കുറച്ചുകാലമായി ചൂടുപിടിച്ചുകൊണ്ടിരുന്ന ജിഎൻഎ വിവാദത്തെ വൈദ്യുതി പ്രതിസന്ധി തൽക്കാലം ഇല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ കുപ്പിയിലാക്കി അടപ്പിട്ടു. ജിഎൻഎ കരാർ എന്നത് വ്യാജ സൃഷ്ടിയാണെന്നും ജിഎൻഎ വഴിയുള്ള വൈദ്യുതി പരിഗണിച്ചിരുന്നെന്നും ഇപ്പോൾ അതിൻ്റെ ആവശ്യമില്ലെന്നും പറഞ്ഞാണ് വിവാദത്തിൽ നിന്ന് മുഖ്യമന്ത്രി തലയൂരിയത്. ജിഎൻഎയുടെ ദീർഘകാല കരാർ നീക്കം ഇല്ലാതായത് ഒരു തരത്തിൽ സതീശനും സംസ്ഥാനത്തിനും ആശ്വാസം നൽകുന്നുണ്ട്. കാരണം സൗരോർജ വൈദ്യുതി യഥേഷ്ടമുള്ള സംസ്ഥാനത്ത് 15 ഉം 25 ഉം വർഷം മുഴുദിവസ വൈദ്യുതിക്കായി കോടികൾ ചെലവിടേണ്ട അനാവശ്യ ബാധ്യതയാണ് ഇതോടെ ഒഴിവായത്. ജിഎൻഎ ഹിമാചൽ വൈദ്യുതി കരാറിലുള്ള രാഷ്ട്രീയ വിവാദങ്ങൾ കൂടിയാണ് ഇതോടെ തീരുന്നതെങ്കിലും പുകഞ്ഞുനിൽക്കുന്ന ചോദ്യങ്ങൾ ഒരുപാട് അവശേഷിക്കുന്നുണ്ട്. പ്രത്യേകിച്ച്, വൈദ്യുതി പ്രതിസന്ധി ഉണ്ട് എന്ന വൈദ്യുതി മന്ത്രിയുടെ വാദത്തെ കേരളത്തിന് അവഗണിക്കാനാവില്ല. സ്പോട്ട് ലൈറ്റ് അന്വേഷിക്കുകയാണ്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കണക്കുകൾ നിരത്തി, കെഎസ്ഇബി മുൻ സിഎംഡി എം.ജി. രാജമാണിക്യം നൽകിയ ഫയൽ സർക്കാരിൻ്റെ തീരുമാനത്തിനു വിട്ടതിൽ ദുരൂഹതയുണ്ടെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സംശയം. ഇക്കാര്യം അന്വേഷിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഊർജ സെക്രട്ടറിക്കു നിർദേശം നൽകുകയും ചെയ്തിരിക്കുന്നു. സെപ്തംബർ ഇരുപത്തൊൻപതാം തീയതി ലഭിച്ച റിപ്പോർട്ടിൽ, ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ദീർഘകാല പവർ കട്ട് ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കി ആർക്കെങ്കിലും അനുകൂലമായ തീരുമാനമെടുപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നോയെന്നും ഇത് ആരു ചെയ്തെന്നും പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും ഹിമാചൽപ്രദേശിന്റെയും ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെയും വൈദ്യുതി വാങ്ങേണ്ടെന്ന് സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. ഈ മാസവും ഡിസംബറിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
ആവശ്യകതയുടെ 17 ശതമാനം മാത്രം ഉൽപാദനവും 83 ശതമാനം പുറത്തുനിന്നുള്ള വൈദ്യുതിയെയും ആശ്രയിക്കുന്ന കേരളത്തിൽ വൈദ്യുതി പ്രതിസന്ധി എന്നത് സത്യമായി തുടരുന്നു. സോളാർ ശേഷി വർധിച്ചിട്ടുണ്ടെങ്കിലും രാത്രി പീക്ക് ഡിമാൻഡിന് അത് സഹായകമാകാത്തതും ജലവൈദ്യുതി, മഴയെ ആശ്രയിച്ചിരിക്കുന്നതും കാരണമാണ് വൈദ്യുതി മേഖലയിലെ പ്രതിസന്ധി തുടരുന്നത്. പീക്ക് ഡിമാൻഡ് 6000 മെഗാവാട്ടിൽ എത്തിയതോടെ 2026ൽ ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ലോഡ് ഷെഡിങ്ങും പവർ കട്ടുകളും ഉണ്ടായി. തിരിച്ചുകൊടുക്കമന്നേറ്റ് സ്വാപ് കരാർ വഴി വാങ്ങിയ 630 മെഗാവാട്ട് വൈദ്യുതി തിരിച്ചുകൊടുത്തതാണ് വൈദ്യുതി പ്രതിസന്ധി നേരിട്ട സെപ്തംബറിൽ കെഎസ്ഇബിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചത്. നിലവിലെ സാഹചര്യത്തിൽ 5000 മെഗാവാട്ടിൽ ഉപഭോഗം നിലനിറുത്താനായാൽ അടുത്ത മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഇല്ലാതെ മുന്നോട്ടു പോകാനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
ജലവൈദ്യുതി പദ്ധതികളിൽ നിന്നും 1800 മെഗാവാട്ടും കേന്ദ്ര വിഹിതമായി ലഭിക്കുന്ന 1700 മെഗാവാട്ടും അധിക വൈദ്യുതിയായി അനുവദിക്കുന്ന 150 മെഗാവാട്ടുമാണ് സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ 750 മെഗാവാട്ട് വൈദ്യുതി മുമ്പ് ഒപ്പിട്ട ദീർഘകാല കരാറായും ലഭിച്ചുവരുന്നുണ്ട്. അതിനാൽ ആകെ 4500 മെഗാവാട്ടോളം വൈദ്യുതി വലിയ ബുദ്ധിമുട്ടില്ലാതെ സംസ്ഥാനത്തിന് ലഭ്യമാണ്. 500 മെഗാവാട്ടോളം പവർ എക്സ്ചേഞ്ചിൽ നിന്നുകൂടി ലഭ്യമായാൽ ഏറെക്കുറെ വൈദ്യുതി പ്രതിസന്ധിയില്ലാത്ത സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. 150 മെഗാവാട്ട് അധിക വൈദ്യുതി ഡിസംബർ 31 വരെ മാത്രമേ കേന്ദ്ര ഊർജ്ജ മന്ത്രാലയം അനുവദിച്ചിട്ടുള്ളൂ. അതിന് ശേഷം അടുത്ത ജനുവരി മുതൽ ആ വൈദ്യുതി കൂടി കണ്ടെത്തേണ്ടി വരും.
മഴ ലഭിച്ചതിനാലും ബാഹ്യ വിപണിയിലെ ലഭ്യത കൂടിയതിനാലും നിലവിൽ നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ക്ഷാമമുണ്ടാകില്ല എന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി പങ്കുവെക്കുന്നത്. തെക്കേ ഇന്ത്യയിൽ വൈദ്യുതി ആവശ്യകത കുറഞ്ഞതിനെ തുടർന്ന് നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ച് വഴി 61 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യവും ഉണ്ട്. ദീപാവലിയെത്തുടർന്ന് വലിയ വ്യവസായ സ്ഥാപനങ്ങൾക്ക് അവധി വന്നതും ശൈത്യകാലം ആരംഭിച്ചതുമാണ് ഉത്തരേന്ത്യൻ വൈദ്യുതി കൂടുതൽ ലഭ്യമാകാൻ കാരണമാകുന്നത്. തുലാവർഷം മെച്ചപ്പെട്ട രീതിയിൽ ലഭിക്കുന്നതിനാൽ പ്രതിസന്ധി ഇല്ലെന്നാണ് കെഎസ്ഇബിയുടെ പുതിയ റിപ്പോർട്ട്. കെഎസ്ഇബിയുടെ ഈ നിലപാട് എം.ജി. രാജമാണിക്യം സിഎംഡി ആയിരുന്നപ്പോൾ നൽകിയ റിപ്പോർട്ടിന് വിരുദ്ധമാണ്.
പസഫിക് സമുദ്രത്തിലെ താപനിലയിലുള്ള വ്യതിയാനം കാരണം ഈ വർഷം എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനമുണ്ടാകുമെന്നും, ഇത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുമെന്നും കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ച് വൈദ്യുതി ലൈസൻസികൾക്ക് മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ ജൂണിലായിരുന്നു. വൈദ്യുതിപ്രതിസന്ധി എന്ന വിലയിരുത്തലിൽ ഇപ്പോൾ കെ.എസ്.ഇബിയും മന്ത്രിയും എത്താൻ കാരണവും വൈദ്യുതി മേഖലയിൽ നിലനിൽക്കുന്ന ഈ അനിശ്ചിതത്വങ്ങളാണ്. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും, കനത്ത ചൂട് മൂലം സെപ്തംബറിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ ഉയർന്നതും കെ.എസ്.ഇ.ബിക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതിനാൽ എൽ നിനോ ഇഫക്ട് നിലവിൽ പ്രതീക്ഷിക്കപ്പെടുന്ന ജനുവരിയിൽ കാര്യങ്ങൾ മാറിമാറി മറിയാൻ സാധ്യത ഏറെയാണ്. അതിന് കേവലം ആഴ്ചയോ ദിവസങ്ങളോ മാത്രം മതിയാകും എന്നിടത്താണ് ആശങ്ക നിലനിൽക്കുന്നത്.
സെപ്തംബർ ഇരുപത്തൊൻപതാം തീയതി ലഭിച്ച റിപ്പോർട്ടിൽ, ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ദീർഘകാല വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നാണ് അന്നത്തെ സിഎംഡി എം.ജി. രാജമാണിക്യം മുന്നറിയിപ്പ് നൽകിയിരുന്നത്. പീക്ക് അവറിലേക്ക് മാത്രമുള്ള ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശം കെഎസ്ഇബിയും മന്ത്രി സണ്ണി ജോസഫും അനുകൂലിച്ചു. എന്നാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎൻഎ എനർജിയുടെ ഓഫർ തിരഞ്ഞെടുത്തു. ഇത് 2,232 കോടി രൂപ ലാഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഹിമാചൽ പ്രദേശ് വഴി ലഭിക്കേണ്ട വൈദ്യുതിക്ക് കൂടിയ തുകയാണ് ക്വാട്ട് ചെയ്തിരുന്നതെന്നും ഹിമാചൽ പ്രദേശ് വഴി ലഭിക്കേണ്ട വൈദ്യുതി പതിനെട്ടാം തീയതിയോടെ തന്നെ നിലച്ചിരുന്നെന്നും വിശദീകരിച്ചാണ് മുഖ്യമന്ത്രി തന്റെ വാദത്തെ സാധൂകരിക്കുന്നത്.
അതേസമയം കെഎസ്ഇബിയുടെ കൊമേഴ്സൽ & താരിഫ് വിഭാഗം, ഏകദേശം 903 കോടി രൂപയുടെ അധിക ബാധ്യത ജിഎൻഎ കരാർ വഴി ഉണ്ടാകുമെന്നാണ് വിലയിരുത്തിയത്. പ്രതിപക്ഷം വിവാദം ഏറ്റെടുക്കുകയും കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റഗുലേറ്ററി കമീഷൻ നിർദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള ജിഎൻഎ എന്ന സ്വകാര്യ കമ്പനിയുമായുള്ള കരാറിന് റഗുലേറ്ററി കമീഷൻ്റെ അംഗീകാരം കിട്ടില്ലെന്ന സൂചന വെളിപ്പെട്ടതോടെ മുഖ്യമന്ത്രി വിഷയത്തിൽ നിന്ന് തലയൂരുകയായിരുന്നു. അതിനേക്കാളുപരി സൗരോർജ വൈദ്യുതി യഥേഷ്ടമുള്ള സംസ്ഥാനത്ത് 15 ഉം 25 ഉം വർഷം നീണ്ടു നിൽക്കുന്ന ദീർഘകാല കരാർ വഴി മുഴുദിവസ വൈദ്യുതിക്കായി സംസ്ഥാനത്തിന് കോടികൾ ചെലവിടേണ്ടി വന്നേനേ. നിലവിൽ പകൽ സമയത്ത് ഉപയോഗിക്കപ്പെടാതെ തിരിച്ചടക്കുന്ന കോടിക്കണക്കിന് രൂപയുടെ അധിക വൈദ്യുതിക്ക് പുറമെ വലിയ ബാധ്യത കൂടി വൈദ്യുതി ഉപഭോക്താക്കൾ പേറേണ്ടിവരുമായിരുന്ന സാഹചര്യം കൂടിയാണ് ഇതോടെ ഒഴിവാകുന്നത്.
വൈദ്യുതി മന്ത്രിയും മുഖ്യന്ത്രിയുമായുള്ള പരസ്യകലാപമായി ജിഎൻഎ-ഹിമാചൽ കരാർ വിവാദം മാറിക്കഴിഞ്ഞു. തന്റെ സ്വന്തം വകുപ്പിൽ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളും ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളും അന്വേഷണ ഉത്തരവുകളും താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നടത്തിയത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലവിലുണ്ടെന്നും, എന്നാൽ ജിഎൻഎ കരാറിൽ നിന്ന് പിന്നോട്ടുപോകാൻ വേണ്ടി മാത്രമാണ് ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് തുറന്നടിച്ചു.
അതേസമയം വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഫയൽ തൻ്റെ ടേബിളിൽ എത്തിയത് എന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നത മാധ്യമശ്രദ്ധയിൽ നിന്നു തൽക്കാലം മാറ്റാനാണ് നിലവിൽ വൈദ്യുത പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി ഇപ്പോൾ നിലപാടെടുത്തതെന്നും ആരോപണമുയരുന്നുണ്ട്. വകുപ്പ് മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി മുന്നോട്ടുപോയത് എന്തിനായിരുന്നു എന്ന ചോദ്യം ഭരണതലത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചുകഴിഞ്ഞു. സാങ്കേതിക വാദങ്ങൾ നിരത്തി തൽക്കാലം മുഖം രക്ഷിക്കാൻ ശ്രമിക്കുമ്പോഴും വിവാദത്തിൻ്റെ കനലുകൾ പൂർണമായും കെട്ടടങ്ങിയിട്ടില്ല.