Source: News Malayalam 24x7
OPINION

മുഖ്യനെ കാത്ത് കേരളം..

പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണത്തിനാണോ ജനവികാരത്തിനാണോ ഹൈക്കമാന്‍ഡ് മാര്‍ക്കിടുക എന്ന ഉദ്വേഗമുനയിലാണ് കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും

Author : പി.പി. പ്രശാന്ത്

ഒന്നുകില്‍ പാര്‍ട്ടി; അല്ലെങ്കില്‍ കെ.സി എന്ന നിലയില്‍ എത്തിയിരിക്കുന്നു കോണ്‍ഗ്രസ്. എംഎല്‍എമാരില്‍ ഭൂരിപക്ഷവും കെ.സി. വേണുഗോപാലിനൊപ്പമാണെങ്കിലും ജനവികാരം വി.ഡി. സതീശനൊപ്പമാണെന്ന ധ്വനി വന്നിരിക്കുന്നു. അത്രമേല്‍ ശക്തമാണ് വി.ഡി.സതീശന് വേണ്ടിയുള്ള പരസ്യപ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളിലെ മുറവിളികളും. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കും എന്ന നിര്‍ണായക തീരുമാനം മണിക്കൂറുകള്‍ക്കകം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടായേക്കും. പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണത്തിനാണോ ജനവികാരത്തിനാണോ ഹൈക്കമാന്‍ഡ് മാര്‍ക്കിടുക എന്ന ഉദ്വേഗമുനയിലാണ് കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും.

മുഖ്യനെ കാത്ത് കേരളം

പന്ത്രണ്ട് വര്‍ഷമായി കേന്ദ്രത്തിലും പത്ത് വര്‍ഷമായി സംസ്ഥാനത്തും അധികാരത്തിനു പുറത്തായ കോണ്‍ഗ്രസിന്, സംസ്ഥാന ഭരണ രാഷ്ട്രീയത്തില്‍ വീരോചിതമായ തിരിച്ചുവരവ് നല്‍കിയ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൻ്റെ മാറ്റുകുറയ്ക്കുന്നതായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസം. 1991ല്‍ലെ മന്ത്രി സഭയില്‍ മുഖ്യമന്ത്രി കെ. കരുണാകരനെതിരെ എ വിഭാഗം ആരംഭിച്ച പടപ്പുറപ്പാട് തെരുവിലേക്ക് വ്യാപിച്ചശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസിലെ നേതൃപ്രശ്‌നം തെരുവിലെത്തുന്നത്. എണ്ണം മാനദണ്ഡമായി തീരുമാനിച്ചാല്‍ കെ.സി വേണുഗോപാല്‍ ആയിരിക്കും മുഖ്യമന്ത്രിയാകുക. ജനവികാരമാണ് പരിഗണിക്കുന്നതെങ്കില്‍ സതീശന് നറുക്കുവീഴും. ഒത്തുതീര്‍പ്പിനുള്ള മാര്‍ഗമാണ് അവലംബിക്കുന്നതെങ്കില്‍ സീനിയോരിറ്റി പരിഗണിച്ച് രമേശ് ചെന്നിത്തലയുമാകാം മുഖ്യമന്ത്രി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ് സതീശനും രമേശും. വി.ഡി. സതീശന് വേണ്ടി വ്യാപകരമായി നടന്ന പ്രകടനങ്ങളില്‍ കെ.സി.വേണുഗോപാലിന് അമര്‍ഷമുണ്ട്.

ഒരു പദം; മൂന്ന് യോഗ്യര്‍

63ല്‍ 46 എംഎല്‍എമാരുടെ പിന്തുണയുറപ്പിച്ച വേണുഗോപാല്‍ പക്ഷം അടുത്ത മുഖ്യമന്ത്രി അദ്ദേഹം തന്നെയെന്ന് ഉറപ്പിക്കുന്നു. എ ഗ്രൂപ്പിലെ 18 പേരുടെ പിന്തുണയും ഇതിലുണ്ട്. കെപിസിസി പ്രസിഡന്റും മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും വേണുഗോപാലിനൊപ്പമാണ്. എംപിമാരില്‍ കെ. സുധാകരന്‍ പരസ്യപിന്തുണയുമായി രംഗത്തുണ്ട്. ഘടക കക്ഷികളുടെ പിന്തുണയുടെ ബലത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നാണ് സതീശന്‍ പക്ഷം കണക്ക് കൂട്ടുന്നത്. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയും തനിക്കുണ്ടെന്നാണ് അവകാശവാദം. സീനിയോരിറ്റിക്ക് മുന്‍തൂക്കം നല്‍കിയുള്ള തീരുമാനമുണ്ടാകുമെന്നാണ് രമേശ് ചെന്നിത്തലയുടെ ക്യാംപ് പ്രതീക്ഷിക്കുന്നത്. തര്‍ക്കമുടലെടുത്താല്‍ സമവായ മുഖമായി നറുക്കുവീഴാം . 23 മുതല്‍ 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ക്യാംപ് അവകാശപ്പെടുന്നുണ്ട് . എംഎല്‍എമാരായി 63 പേര്‍ ഉള്ളപ്പോള്‍ എംപിയായ വേണുഗോപാല്‍ വരേണ്ട കാര്യമില്ലെന്ന വാദത്തില്‍ മാത്രമാണ് സതീശനും രമേശും ഒന്നിക്കുന്നത്. കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ എ.പി അനില്‍കുമാര്‍ കഴിഞ്ഞ ദിവസം രമേശിനെ കണ്ടത് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. മുഖ്യമന്ത്രിപദമല്ലാതെ മറ്റൊന്നും വേണ്ടെന്ന നിലപാട് സതീശന്‍ സ്വീകരിച്ചാല്‍ പ്രതിസന്ധിയുണ്ടാകും. സതീശനായി തെരുവില്‍ അണികളുടെ പ്രതിഷേധവും പ്രചാരണവും ശക്തമാകുന്നതും നേതൃത്വത്തിന് അവഗണിക്കാനാകില്ല.

ഹൈക്കമാന്‍ഡിന് വിഷയം കീറാമുട്ടി

10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമുള്ള ജയം സമ്മാനിച്ചതിൻ്റെ പ്രധാന ക്രെഡിറ്റ് പ്രതിപക്ഷനേതാവിനാണ്. 2021ല്‍ സംസ്ഥാനത്ത് ഇടതു തുടര്‍ഭരണം ഉണ്ടായപ്പോള്‍, പ്രതിപക്ഷ നിരയെ കൂടുതല്‍ ചലനാത്മകവും ഊർജസ്വലവും ആക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പാര്‍ട്ടി നിയോഗിക്കുന്നത്. അന്ന് നെറ്റി ചുളിച്ചവരെ അത്ഭുതപ്പെടുത്തി വി.ഡി. സതീശന്‍ , പാര്‍ട്ടിയുടെ വിശ്വാസം കാത്തു. പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും നിലപാടുകളും, ലോക സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ മാസ്മരിക മുന്നേറ്റവും ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയവും വി.ഡിയുടെ നേതൃത്വത്തിനുള്ള ജനങ്ങളുടെ അംഗീകാരം കൂടിയായിരുന്നു.

കെപിസിസി സമ്മര്‍ദത്തില്‍

പ്രായത്തിലും പ്രവര്‍ത്തനത്തിലും രമേശ് ചെന്നിത്തലയാണു സീനിയര്‍. സംസ്ഥാന, കേന്ദ്ര മന്ത്രിസഭകളില്‍ അംഗമായിരുന്നതിൻ്റെ ആനുകൂല്യം കെസിക്കുണ്ട്. സാമ്പത്തിക ഞെരുക്കം അടക്കം വെല്ലുവിളികള്‍ സര്‍ക്കാരിനു മുന്നില്‍ ഉറപ്പായിരിക്കെ ഭരണപരിചയം പ്രധാനമാണ്. കെ.സി. മുഖ്യമന്ത്രിയായാല്‍ ഒരു നിയമസഭാ സീറ്റിലേക്കും ലോക്‌സഭയില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന ആലപ്പുഴയിലും ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. അത് ഇപ്പോഴത്തെ വിജയത്തിൻ്റെ തിളക്കം നഷ്ടപ്പെടുത്തുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിയാവശ്യം തെരുവിലേക്കെത്തിയതോടെ കെപിസിസിയും സമ്മര്‍ദത്തിലാണ്. കെ.സി. ഹൈക്കമാന്‍ഡിന്റെ ഭാഗമായിരിക്കുമ്പോള്‍ എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മാനദണ്ഡമായി പരിഗണിച്ചാല്‍ അത് ഏകപക്ഷീയ തീരുമാനമായി വ്യാഖ്യാനിക്കപ്പെടാം.

ഭരണപക്ഷത്തിലെ പ്രതിപക്ഷത്താവുമോ സതീശന്‍

2011ല്‍ യുഡിഎഫ് ചുരുങ്ങിയ സീറ്റ് ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന വി.ഡി. സതീശന് പകരം വി.എസ്. ശിവകുമാറിനായിരുന്നു നറുക്കുവീണത്. സ്പീക്കര്‍ സ്ഥാനം നീട്ടിയെങ്കിലും അത് വേണ്ടെന്നു വെച്ച സതീശന്‍ പിന്നീടുള്ള അഞ്ച് വര്‍ഷം 'പാര്‍ട്ടിക്കുള്ളിലെ പ്രതിപക്ഷ'മായി നിലകൊണ്ടു. ഹരിത എംഎല്‍എമാരുടെ നേതാവായ അദ്ദേഹം വിവിധ വിഷയങ്ങളില്‍ ഭരണപക്ഷ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി. ബാര്‍കോഴക്കേസിലും സോളാര്‍ കേസിലും ഭരണപക്ഷത്തെ വിമര്‍ശനങ്ങളാല്‍ മുള്‍മുനയില്‍ നിറുത്തി. ഇനിയും ചരിത്രം ആവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്കുള്ളിലെ മറ്റൊരു വി.എസായി സതീശന്‍ മാറിയേക്കും എന്ന വിലയിരുത്തലുമുണ്ട്. തെരുവിലിറങ്ങിയ അണികളും സാമൂഹിക മാധ്യമങ്ങളിലെ പിന്തുണയും സൂചിപ്പിക്കുന്നത് അതാണ്. ഉമ്മന്‍ചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ലഭിച്ച ജനകീയ നേതാവ് എന്ന പരിവേഷം വി.ഡി. സതീശന് മുഖ്യമന്ത്രി വിവാദം വെച്ചുനീട്ടിയിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയല്ലാത്ത സതീശന്‍ പാര്‍ട്ടിക്ക് തലവേദന ആകുമോ എന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

അഭ്യൂഹങ്ങളും പ്രവചനങ്ങളും സജീവം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ നിന്ന് കെ.സി. വേണുഗോപാല്‍ പിന്മാറിയേക്കും എന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റേയും പിന്തുണ തനിക്കാണെന്നു ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയശേഷം പിന്‍മാറുമെന്നായിരുന്നു ഒരു വിഭാഗം പ്രചരിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം നിലനില്‍ക്കേ എംപിയായ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിലെ അനൗചിത്യവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും തല്‍ക്കാലം മാറിനിന്നാല്‍, രാഷ്ട്രീയ പ്രതിച്ഛായ വര്‍ധിക്കുമെന്ന കണക്കുകൂട്ടലും കെ.സി. വേണുഗോപാല്‍ ക്യാംപിലുണ്ട്.

നിര്‍ണായക വിധി കാത്ത്

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. വൈകിട്ട് ഖര്‍ഗെയുടെ വസതിയില്‍ നേതാക്കളുമായി നിര്‍ണായക ചര്‍ച്ചയും പൂര്‍ത്തിയായിട്ടുണ്ട്.ഏതായാലും ആ നിര്‍ണായക തീരുമാനം വൈകാതെ പ്രഖ്യാപിച്ചേക്കും.അതിന് കാത്തിരിക്കുകയാണ് കേരളം.

SCROLL FOR NEXT