പശ്ചിമേഷ്യയുടെയും പലസ്തീന്റെയും മാത്രമല്ല ലോകത്തിന്റെ തന്നെ ഭാവിയെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇസ്രയേലിന്റേത്. അധികാരത്തില്‍ നെതന്യാഹുവിന്റെ അതിജീവനം അതില്‍ ഒരു ഘടകം മാത്രമാണ്. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ ഭൗമരാഷ്ട്രീയ പ്രതിസന്ധികളൊന്നിന്റെ കേന്ദ്രബിന്ദുവായ ഇസ്രയേല്‍ എന്ന രാജ്യത്തെ പൊതുതെരഞ്ഞടുപ്പിന്റെ ഫലം ആഗോളസമൂഹത്തിന് അതിപ്രധാനമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒപ്പം ഈ തെരഞ്ഞെടുപ്പ് അവശേഷിപ്പിക്കുന്ന ചോദ്യങ്ങളുമേറെയാണ്.
നെതന്യാഹുവിന്റെ വിധി
ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് എന്നതായിരുന്നു 2023 ഒക്ടോബര്‍ 7 ന് ശേഷം നെതന്യാഹു സര്‍ക്കാരിന്റെ കോര്‍ അജന്‍ഡ. ഈ തെരഞ്ഞെടുപ്പോടെ അത് വ്യക്തമാവുകയും ചെയ്തു. ഹിറ്റ്ലറുടെ ജൂതവംശഹത്യക്ക് ശേഷം ഏറ്റവും അധികം ജൂതര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവം എന്നതാണ് ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ പ്രാധാന്യം. ആക്രമണത്തോടുള്ള പ്രതികരണത്തിലും ഇസ്രയേലിന്റെ പാരമ്പര്യ ശത്രുക്കള്‍ക്കെതിരായ നടപടികളിലും എത്രത്തോളം മികവോടെ പ്രവര്‍ത്തിച്ചു എന്നതിനപ്പുറം ആക്രമണം തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്നതായിരുന്നു നെതന്യാഹു നേരിട്ട പ്രധാന ചോദ്യം. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും അടക്കമുള്ള പലസ്തീനികളോട് തീവ്രവലതുപക്ഷ സയണിസ്റ്റ് സമീപനത്തെക്കുറിച്ചുള്ള ഇസ്രയേലി ജൂതഭൂരിപക്ഷത്തിന്റെ സമീപനം കൂടുതല്‍ സഹതാപാര്ദ്രമാകുന്ന കാലത്താണ് ഒക്ടോബര്‍ 7 ആക്രമണം ഉണ്ടായത്. ആക്രമണത്തോടെ കാര്യങ്ങള്‍, നിലനില്‍പ്പ്, സുരക്ഷ എന്നീ വിഷയങ്ങളിലേക്ക് കേന്ദ്രീകരിച്ചു. ലോകത്തെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനമുള്ള രാജ്യങ്ങളിലൊന്നെന്ന ഖ്യാതി നിലനില്‍ക്കെയുണ്ടായ ആക്രമണം ഇസ്രയേലിന്റെ സുരക്ഷാവീഴ്ചയെയും ഇന്റലിജന്‍സ് ദൗര്‍ബല്യത്തെയും വെളിപ്പെടുത്തി. ഇതായിരുന്ന നെതന്യാഹു ഈ തെരഞ്ഞെടുപ്പില്‍ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നവും. ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുയര്‍ന്നുവന്ന പുത്തന്‍ പ്രതിപക്ഷ സഖ്യത്തിന് ഇത്രയും വലിയ മുന്നേറ്റം നല്കിയ പ്രചാരണവിഷയവും ഇത് തന്നെയായിരുന്നു.
ഇസ്രയേലിനപ്പുറമുള്ള വിധി
ഇന്ന് ആഗോള തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന രണ്ട് പ്രധാന സൈനിക സംഘര്‍ഷങ്ങളിലൊന്നാണ് പശ്ചിമേഷ്യയിലേത്. ഒക്ടോബര്‍ 7 ആക്രമണത്തിന് പിന്നാലെ ഉണ്ടായ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇറാന് നേരിട്ട് പങ്കാളിയായതോടെയാണ്, മുന്‍പ് നിഴല്‍യുദ്ധമായി നിലനിന്നിരുന്ന സംഘര്‍ഷം നേര്‍ക്ക് നേരായത്. ഇറാന് ആണവായുധശേഷിയുള്ള യുറേനിയം സമ്പുഷ്ടീകരിക്കുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെ 2025 ജൂണില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചു. ഫോര്‍ദോ അടക്കമുള്ള ആണവകേന്ദ്രങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് തകര്‍ത്ത അമേരിക്കന്‍ അടിവരയോടെയായിരുന്നു 12 ദിന യുദ്ധമെന്ന് അറിയപ്പെട്ട ആ യുദ്ധത്തിന്റെ അവസാനം. പക്ഷേ 2026 ഫെബ്രുവരിയില്‍ സംഘര്‍ഷം വീണ്ടും തുടങ്ങി. ഇത്തവണ അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ആക്രമണം നടത്തിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയടക്കം ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വത്തെ ഇസ്രയേല്‍ ശിരച്ഛേദം ചെയ്തു. പക്ഷേ ഹോര്‍മൂസ് കടലിടുക്ക് എന്ന ശക്തമായ ആയുധം ഉപയോഗിച്ച് ഇറാന് ആ ആക്രമണത്തിന് മറുപടി നല്കിയപ്പോള് അത് ലോക സമ്പദ്വ്യവസ്ഥയുടെ കഴുത്തിലെ കുരുക്കായി. ഇറാനിയന്‍ സംഘര്‍ഷം പശ്ചിമേഷ്യയാകെ പടര്‍ന്നു. ഇറാന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ ആക്സിസ് ഓഫ് റെസിസ്റ്റന്സിലുള്ളതും ഇറാന്റെ പ്രോക്സിയുമായ യെമെനിലെ ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണ സംവിധാനങ്ങളെ നിരന്തരം ആക്രമിച്ചകതോടെ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക അവസ്ഥയും പരുങ്ങലിലായി. ചെങ്കടലിലെ ബാബ് എല്‍ മന്ദേബ് ഹൂതികള്‍ അടച്ചതോടെ പശ്ചിമേഷ്യന്‍ എണ്ണവ്യാപാരം ഏതാണ്ട് അവസാനിച്ച മട്ടായി. ലോകമെങ്ങും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും രൂക്ഷമായി. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ യുക്രെയ്നെ അമേരിക്കയ്ക്ക് കൈവിടേണ്ടി വന്നു. ഇതോടെ അമേരിക്കയും യൂറോപ്പും തമ്മില്‍ ശത്രുതയ്ക്ക് സമാനമായ അവസ്ഥയായി. ഈ സാഹചര്യങ്ങളുടെയെല്ലാം ഭാവി ഇസ്രയേലിലെ പുതിയ രാഷ്ട്രീയ നേതൃത്വത്തെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അറബ് പാര്‍ട്ടികളുടെ മുന്നേറ്റം
ഈ തെരഞ്ഞെടുപ്പില്‍ ഇസ്രയേലി ജനത വളരെ കൃത്യമായി വിഭജിക്കപ്പെട്ടു. ഒക്ടോബര്‍ 7 അനന്തര നടപടികളുടെ കാര്യത്തില്‍ നെതന്യാഹു രാഷ്ട്രത്തലവനെന്ന നിലയില്‍ കാഴ്ചവെച്ച പ്രകടനത്തിന് മാര്‍ക്കിട്ടവരും ഇന്റലിജന്‍സ് പരാജയത്തിന് നെതന്യാഹുവിനെ ശിക്ഷിച്ചവരും എന്ന നിലയ്ക്ക് ജൂത ഭൂരിപക്ഷ ഇസ്രയേലി ജനത രണ്ടായിത്തന്നെ നിലകൊണ്ടു എന്നത് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇസ്രയേലിലെ 25 ശതമാനത്തോളം വരുന്ന അറബ്-മുസ്ലിം വോട്ടര്‍മാരിലും ശക്തമായ കേന്ദ്രീകരണം വെളിവായി. വളരെ കൃത്യമായി ന്യൂനപക്ഷ വോട്ടുകള്‍ അറബ് പാര്‍ട്ടികളിലേക്ക് ഒഴുകിയത് അവരുടെ സീറ്റ് നില ഉയരുന്നതിന് കാരണമായി.
രണ്ട് ഇടതു പക്ഷ പാര്‍ട്ടികളുടെയും ഒരു പലസ്തീനി നാഷനലിസ്റ്റ് പാര്‍ട്ടിയുടേയും സഖ്യമായ അറബ് ജോയിന്റ് ലിസ്റ്റ് വലിയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ഇസ്ലാമിസ്റ്റ് സ്വഭാവമുള്ള റഅആം പാര്‍ട്ടിയും നില മെച്ചപ്പെടുത്തി. നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന പുറത്താക്കാന്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ മതിയാകും നിലവില്‍. 2021 ല്‍ നെതന്യാഹവിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ റഅആം പാര്‍ട്ടി നഫ്താലി ബെന്നറ്റി നേതൃത്വത്തിലുള്ള സയണിസ്റ്റ് സഖ്യത്തെ പിന്തുണച്ച ചരിത്രവുമുണ്ട്. നെതന്യാഹുവിനെ ഒഴിവാക്കാന്‍ പിന്തുണയ്ക്ക് തയ്യാറാണെന്ന് ജോയിന്റ് ലിസ്റ്റ് നേതാക്കള്‍ പറഞ്ഞിട്ടുമുണ്ട്. അതായത് പന്ത് ഇപ്പോള്‍ പ്രതിപക്ഷ സയണിസ്റ്റ് സഖ്യത്തിന്റെ കോര്‍ട്ടിലാണ് എന്നര്‍ത്ഥം.
പക്ഷേ ഇവിടെയാണ് യഥാര്‍ത്ഥ കുരുക്ക്. ഇസ്രയേലിന്റെ സുരക്ഷ, പലസ്തീന്, ഗാസ തുടങ്ങിയ വിഷയങ്ങളിലും ഇറാന്, ലെബനന്, സിറിയ അടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങളിലും ഗാദി ഐസന്‍കോട്ടിന് നെതന്യാഹുവിന്റെ ലിക്കൂഡ് പാര്‍ട്ടി നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യവുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. വെസ്റ്റ് ബാങ്കില്‍ നിയമപരമായ ഇസ്രയേലി കുടിയേറ്റത്തിന് ഐസന്‍കോട്ടിന്റെ യഷാറും സഖ്യകക്ഷികളും അനുകൂലമാണ്. പക്ഷേ നിലവില്‍ വെസ്റ്റ് ബാങ്കില്‍ നടക്കുന്നുപോലെയുള്ള കുടിയേറ്റ അതിക്രമങ്ങള്‍ക്ക് അവസാനം കുറിക്കണം എന്ന നിലപാട് ഐസന്‍കോട്ടിന്റെ സയണിസ്റ്റ് സഖ്യത്തിനുണ്ട് എന്നത് ആശ്വാസകരമാണ് എന്ന് മാത്രം. മതവിദ്യാഭ്യാസത്തിലേര്പ്പെടുന്ന യാഥാസ്ഥിതിക ജൂത സമൂഹത്തെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കുക എന്നതിന് ഐസന്‍കോട്ട് അനുകൂലമാണ് എന്നതും നെതന്യാഹു സഖ്യത്തില്‍ നിന്നുള്ള സുപ്രധാന നയവ്യത്യാസമാണ്. പക്ഷേ ഇത് ആഭ്യന്തരമായി ഇസ്രയേലിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ധ്രുവീകരണശേഷിയുള്ള വിഷയമാണ്.
ഗാസ, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഇസ്രയേല്‍ അധിനിവേശമേഖലകളിലെ പലസ്തീനികള്ക്കില്ലാത്ത അവകാശങ്ങള്‍ ഇസ്രയേലി അറബ് ജനതയ്ക്കുണ്ട്. തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പ്രക്രിയയിലും അവര്‍ക്ക് തുല്യമായി പങ്കെടുക്കാന്‍ അറബ് ഇസ്രയേലികള്‍ക്ക് അവകാശമുണ്ട്. ഇത്തവണ നിലമെച്ചപ്പെടുത്തിയ അറബ് പാര്‍ട്ടികള്‍ക്ക് ഭാവി സര്‍ക്കാരിനെ നിര്‍ണയിക്കാനാകും എന്നതിനപ്പുറം ഇസ്രയേലിന്റെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ ശക്തിയായി അവര്‍ക്ക് മാറാന്‍ കഴിയുമെന്നാണ് തെളിയിക്കപ്പെട്ടത്. അതായത് പലസ്തീന് മാത്രമല്ല ഇസ്രയേലിന്റെ വിദേശനയങ്ങളടക്കം സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു ശക്തിയായി മാറാന്‍ സാധ്യതയുണ്ട് എന്ന് അര്‍ത്ഥം.
നെതന്യാഹുവിനെ അതിജിവിക്കാതെ ഇസ്രയേല്‍
നെതന്യാഹു അതിജീവിച്ചു. പക്ഷേ നെതന്യാഹു സൃഷ്ടിച്ച രാഷ്ട്രീയപ്രതിസന്ധിയെ ഇസ്രയേല്‍ അതിജീവിച്ചില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്കുന്ന ഏറ്റവും വലിയ പാഠം. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഈ തെരഞ്ഞടുപ്പിലും ഒറ്റക്കക്ഷിയായി. ലിക്കുഡ് നേതൃത്വം നല്കുന്ന സഖ്യത്തിന് സീറ്റുകള്‍ കുറഞ്ഞെങ്കിലും പ്രതിപക്ഷത്തിന് അതിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. അതായത് നെതന്യാഹുവിനെതിരായ പൊതുജനവികാരത്തെ ബദല്‍ സര്‍ക്കാര്‍ എന്നിലേക്ക് പരിഭാഷപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്നര്‍ത്ഥം.
ഇക്കാര്യം നല്കുന്ന സുപ്രധാന സന്ദേശങ്ങളുണ്ട്. ഒന്ന്, ഒക്ടോബര്‍ 7 ന്റെ ഇന്റലിജന്‍സ് പരാജയത്തിനും സുരക്ഷാവീഴ്ചയ്ക്കും ഉത്തരവാദിയായിട്ടും അക്കാര്യം നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കാന്‍ ഉതകുന്നതായില്ല. രണ്ട്, സൈനിക ശേഷിയും രാഷ്ട്രീയ നൈതികതയും രണ്ടാണ്. അതായത് സൈനിക നേട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും യുദ്ധത്തെക്കുറിച്ചുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശം നല്‍കാനാവാത്തതിനെ ജനം ചോദ്യം ചെയ്യാം. യുദ്ധനേട്ടങ്ങള്‍ എല്ലായ്പോഴും തെരഞ്ഞടുപ്പ് വിജയത്തിന് സഹായകരമാവില്ല. മൂന്നാമത്തെ കാര്യം ഒരു നേതാവിനെ നീക്കം ചെയ്യുക എന്നതിനേക്കാള്‍ പ്രയാസമാണ് പകരമെന്ത് എന്ന് തീരുമാനിക്കുന്നത്. അതായത് ഗാദി ഐസന്‍കോട്ടിന്റെ പ്രതിപക്ഷത്തിന് കൃത്യമായ ഒരു രാഷ്ട്രീയ ബദല്‍ രൂപീകരിക്കാനായില്ല.
എന്താണ് ഭാവി സാധ്യതകള്‍
ഇസ്രയേലില്‍ ഭാവി സാധ്യതകള്‍ എന്തൊക്കെയായിരിക്കും എന്നത് പരിശോധിച്ചാല്‍ ഒന്ന് നെതന്യാഹു മുഖ്യധാരാ പ്രതിപക്ഷ നേതാക്കളെ ഉള്‍പ്പെടുത്തി വിശാല ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നു.
രണ്ട്, നെതന്യാഹു വലതുപക്ഷ-മതദേശീയവാദ പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടരുന്നു. മൂന്ന് ഒരു ചേരിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരിക്കുകയും അനിശ്ചിതത്വം നീളുകയും പുതിയ തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടാകുകയും ചെയ്യുന്നു എന്നിവയാണ്. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗണിതസാധ്യതയുണ്ട്. എന്നാല്‍ അവരുമായി സഹകരിക്കാന്‍ പ്രതിപക്ഷത്തിലെ പ്രധാന പാര്‍ട്ടികള്‍ തയ്യാറാകുമോ എന്നതാണ് നിര്‍ണായകം. ഇവയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് നെതന്യാഹു തീവ്ര വലതുപക്ഷത്തിന്റെ സ്വാധീനം കുറയ്ക്കുന്ന വിശാലമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാകുമോ എന്നതാണ്. എന്നാല്‍ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചതുകൊണ്ടുമാത്രം നയപരമായ ഐക്യം ഉണ്ടാകണമെന്നില്ല. പലസ്തീന്, ഇറാന്, സൈനികസേവനം, ജുഡീഷ്യല്‍ പരിഷ്കാരം തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടരാം.