OPINION

ഗ്യാരന്റികള്‍ക്കുള്ള ചില്ലറയുണ്ടോ ഖജനാവില്‍?

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, ഖജനാവിന്റെ ശൂന്യതയും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക കെടുകാര്യസ്ഥതയും വെളിച്ചത്തുകൊണ്ടുവരാന്‍ ധവളപത്രം രാഷ്ട്രീയമായും ഉപയോഗിക്കാറുണ്ട്.

Author : പി.പി. പ്രശാന്ത്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സതീശന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ദിരാഗാന്ധി ഗ്യാരണ്ടികളില്‍ കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ഉള്‍പ്പെടെ അഞ്ച് ഗ്യാരണ്ടികളില്‍ രണ്ടെണ്ണത്തിന്റെ പ്രഖ്യാപനവും ഉണ്ടായി. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍. 'പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്' എന്നായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ ഉന്നയിച്ച വിമര്‍ശനം. കേരളം പാപ്പരായ സംസ്ഥാനമാണെന്ന എ.കെ. ആന്റണിയുടെ വാദവും ആ പ്രസ്താവന വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുവാദവും ഉയര്‍ന്നിരുന്നു. 6000 കോടി മിച്ചം വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുന്നതെന്ന് ബാലഗോപാല്‍ വ്യക്തമാക്കുകയും ചെയ്തു. വൈകാതെ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റും വരാനിരിക്കുകയാണ്.

'ഗ്യാരണ്ടികള്‍ക്കുള്ള ചില്ലറയുണ്ടോ ഖജനാവില്‍'

ഒരു സര്‍ക്കാര്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി പുറത്തിറക്കുന്ന ആധികാരികമായ ഔദ്യോഗിക രേഖയാണ് ധവളപത്രം. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അളക്കുന്നതിനുള്ള ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടായാണ് ധവളപത്രത്തെ കണക്കാക്കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാതെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. സംസ്ഥാന സര്‍ക്കാരുകള്‍ പ്രധാനമായും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോഴോ, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴോ ആണ് സാധാരണയായി ഇത്തരം രേഖകള്‍ പുറത്തിറക്കാറുള്ളത്. അതേസമയം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, ഖജനാവിന്റെ ശൂന്യതയും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക കെടുകാര്യസ്ഥതയും വെളിച്ചത്തുകൊണ്ടുവരാന്‍ ധവളപത്രം രാഷ്ട്രീയമായും ഉപയോഗിക്കാറുണ്ട്. ഈ ലക്ഷ്യംവെച്ചാണ് ഉടന്‍ ധവളപത്രം പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. ഇതിനായി ഡോ.കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

കേരളത്തിന്റെ കടബാധ്യതയും തിരിച്ചടവും

2026 മാര്‍ച്ച് 31 ല്‍ കേരളത്തിന്റെ ആകെ ബാദ്ധ്യത 499503 കോടി രൂപയാണ്. 2026-27 സാമ്പത്തിക വര്‍ഷം തീരുമ്പോഴേക്ക് കേരളത്തിന്റെ ആകെ കടബാധ്യത 5,44,000 കോടിയിലേറെ രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 33.35 ശതമാനം വരുമെന്നാണ് നിഗമനം. എന്നാല്‍, ബജറ്റിന് പുറത്തുള്ള വായ്പകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതിനാല്‍ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ബാധ്യത ഇതിലും കൂടുതലാണ്. കിഫ്ബി വഴിയുള്ള വായ്പകള്‍ ഔദ്യോഗിക ബജറ്റ് കണക്കുകള്‍ക്ക് പുറത്താണ് നില്‍ക്കുന്നത്. ഇത്തരം ബാധ്യതകള്‍ കണക്കിലെടുക്കാതെ തന്നെ, 2025-26 കാലയളവിലെ ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3.78 ശതമാനമായിരുന്നു. ഇത് ധന ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന 3 ശതമാനമെന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 1.57 ലക്ഷം കോടി രൂപയായിരുന്നു കേരളത്തിന്റെ കടം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ ഇതു 2.96 ലക്ഷം കോടി രൂപയായി. 2024-25ല്‍ 4.35 ലക്ഷം കോടി രൂപ. 2025-26ലെ ബജറ്റുപ്രകാരം കടം 4.88 ലക്ഷം കോടി രൂപയിലും എത്തി. അതേസമയം കേരളം ഒരു സാമ്പത്തിക വര്‍ഷം കടം എടുക്കുന്നതിന്റെ ശരാശരി 13 മുതല്‍ 15 ശതമാനം മാത്രമാണ് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നതെന്ന് സി.എ.ജി.യുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയതായി കടം എടുക്കുന്നതിന്റെ 70 ശതമാനത്തേളവും മുമ്പുള്ള കടങ്ങള്‍ വീട്ടുന്നതിനായാണ് കേരളം വിനിയോഗിക്കുന്നത്. എത്രകാലം ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഭരണ നേതൃത്വങ്ങളോട് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ചോദ്യമാണ്.

ഒഴിവാക്കാനാകാത്ത സാമ്പത്തിക ഭാരം

കേരളത്തിന്റെ ധനകാര്യ ഘടനയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം റവന്യൂ ചെലവിന്റെ സ്വഭാവമാണ്. സംസ്ഥാനത്തിന്റെ തനതു വരുമാനത്തില്‍ കൂടുതലായി മാറ്റിവെക്കേണ്ടി വരുന്നത് ഭരണപരമായ അനിവാര്യ ചെലവുകള്‍ക്കാണ്. ഏകദേശം 45,000 കോടി രൂപ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഇനത്തിലും 28,000 കോടി രൂപയിലധികം സര്‍വീസ് പെന്‍ഷന്‍ ഇനത്തിലും പ്രതിവര്‍ഷം ചെലവാകുന്നു. കൂടാതെ മുന്‍കാല വായ്പകളുടെ പലിശ തിരിച്ചടവിനായി മാത്രം ഏകദേശം 29,000 കോടി രൂപയും ചെലവാകുന്നു. ഇതിനു പുറമെയാണ് നടപ്പുവര്‍ഷത്തെ തിരിച്ചടയ്ക്കാനുള്ള ബാധ്യത വരുന്നത്.

അതേസമയം 2026-27ലേക്കുള്ള സംസ്ഥാന ബജറ്റില്‍ 1,83,000 കോടി രൂപയാണ് സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനമായി കണക്കാക്കുന്നത്. അതായത്, സര്‍ക്കാരിന്റെ മൊത്തം പ്രതീക്ഷിത റവന്യൂ വരവിന്റെ 55 മുതല്‍ 56 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ തിരിച്ചടവ് എന്നിവ ഉള്‍ക്കൊള്ളുന്ന പതിവ് ചെലവുകള്‍ക്കായാണ് വിനിയോഗിക്കപ്പെടുന്നത്. ഇത് പുതിയ പദ്ധതികള്‍ക്കോ മൂലധന നിക്ഷേപങ്ങള്‍ക്കോ തുക കണ്ടെത്താനുള്ള സര്‍ക്കാരിന്റെ ശേഷിയെ പരിമിതപ്പെടുത്തുന്നു. അതുപോലെ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തത അളക്കുന്നത്, തനത് നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിന്റെ തനത് നികുതി വരുമാനം ഏകദേശം 93,000 കോടി രൂപയാണ്. ശമ്പളവും പെന്‍ഷനും പലിശ തിരിച്ചടവും കൂടിച്ചേരുമ്പോള്‍ തനത് നികുതി വരുമാനം മതിയാകാതെ വരുന്ന അവസ്ഥയാണുള്ളത്. അതുപോലെ 2026-27 സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിക്കുന്ന മൊത്തം റവന്യൂ ചെലവ് 2,17,559 കോടിയും റവന്യൂ കമ്മി 34,587 കോടി രൂപയുമാണെന്നതും കൂട്ടിവായിച്ചാല്‍ സംസ്ഥാനത്തെ ഖജനാവിലെ ഏകദേശ രൂപം പിടികിട്ടും.

കിഫ്ബിയുടെ ഭാവി എന്ത്?

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച 'കിഫ്ബി' കേരളത്തിന്റെ കടമെടുപ്പ് രീതികളെ തകിടംമറിച്ചെന്ന് പ്രചാരണവേളയില്‍ വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. കിഫ്ബി ബജറ്റിന് പുറത്തുള്ള അധികബാധ്യതയാണെന്നും വിമര്‍ശിച്ചു. എന്നാല്‍, യുഡിഎഫ് അധികാരത്തിലേറിയാല്‍ കിഫ്ബിയെ റദ്ദു ചെയ്യുമെന്ന മുന്‍വാദം അദ്ദേഹം ഇപ്പോള്‍ തള്ളിയിട്ടുണ്ട്. കിഫ്ബി വഴി സംസ്ഥാനം വന്‍തോതില്‍ കടമെടുത്തുകഴിഞ്ഞു. അവ തിരിച്ചടയ്ക്കേണ്ട ബാധ്യതയുണ്ട്. അതേസമയം, കിഫ്ബിയെ പുനഃക്രമീകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായിത്തന്നെ കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ കടപരിധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതും ഈ വാദമുന്നയിച്ചായിരുന്നു. ഫിസ്‌കല്‍ റസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാന മൊത്ത ഉല്‍പാദനത്തിന്റെ 3% വരെ കടമെടുക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് അനുമതി. എന്നാല്‍, കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് ബോര്‍ഡും എടുത്ത കടംകൂടി ചേര്‍ക്കുമ്പോള്‍ കേരളം പരിധി കടന്നുവെന്നാണ് കേന്ദ്രവിലയിരുത്തല്‍.

ബജറ്റില്‍ പ്രതീക്ഷിക്കാം ജനപ്രിയ പ്രഖ്യാപനങ്ങള്‍

വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂണ്‍ 5ന് നടക്കുമെന്നാണ് അറിയുന്നത്. സാമ്പത്തികഞെരുക്കത്തില്‍ നിന്നുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രികൂടിയായ സതീശന് നേരിടാനുള്ളത്. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ചെറുകിട സംരംഭങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ പലിശരഹിത വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.

ആശമാരുടെ ഓണറേറിയം 3000 രൂപ, അങ്കണവാടി ജീവനക്കാര്‍, പാചകത്തൊഴിലാളികള്‍, പ്രീപ്രൈമറി ടീച്ചര്‍, ആയമാര്‍ എന്നിവരുടെ വേതനം ആയിരം രൂപ വീതം കൂട്ടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന വാഗ്ദാനം ജൂണ്‍ 15 മുതലും പ്രാബല്യത്തില്‍ വരും.

കേരള സമ്പദ് വ്യവസ്ഥയ്ക്ക് വളരാന്‍ അനുയോജ്യമായ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുകയെന്ന ലക്ഷ്യത്തിന് സതീശന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. രണ്ട് മേജര്‍ തുറമുഖങ്ങളും 4 രാജ്യാന്തര വിമാനത്താവളങ്ങളുമുള്ള കേരളത്തെ, ലോജിസ്റ്റിക്സ് രംഗത്ത് വളര്‍ച്ചയിലേക്ക് നയിക്കാനുള്ള നടപടിയുമുണ്ടാകും. ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമായിട്ടും കേരളത്തില്‍ ജിഎസ്ടി പിരിവ് കാര്യക്ഷമമല്ലെന്ന വിമര്‍ശനം വി.ഡി. സതീശന്‍ ഉള്‍പ്പെടെ നേരത്തേ ഉയര്‍ത്തിയിരുന്നു. ജിഎസ്ടി സമാഹരണം ഊര്‍ജിതമാക്കാനും നികുതി കുടിശിക വീണ്ടെടുക്കാനും നടപടി പ്രതീക്ഷിക്കാം.

കേരളത്തില്‍ ഒരുലക്ഷം കോടി രൂപയുടെ സ്വര്‍ണവില്‍പനയാണ് നടക്കുന്നതെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധനമന്ത്രിയായിരിക്കേ കെ.എന്‍. ബാലഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മേഖലയില്‍നിന്ന് നികുതി കൂടുതല്‍ കാര്യക്ഷമമായി പിരിച്ചെടുക്കാനുള്ള നടപടിയും പ്രതീക്ഷിക്കാവുന്നതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാത്തതും വിവിധ സ്‌കീമുകളില്‍ കേന്ദ്രവുമായുള്ള തര്‍ക്കങ്ങളുമാണ് സംസ്ഥാനത്തിനുള്ള ഗ്രാന്റുകള്‍ മുടങ്ങാന്‍ മുഖ്യകാരണം. എന്നിരുന്നാലും കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുക എന്നതും നിര്‍ണ്ണായകമാണ്. അതേസമയം ആവര്‍ത്ത ചെലവുകളില്‍ സാമ്പത്തിക നിയന്ത്രണം കൊണ്ടുവരുമോ എന്നതും സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നു.

കാര്യക്ഷമമായ സുസ്ഥിര സാമ്പത്തിക നയം ആവശ്യം

പത്തു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേറ്റ യു.ഡി.എഫ് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സംസ്ഥാനത്തിന്റെ തകര്‍ന്നടിഞ്ഞ ധനസ്ഥിതി കാര്യക്ഷമമാക്കുക എന്നതാണ്. 2026-ലെ സംസ്ഥാന ബജറ്റ് രേഖകള്‍ പ്രകാരം, കേരളത്തിന്റെ സാമ്പത്തിക അടിത്തറ കടുത്ത സമ്മര്‍ദ്ദത്തിലാണ്. സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതും കടബാധ്യത ഉയരുന്നതും പുതിയ ഭരണകൂടത്തിന് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ വലിയ പരിമിതികള്‍ സൃഷ്ടിച്ചേക്കും. ഈയൊരു പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിച്ചാണോ അതോ സാമ്പത്തിക അച്ചടക്കം പാലിച്ചാണോ പുതിയ സര്‍ക്കാര്‍ സംസ്ഥാന ഖജനാവ് നിറയ്ക്കാനുള്ള വഴി കണ്ടെത്തുക എന്നതാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. സാമ്പത്തികവിദഗ്ധനായി അറിയപ്പെടാന്‍ താല്‍പര്യപ്പെട്ടിരുന്ന സതീശന് ഈ മേഖലയെക്കുറിച്ച് ആഴത്തില്‍ അറിയാം. പക്ഷേ, പ്രതിപക്ഷത്തിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതുപോലെയൊക്കില്ല കസേരയിലിരുന്ന് അവ നടപ്പാക്കല്‍. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വലിയ സ്വാധീനമുള്ള വ്യവസായ, വാണിജ്യ കേന്ദ്രങ്ങളില്‍ പിടിമുറുക്കിയാലേ ഖജനാവ് നിറയൂ. അതിനുള്ള ധൈര്യവും നടപടികളുമാണ് ആവശ്യം.

SCROLL FOR NEXT