പ്രതീക്ഷിച്ചത് പേലെ സംഭവിച്ചു. രാജ്യത്ത് പെട്രോള്‍, ഡീസല്‍, സി.എന്‍.ജി. വില ഉയര്‍ന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വീതവും സി.എന്‍.ജിക്ക് കിലോയ്ക്ക് രണ്ട് രൂപയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനക്ക് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് നോക്കിയിരിക്കുകയായിരുന്നു കേന്ദ്രം. പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഉണ്ടായ പ്രതിസന്ധികളെ മുണ്ടുമുറുക്കിയെടുത്ത് നേരിടാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനമെത്തിയപ്പോഴേ വിലവര്‍ധന നീക്കം മണത്തിരുന്നു. നിത്യസാധനങ്ങളുടെ വിലയില്‍ ഒരു രൂപ വര്‍ധിക്കുന്നത് പോലും താങ്ങാനാവാത്ത അവസ്ഥയിലിരിക്കുന്ന ജനത്തിന് കനത്ത ആഘാതമാണ് ഈ വിലവര്‍ധന. തീരുമാനം സംസ്ഥാനത്തെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുകയും സാധാരണ കുടുംബങ്ങളുടെ മാസ ബജറ്റ് വീണ്ടും താളം തെറ്റിക്കാന്‍ ഇടയാക്കുകയും ചെയ്യും. ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ വിലവര്‍ധന ന്യായീകരിക്കുന്നത്. എന്നാല്‍, ഈ വിശദീകരണത്തിനപ്പുറം രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ ചോദ്യങ്ങളാണ് ഉയരുന്നത്.
ഇന്ധന വിലവര്‍ധന എണ്ണക്കമ്പനികളുടെ പകല്‍കൊള്ളയോ
സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 107 മുതല്‍ 110 രൂപ വരെയും ഡീസല്‍ വില 95 മുതല്‍ 99 രൂപ വരെയുമായി ഉയര്‍ന്നു കഴിഞ്ഞു. പശ്ചിമേഷ്യാ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണ വിലയിലുണ്ടായ വര്‍ധനയാണ് ഇപ്പോള്‍ ഇന്ധനവില കൂട്ടാന്‍ കാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ആഗോളതലത്തിലുള്ള വിലവര്‍ധനയുടെ ആഘാതം ജനങ്ങളെ നേരിട്ട് ബാധിക്കാതിരിക്കാന്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചും മറ്റും പരമാവധി പിടിച്ചുനിന്നുവെന്നും ഗത്യന്തരമില്ലാതെയാണ് വര്‍ധനക്ക് നിര്‍ബന്ധിതമായതെന്നുമാണ് സര്‍ക്കാറിന്റെ ന്യായം. നാല് വര്‍ഷത്തിനുശേഷമാണ് ഇത്രയും വലിയ വിലവര്‍ധന. ദിവസങ്ങള്‍ക്കു മുമ്പ്, വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയ നടപടികളുടെ തുടര്‍ച്ചയായേ ഇപ്പോഴത്തെ നീക്കങ്ങളെയും കാണാനാവൂ. 2020 മുതല്‍ 2026 വരെയുള്ള ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പെട്രോള്‍ വിലയില്‍ ഏകദേശം 30 രൂപയിലേറെയും ഡീസല്‍ വിലയില്‍ 25 രൂപയിലേറെയും വര്‍ധനവുണ്ടായെന്നാണ് കണക്ക്. ഇതോടെ സ്വകാര്യ വാഹന ഉടമകള്‍ മുതല്‍ പൊതുഗതാഗത മേഖലയിലുള്ളവര്‍ വരെ എല്ലാ വിഭാഗങ്ങളും കടുത്ത സാമ്പത്തിക സമ്മര്‍ദം നേരിടുകയാണ്.
താളംതെറ്റി അടുക്കള ബജറ്റ്
ഇന്ധനവില വര്‍ധനയുടെ പ്രത്യാഘാതം വാഹനമോടിക്കുന്നവരുടെ ചെലവില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയിലെ ചരക്ക് ഗതാഗതത്തിന്റെ ഭൂരിഭാഗവും ഡീസലിനെ ആശ്രയിച്ചാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഡീസല്‍ വില ഉയരുമ്പോള്‍ പച്ചക്കറി മുതല്‍ പാല്‍, പലചരക്ക് സാധനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, ഓണ്‍ലൈന്‍ ഡെലിവറി, ബസ് ചാര്‍ജ്, വിമാനടിക്കറ്റ് തുടങ്ങി എല്ലാ മേഖലകളിലും വിലക്കയറ്റം അനുഭവപ്പെടും. ട്രാന്‍സ്പോര്‍ട്ട് ചെലവ് കൂടുമ്പോള്‍ അതിന്റെ ഭാരം ഒടുവില്‍ ഉപഭോക്താവിന്റെ മേല്‍ എത്തിച്ചേരുന്നതാണ് പതിവ്. അതിനാല്‍ ഇത് രാജ്യത്തൊട്ടാകെ പൊതുവിലക്കയറ്റത്തിന് കാരണമാകും എന്നതില്‍ സംശയമില്ല. ഓട്ടോ, ടാക്സി, സ്വകാര്യ ബസ്, ലോറി ഉടമകള്‍ ഉടന്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയേക്കും. നിലവിലെ നിരക്കില്‍ സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്നാണ് വാഹന ഉടമകളുടെ നിലപാട്. ചരക്കു ലോറികള്‍, സ്‌കൂള്‍ ബസുകള്‍, മത്സ്യ-പച്ചക്കറി വാഹനങ്ങള്‍ എന്നിവയുടെ ഓട്ടച്ചെലവും കൂടും. ഇന്ധനവില വര്‍ധനയുടെ ആഘാതം നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കാനാണ് സാധ്യത. ഇതിന് പുറമെ മില്‍മ പാല്‍ വിലയില്‍ നാല് രൂപ വര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ സാധാരണ കുടുംബങ്ങളുടെ അടുക്കള വിലക്കയറ്റത്തില്‍ എരിയും എന്നുറപ്പാണ്.
എണ്ണക്കമ്പനികള്‍ക്ക് കീഴടങ്ങിയ ഒന്നര പതിറ്റാണ്ട്
ഭരണകൂടത്തിന്റെ ഒത്താശയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാജ്യത്തെ എണ്ണക്കമ്പനികള്‍ വലിയ കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല. 2011ല്‍, മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യു.പി.എ സര്‍ക്കാര്‍, ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിയതോടെയാണ് എണ്ണക്കൊള്ളയുടെ ആരംഭം. വിലയിടിവിന്റെ ആനുകൂല്യം അപ്പപ്പോള്‍ ജനങ്ങള്‍ക്ക് കൈമാറാനാകും എന്ന വാഗ്ദാനത്തോടെയായിരുന്നു നടപടി. 2017 ജൂണ്‍ മുതലായിരുന്നു അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്ക്ക് അനുസൃതമായി ദിവസേന വില പുതുക്കി നിശ്ചയിക്കുന്ന രീതി നിലവില്‍ വന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കയറുമ്പോള്‍ രാജ്യത്തും പെട്രോള്‍, ഡീസല്‍ വില കയറുമെന്നല്ലാതെ രാജ്യാന്തര വില കുറയുമ്പോള്‍ ഇവിടെ കുറയാറില്ല. കുറഞ്ഞാല്‍ അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവും എന്നതാണ് അനുഭവം. ഇന്ധനത്തിന് എക്‌സൈസ് നികുതിയും മറ്റും കൂട്ടി, വിലകുറയാതെ 'പിടിച്ചുനിര്‍ത്തി' കോര്‍പറേറ്റുകളെ സഹായിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. രാഷ്ട്രീയ ലാഭം നോക്കിയുള്ള വില വര്‍ധനവും വില ഇളവും നാം എത്രയോ കണ്ടതാണ്. 2024 മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കേന്ദ്രം പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചത് ഓര്‍മയിലുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് , 2023 ഓഗസ്റ്റിലാണ് സിലണ്ടറിന് 200 രുപ കുറച്ചത്.
വിലകുറഞ്ഞത് അപൂര്‍വം
ഇന്ധനവില നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതി നയത്തിനും നിര്‍ണായക പങ്കുണ്ട്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയുടെ വലിയൊരു വിഹിതം കേന്ദ്ര-സംസ്ഥാന നികുതികളാണ്. ആഗോള ക്രൂഡ് വില കുറഞ്ഞപ്പോള്‍ അതിന്റെ പൂര്‍ണ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ നികുതി വര്‍ധിപ്പിച്ച അനുഭവം രാജ്യത്തിനുണ്ട്. ഇപ്പോള്‍ വീണ്ടും രാജ്യാന്തര വിലക്കയറ്റം ചൂണ്ടിക്കാട്ടി വില കൂട്ടുമ്പോള്‍, നികുതി ഇളവുകള്‍ വഴി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. അല്ലാത്തപക്ഷം പൊതുജനങ്ങള്‍ക്കാണ് മുഴുവന്‍ ഭാരവും വഹിക്കേണ്ടിവരിക.
മോദി സര്‍ക്കാറിന്റെ ആദ്യ ആറു വര്‍ഷവും ആഗോളവിപണിയില്‍ എണ്ണ വില കുറയുകതന്നെയായിരുന്നു. ഇക്കാലയളവിനിടയില്‍ 10 തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഒരു ഉദാഹരണം സൂചിപ്പിക്കാം. 2013ല്‍, അസംസ്‌കൃത എണ്ണ ബാരലിന് വില 124 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയില്‍ താഴെയായിരുന്നു. ഇപ്പോള്‍ 105 ഡോളറിലെത്തിയപ്പോള്‍ വില ചെന്നുനില്‍ക്കുന്നത് 109 രൂപയിലാണ്. നികുതിയിലുണ്ടാകുന്ന സ്വാഭാവികവളര്‍ച്ചയും രൂപ-ഡോളര്‍ വിനിമയവ്യത്യാസവുമെല്ലാം കണക്കാക്കിയാല്‍പോലും നിലവിലെ സാഹചര്യത്തില്‍ ഈ പിടിച്ചുപറി ഒഴിവാക്കുകയാണെങ്കില്‍ 80 രൂപയില്‍ താഴെ മാത്രമായിരിക്കും എണ്ണവില. എന്നാല്‍ നികുതി കൂട്ടി അതില്‍നിന്ന് കൂടുതല്‍ ലാഭമെടുക്കാനുള്ള നടപടികളായിരുന്നു ഉണ്ടായത്..കേരളത്തില്‍ സാമൂഹിക സുരക്ഷാ സെസ് ഉള്‍പ്പെടെയുള്ള അധിക നികുതിഭാരമാണ് ഇന്ധനവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ പ്രധാന കാരണങ്ങളിലൊന്നെന്ന വിമര്‍ശവും ശക്തമാണ്. കേന്ദ്ര-സംസ്ഥാന നികുതികള്‍ കുറച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കുന്നു.
ഉത്തരവാദിത്തം എണ്ണക്കമ്പനികള്‍ക്ക് മാത്രമോ
ഇന്ധനവില ഉയര്‍ത്തിയത് സര്‍ക്കാര്‍ അല്ല, പെട്രോളിയം കമ്പനികളാണെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ പതിവായി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അത് യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് പ്രധാന പൊതുമേഖലാ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളവയാണ്. ഈ കമ്പനികളുടെ വിലനിര്‍ണയത്തില്‍ സര്‍ക്കാരിന് യാതൊരു സ്വാധീനവുമില്ലെന്ന വാദം വിശ്വസിക്കാന്‍ പ്രയാസമാണ്. യഥാര്‍ഥത്തില്‍ ഇത് ഭരണപരമായ മുന്‍ഗണനകളുടെ പ്രതിഫലനമാണ്. കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവുകളും വലിയ പദ്ധതികള്‍ക്ക് വന്‍ പ്രോത്സാഹനങ്ങളും നല്‍കാന്‍ സര്‍ക്കാരിന് കഴിയുമ്പോള്‍, സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ ആവശ്യമായ ഇടപെടലുകളില്‍ അതേ ആത്മാര്‍ഥത കാണുന്നില്ല. 2015 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 12.3 ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതില്‍ സിംഹഭാഗവും വമ്പന്‍ കോര്‍പറേറ്റുകളുടേതാണ്.
വേണ്ടത് ആത്മാര്‍ഥ ശ്രമങ്ങള്‍
മൂന്ന് രൂപയുടെ വര്‍ധനവ് നാമമാത്രമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം എണ്ണവിലവര്‍ധനവ് സൃഷ്ടിക്കുന്ന ആഘാതം കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണെന്ന് പറയാതിരിക്കാനാവില്ല.. സമ്പന്നരും അതിസമ്പന്നരുമായ ഒരു ചെറുവിഭാഗമൊഴിച്ച് ജനസംഖ്യയിലെ 89 ശതമാനത്തിന്റെയും നടുവൊടിക്കുന്ന ഭാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലവര്‍ധനവിലൂടെ അടിച്ചേല്പിച്ചിരിക്കുന്നത്. ഭരണകൂട നയങ്ങളുടെകൂടി ഫലമായി ഉണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്താതെയാണ് സാമ്പത്തികഭാരം ജനങ്ങളുടെമേല്‍ കെട്ടിയേല്പിച്ചിരിക്കുന്നത്. വേതനവര്‍ധനയില്ലാതെ ചെലവുകള്‍ മാത്രം കുതിച്ചുയരുമ്പോള്‍ ഇടത്തരം കുടുംബങ്ങളും തൊഴിലാളിവര്‍ഗവും കൂടുതലായി തകര്‍ന്നടിയും. ഒരു ഭാഗത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അനിശ്ചിതത്വവും നിലനില്‍ക്കുമ്പോള്‍, മറുവശത്ത് ഇന്ധന-പാചക വാതക വിലവര്‍ധന ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
എണ്ണക്കമ്പനികളുടെ സാമ്പത്തിക ബാധ്യത സാധാരണക്കാരുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ഒരു ജനകീയ ഭരണകൂടത്തിന് ചേര്‍ന്ന നടപടിയല്ല. വേതനവര്‍ധനവില്ലാതെ നിത്യോപയോഗ സാധനങ്ങളുടെ വില മാത്രം കുതിച്ചുയരുമ്പോള്‍, അത് സമൂഹത്തിലെ ഭൂരിഭാഗം വരുന്ന സാധാരണ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. അതുകൊണ്ട് തന്നെ, ജനങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് ആശ്വാസം നല്‍കാനും വിലവര്‍ധന തടഞ്ഞു നിര്‍ത്താനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം, ജനരോഷം ഭരണകൂടത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങളായി തെരുവുകളിലേക്ക് പടരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.