംബോധന ചെയ്തതും ഈ കേന്ദ്രത്തില്‍ നിന്നാണ്. ഇറാനുമേല്‍ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചു എന്നാണ് ഖമനേയി പറഞ്ഞത്. അതിനര്‍ത്ഥം ഇറാന്‍ യുദ്ധം ആരംഭിക്കാന്‍ പോവുകയാണെന്നാണ്. ഇനി സമാധാനത്തിന്റെ വഴിയില്ല എന്നാണ് ആ സന്ദേശം. ഇതോടെ ആണവായുധ നിര്‍വ്യാപന കരാറില്‍ നിന്ന് ഇറാന്‍ പിന്മാറും. ആണവ പദ്ധതികളുമായി മുന്നോട്ടുപോകും. എന്താണോ ഇസ്രായേലും അമേരിക്കയും ഭയപ്പെട്ടത് അതു തന്നെ സംഭവിക്കാന്‍ സാഹചര്യം ഒരുങ്ങും. എത്ര ശക്തമായി ഉപരോധിച്ചാലും ഒരു കോട്ടവും സംഭവിക്കില്ലെന്നതിന്റെ ഉദാഹരണമായി ഇറാനും റഷ്യയും മുന്നിലുണ്ട്.

ഇസ്രായേലിന്റെ യുദ്ധഭ്രാന്തിനെ അടക്കിനിര്‍ത്താന്‍ പറ്റിയ ഒരു ലോകനേതാവും ഇപ്പോഴില്ല. അതാണ് ഏറ്റവും സങ്കടകരം

ഇറാന്‍ സമ്പൂഷ്ടീകരിച്ച യുറേനിയം

ബഞ്ചമിന്‍ നെതന്യാഹു തന്നെ സമ്മതിച്ച ഒരു കാര്യമുണ്ട്. ഒന്‍പത് ആറ്റംബോംബുകള്‍ നിര്‍മിക്കാനുള്ളത്ര യുറേനിയം ഇറാന്‍ സമ്പുഷ്ടീകരിച്ചു കഴിഞ്ഞു എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. അമേരിക്കയും ഇസ്രായേലും കരുതിയതിലും വേഗത്തിലാണ് ഇറാന്‍ ലക്ഷ്യത്തിലെത്തിയത്. ഇരുരാജ്യങ്ങളുടേയും കണക്കുപുസ്തകത്തില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമായിരുന്നു ഇറാന്‍. പ്രതിരോധ വിദഗ്ധര്‍ പറയുന്ന കണക്ക് അനുസരിച്ച് ഒന്‍പതല്ല പത്ത് ആറ്റംബോംബ് നിര്‍മിക്കാനുള്ളത്ര യുറേനിയം ഇറാന്‍ സമ്പുഷ്ടീകരിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാഴ്ചകൊണ്ടോ രണ്ടു മാസംകൊണ്ടോ ആണവായുധം ഉണ്ടാക്കാം എന്ന നിലയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. അതുപാളി എന്നാണ് ന്യൂയോര്‍ക് ടൈംസ് പോലും തലക്കെട്ടു നല്‍കിയത്. ഇപ്പോള്‍ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ആണവവികിരണം ഉണ്ടാകുമായിരുന്നു. ഹിരോഷിമയ്ക്കും നാഗസാക്കിക്കും എണ്‍പതാണ്ടു പൂര്‍ത്തിയാവുകയാണ്. മറ്റൊരു ആണവസ്‌ഫോടനത്തിനാണ് ഇസ്രായേല്‍ വഴിയൊരുക്കിയത്. ഇസ്രായേലിന്റെ യുദ്ധഭ്രാന്തിനെ അടക്കിനിര്‍ത്താന്‍ പറ്റിയ ഒരു ലോകനേതാവും ഇപ്പോഴില്ല. അതാണ് ഏറ്റവും സങ്കടകരം.

SCROLL FOR NEXT