OPINION

'ഇന്ത്യ' മോദിയോട് പറഞ്ഞത്

ഈ തെരഞ്ഞെടുപ്പിൽ ഭിന്നവിധി ഇല്ല. അവ്യക്തതയുമില്ല. രാജ്യത്തിന്‍റെ വൈവിധ്യവും നാനാജാതിവൈജാത്യവും സംരക്ഷിക്കാനുള്ള ഏറ്റവും ശക്തമായ വിധിയെഴുത്താണ് ഇത്തവണ ഉണ്ടായത്. ജനാധിപത്യം അതിന്‍റെ നിറങ്ങളെല്ലാം ചാലിച്ചു നടത്തിയ മനോഹരമായ ചിത്രമെഴുത്താണിത്.

Author : പി.എസ് രാംകുമാര്‍

ഈ തെരഞ്ഞെടുപ്പിൽ ഭിന്നവിധി ഇല്ല. അവ്യക്തതയുമില്ല. രാജ്യത്തിന്‍റെ വൈവിധ്യവും നാനാജാതിവൈജാത്യവും സംരക്ഷിക്കാനുള്ള ഏറ്റവും ശക്തമായ വിധിയെഴുത്താണ് ഇത്തവണ ഉണ്ടായത്. ജനാധിപത്യം അതിന്‍റെ നിറങ്ങളെല്ലാം ചാലിച്ചു നടത്തിയ മനോഹരമായ ചിത്രമെഴുത്താണിത്. ഭരണം ഏകമുഖമാകാൻ പുറപ്പെട്ട കാലത്തെല്ലാം ഇന്ത്യയിലെ സാമാന്യജനം കളത്തിലിറങ്ങി തിരുത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മഹത്തായ ഭരണസംവിധാനം ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഇന്ത്യ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. നൂറ്റിനാൽപ്പതുകോടി ജനത ലോകത്തിനു നൽകിയ ആ സന്ദേശമാണ് ഇന്നത്തെ സ്പോട്ട്ലൈറ്റ്.

ഇന്ത്യയുടെ ഓഹരി സൂചികയായ സെൻസെക്സിൽ 4,300 പോയിന്‍റ് ആണ് വിധിദിനത്തിൽ ഇടിഞ്ഞത്. ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്തെന്നതുപോലെ സൂചികകൾ ഇടിഞ്ഞത് നമ്മുടെ ഭരണസംവിധാനം താറുമാറായി എന്ന പേടിയിലൊന്നുമല്ല. ആ കാശ് പിൻവലിച്ച് ഓടിയത് രണ്ടു കൂട്ടരാണ്. ഒന്ന് വിദേശനിക്ഷേപകർ. രണ്ട് അന്നന്നത്തെ കാറ്റുനോക്കി മറിച്ചുവിറ്റു കാശുണ്ടാക്കുന്ന ചൂതാട്ടക്കാർ. ശരിക്കുള്ള അടിയുറച്ച നിക്ഷേപകരൊക്കെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.  ഇന്ത്യയിലെ കർഷകരും സാമാന്യ ജനതയും. വിധിയെഴുതിയ അവരാണ് ഇന്ത്യയുടെ യഥാർത്ഥ നിക്ഷേപകർ. അവർ  ഉത്തർപ്രദേശിലേയും പഞ്ചാബിലേയും ഹരിയാനയിലേയും പാടവരമ്പുകളിൽ  ജയിച്ചങ്ങനെ നിൽപ്പാണ്. അവിടെയാണ് വിജയപതാക പാറുന്നത്.  ഇതിനപ്പുറം എന്തുവേണം നൂറ്റിനാൽപ്പതുകോടി ചിന്തകളുള്ള ഒരു രാജ്യത്തിനു സന്തോഷിക്കാൻ.

2019ൽ ബിജെപി ഒറ്റയ്ക്കു നേടിയത് 37.7 ശതമാനം വോട്ട്. ഇത്തവണ അത് മൂപ്പത്തിയാറര ശതമാനം. ഒരു ശതമാനം മാത്രമാണ് വോട്ടിലെ കുറവ്. പക്ഷേ 2019ൽ തനിച്ച് 303 സീറ്റ് നേടിയെങ്കിൽ ഇത്തവണ കിട്ടിയത് 240 മാത്രം. 1.2 ശതമാനം വോട്ട് കുറഞ്ഞപ്പോൾ നഷ്ടമായത് 63 സീറ്റാണ്.  രാജ്യത്തെ ഭുരിപക്ഷ സമുദായത്തിനിടയിൽ ബിജെപി കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകൊണ്ടു സൃഷ്ടിച്ചെടുത്ത വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടായില്ല. പക്ഷേ, പുറമെ നിന്നുള്ള പിന്തുണ നഷ്ടമായി എന്നാണ് ഈ കണക്കു കാണിക്കുന്നത്.  കോൺഗ്രസിന്‍റെ കണക്കുകളിൽ നിന്ന് അക്കാര്യം കൂടുതൽ വ്യക്തമാകും.
കോൺഗ്രസിന് ഇത്തവണ കിട്ടിയത് 21.19 ശതമാനം വോട്ടാണ്. സീറ്റുകൾ 99ഉം. 2019ലും കോൺഗ്രസിന് 19.67 ശതമാനം വോട്ട് ലഭിച്ചിരുന്നു. കൂടിയത് വെറും ഒന്നര ശതമാനം വോട്ട് മാത്രം. പക്ഷേ സീറ്റ് എണ്ണത്തിൽ വർദ്ധന 90 ശതമാനമാണ്. 52 സീറ്റിൽ നിന്ന് 99ലേക്കുള്ള ആ വളർച്ചയുടെ പേരാണ് ഇന്ത്യൻ ജനാധിപത്യം. അടിസ്ഥാന വോട്ട്  മാറ്റമില്ലാതെ തുടരുമ്പോൾ തന്നെ വന്നുപുണരുന്ന ഈ നിഷ്പക്ഷ വോട്ടർമാരാണ് യഥാർത്ഥത്തിൽ ഭരണത്തെ നിയന്ത്രിക്കുന്നത്.  ശരിക്കും സർക്കാരിനെ നിയന്ത്രിക്കുന്നത്  ഭരണത്തണലിൽ വളർന്നു വരുന്ന ഏതെങ്കിലും കോർപ്പറേറ്റ് കമ്പനികളോ ഓഹരിവിപണിയിൽ പണമിറക്കുന്നവരോ അല്ല. അത് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് ഈ രാജ്യം. വേറെയുമുണ്ട് നമുക്ക് അഭിമാനിക്കാനും ഊറ്റംകൊള്ളാനുമുള്ള കാരണങ്ങൾ.
നരേന്ദ്രമോദിക്കോ രാഹുൽ ഗാന്ധിക്കോ മല്ലികാർജ്ജുൻ ഖാർഗെയ്ക്കോ മമതബാനർജിക്കോ അഖിലേഷ് യാദവിനോ നിതീഷ് കുമാറിനോ അങ്ങനെ ആർക്കു വേണമെങ്കിലും പ്രധാനമന്ത്രിയാകാം. പക്ഷേ,  കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കും എന്നാണ് ഈ ജനത പറഞ്ഞത്. അതറിയാൻ യോഗി ആദിത്യനാഥിന്‍റെ ഉത്തർപ്രദേശിലേക്കു മാത്രം പോയാൽ മതി. അവിടെ ഉണ്ടായ വോട്ട് ഷിഫ്റ്റ് അഥവാ കൂറുമാറ്റം ഏറെക്കുറെ അവിശ്വസനീയമാണ്.

2019ൽ സമാജ് വാദി പാർട്ടിക്ക് അഞ്ചു സീറ്റും 10.63 ശതമാനം വോട്ടും. 2024ൽ വോട്ട് വിഹിതം 33.5 ശതമാനം. 23 ശതമാനത്തിന്‍റെ അത്യുജ്ജ്വല കുതിപ്പ്. സീറ്റ് അതുകൊണ്ടു തന്നെ 37ലേക്ക് ഉയർന്നു. മാത്രമല്ല ഒപ്പം മൽസരിച്ച കോൺഗ്രസിനും കിട്ടി ആറു സീറ്റ്. രണ്ടും ചേർന്നാൽ 43. ഉത്തർപ്രദേശിന്‍റെ പകുതിയിലേറെ മണ്ഡലങ്ങളിൽ ബിജെപി തോൽക്കുന്നത് ജൂൺ നാലിന് രാവിലെ എട്ടുമണിവരെ ആരുടേയും ഭ്രാന്തൻ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. അതും അയോധ്യയിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞു വർഷം ഒന്നും തികയും മുൻപ്. അയോധ്യ ഇരിക്കുന്ന ഫൈസാബാദിൽ ഉൾപ്പെടെയാണ് ബിജെപി തോറ്റത്. വേറെയുമുണ്ട് ഉത്തരദേശപാഠങ്ങൾ.

രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷത്തെ നേതാവ് ഏതൊക്കെ വിധമാണ് അപഹസിക്കപ്പെട്ടത്. തോൽവി ഭയന്ന് അമേത്തിയിൽ പെട്ടിയെടുപ്പുകാരനെ നിർത്തി ഒളിച്ചോടി എന്നുവരെയല്ലേ പരിഹസിച്ചത്. കിഷോരി ലാൽ ശർമ എന്ന കോൺഗ്രസിന്‍റെ ആ വിശ്വസ്തനു മുന്നിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തോറ്റത് ഒന്നും രണ്ടും വോട്ടിനല്ല. എണ്ണം പറഞ്ഞുള്ള ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിനാണ്. റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം മൂന്നു ലക്ഷത്തി തൊണ്ണൂറായിരവും. നരേന്ദ്രമോദിയുടെ ഭൂരിപക്ഷം വാരാണസിയിൽ നാലേമുക്കാൽ ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷത്തിലേക്ക് ഇടിയുന്നതും കണ്ടു. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ ഇന്ദിരാഗാന്ധിയെ തോൽപ്പിച്ച കാരിരുമ്പു കരുത്തുള്ള ജനതയാണ് ഇന്നും രാജ്യത്തുള്ളത്. നന്മകൊണ്ട് അവരുടെ മനസ്സുകീഴടക്കാം, പക്ഷേ ബലപ്രയോഗത്താൽ അവരുടെ മനസാക്ഷിയെ റാഞ്ചാനാകില്ല.

പശ്ചിമബംഗാൾ ജനതയ്ക്ക് ഇപ്പോഴും വിശ്വാസം മമതാ ബാനർജിയിലാണ്. തമിഴ്നാട്ടിൽ സ്റ്റാലിനോട് എന്നതുപോലെ ബംഗാളിൽ ദീദിയോടും ചേരുന്ന കാലത്തുമാത്രമെ ഇടതുപാർട്ടികൾക്കും കോൺഗ്രസിനും ഇനി അവിടെ നിലനിൽപ്പിനു സാധ്യതയുള്ളു. ബിജെപി 2019ൽ നേടിയ പകുതി സീറ്റുകളും ഒറ്റയ്ക്ക് പോരടിച്ച്  അടർത്തിയെടുത്ത മമതാ ബാനർജി ഒരുകാര്യം അച്ചട്ടായി വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ ശത്രുക്കളോട് എത്ര പരുഷമായി പെരുമാറിയാലും സ്വന്തം ജനതയ്ക്കു മുന്നിൽ എങ്ങനെ എത്തുന്നു എന്നതിലാണ് കാര്യം. അലസമുടുത്ത പരുത്തിയും പാറിപ്പറന്ന മുടിയും പൊടി പൗഡർപോലും ഇടാത്ത മുഖവുമായി അവർക്കിടയിൽ നടന്ന് മമത നടത്തുന്ന സംസാരമുണ്ട്. അതിലും ചാരുതയുള്ള കാഴ്ചയൊന്നും സമകാലിക ഇന്ത്യയിൽ ഇല്ല. പ്രസംഗിക്കുമ്പോൾ പോലും ഒരിടത്തും നിൽക്കാതെ ഒന്നും എഴുതിക്കൊണ്ടുവരാതെ പ്രോംപ്റ്ററുകൾ ഇല്ലാതെ ജനങ്ങളുടെ കണ്ണിൽനോക്കിയുള്ള ആ സംസാരമാണ് മമതയെ പ്രിയനേതാവാക്കുന്നത്.  മേക്ക്അപ്പും മേക്ക് ഓവറും അതിവേഗം തിരിച്ചറിയാൻ കഴിയുന്നവരാണ് നമ്മുടെ ജനത.

തമിഴ്നാട്ടിൽ എന്നതുപോലെ ഒന്നിച്ചു നിൽക്കാത്തതുകൊണ്ടു മാത്രം തോറ്റുപോയ അനേകരുണ്ട്. പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. അനന്തനാഗിലും ബരാമുള്ളയിലും തോറ്റ മെഹബൂബ മുഫ്തിയും ഒമർ അബ്ദുല്ലയും . അതുപോലെ ജയിച്ചുവന്ന ചിലർ നൽകുന്ന സന്ദേശങ്ങളുമുണ്ട്. അയോഗ്യനാക്കി പുറത്താക്കിയിട്ടും ജനം വീണ്ടും ജയിപ്പിച്ചുവിട്ടത് രാഹുൽ ഗാന്ധിയെ മാത്രമല്ല.  ബംഗാളിൽ നിന്ന് മെഹുവാ മൊയ്ത്രയും ഉണ്ട് ആ പട്ടികയിൽ.  ഉത്തർപ്രദേശിലെ അമോഹയിൽ തോറ്റ ഡാനിഷ് അലിയും ഒരു പ്രത്യേക പാഠമാണ്.   തമിഴ്നാട്ടിലെ ഡിഎംകെ വിജയം ഏകപക്ഷീയമാണെന്നും പ്രതിപക്ഷമില്ലാതെയാണെന്നുമൊക്കെ വിലയിരുത്തിക്കളയാൻ വരട്ടെ. കോൺഗ്രസും സിപിഐഎമ്മും സിപിഐയും മുസ്ലിം ലീഗും ഉൾപ്പെടെ ഇന്ത്യയുടെ വൈജാത്യം മുഴുവൻ അംഗീകരിച്ച് രൂപപ്പെട്ട ഒരു കൂട്ടുകെട്ടാണ് അവിടെ ജയിച്ചത്. അതിൽ എല്ലാ ശബ്ദവുമുണ്ട്. എല്ലാ ദേശങ്ങളുമുണ്ട്. അതാകണം നമ്മുടെ ഇനിയുള്ള ജനാധിപത്യം. വിയോജിപ്പു നിലനിർത്തിക്കൊണ്ടുതന്നെ ഭിന്നചിന്തകൾ നാടിനായി ഒന്നിച്ചുനിൽക്കുന്നതിലും ഇമ്പമുള്ള കാഴ്ച വേറെ എന്തുണ്ട്.

SCROLL FOR NEXT