OPINION

SPOTLIGHT | കടൽ വീണ്ടും കടൽക്കൊള്ളക്കാരുടെ പിടിയിലോ ?

യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം നടന്ന വെവ്വേറെ സംഭവങ്ങളിൽ 22 ഇന്ത്യക്കാരുള്ള രണ്ട് ചരക്കുകപ്പലുകളാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്.

Author : പി.പി. പ്രശാന്ത്

വൻശക്തി രാജ്യങ്ങളുടെ നാവികസേനകൾ പശ്ചിമേഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കടൽക്കൊള്ളക്കാർ വീണ്ടും ഭീഷണിയുയർത്തുകയാണ്. യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം നടന്ന വെവ്വേറെ സംഭവങ്ങളിൽ 22 ഇന്ത്യക്കാരുള്ള രണ്ട് ചരക്കുകപ്പലുകളാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. വിദേശ പതാകകളേന്തിയ എം.വി. ലുതുഫ്, എണ്ണക്കപ്പലായ എം.ടി. സിബു 1 എന്നിവയാണ് സായുധരായ കൊള്ളക്കാർ റാഞ്ചിയത്. അതേസമയം, കപ്പലുകളിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിനായി ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ, ഷിപ്പിങ് മന്ത്രാലയങ്ങൾ അറിയിച്ചു. ഈ വിഷയമാണ് ഇന്നത്തെ സ്‌പോട്ട്‌ലൈറ്റ് പരിശോധിക്കുന്നത്. കടൽ വീണ്ടും കടൽക്കൊള്ളക്കാരുടെ പിടിയിലോ ?

വീണ്ടും കടൽക്കൊള്ളക്കാർ ?

കാമറൂൺ പതാകയേന്തിയ എം.വി. ലുതുഫ് ഓഗസ്റ്റ് 17ന് സൊമാലിയയിലെ പുന്ത്‌ലാൻഡ് തീരത്തിന് സമീപത്തു നിന്നാണ് തട്ടിക്കൊണ്ടുപോയത്. ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാരാണ് ഇതിലുണ്ടായിരുന്നത്. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന തുർക്കി ആയുധങ്ങൾ, കമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ് ഉപകരണങ്ങൾ വഹിച്ചിരുന്ന കപ്പലാണിത്. എട്ട് കൊള്ളക്കാർ രണ്ട് ചെറിയ ബോട്ടുകളിലെത്തിയാണ് കപ്പലിൽ കയറിയത്.

എറിത്രിയൻ പതാകയേന്തിയ രണ്ടാമത്തെ എണ്ണക്കപ്പലായ എംടി സിബു 1 ഓഗസ്റ്റ് 20ന് യെമൻ തീരത്തിന് സമീപം ഏഡൻ ഉൾക്കടലിൽ വച്ച് കടൽക്കൊള്ളക്കാർ തട്ടിയെടുക്കുകയായിരുന്നു. 16 ഇന്ത്യക്കാർ ഉൾപ്പെടെ 20 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്. യുഎസ് സാങ്ഷൻ ചെയ്ത ഇറാനിയൻ “ഷാഡോ ഫ്ലീറ്റ്” ടാങ്കറാണ് ഇത്. ആറ് ആയുധധാരികളായ കൊള്ളക്കാർ കപ്പലിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. 22 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കടൽകൊള്ളക്കാർ ഇതുവരെ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല.

വൻ വാണിജ്യ കപ്പലുകൾക്ക് ഭീഷണി

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമാകുകയും അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ ഹോർമുസ് കടലിടുക്കിലേക്ക് തങ്ങളുടെ നാവികശേഷി കേന്ദ്രീകരിക്കുകയും ചെയ്യുന്ന സമയത്താണ് ലോകത്തിന്റെ ചരക്കുനീക്കത്തിന്റെ പ്രധാന പാതകളിലൊന്നായ അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കടൽകൊള്ളക്കാർ പിടിമുറുക്കുന്നത്... ഒരിടവേളക്ക് ശേഷം ഈ വർഷം ഏപ്രിൽ മുതൽ കടൽക്കൊള്ളക്കാരുടെ സാന്നിധ്യവും അതിക്രമങ്ങളും ഗണ്യമായി വർധിച്ചിട്ടുണ്ട്. ആകെ അഞ്ച് ചരക്കുകപ്പലുകളാണ് നിലവിൽ അവരുടെ പിടിയിലുള്ളത്.

2005നും 2012നും ഇടയിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തി. ഈ കാലയളവിൽ ഏകദേശം 339 മുതൽ 413 മില്യൺ യു.എസ്. ഡോളർ വരെ മോചനദ്രവ്യമായി ലഭിച്ചതായി ലോകബാങ്ക്-യു.എൻ. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധവും ചെങ്കടലിലെ ബാബ് എൽ-മന്ദേബ് കടലിടുക്കിലെ സുരക്ഷാ ഭീഷണിയും കാരണം ആഗോള വിപണിയിൽ എണ്ണയുടെയും മറ്റ് ചരക്കുകളുടെയും വില ഉയരുന്ന നിർണായക സമയത്താണ് ഈ പുതിയ തിരിച്ചടി. അതേസമയം, ഇറാനുമായുള്ള യുദ്ധമാണ് കടൽക്കൊള്ളയ്ക്ക് കാരണം എന്ന വാദം ശരിയല്ലെന്ന് അമേരിക്കൻ അധികൃതർ പ്രതികരിച്ചിട്ടുണ്ട്.

കടൽക്കൊള്ളക്കാരായി മാറിയ മത്സ്യത്തൊഴിലാളികൾ

1991ൽ സൊമാലിയൻ സർക്കാരിന്റെ തകർച്ചയോടെയും ആഭ്യന്തരയുദ്ധത്തോടെയുമാണ് ആധുനിക സൊമാലിയൻ കടൽക്കൊള്ളയുടെ ചരിത്രം ആരംഭിക്കുന്നത്. രാജ്യത്ത് നിയമവാഴ്ച ഇല്ലാതായതോടെ, വിദേശ കപ്പലുകൾ സൊമാലിയൻ സമുദ്രാതിർത്തിയിൽ അതിക്രമിച്ച് കയറി അനധികൃത മത്സ്യബന്ധനം നടത്തുകയും വിഷമാലിന്യങ്ങൾ തള്ളുകയും ചെയ്തു. സ്വന്തം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട ദരിദ്രരായ തദ്ദേശീയ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ കടലിനെ സംരക്ഷിക്കാൻ ഒരു “തീരദേശ സേനയായി” സംഘടിച്ചു. അതിക്രമിച്ചു കയറുന്ന വിദേശ കപ്പലുകളെ ആക്രമിച്ച് പിഴ ഈടാക്കാൻ അവർ തീരുമാനിച്ചു.

തീരദേശ സംരക്ഷണം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ നീക്കം പിന്നീട് ദശലക്ഷക്കണക്കിന് ഡോളർ മറിയുന്ന വൻകിട ബിസിനസ്സായി മാറിതോടെ യുദ്ധപ്രഭുക്കൾ അവർക്ക് കയ്യയച്ച് സഹായം ചെയ്തുതുടങ്ങി. അതോടെ ചെറിയ ബോട്ടുകൾക്ക് പകരം അത്യാധുനിക ആയുധങ്ങളും ‘മദർ ഷിപ്പുകളും’ ഉപയോഗിച്ചായി ഇവരുടെ നീക്കങ്ങൾ. അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ ആക്രമിച്ച് യാത്രക്കാരെ ബന്ദികളാക്കി വൻതുക മോചനദ്രവ്യം വാങ്ങുക എന്നതായി ഇവരുടെ പ്രധാന ലക്ഷ്യം.

മോചനദ്രവ്യമായി ലഭിക്കുന്ന പണം കടൽക്കൊള്ളക്കാർക്ക് ഉയർന്ന ജീവിതനിലവാരം നൽകിയിരുന്നു. തങ്ങളുടെ സമുദ്രാതിർത്തി കാക്കുന്നവരാണ് ഇവരെന്ന വിശ്വാസം പല തീരദേശ സമൂഹങ്ങളിലും നിലനിന്നിരുന്നു. 2008ലെ ഒരു അനൗപചാരിക സർവേയിൽ ഏകദേശം 70 ശതമാനം പേർ ഇവർക്ക് പിന്തുണ പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ പൊതുജന പിന്തുണ ഗണ്യമായി കുറഞ്ഞു. പല പ്രദേശങ്ങളിലും എതിർപ്പ് ശക്തമായി.

പുതിയ ഭീഷണികളും നാവികസേനയുടെ ചെറുത്തുനിൽപ്പും

2005നും 2011നും ഇടയിൽ പ്രതിവർഷം കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാക്കിയിരുന്ന സൊമാലിയൻ കടൽക്കൊള്ളയെ നാറ്റോയുടെയും 47 രാജ്യങ്ങൾ അടങ്ങിയ സംയുക്ത നാവികസേനയുടെയും തീവ്രശ്രമങ്ങളിലൂടെ മുമ്പ് നിർവീര്യമാക്കിയതായിരുന്നു. 2008ൽ രാജ്യാന്തര നാവികസേനകൾ സുരക്ഷാ പട്രോളിംഗ് ശക്തമാക്കിയതോടെ, ഏഡൻ ഉൾക്കടലിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കടൽക്കൊള്ളക്കാർ തങ്ങളുടെ തന്ത്രം മാറ്റുകയും ആക്രമണങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കൂടുതൽ ഉള്ളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 2012ന് ശേഷം ‘കമ്പൈൻഡ് ടാസ്ക് ഫോഴ്സ് 150’ എന്ന ബഹുരാഷ്ട്ര സഖ്യവും യൂറോപ്യൻ ഓപ്പറേഷൻ ഓഷ്യൻ ഷീൽഡും ഇന്ത്യൻ നാവികസേനയും കടൽക്കൊള്ളക്കാരെ നേരിട്ടു. ഐഎൻഎസ് സുനേന, ഐഎൻഎസ് ചെന്നൈ തുടങ്ങിയ ഇന്ത്യൻ പടക്കപ്പലുകൾ ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2023ൻ്റെ അവസാനത്തോടെയും 2024ലും കടൽക്കൊള്ളക്കാർ വീണ്ടും സജീവമായി.

ബംഗ്ലാദേശ് കപ്പലായ എംവി അബ്ദുള്ള, മാൾട്ടീസ് കപ്പലായ എംവി റൂവൻ എന്നിവ ഇവർ തട്ടിയെടുത്തത് ലോകരാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി. ഇപ്പോൾ 2026ലെ പുതിയ സംഭവങ്ങൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ സമവാക്യം വീണ്ടും മാറുകയാണോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. ദാരിദ്ര്യവും നിയമവാഴ്ചയുടെ അഭാവവും കടൽക്കൊള്ളയെ വളർത്തി. ഇന്ന് അതേ ഘടകങ്ങൾ വീണ്ടും സജീവമാകുമ്പോൾ, അന്താരാഷ്ട്ര സഹകരണവും ശക്തമായ നാവിക സാന്നിധ്യവും അനിവാര്യമാണ്. ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ നാവികസേനയും നയതന്ത്ര ശ്രമങ്ങളും തുടരുക തന്നെ വേണം. കടൽ ഒരിക്കലും വീണ്ടും കൊള്ളക്കാരുടെ പിടിയിൽ ആകരുത്.

SCROLL FOR NEXT