OPINION

SPOTLIGHT | യുഡിഎഫിൻ്റെ ആരോഗ്യ രേഖ ഫ്രീസറിലോ ?

ഒരാളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും ചികിത്സയ്ക്കായി ചെലവിടുന്ന നാടാണ് നമ്മുടേത്. സാധാരണക്കാരുടെ പ്രതിശീർഷ ആരോഗ്യച്ചെലവ് 116.7 ശതമാനത്തോളം വർധിച്ചു. 100 രൂപ വരുമാനം കിട്ടിയാൽ 22 രൂപയോളം ചികിത്സയ്ക്കായി മാത്രം ചെലവിടേണ്ടി വരുന്നു.

Author : പി.പി. പ്രശാന്ത്

‘‘ആരോഗ്യ കേരളം വെൻ്റിലേറ്ററിലാണ്", സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അനാസ്ഥയും ചികിത്സാപ്പിഴവുകളും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചുപയോഗിച്ച വിമർശനമാണിത്. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അന്ന് ഒരു പടികൂടി കടന്ന് പറഞ്ഞു... ആരോഗ്യവകുപ്പ് മോർച്ചറിയിലാണ്. ഇന്ന് അതേ വി.ഡി. സതീശൻ മുഖ്യമന്ത്രിയും കെ. മുരളീധരൻ ആരോഗ്യമന്ത്രിയുമാണ്. അന്ന് സതീശനും മുരളീധരനും പറഞ്ഞിരുന്ന വിശേഷണങ്ങൾ ഏറ്റുപറയുന്നത് പൊതുജനമാണ്. കാരണം അവർ അത്രത്തോളം മടുത്തിരിക്കുന്നു.

ഒരാളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും ചികിത്സയ്ക്കായി ചെലവിടുന്ന നാടാണ് നമ്മുടേത്. സാധാരണക്കാരുടെ പ്രതിശീർഷ ആരോഗ്യച്ചെലവ് 116.7 ശതമാനത്തോളം വർധിച്ചു. 100 രൂപ വരുമാനം കിട്ടിയാൽ 22 രൂപയോളം ചികിത്സയ്ക്കായി മാത്രം ചെലവിടേണ്ടി വരുന്നു. ഈ അതിഗുരുതര സാമൂഹിക അവസ്ഥയിലാണ് സർക്കാരിൻ്റെ ധർമാശുപത്രികൾ അനുഗ്രഹമാകുന്നത്. എന്നാൽ അവർക്ക് ലഭിക്കുന്നതോ അവഗണനയും അസൗകര്യങ്ങളും മാത്രം. സർക്കാരുകൾ മാറുമ്പോൾ ഈ അവസ്ഥയിൽ ഏറ്റക്കുറച്ചിലുണ്ടാകും എന്ന് മാത്രം. കാര്യങ്ങൾ ഇതൊക്കെ ആണെങ്കിലും കേരളത്തിലെ ആരോഗ്യ മേഖലയെ കൃത്യമായി വിലയിരുത്തി ‘ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട്’ തയ്യാറാക്കിയാണ് യുഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, അധികാരത്തിലേറിയപ്പോൾ ആ ആരോഗ്യ കാഴ്ചപ്പാടിന് എന്തു പറ്റിയെന്നാണ് ഇന്ന് സ്​പോട്ട്ലൈറ്റ് പരിശോധിക്കുന്നത്. യുഡിഎഫിന്റെ ആരോഗ്യ രേഖ ഫ്രീസറിലോ ?

യുഡിഎഫിൻ്റെ ആരോഗ്യ രേഖ ഫ്രീസറിലോ?

2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യു.ഡി.എഫ് ഹെൽത്ത് കമ്മീഷൻ തയ്യാറാക്കി പുറത്തിറക്കിയ ഒരു സമഗ്ര നയരേഖ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വായിച്ചു നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല. കേരളത്തിലെ പൊതുജനാരോഗ്യ വ്യവസ്ഥയുടെ വിലയിരുത്തലിനും പരിഷ്കരണത്തിനുമായുള്ള ഒരു റോഡ് മാപ്പ് ’ എന്നായിരുന്നു ഡോ. എസ്.എസ്. ലാലിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ യു.ഡി.എഫ്. ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിൻ്റെ തലക്കെട്ട്. “ഇത് ഭാവി കേരളത്തിനുള്ള വിജ്ഞാന സമ്പത്താണ്” എന്ന് അന്ന് പ്രഖ്യാപിച്ചത് വി.ഡി. സതീശനായിരുന്നു. മരുന്ന് ക്ഷാമം, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഗുരുതരമായ കുറവ്, കെ.എം.എസ്.സി.എൽ സംഭരണ വ്യവസ്ഥയുടെ പൂർണ തകർച്ച, പബ്ലിക് ഹെൽത്ത് മാനേജ്‌മെൻ്റ് കേഡർ ഇല്ലാത്തത്, ജനങ്ങളുടെ ആരോഗ്യച്ചെലവിലെ ഉയർച്ച തുടങ്ങിയ പ്രശ്നങ്ങൾ വ്യക്തമായും ശാസ്ത്രീയമായും ആ രേഖ വിലയിരുത്തി പരിഹാര മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. അതിൽ യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ് പുനഃസ്ഥാപിക്കുക, സർക്കാർ ആശുപത്രികളിൽ മരുന്നും ഡയഗ്‌നോസ്റ്റിക്സും ജനങ്ങളുടെ അവകാശമാക്കുക, കെ.എം.എസ്.സി.എൽ. പരിഷ്കരിച്ച് സ്റ്റോക്ക് ക്ഷാമം ഒഴിവാക്കുക, ഒഴിവുകൾ സമയബന്ധിതമായി നികത്തുക എന്നിവയെല്ലാം അവരുടെ സ്വന്തം റോഡ് മാപ്പായി അവതരിപ്പിച്ചിരുന്നു.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ രേഖയിലെ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയെങ്കിലും, അവയുടെ നടപ്പാക്കൽ സംബന്ധിച്ച് തുടർനടപടി ഇപ്പോൾ മരവിച്ച അവസ്ഥയിലാണ്. ഉദാഹരണത്തിന്, 25 ലക്ഷത്തിൻ്റെ ഇൻഷുറൻസ് പദ്ധതിക്കായി ഒരു സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് ഡി.പി.ആർ തയ്യാറാക്കാൻ നാല് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ വിവരങ്ങളൊന്നും ആരും പങ്കുവെക്കുന്നില്ല. ആ റിപ്പോർട്ടിൽ പറഞ്ഞിരുന്ന എല്ലാ പ്രശ്നങ്ങളും ഇന്ന് കൂടുതൽ രൂക്ഷമായി നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യവുമാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ “ആരോഗ്യവകുപ്പിന് നാഥനില്ല” എന്ന് ആരോപിച്ചവർ ഇന്ന് നാഥനില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നുവെന്ന് വ്യക്തം.

ആരോഗ്യ കേരളം ഇപ്പോൾ വെൻ്റിലേറ്ററിലല്ല… മോർച്ചറിയിലാണ്

യു.ഡി.എഫ്. ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട് എന്ന കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന രോഗം വ്യക്തമായി തിരിച്ചറിഞ്ഞയാളാണ് ഡോ. എസ്.എസ്. ലാൽ. അക്കാര്യം കൃത്യമായി രേഖയാക്കി യുഡിഎഫിനെ അറിയിച്ചിട്ടും അത് ഗൗരവത്തിലെടുക്കാതിരിക്കുന്നത് കെടുകാര്യസ്ഥത തന്നെയാണ്. ആരോഗ്യം ഏത് അവസ്ഥയിലെത്തി എന്നറിയാൻ സമീപകാല സംഭവങ്ങളെ വിലയിരുത്തിയാൽ മതിയാകും. കേരളത്തിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഇപ്പോൾ നടക്കുന്നത് നരകയാതനയാണ്.

മരുന്ന് ചോദിച്ചാൽ കിട്ടാനില്ല. അത്യാഹിത വിഭാഗത്തിൽ പോലും മരുന്നും വൈദ്യുതിയും നിലക്കുന്നു. ഓപറേഷൻ തിയറ്ററിൽ മേൽക്കൂര ചോർന്നൊലിക്കുന്നു. എക്സ്റേ മാറുന്നു. കെ.എം.എസ്.സി.എൽ സംഭരണ കേന്ദ്രങ്ങളിൽ അവശ്യമരുന്ന് പോലുമില്ല. ഇരട്ടി വില കൊടുത്ത് പുറത്തു നിന്ന് മരുന്ന് വാങ്ങി ജനത്തിന് മടുത്തു. നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുളിക മാറിയെന്ന് ആരോപണമുയർന്ന രോഗി മരിച്ചത് നാം കണ്ടു. എറണാകുളത്ത് ഡിസ്ചാർജ് ചെയ്യാനിരുന്ന രോഗി മരിച്ചു. ചികിത്സ വൈകി എന്നാണ് ബന്ധുക്കളുടെ ആരോപണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പറവൂർ താലൂക്ക് ആശുപത്രിയിൽ ഫ്രീസർ കേടായി മോർച്ചറിയിൽ അഴുകിയത് രണ്ട് മൃതദേഹങ്ങൾ. സംസ്ഥാനത്ത് ഗർഭിണികൾക്ക് നൽകേണ്ട അവശ്യമരുന്നുകൾ പോലും സർക്കാർ ആശുപത്രികളിൽ സ്റ്റോക്കില്ല. പ്രസവത്തിനിടെ നൽകേണ്ട ലോക്കൽ അനസ്തേഷ്യ ഇൻജക്ഷൻ മുതൽ രക്തസ്രാവം തടയേണ്ട മരുന്നടക്കം ഇല്ലാത്ത അവസ്ഥ. സംസ്ഥാനത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ വിറ്റാമിൻ എ തുള്ളിമരുന്നിൻ്റെ വിതരണം നിലച്ചിട്ട് മൂന്ന് മാസത്തോളമായി.

ഇക്കാര്യങ്ങൾ വിവാദമായപ്പോഴാണ് എല്ലാ മരുന്നും എല്ലാ കാലത്തും എപ്പോഴും സ്റ്റോക്ക് ഉണ്ടാവണം എന്നില്ല എന്ന മന്ത്രിയുടെപ്രസ്താവന എത്തുന്നത്. കൂടെ ഒരു കുറ്റസമ്മതവും. 18 ഐറ്റം മരുന്നുകളുടെ ഷോർട്ടേജ് ഉണ്ട് എന്നതായിരുന്നു അത്. ഇതൊക്കെ കാണുമ്പോൾ ആരോഗ്യരംഗം മോർച്ചറിയിലാണ് എന്ന് ​പറഞ്ഞ ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ പഴയ പ്രസ്താവന തന്നെ നമുക്കിപ്പോൾ ആവർത്തിക്കേണ്ടി വരും. 2021ലെ പ്രളയവും നിപയും കോവിഡുമെല്ലാം നാട് നേരിട്ടപ്പോൾ 'എരണം കെട്ടവർ നാട് ഭരിച്ചാൽ നാട് മുടിയും' എന്ന് പറഞ്ഞ ഇന്നത്തെ ആരോഗ്യമന്ത്രി, ഇക്കഴിഞ്ഞ ജൂണിൽ നിപ സ്ഥിരീകരിച്ചപ്പോൾ പറഞ്ഞത് 'പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊന്നും മന്ത്രികസേരയിൽ ഇരിക്കുമ്പോൾ ബാധകമല്ല' എന്നാണ്. വല്ലാത്ത ന്യായീകരണം ​അല്ലേ...

മരുന്നുക്ഷാമം കീറാമുട്ടി

സംസ്ഥാനത്തെ മരുന്ന് ക്ഷാമം യു.ഡി.എഫ്. സർക്കാരിന് കീറാമുട്ടിയായി തുടരുകയാണ്. മരുന്ന് വാങ്ങുമെന്ന പ്രഖ്യാപനങ്ങൾ വരുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് അവ എന്ന് കൃത്യമായി ലഭിക്കുമെന്ന ഉറപ്പില്ല. മരുന്നുകൾ സംഭരിക്കുന്ന KMSCL ആരോഗ്യ വകുപ്പിന്റെ നട്ടെല്ലാണ്. സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും സർജിക്കൽ സപ്ലൈസും കിട്ടാത്ത അവസ്ഥയാണെന്ന് കെഎംഎസ്‌സിഎൽ തന്നെ സമ്മതിക്കുന്നുണ്ട്. ആശുപത്രിയില്‍ മരുന്ന് സ്റ്റോക്ക് കഴിയാറായതില്‍ ഡിഎംഒമാരും മന്ത്രിയോട് ആശങ്ക അറിയിച്ചുകഴിഞ്ഞു. ഈ സ്ഥിതി തുടർന്നാൽ നവംബർ വരെയെങ്കിലും പ്രതിസന്ധി നീണ്ടേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ മരുന്ന് സംഭരിക്കേണ്ട കെഎംഎസ്‌സിഎല്ലിൽ സംഭവിക്കുന്നത് എന്താണ്?

പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ രേണു രാജ് ആയിരുന്നു കെഎംഎസ്‌സിഎൽ എംഡി. ആരോഗ്യമന്ത്രിയുടെ അതൃപ്തിക്ക് പിന്നാലെ അവരെ എൻഎച്ച്എം ലേക്ക് മാറ്റി. പകരം അനു എസ്. നായരെ എംഡിയായി നിയമിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ ചുമതല ഏറ്റെടുത്തില്ല. പിന്നീട് ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശിനെ നിയമിച്ചു. നാല് ദിവസം കാത്തിരുന്നിട്ടും അദ്ദേഹവും ചുമതല ഏറ്റെടുത്തില്ല. ഒടുവിൽ ജനറൽ മാനേജർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഐഎഎസ് ഉദ്യോഗസ്ഥർ ഈ പദവി ഏറ്റെടുക്കാൻ മടിക്കുന്നത്? അതിന് ഉത്തരം തേടുമ്പോൾ നാം എത്തിച്ചേരുക മരുന്ന് വാങ്ങലിലെ അമിതവില, ബ്ലീച്ചിങ് പൗഡർ വിവാദം, കോവിഡ് കാലത്തെ ഇടപാടുകൾ, ഗുണനിലവാരമില്ലാത്ത മരുന്നുകൾ - ഇവയെല്ലാം വിജിലൻസ് അന്വേഷണത്തിലാണ് എന്ന വസ്തുതയിലേക്കാണ്.

നിയമനക്കുറവ് തിരിച്ചടിയായോ?

രോഗം കണ്ടെത്തിയിട്ടും നടപടിയെടുക്കാൻ യുഡിഎഫ് സർക്കാരിനായിട്ടില്ല എന്നുള്ളതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ആരോഗ്യവകുപ്പിലെ നിയമനക്കുറവ്. പിഎസ്‌സി ശുപാർശ ചെയ്ത 478 നിയമനങ്ങളിൽ 134 എണ്ണം മാത്രമാണ് നടന്നത്. ബാക്കിയുള്ളതിൽ കരാർ നിയമനം നടത്താനാണ് നീക്കം. ആയുഷ് മിഷനിൽ 78 ഡോക്ടർമാരെ ഉൾപ്പെടെ 111 ജീവനക്കാരെ പിരിച്ചുവിട്ടു. എൻഎച്ച്എമ്മിൽ 17,000 പേരുടെ കരാർ നീട്ടിയില്ല. ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഡോക്ടർമാരെ ആവശ്യത്തിന് നിയമിക്കാതെ അധികജോലി ചെയ്യിപ്പിക്കുന്നതിനെതിരെ ഡോക്ടർമാരുടെ സംഘടന പ്രതിഷേധിച്ചു. നിലവിലുള്ള ഡോക്ടർമാരെ പുനർവിന്യസിച്ച് പകരം കരാർ നിയമനം നടത്താമെന്നായി. നിയമനം നടന്നില്ലെന്ന് മാത്രമല്ല, ഡോക്ടർമാരെ പുനർവിന്യസിച്ചതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ ഡോക്ടർമാരില്ലാതായി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് പുതിയ മരുന്ന് സ്റ്റോക്ക് എത്താത്തതും സംഭരണ കേന്ദ്രങ്ങൾ കാലിയായതും വ്യക്തമായിരുന്നിട്ടും ആരോഗ്യ വകുപ്പ് ആവർത്തിച്ചിരുന്നത് “ഒരു പ്രതിസന്ധിയുമില്ല” എന്നായിരുന്നു. എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ അടിയന്തിര യോഗത്തിൽ നൽകിയ മുന്നറിയിപ്പ് ആ വാദത്തിന്റെ മുന​യൊടിച്ചു. മരുന്നുകളുടെ സ്റ്റോക്ക് ഉടൻ എത്തിയില്ലെങ്കിൽ സാഹചര്യം ഗുരുതരമാകുമെന്നും സംഭരണ കേന്ദ്രങ്ങൾ കാലിയാണെന്നും അവർ വ്യക്തമാക്കി. പകർച്ചവ്യാധി പ്രതിരോധം ചർച്ച ചെയ്യാനായി ചേർന്ന ഉന്നതതല യോഗത്തിൽ തന്നെ ഡി.എം.ഒമാർ ഇക്കാര്യം മന്ത്രിയെ അറിയിച്ചിരുന്നു.

മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വിമർശനം ഇവിടെ പ്രസക്തമാണ്. പ്രതിപക്ഷത്തിരുന്ന് വിമർശിക്കും പോലെയല്ല കസേരയിൽ ഇരിക്കുമ്പോൾ എന്ന് അവർ പരിഹസിച്ചത് വെറും രാഷ്ട്രീയ പ്രസ്താവനയായി തള്ളാനാവില്ല. ഇന്ന് ആരോഗ്യ മേഖലയിൽ ഉണ്ടാകുന്ന ഓരോ പാളിച്ചയും ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയിൽ ആഗോള കുത്തകകൾ പിടിമുറുക്കുമ്പോൾ നാം പ്രതിരോധം തീർക്കേണ്ടത് സർക്കാർ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയാണ്. അതിന് വേദിയൊരുക്കേണ്ട ഇടത്തെ കടുത്ത അനാസ്ഥ വിമർശനവിധേയമാക്കി തിരുത്തപ്പെടേണ്ടതു തന്നെയാണ്.

SCROLL FOR NEXT