സ്പോട്ട്ലൈറ്റ്  NEWS MALAYALAM 24x7
OPINION

ലഹരിക്കടത്ത് പോലെ വാഹനക്കടത്തും അനധികൃതമാണ്; ഇപ്പോഴത്തെ ഭൂട്ടാന്‍ കുരുക്ക് ആരെ ലക്ഷ്യമിട്ട്?

പത്തുവര്‍ഷമായി ഇതേ വാഹനങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ഇവിടെയുണ്ട്. ഇക്കാലമൊന്നും എടുക്കാത്ത നടപടി ഇപ്പോഴെങ്ങനെ വന്നു?

Author : അനൂപ് പരമേശ്വരന്‍

ഭൂട്ടാനില്‍ നിന്ന് എത്തിച്ച ഒരു വണ്ടിയും ഭൂട്ടാനില്‍ പിറവിയെടുത്തതല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഭൂട്ടാനില്‍ കൊണ്ടുവന്ന ശേഷം ഇന്ത്യയിലേക്കു കടത്തിയവയാണ്. ഗോള്‍ഡന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ലഹരിമരുന്നിന്റെ പാതയാണ് ഇത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഭൂട്ടാനില്‍ കൊണ്ടുവന്ന് അവിടെ നിന്ന് ഇന്ത്യയിലേക്കും തെക്കെ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും കൊണ്ടുപോകുന്ന രീതി. ലഹരി മരുന്ന് എന്നതുപോലെ ഈ വാഹനക്കടത്തും അനധികൃതമാണ്. സെക്കന്‍ഡ് ഹാന്‍ഡ് വണ്ടികള്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. മൂന്നുവര്‍ഷം വിദേശത്ത് സ്വന്തമായി ഉപയോഗിച്ച വാഹനം കൊണ്ടുവരാം. അതുകൊണ്ടുവരാന്‍ പോലും 160 ശതമാനം നികുതി അടയ്ക്കണം. ഇതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാണ്. 100 ശതമാനം അനധികൃതമാണ് എന്നറിഞ്ഞു നടന്ന കച്ചവടമാണിത്. ഇങ്ങനെ വരുന്ന വാഹനങ്ങള്‍ എങ്ങനെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു എന്ന ചോദ്യത്തിനാണ് ഉത്തരം ഉണ്ടാകേണ്ടത്. മോട്ടോര്‍ വാഹന വകുപ്പു കൂടി പങ്കാളിയായ രജിസ്‌ട്രേഷനും റീ രജിസ്‌ട്രേഷനുമാണ് നടന്നിരിക്കുന്നത്. ഉടമസ്ഥാവകാശം മാറ്റിയതും മാറ്റാത്തതുമായ ഇരുനൂറോളം വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഈ വണ്ടികളൊക്കെ വര്‍ഷങ്ങളായി ഇവിടെ ഉള്ളതാണ്. ഇത്രയും കാലം എവിടെയായിരുന്നു കസ്റ്റംസും മോട്ടോര്‍ വാഹനവകുപ്പും.

ഭൂട്ടാന്‍ കുരുക്ക് ആരെ ലക്ഷ്യമിട്ട്?

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ നിന്ന് രണ്ടു വാഹനം. പ്രഥ്വിരാജിന്റെ വീട്ടില്‍ പരിശോധന. ഇരുനൂറ് വാഹനം ഉണ്ടെന്നു പറഞ്ഞെങ്കിലും 36 എണ്ണം മാത്രം കസ്റ്റഡിയില്‍. ഇതുവിവരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനം മുകളില്‍ നിന്നാരോ ഇടപെട്ട് അവസാനിപ്പിക്കുന്നു. ഇപ്പോഴത്തെ ഈ പരിശോധനയ്ക്കും നടപടിക്കും പിന്നില്‍ എന്തെങ്കിലും ഇടപെടല്‍ ഉണ്ടോ എന്നാണ് അറിയാനുള്ളത്. കേരളമങ്ങോളമിങ്ങോളം ദേശീയപാതകളിലൂടെ ഇത്തരം വാഹനങ്ങള്‍ ഓടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാജ്യത്ത് എവിടെ ചെന്നാലും ഇവയിലൊന്നെങ്കിലും വഴിയിലുണ്ടാകും. നിസാന്‍ പട്രോളും ടൊയോട്ട ലാന്‍ഡ് ക്രൂസറും ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ഇവയൊന്നും സാധാരണക്കാരുടെ വണ്ടിയില്ല. സാധാരണ രീതിയില്‍ കൊണ്ടുനടക്കാനും കഴിയില്ല. പത്തുവര്‍ഷമായി ഇതേ വാഹനങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ഇവിടെയുണ്ട്. ഇക്കാലമൊന്നും എടുക്കാത്ത നടപടി ഇപ്പോഴെങ്ങനെ വന്നു? സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അങ്ങനെ വന്ന വാഹനങ്ങളാണോ എന്ന് രജിസ്‌ട്രേഷന്‍ സമയത്തെ രേഖ പരിശോധിച്ചാല്‍ തന്നെ വ്യക്തമാവുകയും ചെയ്യും. ഇക്കാലം മുഴുവന്‍ ഇവ റോഡിലൂടെ ഓടിയിട്ട് എന്തുകൊണ്ടാണ് മോട്ടോര്‍ വാഹനവകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തത്?

ഈ വണ്ടികളൊക്കെ വര്‍ഷങ്ങളായി ഇവിടെ ഉള്ളതാണ്. ഇത്രയും കാലം എവിടെയായിരുന്നു കസ്റ്റംസും മോട്ടോര്‍ വാഹനവകുപ്പും

അമിത് ചക്കാലയ്ക്കല്‍ പറയുന്നത്

അമിത് ചക്കാലയ്ക്കലിന്റെ സ്ഥാപനത്തില്‍ നിന്ന് ആറു വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതില്‍ ഒരെണ്ണം മാത്രമാണ് തന്റെ പേരിലുള്ളതെന്നാണ് അമിത് പറയുന്നത്. ബാക്കിയുള്ളവ ഉടമകള്‍ പണിയിക്കാന്‍ കൊണ്ടുവന്നതെന്നാണ് വിശദീകരണം. നിസാന്റേയും ടൊയോട്ടയുടേയുമൊക്കെ വാഹനങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ വര്‍ക് ഷോപ്പ് വരെയെത്തിയത്? അത് വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ട കാര്യമാണ്. ഇതുവരെയുള്ള വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ഭൂട്ടാനില്‍ എത്തിക്കുന്ന വാഹനങ്ങള്‍ പൊളിച്ച് പല കണ്ടെയ്‌നറുകളിലായി ഇന്ത്യയില്‍ എത്തിക്കുകയാണ്. ഇവിടെ എത്തിച്ച ശേഷമാണ് വിദഗ്ധമായി ഇവ കൂട്ടിച്ചേര്‍ക്കുന്നത്. കൂട്ടിച്ചേര്‍ത്ത വാഹനങ്ങള്‍ ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്യുന്നു. ആ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഹിമാചലില്‍ ഇവ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത് എങ്ങനെയാണ്? 1999ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു എന്ന രേഖകളുള്ള വാഹനമാണ് അമിത് ഉപയോഗിക്കുന്നത്. 2014ല്‍ നിര്‍മിച്ച വാഹനങ്ങള്‍ വരെ 2005ല്‍ റജിസ്‌ടേഷന്‍ നടത്തിയെന്ന രേഖയുണ്ട്. ഈ തട്ടിപ്പുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഈ കൊള്ളരുതായ്മകളൊക്കെ ചെയ്യുന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്. നിരന്തരം ഉദ്യോഗസ്ഥര്‍ മാറിമാറി വരുന്ന ഈ സംവിധാനത്തില്‍ എല്ലാവരും ഇതില്‍ പങ്കാളിയായി, അല്ലെങ്കില്‍ കണ്ണടച്ചു. കേരളത്തിലെ റോഡുകളിലൂടെ പോകുന്ന ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ എന്തുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പിന് ഒരു തവണപോലും സംശയം തോന്നാത്തത്. അവ പിടിച്ചെടുത്ത് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?

ഇതുവരെയുള്ള വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ഭൂട്ടാനില്‍ എത്തിക്കുന്ന വാഹനങ്ങള്‍ പൊളിച്ച് പല കണ്ടെയ്‌നറുകളിലായി ഇന്ത്യയില്‍ എത്തിക്കുകയാണ്

പുതിയ പ്രതികളെ സൃഷ്ടിക്കുന്ന റെയ്ഡ്

നടന്‍ പൃഥ്വിരാജിന്റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്തിയില്ല. എന്നാല്‍ ഇടപാടുകള്‍ നടത്തിയ ചില രേഖകള്‍ പിടിച്ചു എന്നാണ് പറയുന്നത്. വാഹന ഉടമകള്‍ ഈ തട്ടിപ്പിന്റെ ഇങ്ങേ അറ്റത്തുള്ളവരാണ്. ഇവര്‍ ഇറക്കുമതി ചെയ്യുന്നതോ കടത്തിക്കൊണ്ടുവരുന്നതോ അല്ല ഈ വാഹനങ്ങള്‍. ഇടനിലക്കാര്‍ ഇവര്‍ക്കു വില്‍ക്കുന്നതാണ്. ഹിമാചലിലും ഡല്‍ഹിയിലുമൊക്കെ റജിസ്റ്റര്‍ ചെയ്തതിന്റെ അസല്‍ രേഖകള്‍ കണ്ട് ബോധ്യപ്പെട്ട് വാങ്ങുന്നവരാണ്. പക്ഷേ, എല്ലാക്കുറ്റവും ഇപ്പോള്‍ വാഹന ഉടമകളിലേക്കാണ് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഗാരേജില്‍ നിന്ന് രണ്ടു വാഹനം പിടിച്ചെന്നും പൃഥ്വിരാജിന്റെ വീട്ടില്‍ കയറിയെന്നും പറയുന്നതിനാണ് വാര്‍ത്താ പ്രധാന്യം. ആ വാര്‍ത്തയാണ് കഴിഞ്ഞദിവസം കേരളത്തില്‍ സൃഷ്ടിച്ചത്. 150 മുതല്‍ ഇരുനൂറുവരെ വാഹനം കേരളത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ ഇവ എന്നേ കണ്ടുകെട്ടേണ്ടതായിരുന്നു. ഇവ ഓടാന്‍ അനുവദിക്കാന്‍ പോലും പാടില്ലാത്തതായിരുന്നു. ആത്യന്തികമായി കുറ്റക്കാര്‍ രജിസ്റ്റര്‍ ചെയ്തവരും റീ റജിസ്റ്റര്‍ ചെയ്തവരുമാണ്. ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും പോലുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം ശൃംഖലകളില്‍ എത്തിപ്പെടുന്നവരാണ്. പണമുള്ളവര്‍ക്കു മാത്രമേ ഇത്തരം വാഹനങ്ങള്‍ വാങ്ങാന്‍ കഴിയൂ. ഇവ വാങ്ങാന്‍ മാത്രം പ്രതിഫലം ലഭിക്കുന്നവരാണ് ഈ താരങ്ങള്‍. അങ്ങനെ അവര്‍ സ്വാഭാവിക കുറ്റക്കാരായി മാറുകയാണ്.

ആത്യന്തികമായി കുറ്റക്കാര്‍ രജിസ്റ്റര്‍ ചെയ്തവരും റീ റജിസ്റ്റര്‍ ചെയ്തവരുമാണ്. ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും പോലുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം ശൃംഖലകളില്‍ എത്തിപ്പെടുന്നവരാണ്

ആനക്കൊമ്പും പുലി നഖവും മുതല്‍

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവമുണ്ടായി. അതിന്റെ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. എല്ലാവര്‍ക്കും അറിയാം മോഹന്‍ലാല്‍ തോക്കുമായി കാട്ടില്‍ പോയി നായാട്ട് നടത്തിയിട്ടില്ലെന്ന്. അതു മറ്റേതെങ്കിലും വഴിയില്‍ കിട്ടുന്നതാണ്. അങ്ങനെ ഒരെണ്ണം കിട്ടുമ്പോള്‍ അതിന്റെ ഉറവിടം എന്താണെന്ന് അന്വേഷിക്കാന്‍ നടന് ബാധ്യതയുണ്ട് എന്ന വലിയ പാഠമാണ് ആനക്കൊമ്പ് പഠിപ്പിച്ചത്. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി പുലിനഖ മാല ധരിച്ചു എന്നൊരു കേസ് നടക്കുന്നുണ്ട്. അങ്ങനെയൊരു മാല കണ്ടെടുക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, കേസ് ഒരെണ്ണം എയറില്‍ നില്‍ക്കുന്നുണ്ട്. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഉപയോഗിച്ച കേസ് വേറെയും ഉണ്ടായിരുന്നു. അതുപോലെ തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്റേയും മറ്റും വാഹന ഉടമസ്ഥതയും. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഉറവിടം എന്താണെന്നു കണ്ടെത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വാഹനങ്ങളുടെ രേഖകള്‍ സംബന്ധിച്ച് പൂര്‍വ ഉടമസ്ഥതകള്‍ മുഴുവന്‍ അറിയാന്‍ എളുപ്പമാണ്. 2014ല്‍ പുറത്തിറങ്ങിയ മോഡലിലുള്ള വണ്ടി 2005ല്‍ റജിസ്റ്റര്‍ ചെയ്തു എന്ന രേഖ കണ്ടാല്‍ തന്നെ സംശയിക്കണം. ഉടമകള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് അതു സാധിക്കണം. കുറ്റക്കാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടുക തന്നെ വേണം.

SCROLL FOR NEXT