OPINION

കരസേനാ മുൻ മേധാവിയുടെ പുസ്തകത്തെ സർക്കാർ ഭയക്കുന്നുവോ ?

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരിട്ട് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി. പിന്നാലെ അമിത് ഷായും എത്തി

Author : സുജിത് ചന്ദ്രന്‍

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ ഉന്നയിച്ചത് സമീപകാലത്തെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ ആരോപണമാണ്. 2020ലെ ഇന്ത്യാ ചൈന അതിർത്തി സംഘർഷത്തെപ്പറ്റി കരസേന മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ എഴുതിയ ഓർമക്കുറിപ്പിൻ്റെ ചില ഭാഗങ്ങൾ രാഹുൽ ഗാന്ധി സഭയിൽ വായിച്ചു. കൃത്യമായി പറഞ്ഞാൽ, പെൻഗ്വിൻ പ്രസിദ്ധികരിക്കാനിരിക്കുന്ന ജനറൽ നരവനെയുടെ പുസ്തകത്തെപ്പറ്റി കാരവാൻ മാഗസിൻ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചില ഭാഗങ്ങളാണ് പ്രതിപക്ഷ നേതാവ് വായിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരിട്ട് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി. പിന്നാലെ അമിത് ഷായും എത്തി. സ്പീക്കർ ഓം ബിർള പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ വായിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് റൂളിംഗ് നൽകി. എന്നാൽ, താൻ പുസ്തകമല്ല വായിച്ചതെന്നും തൻ്റെ കയ്യിലുള്ള, ഇന്ത്യയിൽ വിൽപ്പനയിലുള്ള കാരവാൻ മാഗസിനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നിട്ടും ഭരണപക്ഷം വൻ പ്രതിരോധമുയർത്തി. ട്രഷറി ബെഞ്ച് സർവ ശക്തിയിലും രാഹുലിനെ എതിർത്തു. സഭ തടസപ്പെട്ടു. എന്തുകൊണ്ടാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ ഓർമക്കുറിപ്പുകളെപ്പറ്റിയുള്ള ചർച്ച ഭരണപക്ഷത്തെ ഇത്രയും പ്രകോപിപ്പിച്ചത്?

എന്താണ് പുസ്തകത്തിൻ്റെ പ്രമേയവും പരിസരവും ?

2020 ഗാൽവാൻ കുന്നുകളിൽ ഇന്ത്യയും ചൈനയും തമ്മലുണ്ടായ ഏറ്റുമുട്ടൽ രാജ്യത്തിൻ്റെ സമകാലിക ചരിത്രത്തിലെ തന്നെ നിർണായക സംഘർഷമായിരുന്നു. നാല്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യ - ചൈന അതിർത്തിയിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവം. സംഘർഷത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. 2020 ലെ വേനൽക്കാലത്ത് ചൈനീസ് പട്ടാളംകിഴക്കൻ ലഡാക്കിലെ പല മേഖലകളിലും സൈനിക സാന്നിധ്യം ഗണ്യമായി കൂട്ടി. നിയതമായ ഒരു അതിർത്തി രേഖ നിലവിലില്ലാത്ത മേഖലയിലേക്കുള്ള ഈ കടന്നുകയറ്റം ഇന്ത്യ LAC ലംഘനമായി കണക്കുകൂട്ടി. ഇരു സേനാ നേതൃത്വങ്ങളും തമ്മിൽ ചർച്ചകൾ തുടങ്ങിവച്ചെങ്കിലും താഴ്വരയിൽ സ്ഥിതി ക്രമേണ അതീവ സംഘർഷഭരിതമായി. 2020 ജൂൺ 15 രാത്രിയിലാണ് ഗാൽവാൻ താഴ്വരയിൽ ഇരുസൈന്യങ്ങളും വന്യമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഏറ്റുമുട്ടൽ നടന്നത്. അതിർത്തിയിൽ പടക്കോപ്പുകളും വെടിവെപ്പും ഒഴിവാക്കണമെന്ന ഇരുരാജ്യങ്ങളുടെയും പഴയ കരാറുകൾ നിലനിന്നതിനാൽ അന്ന് തോക്കുകൾ ശബ്‌ദിച്ചില്ല. പകരം, കല്ലുകൾ, ഇരുമ്പുകമ്പികൾ, മുള്ളുകൾ തറച്ച ദണ്ഡുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് സൈനികർ ഏറ്റുമുട്ടിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മലനിരകളിലെ കൊടും തണുപ്പും ശീതക്കാറ്റും ഇരുട്ടും ഏറ്റുമുട്ടലിൻ്റെ തീവ്രത അതിഭീതിതമാക്കി. കമാൻഡിംഗ് ഓഫീസറായ കർണൽ ബി. സന്തോഷ് ബാബു ഉൾപ്പെടെ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യു വരിച്ചു. ചൈനീസ് ഭാഗത്ത് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് അവർ ആദ്യം ഔദ്യോഗിക മൗനം പാലിച്ചെങ്കിലും പിന്നീട് ആൾ നഷ്ടം ഉണ്ടായതായി ചൈനയും സ്ഥിരീകരിച്ചു. എന്നാൽ അതിൻ്റെ വ്യാപ്തിയും വിശദാംശങ്ങളും ഒരിക്കലും പുറത്തുവന്നില്ല. അക്കാലത്തെപ്പറ്റിയുള്ള ചില ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ഇന്ത്യയുടെ മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ തൻ്റെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന തൻ്റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്.

ജനറൽ നരവനെ പുസ്തകത്തിൽ പറയുന്നത് എന്തെല്ലാം ?

ജൂൺ പതിനഞ്ചിലെ ഭീകരമായ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ ചൈന അതിർത്തിസംഘർഷം അതിൻ്റെ പരകോടിയിലായി. രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ഇരു രാജ്യങ്ങളും ഒരു പൂർണതോതിലുള്ള യുദ്ധത്തിന് എത്രയരികിൽ എത്തിയിരുന്നു എന്ന് ജനറൽ നരവനെ വെളിപ്പെടുത്തുന്നു. ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനിയെപ്പറ്റി കാരവാൻ മാഗസിനിൽ വന്ന ലേഖനത്തിലാണ് ഈ വിവരങ്ങളുള്ളത്. കിഴക്കൻ ലഡാക്കിലെ റെച്ചിൻ ലാ മലനിരകളിൽ ചൈനീസ് ടാങ്കുകൾ ഇന്ത്യൻ പോസ്റ്റുകൾക്ക് തൊട്ടടുത്തെത്തിയ സമയത്ത്, തിരിച്ചടിക്കാൻ അനുമതി തേടിയിട്ടും രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് വ്യക്തമായ നിർദ്ദേശം ലഭിച്ചില്ലെന്ന് നരവനെ വെളിപ്പെടുത്തുന്നു. ശത്രു തൊട്ടടുത്ത് എത്തിയെന്ന വിവരം ജനറൽ നരവനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് എന്നിവരെ വിളിച്ചറിയിച്ചെങ്കിലും ആരും എന്ത് ചെയ്യണമെന്ന കൃത്യമായ മറുപടി നൽകിയില്ല എന്ന അതി ഗുരുതര വെളിപ്പെടുത്തൽ പുസ്തകത്തിലുണ്ടെന്നാണ് കാരവാൻ ലേഖനം പറയുന്നത്. ഇതാണ് രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ വായിക്കാൻ ശ്രമിച്ചതും തുടർന്ന് സഭാതലം വൻ വാക്കേറ്റത്തിനും നാടകീയ സംഭവവികാസങ്ങൾക്കും സാക്ഷിയായതും.

ലഡാക്കിൽ സൈന്യത്തെ ത്രിശങ്കുവിൽ നിർത്തിയോ ?

കാരവാൻ ലേഖനം ഇങ്ങനെ തുടരുന്നു... 2020 ഓഗസ്റ്റ് 31 ന് രാത്രി 8.15 ന് ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡിൻ്റെ തലവനായ ലെഫ്റ്റനന്റ് ജനറൽ യോഗേഷ് ജോഷിക്ക് ഒരു ഫോൺ കോൾ ലഭിച്ചു . കിഴക്കൻ ലഡാക്കിലെ റെച്ചിൻ ലായിലേക്ക് കുത്തനെയുള്ള പർവത പാതയിലൂടെ നാല് ചൈനീസ് ടാങ്കുകൾ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. അവർക്ക് ചൈനീസ് കാലാൾപ്പടയുടെ അകമ്പടിയുമുണ്ട്. ജോഷി ഈ വിവരം ഉടനടി ജനറൽ നരവനെയെ അറിയിച്ചു. കുറച്ചു മണിക്കൂറുകൾക്ക് മുമ്പ്, ഇന്ത്യൻ സൈന്യം ചൈനയിൽ നിന്ന് പിടിച്ചെടുത്ത തന്ത്രപ്രധാന മേഖലയായ കൈലാഷ് റേഞ്ചിലെ നമ്മുടെ സൈനിക പോസ്റ്റുകളിൽ നിന്ന് ഒരു കിലോമീറ്ററിൽ മാത്രം താഴെയായിരുന്നു ചൈനീസ് പടനീക്കം. അതീവ ഗുരുതര സാഹചര്യം. ഇന്ത്യൻ പട്ടാളം മുന്നറിയിപ്പ് വെടി ഉതിർത്തു... ചൈനക്കാർ അത് കണ്ടില്ലെന്ന ഭാവത്തിൽ മുന്നോട്ട് കയറി വന്നുകൊണ്ടിരുന്നു. ഈ സമയത്താണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് എന്നിവരെ ജനറൽ നരവനെ മാറിമാറി വിളിച്ചത്. എല്ലാവരോടും ഒറ്റ ചോദ്യം. ഇതാണ് സാർ സാഹചര്യം, എന്താണ് എനിക്കുള്ള ഉത്തരവ് ? സാഹചര്യം വഷളായിക്കൊണ്ടിരിക്കെ സൈനിക മേധാവിക്ക് ഒരു വ്യക്തത വേണമായിരുന്നു. മിനിറ്റുകൾ കടന്നുപോയി. 9.10 യോഗേഷ് ജോഷി വീണ്ടും വിളിച്ചു. ചൈനീസ് ടാങ്കുകൾ തൊട്ടടുത്തെത്തിയരിക്കുന്നു. രാത്രി 9.25ന് നരവനെ രാജ്നാഥ് സിംഗിനെ വീണ്ടും വിളിച്ചു. ഒരു വ്യക്തമായ നിർദേശം തരൂ എന്ന് ചോദിച്ചു. അതുണ്ടായില്ല. 'മുകളിൽ നിന്നുള്ള അനുമതിയില്ലാതെ വെടി വെക്കരുത്, എന്ന പ്രോട്ടോക്കോൾ പാലിക്കൂ' എന്ന് മാത്രം നിർദേശം. മീഡിയം ആർട്ടിലറി പീരങ്കികൾ ഉപയോഗിച്ച് മാത്രമേ ചൈനയുടെ പടപ്പുറപ്പാടിനെ തടയാനാകൂ എന്ന് വടക്കൻ കമാൻഡ് അറിയിച്ചു. സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാൻ ആഗ്രഹിക്കുന്ന സൈന്യത്തിലെ സഹപ്രവർത്തകർക്കും, തനിക്ക് കൃത്യമായ ഒരു നിർദേശം തരാത്ത രാഷ്ട്രീയ എക്സിക്യുട്ടീവ് നേതൃത്വത്തിനും ഇടയിൽ താൻ ശരിക്കും പെട്ടുപോയെന്നാണ് മുൻ കരസേനാ മേധാവി എഴുതുന്നത്.

നരവനെയുടെ കയ്യിൽ പൊള്ളുന്ന ഉരുളക്കിഴങ്ങ് വച്ചോ ?

പത്ത് മണിയോടെ ജനറൽ നരവനെ പ്രതിരോധ മന്ത്രിയെ വീണ്ടും വിളിച്ചു. ഞങ്ങൾ ചെയ്യണം എന്ന് വീണ്ടും ചോദിച്ചു. അദ്ദേഹം തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു. സമയം നീണ്ടു. ചൈനീസ് ടാങ്കുകൾ ഓരോ മിനുട്ട് കഴിയുമ്പോഴും മുകളിലേക്ക് അടുക്കുകയാണ്. രാത്രി 10.30 ന് രാജ്‌നാഥ് സിംഗ് തിരിച്ചു വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം സംസാരിച്ചിരുന്നു, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളിൽ ഒറ്റ വാചകം മാത്രമേയുള്ളൂ: "ജൗ ഉചിത് സംഝോ, വോ കരോ"... നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നതെന്തും ചെയ്യുക. ഒരു ചൂടുള്ള ഉരുളക്കിഴങ്ങ് കയ്യിൽ വച്ചുതന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് ജനറൽ നരവനെ. രാഷ്ട്രീയ നേതൃത്വം ഉത്തരവാദിത്തം പൂർണമായും തന്റെ മേൽ വച്ച് തന്നിരിക്കുന്നു. മനസിൽ നൂറായിരം ചിന്തകൾ മിന്നിമാഞ്ഞു. കൊവിഡ് മഹാമാരിയിൽ രാജ്യം വലയുന്ന കാലമാണ്. സമ്പദ് വ്യവസ്ഥയും ആഗോള വിതരണ ശൃഘലകളും തളർന്ന സാഹചര്യം. നമ്മുടെ സൈന്യം എന്തും നേരിടാൻ സുസജ്ജമാണ്. ഈ സമയത്ത് ഒരു യുദ്ധത്തിലേക്ക് പോകണോ ? ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതൃത്വമാണ് ആ തീരുമാനം എടുക്കേണ്ടത്. എക്കാലവും രാജ്യ്തിൻ്റെ പതിവ് അതായിരുന്നു.. 1999-ലെ കാർഗിൽ പോരാട്ടത്തിൽ, അടൽ ബിഹാരി വാജ്‌പേയിയും 1971-ലെ ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ച യുദ്ധത്തിൽ ഇന്ദിരാഗാന്ധിയും ആ തീരുമാനം എടുത്തവരാണ്. ഇവിടെ പക്ഷേ രാഷ്ട്രീയ നതൃത്വം ഉത്തരവാദിത്തം എടുക്കുന്നില്ല. ഇതടക്കം ഒരുപിടി ആരോപണങ്ങളാണ് താൻ സൈനികമേധാവിയായിരുന്ന കാലത്തെ രാഷ്ട്രീയ നേതൃത്വത്തിന് മേൽ ജനറൽ നരവനെ പുസ്തകത്തിൽ ഉന്നയിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ ഉണ്ടാകുന്ന തടസവും കാരവാൻ ലേഖനത്തിലുണ്ട്. 2024 ഏപ്രിലിൽ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി പെൻഗ്വിൻ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതാണ്. ആമസോണും മറ്റ് ഓൺലൈൻ റീട്ടെയിലർമാരും പ്രീ പബ്ലിഷിംഗ് ഓഡറുകൾ സ്വീകരിച്ചുതുടങ്ങിയതാണ്. തുടർന്ന്, മുഴുവൻ പ്രക്രിയയും സ്തംഭിച്ചു. കേന്ദ്രസർക്കാരാണ് പുസ്തക പ്രസിദ്ധീകരണം തടയുന്നതെന്നാണ് രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചത്. ഒരു വർഷത്തിലേറെയായി സർക്കാരിന്റെ മുന്നിലുള്ള ഈ പുസ്തകത്തിന് കേന്ദ്രസർക്കാർ ഇതുവരെ പ്രസിദ്ധീകരണ അനുമതി നൽകിയിട്ടില്ല എന്നതാണ് വാസ്തവം. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ പുസ്തകങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തിൻ്റെ ക്ലിയറൻസ് വേണമെന്നതിനാലാണ് പുസ്തകപ്രകാശനം അനന്തമായി നീളുന്നത്.

എവിടേക്കെല്ലാം പടരും പുതിയ വെളിപ്പെടുത്തലുകൾ ?

ഗാൽവാൻ സംഭവം സ്വതന്ത്ര ഇന്ത്യൻ രാഷ്ട്രതന്ത്രത്തിലെ സുപ്രധാനമായ ഒരധ്യായമായിരുന്നു. ഏഷ്യയിലെ ശക്തിസമവാക്യങ്ങളിലും ദീർഘകാല സ്വാധീനം ചെലുത്തിയ സംഭവം. അതിന് ശേഷം ഇന്ത്യ ചൈന ബന്ധം തീർത്തും വഷളായി. ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചു, നിക്ഷേപ, വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കി. മേഖലയിൽ നിന്ന് വലിയ തോതിൽ ചൈനീസ് സേന പിന്മാറി. ഇന്ത്യൻ സമ്മർദ്ദത്തിന് ഒട്ടൊക്കെ അവർ വഴങ്ങി. നയതന്ത്ര സഹകരണങ്ങൾ ചില മേഖലകളിലെങ്കിലും തിരികെ സ്ഥാപിച്ചു. സൈനികതലത്തിലും നയതന്ത്ര തലത്തിലും പിന്നീട് ചൈനയുമായി നിരവധി റൗണ്ട് ചർച്ചകൾ നടന്നെങ്കിലും, ഇന്നും ഗാൽവാനിലെ മുറിവ് ഇന്ത്യയുടെ ഹൃദയത്തിൽ നിന്ന് ഉണങ്ങിയിട്ടില്ല. ഗാൽവാൻ സംബന്ധിച്ച് മുൻ ഇന്ത്യൻ കരസേനാ മേധാവി തന്നെ നടത്തുന്ന വെളിപ്പെടുത്തലുകൾ ദൂരവ്യാപക പ്രതികരണങ്ങൾ ഉണ്ടാക്കുമെന്നുറപ്പ്. കാരണം, കാരാവൻ ലേഖനത്തിൽ നിന്ന് അറിയുന്നിടത്തോളം അത്ര ലഘുവല്ല മുൻ സൈനിക മേധാവി പറയുന്ന കാര്യങ്ങൾ. ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് ഈ തർക്കത്തിനെല്ലാം തുടക്കമായത് എന്നത് മറ്റൊരു വിരോധാഭാസം.

SCROLL FOR NEXT