ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെ.എം. ഷാജി തടിയൂരി കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. അതേസമയം താനും കുടുംബവും നാട്ടിൽ എത്തിയതിനാൽ തിരിച്ചെടുത്തത് താനാണെന്ന് ഉടമ യാക്കൂബും അവകാശപ്പെട്ടു. കെ.എം. ഷാജി ആവശ്യപ്പെട്ടാൽ റേഞ്ച് റോവർ കാർ ഇനിയും നൽകുമെന്ന് യാക്കൂബും ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന സൂചനയുമായി ഷാജിയും രംഗത്തെത്തി. അതേസമയം സര്‍ക്കാര്‍ അനുവദിച്ച വാഹനം സര്‍വീസിന് നല്‍കിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്ന് പറഞ്ഞ് വിഷയത്തിൽ നിന്ന് തലയൂരുകയാണ് മന്ത്രിയുടെ ഓഫീസ്. ഈ വിഷയം തന്നെയാണ് സ്പോട്ട്ലൈറ്റ് പരിശോധിക്കുന്നത്.
"വിവേചനമോ പക്ഷപാതമോ ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും..." മന്ത്രിമാർ അധികാരം ഏൽക്കുമ്പോൾ എടുക്കുന്ന സത്യപ്രതിജ്ഞയിലെ ഒരു വാചകം ഇങ്ങിനെയാണ്. ഒരു മന്ത്രി ഒരു സ്വകാര്യ വ്യക്തിയിൽ നിന്നോ വ്യവസായിയിൽ നിന്നോ കോടികൾ വിലവരുന്ന ഒരു വാഹനം സൗജന്യമായി വാങ്ങി ഉപയോഗിക്കുമ്പോൾ, മന്ത്രിയിൽ നിന്ന് പ്രത്യുപകാരം പ്രതീക്ഷിച്ചാകും എന്നത് സ്വാഭാവിക ചിന്തയാണല്ലോ. സ്വാധീനിക്കപ്പെടാം എന്ന സാധ്യതയാണ് വിമർശനത്തിന്റെ ആധാരം. ഇത് സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്. സ്വാഭാവികമായി മന്ത്രിമാർക്ക് ചുറ്റും സഹായവാഗ്‌ദാനവുമായി ഒട്ടേറെ പേർ കാണും. കോടികൾ വിലയുള്ള ഒരു വാഹനം മാസങ്ങളോളം സൗജന്യമായി ഉപയോഗിക്കുന്നത് ഇത്തരം ആനുകൂല്യങ്ങളുടെ പരിധിയിൽ വരും എന്നത് അറിയാത്ത ആളല്ല മന്ത്രിമാരായ കെ.എം. ഷാജിയും ടി. സിദ്ദിഖും മുരളീധരനും എല്ലാം. രാഷ്ട്രീയത്തിൽ ഒരു സൗജന്യവും നിഷ്‍കളങ്കമല്ല.
സുഹൃദ്ബന്ധത്തിൻ്റെ പേരിൽ നൽകുന്ന ആനുകൂല്യങ്ങൾ പലപ്പോഴും അധികാര ഇടനാഴിയിലേക്കുള്ള നിക്ഷേപങ്ങളായി മാറാറുമുണ്ട്. നിയമപരമായി അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ തടസ്സമില്ലെങ്കിൽ പോലും, മൂന്നാമതൊരു വ്യക്തിയുടെയോ വ്യവസായിയുടെയോ വാഹനം അത് സൗജന്യമായിപ്പോലും വാങ്ങി അതിൽ ഔദ്യോഗിക ചിഹ്നങ്ങൾ പതിച്ച് ഉപയോഗിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരുമാണ്. ഇനിയും ഉപയോഗിക്കുമെന്നും അതിൽ എന്താണ് കുഴപ്പം എന്നും കെ.എം. ഷാജി എന്ന മന്ത്രി ചോദിക്കുമ്പോൾ പിഎം ശ്രീ വിഷയത്തിൽ സമ്മതിച്ചത് പോലെ കവല പ്രസംഗ രാഷ്ട്രീയക്കാരൻ മാത്രമായി അദ്ദേഹം മാറുന്നു.
കെ.എം. ഷാജി നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നെന്ന പരാതി പുതിയ ആഡംബര വാഹന വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് നേതാക്കൾ ആവർത്തിക്കുന്നുണ്ട്. വിവാദം അവസാനിപ്പിക്കുന്നതിന് പകരം വെല്ലുവിളിയും പ്രകോപനവും സൃഷ്ടിക്കുന്നത് ശരിയല്ലെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന വെല്ലുവിളി ശരിയല്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നിയമപ്രശ്നം എന്നതിലുപരി ധാർമിക പ്രശ്നമായാണ് ഈ വിഷയത്തെ പാർട്ടി സമീപിക്കുന്നത്. അതേസമയം നിയമലംഘനം നടത്തിയിട്ടില്ല എന്ന് കെ.എം. ഷാജി ആവർത്തിക്കുന്ന സ്ഥിതിക്ക് വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എംഎൽഎ ഷാജിക്ക് പിന്തുണ നൽകി രംഗത്തെത്തി. ഒരാൾ ചായ വാങ്ങിത്തന്നാൽ നമ്മൾ കുടിയ്ക്കുന്നത് പോലെ കണ്ടാൽ മതിയെന്ന് പറഞ്ഞ് വിഷയത്തെ നിസ്സാരവൽക്കരിക്കുകയായിരുന്നു മന്ത്രി ടി. സിദ്ദിഖ്.
ഔദ്യോഗിക വാഹനം അനുവദിക്കുന്നതിന്റെ നടപടി ക്രമങ്ങൾ നമുക്ക് പരിശോധിക്കാം. ഓരോ മന്ത്രിക്കും ചുമതലയേൽക്കുമ്പോൾ ടൂറിസം വകുപ്പ് പ്രത്യേകമായി രജിസ്റ്റർ ചെയ്ത 'കേരള സ്റ്റേറ്റ് ബോർഡും കൃത്യമായ സീരിയൽ നമ്പറുമുള്ള വാഹനവുമാണ് അനുവദിക്കുക. ഇതിന്റെ ഇന്ധനം, ഡ്രൈവർ, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം പൂർണ്ണമായും സർക്കാർ ചെലവിലാണ്. ചട്ടപ്രകാരം സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനങ്ങളിൽ മാത്രമേ 'കേരള സ്റ്റേറ്റ്' ബോർഡും മന്ത്രിമാർക്കുള്ള ഔദ്യോഗിക നമ്പറുകളും സ്ഥാപിക്കാൻ പാടുള്ളൂ. എന്നാൽ ഔദ്യോഗിക വാഹനം തകരാറിലാകുകയോ, ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ലാതാകുകയോ ചെയ്യുന്ന അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലികമായി മറ്റൊരു വാഹനം ഉപയോഗിക്കാം. പക്ഷേ, അതിൽ ഔദ്യോഗിക ബോർഡ് വെക്കണമെങ്കിൽ പൊതുഭരണ വകുപ്പിൻ്റെ പ്രത്യേക അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം. ഈ അനുമതി കിട്ടിയിട്ടുണ്ടെന്നാണ് കെ.എം. ഷാജിയുടെ അവകാശ വാദം. പക്ഷേ ഔദ്യോഗിക രേഖകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല.
2006 വരെ അംബാസഡർ കാറുകളായിരുന്നു ഭൂരിഭാഗം മന്ത്രിമാർക്കും നൽകിയിരുന്നത്. 2004ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മറ്റു കാറുകളും മന്ത്രിമാർ ആവശ്യപ്പെട്ടു വാങ്ങിയിരുന്നു. പിന്നീട് ഇന്നോവയിലേക്കു മന്ത്രിമാർ മാറി. 2016 ൽ ഇന്നോവ ക്രിസ്റ്റയും മന്ത്രിമാരുടെ വാഹനങ്ങളായി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 2022ൽ ഇന്നോവ ക്രിസ്റ്റയ്ക്കു പുറമേ കിയ കാർണിവലും വാഹന വ്യൂഹത്തിന്റെ ഭാഗമാക്കിയിരുന്നു. സതീശൻ സർക്കാരിന്റെ മന്ത്രിമാർക്കു പുതിയ വാഹനങ്ങൾ തൽക്കാലം നൽകിയിട്ടില്ല. മന്ത്രി എന്ന നിലയിൽ കെ.എം. ഷാജിക്ക് കിട്ടിയ ഇന്നോവ ക്രിസ്റ്റ കാർ നാല് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് വാഹനം സഞ്ചാരയോഗ്യമല്ലെന്നും ഉള്ള പരാതി അദ്ദേഹം ഉയർത്തിയിരുന്നെന്ന് പറയുന്നുണ്ട്.
ഔദ്യോഗികമായി പുതിയ കാറിനുള്ള ശ്രമം നടത്താതെ , സുഹൃത്തിന്റെ മൂന്ന് കോടിയോളം വിലവരുന്ന 'റേഞ്ച് റോവർ കാർ' ഔദ്യോഗിക ബോർഡ് തൂക്കി ഉപയോഗിച്ച് തുടങ്ങുകയായിരുന്നത്രേ. സര്‍ക്കാരിന്റെ അനുമതിയോടെ തന്നെയാണ് പതിമൂന്നാം നമ്പര്‍ പതിച്ചതെന്നും മൈലേജ് കുറഞ്ഞ വാഹനമായിട്ടും ഇന്ധനച്ചെലവിനായി ഒരു രൂപ പോലും സർക്കാരിൽ നിന്ന് വാങ്ങിയിട്ടുമില്ലെന്നും ഷാജി പരിതപിക്കുന്നുമുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി ഗണേഷ് കുമാർ, സുഹൃത്തുക്കളുടെ കാർ ഔദ്യോഗിക വാഹനമാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് നല്കിയ അപേക്ഷ ഓർമയുണ്ടല്ലോ. സർക്കാർ അനുവദിച്ച വാഹനത്തിന് പുറമെ രണ്ട് സ്വകാര്യ കാറുകളിൽ സ്റ്റേറ്റ് ബോർഡ് വെച്ച് യാത്ര ചെയ്യാനുള്ള അപേക്ഷയായിരുന്നു അത്. 2024 മേയിലായിരുന്നു അത്. നിലവിലള്ള വാഹനം ഓടിക്കാനാകാത്ത അവസ്ഥയിൽ ഒരു സ്വകാര്യ വാഹനത്തിന് സ്റ്റേറ്റ് ബോർഡ് വച്ച് ഓടിക്കാൻ പ്രോട്ടോക്കോൾ ഓഫീസർ അനുമതി നൽകാറുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഗണേഷ്‍ കുമാറിൻ്റെ അപേക്ഷ നിരസിക്കപ്പെട്ടു.
ആഡംബര കാർ വിവാദത്തെപ്പറ്റി പറയുമ്പോൾ 2017 ഒക്ടോബറിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ നയിച്ച 'ജനജാഗ്രതാ യാത്ര'യ്ക്കിടെ പ്രതിപക്ഷം വിവാദമാക്കിയ മിനി കൂപ്പർ വിവാദം പരാമർശിക്കാതെ കടന്നുപോകാനാവില്ലല്ലോ. ജാഥ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ എത്തിയപ്പോൾ, കോടിയേരി ബാലകൃഷ്ണന് സഞ്ചരിക്കാനായി സംഘാടകർ ഒരു ആഡംബര മിനി കൂപ്പർ കാറാണ് നൽകിയത്. ഈ വാഹനം കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നേരിട്ടിരുന്ന കാരാട്ട് ഫൈസൽ എന്ന പ്രാദേശിക നേതാവിന്റേതാണെന്ന് വെളിപ്പെടുത്തി മുസ്‍ലിം ലീഗും ബിജെപിയും രംഗത്തെത്തി. ആ കാർ ആരുടേതാണെന്ന് കോടിയേരിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും, പ്രാദേശികമായി ജാഥാ സ്വീകരണ കമ്മിറ്റിയാണ് വാഹനം ഏർപ്പാടാക്കിയത് എന്നുമായിരുന്നു സിപിഐഎം നൽകിയ വിശദീകരണം. ഏതാനും മണിക്കൂറുകൾ കടന്നുപോകാൻ ഉപയോഗിച്ച വാഹനത്തിന്റെ പേര് പറഞ്ഞ് വിവാദം കൊഴുപ്പിച്ച പാർട്ടിയുടെ നേതാവ് തന്നെയാണ് ആഡംബര കാർ വിവാദത്തിൽ കുടുങ്ങിയത് എന്നത് ഇടതു നേതാക്കൾ വിവാദ പശ്ചാത്തലത്തിൽ ആയുധമാക്കുന്നുണ്ട്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തിന്റെ വാഹന വ്യൂഹങ്ങളിൽ ആകെ 4 കറുത്ത കാറുകളാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സുരക്ഷാ ശുപാർശയെ തുടർന്ന് 2022 ജനുവരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ നിറം വെള്ളയിൽ നിന്ന് കറുപ്പിലേക്ക് മാറ്റിയത്. ഇതിൽ 3 കറുത്ത ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയറും അടങ്ങുന്നു. ഇവ കൂടാതെ 2022ൻ്റെ മധ്യത്തോടെ ഒരു കറുത്ത കിയ കാർണിവൽ കാറും സർക്കാർ വാങ്ങി നൽകിയിരുന്നു. അന്ന് ഈ കാർ വാങ്ങലുകൾക്കെതിരെ യുഡിഎഫ് ധൂർത്ത് ആരോപണം ഉയർത്തിയതുമാണ്. കറുത്ത കാറുകൾ മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷ മുൻനിർത്തി പോലീസ് ഫണ്ടിൽ നിന്നും വാങ്ങി നൽകിയവയായിരുന്നു. അതിനാൽ പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞയുടൻ തന്നെ സുരക്ഷാ വിഭാഗം ഈ കാറുകൾ തിരികെ പോലീസിന്റെ പക്കലേക്ക് മാറ്റി. മുഖ്യമന്ത്രി വി.ഡി. സതീശനാകട്ടെ, തനിക്ക് ഔദ്യോഗിക യാത്രകൾക്ക് വെള്ള കാറുകൾ മാത്രം മതിയെന്നും നിശ്ചയിച്ചു. അവ നിലവിലെ മന്ത്രിമാർക്ക് ആർക്കും തന്നെ വിട്ടുനൽകിയതുമില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയന് അനുവദിച്ചതാകട്ടെ, വെള്ള നിറത്തിലുള്ള കാർ തന്നെ. ചുരുക്കത്തിൽ, ആ കറുത്ത കാറുകൾ ഇപ്പോൾ കേരള പോലീസിന്റെ ഗാരേജിലാണ് ഉള്ളത്. കോടികൾ വില മതിക്കുന്ന ആ വാഹനങ്ങൾ ഉപയോഗിക്കാതെ നശിച്ചുപോയോ എന്നോ ഉപയോഗിക്കുന്നുണ്ടോ എന്നോ അറിയില്ല.
മുൻമന്ത്രി കെ.ടി. ജലീൽ തിരികൊളുത്തിയ വിവാദം അവസാനിച്ചു എന്ന് പറയാനാവില്ല. ഞായറാഴ്ച രാവിലെ ഗൗരവ പ്രശ്നം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തുമെന്ന് മന്ത്രി കെ.എം. ഷാജി എഫ്ബിയിൽ കുറിച്ചിരുന്നു. ഞായറാഴ്ച ഇട്ടതാകട്ടെ, മാലിന്യ പ്രശ്നത്തെ കുറിച്ചുള്ള പോസ്റ്റും. സിപിഐഎം ഒരുക്കുന്ന വിവാദങ്ങൾക്ക് പിന്നാലെ പോകാതെ നാടിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പിറകെ പോയ്ക്കൂടെ എന്ന അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ പോസ്റ്റ് എന്നത് വ്യക്തമാണ്. ശരിയാണ്, നാടിനെ ഒന്നാകെ ബാധിക്കുന്ന മാലിന്യ പ്രശ്നം അതിഗുരുതരമായ, നാട് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. എന്നാൽ ജനപ്രതിനിധിയുടെ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ മാധ്യമ പ്രവർത്തകർക്ക് ആവില്ലല്ലോ...