OPINION

വി.ഡി.എസിന്റെ വാഗ്ദാനങ്ങളിൽ ഇളക്കമുണ്ടോ?

ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ആനുകൂല്യം

Author : പി.പി. പ്രശാന്ത്

യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിലൊന്നായ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര 'പ്രിയദർശിനി' എന്ന പേരിൽ ജൂൺ 15 മുതൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ആനുകൂല്യം. പി.എം ശ്രീ വിഷയം, സെക്രട്ടേറിയററിലെ സമരഗേറ്റ് അടച്ചത്, സർവകലാശാലയിലെ കാവിവൽകരണം തുടങ്ങിയ കാര്യങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു.

വി.ഡി.എസിന്റെ വാഗ്ദാനങ്ങളിൽ ഇളക്കമുണ്ടോ?

ഇന്ദിരാ ഗ്യാരന്റിയായി കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക്‌ പ്രഖ്യാപിച്ച സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കുകയാണ് യുഡിഎഫ് ​സർക്കാർ.പ്രിയദര്‍ശിനി എന്ന പേരില്‍ ജൂൺ 15 മുതലാണ് പദ്ധതി നടപ്പിലാക്കുക. ഇത് സർക്കാരിന് പ്രതിമാസം 65 മുതൽ 70 കോടിയോളം രൂപ അധിക ബാധ്യതയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 800 കോടി രൂപയിലധികം ഒരു വർഷത്തിൽ കുറവുണ്ടാകും. ആ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകും. വരുന്ന ആറ് മാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള വിവിധ മാർ​ഗങ്ങൾ കെഎസ്ആർടിസി കണ്ടെത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുമാസത്തിന് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പറ്റും എന്നാണ് സർക്കാർ കരുതുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും വരുമാന പരിധി നോക്കാതെ തന്നെ ഈ ആനുകൂല്യം ലഭ്യമാകും. ട്രാൻസ്‌ജെൻഡർ വ്യക്തികളെയും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

മലബാറിലെ സൗജന്യയാത്ര എങ്ങനെ​?

കേരളത്തിലുടനീളം കെഎസ്ആർടിസിക്ക് 4609 ബസുകളാണുള്ളത്. ശരാശരി 20 ലക്ഷം യാത്രക്കാരാണ് സര്‍വീസുകളെ ആശ്രയിക്കുന്നത്.സംസ്ഥാനത്താകെ കെഎസ്ആർടിസി ബസുകളിൽ മൂവായിരത്തോളം ഓർഡിനറിയാണ്. ഇവയിൽ 300 സിറ്റി ഫാസ്റ്റുകളുണ്ട്. നിലവിൽ ഒരു ഓർഡിനറി ബസിൽ ദിവസം 700 മുതൽ 1000 പേരാണ് യാത്രചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഗണ്യമായ രീതിയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്. 7 ജില്ലകളിൽ ഇത് 25 ശതമാനത്തിൽ താഴെയാണ്.യുഡിഎഫിന് 16 സീറ്റും നൽകിയ മലപ്പുറത്ത് യാത്രാ സൗജന്യത്തിന്റെ ആനുകൂല്യം കാര്യമായി ലഭിക്കില്ല. കാരണം ജില്ലയിലെ മൊത്തം ബസ് സർവീസിന്റെ 9.4 % മാത്രമാണ് അവിടെ കെഎസ്ആർടിസി ബസ് സർവീസ്. എറണാകുളം ജില്ലയുടെ കാര്യവും ഇതുതന്നെ. യുഡിഎഫിനു 14 സീറ്റും നൽകിയ ജില്ലയിൽ മൊത്തം ബസ് സർവീസിന്റെ 24.7 % ആണ് കെഎസ്ആർടിസിയുടെ സാന്നിധ്യം. മലബാറിൽ കെഎസ്ആർടിസി സർവീസുകൾ കുറവാണ് എന്നത് ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം പ്രത്യേകം പഠിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരോ ജില്ലകളിൽ നിന്നുമുള്ള കണക്ക് ഇതിൽ പരിശോധിക്കും. ശേഷം അപാകതകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.എം ശ്രീ വിഷയത്തിൽ തീരുമാനമായില്ല

സംസ്ഥാനങ്ങളുടെ അധികാരം ചോര്‍ത്തുന്ന ദേശീയ വിദ്യഭ്യാസ നയം നടപ്പാക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ ഇല്ലയോ എന്ന വിഷയത്തിൽ കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതിയിൽ ഒരിക്കലും പങ്കുചേരില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്ന മുൻ സർക്കാർ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായി കരാറിൽ ഒപ്പിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. വ്യക്തികളല്ല, മറിച്ച് 'ഗവൺമെന്റ് ഓഫ് കേരള' ആണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത് എന്നതിനാൽ സംസ്ഥാനത്തിന് ഇപ്പോൾ ഇതിൽ നിയമപരമായ ബാധ്യതകളുണ്ട്. ഭരണതലത്തിൽ ആളുകൾ മാറിയെങ്കിലും സംസ്ഥാനം ഒപ്പിട്ട കരാർ എന്ന നിലയിൽ ഇതിന്റെ നിയമവശങ്ങൾ പഠിച്ചുവരികയാണ്. മന്ത്രിസഭയുടെ അനുമതി പോലുമില്ലാതെ ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതിനെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫിൽ ആശയക്കുഴപ്പം

സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും, വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാനുള്ള അവകാശവും പരിമിതപ്പെടുമെന്ന ആശങ്കകളാണ് പി.എം ശ്രീ പദ്ധതി ഉയർത്തുന്നത്. അതായത് പാഠ്യ പദ്ധതി ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രത്തിൻ്റെ കയ്യിലാവും. ഇതോടെ വിദ്യഭ്യാസമേഖലയിലെ കാവിവല്‍ക്കരണ നടപടികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് ഉന്നയിക്കപ്പെടുന്നത്. സ്‌കൂളിനു മുന്നില്‍ 'പിഎം ശ്രീ സ്‌കൂള്‍' എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കേണ്ടി വരുമെന്നതും എതിര്‍പ്പിനു കാരണമായിരുന്നു.

പദ്ധതിയിൽ ഒപ്പുവെച്ചെങ്കിലും സിപിഐയുടെ എതിര്‍പ്പ് ശക്തമായപ്പോൾ 2025 ഒക്ടോബര്‍ അവസാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം, തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഇത് ബി.ജെ.പി-സി.പി.ഐ.എം ഡീല്‍ ആണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പി.എം. ശ്രീ പദ്ധതി ചവറ്റുകൊട്ടയില്‍ എറിയുമെന്ന് ലീഗ് നേതാവും ഇപ്പോള്‍ മന്ത്രിയുമായ കെ.എം. ഷാജി വേങ്ങരയിലെ യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നതിൽ യുഡിഎഫിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം, കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കി വരികയാണ് എന്നത് പദ്ധതിക്കനുകൂലമായി നിലപാടെടുക്കാൻ കോൺഗ്രസിന് സഹായകമാണ്. അതേസമയം, വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിൽ ആശയക്കുഴപ്പം രൂക്ഷമാണ്.

സമരഗേറ്റ് അടച്ചിട്ടിട്ടില്ല

സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റായ നോർത്ത് ഗേറ്റ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണമായി അടച്ചെന്ന വിഷയത്തിലും മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തത വരുത്തി. സമരം വരുമ്പോൾ മാത്രമാണ് സമരഗേറ്റ് അടക്കുക. സമരം അല്ലാത്തപ്പോൾ അടച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരന്തരം രാഷ്ട്രീയ സമരങ്ങൾ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാർഗമായതിനാലും 'സമരഗേറ്റ്' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ഉടനെ തുറന്നുകൊടുത്ത ഗേറ്റാണ് വീണ്ടും അടച്ചു എന്ന ആരോപണം ഉയർന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം മെയ് 19നാണ് പത്തുവർഷമായി അടഞ്ഞുകിടന്ന സമരഗേറ്റ് തുറന്നത്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തിയത് മുഖ്യമന്ത്രി ന്യായീകരിച്ചു. മുൻസർക്കാരിന്റെ കാലത്തെ മാധ്യമ വിലക്ക് സർക്കുലർ നിലനിൽക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും പൂർണമായി വ്യാപിപ്പിച്ചിട്ടുള്ളത്. എം.ജി സർവകലാശാല സെനറ്റ് നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. സർവകലാശാലകളിലെ കാവിവത്കരണം പുതിയ കാര്യമല്ല. യുഡിഎഫ് വന്നതിന് ശേഷമല്ല ഗവർണർ നിയമനങ്ങൾ നടത്താൻ തുടങ്ങിയത്.യുഡിഎഫ് സർക്കാർ വരുന്നതിന് മുമ്പ് നിയമനകാര്യങ്ങൾ മുന്നോട്ട് നീങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം നടത്തുന്നത് അവരുടെ രാഷ്ട്രീയം നോക്കിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാഗ്ദാനങ്ങൾ തലവേദനയാകുമോ​?

കെഎസ്ആർടിസിയുടെ സൗജന്യ വനിത യാത്ര സംബന്ധിച്ച നിർണായക തീരുമാനമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആനുകൂല്യം വ്യാപിപ്പിക്കുമെന്ന് പറയുന്നു​ണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയെ തീരുമാനം എങ്ങനെയാണ് ബാധിക്കുക എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇത് കൂടാതെയാണ് ജില്ലകളിലെ ഓർഡിനറി സർവീസുകളുടെ കുറവ് ചർച്ചയാകുന്നത്. പി.എം ശ്രീ പദ്ധതി പൊള്ളിക്കുന്നത് മുസ്‍ലിംലീഗിനെയാണ്. മുൻ സർക്കാർ ഒപ്പിട്ടു എന്ന് ന്യായീകരിക്കാമെങ്കിലും വരുംദിനങ്ങളിൽ വിദ്യഭ്യാസ മേഖലയിൽ നടപ്പാക്കേണ്ടിവന്നേക്കാവുന്ന കേന്ദ്ര നയപരിപാടികൾ വിദ്യഭ്യാസ മന്ത്രിക്ക് തലവേദന സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

SCROLL FOR NEXT