യുദ്ധമുഖത്ത് ഒരു സൈനികനെപ്പോലും അയക്കാതെ, ഒരു വെടിയുണ്ട പോലും ഉതിർക്കാതെ, മറ്റൊരു രാജ്യത്തിനെതിരെ യുദ്ധസമാന നീക്കം നടത്താൻ സാധിക്കുമോ? സാധിക്കുമെന്നാണ് ബഹിരാകാശത്തു നിന്നും ആഴക്കടലിൽ നിന്നും സൈബർ ലോകത്തു നിന്നും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഏപ്രിൽ 22ന് പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിനും അതിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിനും പിന്നിൽ ചൈനയുടെ പങ്കെന്തായിരുന്നു എന്ന നിർണായക ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് കശ്മീരിനു മുകളിലൂടെ കൂടുതൽ തവണ കടന്നുപോകാൻ പാകത്തിൽ ഭ്രമണപഥം മാറ്റിയ ചൈനീസ് ഉപഗ്രഹങ്ങൾ, ഓപ്പറേഷൻ സിന്ദൂർ കാലത്ത് ഗുജറാത്ത് തീരത്തെ തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ചൈനീസ് ചാരക്കണ്ണുകൾ, ഇന്ത്യയുടെ ഡിജിറ്റൽ ശൃംഖലകളെ ലക്ഷ്യമിട്ട സൈബർ ആക്രമണങ്ങൾ, അത്യാധുനിക സെൻസറുകളുള്ള ചൈനീസ് നിരീക്ഷണ കപ്പലുകളുടെ സാന്നിധ്യം, അമേരിക്കൻ കോൺഗ്രസ് സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടും ബെംഗളൂരുവിലെ 'ദിഗന്തര' എന്ന ബഹിരാകാശ നിരീക്ഷണ സ്റ്റാർട്ടപ്പ് പുറത്തുവിട്ട വിവരങ്ങളും ബെയ്ജിംഗും ഇസ്ലാമാബാദും തമ്മിലുള്ള സൈനിക-തന്ത്രപരമായ സഹകരണത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
എന്തായിരുന്നു പഹൽഗാമിന് മുകളിൽ ആ ദിവസങ്ങളിൽ സംഭവിച്ചത്? ചൈന എങ്ങനെയാണ് പാകിസ്ഥാന് പിന്തുണ നൽകി കരുത്തുപകർന്നത്? സ്പോട്ട്ലൈറ്റ് ഇന്ന് പരിശോധിക്കുന്നത് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ആശങ്കാകുലമാക്കുന്ന ആ രഹസ്യ നീക്കങ്ങളെപ്പറ്റിയാണ്. പഹൽഗാം: ഇന്ത്യക്കെതിരെ ചൈന നയിച്ച 'നിഴൽ യുദ്ധമോ?'
2025 ഏപ്രിൽ 15 മുതൽ 30 വരെയുള്ള കാലയളവിൽ ചൈനയുടെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ പതിവ് സഞ്ചാരപഥങ്ങളിൽ അസാധാരണമായ മാറ്റങ്ങൾ വരുത്തി. ഒന്നും രണ്ടും തവണയല്ല, 37 അസാധാരണ ഭ്രമണപഥ മാറ്റങ്ങൾ! പഹൽഗാമിൽ ചോര വീഴുന്നതിനും ദിവസങ്ങൾക്കു മുമ്പേ കശ്മീരിനു മുകളിലൂടെയുള്ള സഞ്ചാരപഥങ്ങളിൽ ചൈനീസ് ഉപഗ്രഹങ്ങൾ മാറ്റം വരുത്തുകയായിരുന്നു. ബെംഗളൂരുവിലെ 'ദിഗന്തര' എന്ന ബഹിരാകാശ നിരീക്ഷണ സ്റ്റാർട്ടപ്പ് പുറത്തുവിട്ട വിവരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലായിരുന്നു ഇത്. കുറച്ചുകൂടി വിശദമാക്കിയാൽ, ആക്രമണത്തിന് കൃത്യം ആറു ദിവസം മുമ്പ്, ഏപ്രിൽ 16ന്, ചൈനയുടെ 'യാവോഗൻ-35 സീറോ വൺ എ' എന്ന ഉപഗ്രഹം ഭ്രമണപഥം മാറ്റിയതോടെ പഹൽഗാമിനു മുകളിലൂടെയുള്ള അതിന്റെ സഞ്ചാരാവസരങ്ങൾ ഇരട്ടിയായി. ഇതേ ദിവസം ചൈനയുടെ 'ഷിജിയാൻ-20' അഥവാ 'SJ-20' ഉപഗ്രഹവും സഞ്ചാരനിരക്കിൽ മാറ്റം വരുത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ മേഖലയും ഇന്ത്യൻ മഹാസമുദ്രവും നിരീക്ഷിക്കാൻ കൂടുതൽ അനുയോജ്യമായ സ്ഥാനത്തേക്ക് നീങ്ങി. ഭീകരാക്രമണം നടന്ന ഏപ്രിൽ 22ന് വൈകീട്ട് 5.14നും 5.59നും 'യാവോഗൻ-39 സീറോ വൺ ബി', 'യാവോഗൻ-39 സീറോ വൺ സി' എന്നീ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ മാറ്റം വരുത്തി. ആക്രമണത്തിനു ശേഷവും ഈ അസാധാരണ നീക്കങ്ങൾ തുടർന്നു. ഏപ്രിൽ 29ന് ഭ്രമണപഥ മാറ്റങ്ങളുടെ എണ്ണം 37 ആയും ഏപ്രിൽ 30ന് 31 ആയും ഉയർന്നു. പഹൽഗാം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾക്ക് മുകളിലൂടെ ഉപഗ്രഹങ്ങൾക്ക് കൂടുതൽ തവണ നിരീക്ഷണാവസരം ലഭിച്ചിരിക്കാമെന്ന ദിഗന്തരയുടെ വിലയിരുത്തലാണ് ഈ വെളിപ്പെടുത്തലിനു പിന്നാലെ ഗൗരവമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ അന്താരാഷ്ട്ര വേദികളിൽ ചൈന സ്വീകരിച്ച നിലപാടും ശ്രദ്ധേയമായിരുന്നു. പഹൽഗാം ആക്രമണത്തെ പരസ്യമായി അപലപിച്ച ചൈന, അതോടൊപ്പം ഇന്ത്യയുടെയും പാകിസ്താന്റെയും നിലപാടുകളെ ഒരേ തട്ടിൽ കാണുന്ന സമീപനമാണ് സ്വീകരിച്ചത്. പാകിസ്താന്റെ 'നിയമാനുസൃതമായ സുരക്ഷാ ആശങ്കകൾ' പൂർണമായി മനസ്സിലാക്കുന്നുവെന്ന് പ്രഖ്യാപിച്ച ബെയ്ജിങ്, വേഗത്തിലുള്ളതും നീതിയുക്തവുമായ അന്വേഷണം വേണമെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. 2025 മേയ് 7ന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ച് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ ചൈനയുടെ പ്രതികരണം കൂടുതൽ വ്യക്തമായി. ഇന്ത്യയുടെ സൈനിക നടപടിയെ 'ഖേദകരം' എന്നാണ് ചൈന വിശേഷിപ്പിച്ചത്. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുക്കുകയും പിന്നീട് അവകാശവാദം പിൻവലിക്കുകയും ചെയ്ത 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന സംഘടനയുടെ പേര് യുഎൻ രക്ഷാസമിതിയുടെ പ്രസ്താവനയിൽ നിന്ന് ഒഴിവാക്കാനുള്ള പാകിസ്ഥാൻ്റെ ന്റെ നയതന്ത്ര നീക്കത്തെ ചൈന പിന്തുണച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. തുടർന്ന് 2025 ജൂൺ 26ന് ചൈനയിലെ ക്വിങ്ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലും ഈ ഭിന്നത പ്രകടമായി. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശമില്ലാത്തതും പാകിസ്താനിലെ ബലൂചിസ്ഥാൻ ആക്രമണത്തെക്കുറിച്ച് പരാമർശമുള്ളതുമായ കരട് സംയുക്ത പ്രസ്താവനയിൽ ഇന്ത്യ എതിർപ്പ് ഉന്നയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രേഖയിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ സമവായത്തിലെത്താനാവാതെ യോഗം പിരിഞ്ഞു. സംയുക്ത പ്രഖ്യാപനവും പുറത്തിറങ്ങിയില്ല.
ഓപ്പറേഷൻ സിന്ദൂർ സംഘർഷസമയത്ത് ചൈന പാകിസ്ഥാന് നൽകിയത് കേവലം നയതന്ത്ര പിന്തുണ മാത്രമായിരുന്നില്ല എന്നതിൻ്റെ നിർണായക വിവരങ്ങളാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ അഥവാ USCC 2026ൻ്റെ വാർഷിക റിപ്പോർട്ടിലുള്ളത്. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വിമാന നിർമാണ കമ്പനിയായ 'ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന' അഥവാ AVICയുടെ സാങ്കേതിക വിദഗ്ധർ പാകിസ്ഥാനിൽ നേരിട്ടെത്തി വിദഗ്ധ സാങ്കേതിക സഹായം നൽകിയിരുന്നു. ചൈനീസ് യുദ്ധവിമാനങ്ങളുടെ വികസനത്തിൽ നിർണായക പങ്കുള്ള AVIC എൻജിനീയർ ഴാങ് ഹെങ് 2026 മെയ് മാസത്തിൽ ചൈനീസ് ഔദ്യോഗിക ചാനലായ CCTVക്ക് നൽകിയ അഭിമുഖത്തിലാണ് 2025 മെയ് മാസത്തിലെ സംഘർഷ കാലത്ത് താനും സംഘവും പാകിസ്ഥാനിൽ നേരിട്ട് സാങ്കേതിക സഹായം നൽകിയെന്ന് വെളിപ്പെടുത്തിയത്.
പാകിസ്ഥാൻ ഉപയോഗിച്ച അത്യാധുനിക ആയുധങ്ങളിൽ ഭൂരിഭാഗവും ചൈനയിൽനിന്നുള്ളവയായിരുന്നു എന്നത് കൂടി ഈ വെളിപ്പെടുത്തലിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്. സ്റ്റോക്ക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം 2020 മുതൽ 2024 വരെ പാകിസ്ഥാൻ ഇറക്കുമതി ചെയ്ത പ്രധാന ആയുധങ്ങളുടെ 81 ശതമാനവും ചൈനയിൽനിന്നാണ്. യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മിസൈലുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയിലെല്ലാം പാകിസ്ഥാൻ ചൈനയെയാണ് ആശ്രയിക്കുന്നത്. ചൈനീസ് ആയുധങ്ങളും നേരിട്ടുള്ള സാങ്കേതിക സഹായവും പാകിസ്ഥാന്റെ സൈനിക ശേഷിക്ക് കരുത്തുപകർന്നുവെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇന്ത്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള തത്സമയ ഉപഗ്രഹ ചിത്രങ്ങളോ രഹസ്യാന്വേഷണ വിവരങ്ങളോ ചൈന പാകിസ്ഥാന് കൈമാറിയിരിക്കാമെന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ ആരോപണവും റിപ്പോർട്ടിലുണ്ട്.
കശ്മീരിലും പഞ്ചാബിലുമായിരുന്നു പ്രധാന സൈനിക നീക്കങ്ങളെങ്കിലും, ഓപ്പറേഷൻ സിന്ദൂർ കാലത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ നിരീക്ഷണം ഗുജറാത്ത് തീരത്തേക്കും വ്യാപിച്ചിരുന്നു. 'ദിഗന്തര'യുടെ വിശകലനപ്രകാരം, 'നിങ്സിയ-14', 'ഗാവോഫെൻ-11', 'യാവോഗൻ-30' എന്നീ ഉപഗ്രഹങ്ങൾ മേയ് 10, 11 തീയതികളിൽ ഭുജ്, നലിയ, ജാംനഗർ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രധാന നാവിക-വ്യോമ താവളങ്ങൾക്കും ജാംനഗർ റിഫൈനറിക്കും സമീപമുള്ള ഈ നിരീക്ഷണത്തിനു പുറമെ, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപവും ബംഗാൾ ഉൾക്കടലിലും ചൈനീസ് സർവേ കപ്പലുകളുടെ സാന്നിധ്യം USCC റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു... ഇതോടൊപ്പം, ഇന്ത്യൻ സർക്കാർ ഐ.ടി സംവിധാനങ്ങൾ, ടെലികോം ശൃംഖലകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ട് വ്യാപക സൈബർ ആക്രമണങ്ങളും നടന്നു. ഇവയിൽ ഏറ്റവും ആപൽകരമായ ആക്രമണങ്ങൾ ചൈനീസ് മണ്ണിൽനിന്നാണ് ഉണ്ടായതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ സമീർ ലാൽവാനി USCC-ക്ക് നൽകിയ മൊഴിയിൽ ആരോപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വളർച്ചയെ തടയിടാനുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ചൈന പാകിസ്ഥാനുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് USCC റിപ്പോർട്ട് വിലയിരുത്തുന്നു. ആഗോള ഉൽപാദന ശൃംഖലയിൽ തങ്ങൾക്ക് പകരക്കാരനായി വളരാൻ സാധ്യതയുള്ള ഇന്ത്യയെ രണ്ട് അതിർത്തികളിലും ഒരേസമയം സമ്മർദത്തിലാക്കുകയാണ് ബെയ്ജിംഗിന്റെ ലക്ഷ്യം. അതേസമയം, ഈ വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. 'ഓപ്പറേഷൻ സിന്ദൂറി'നിടെ പാകിസ്ഥാന് ചൈനീസ് സൈനിക സഹായം ലഭിച്ചതായി ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് തുറന്നുപറഞ്ഞപ്പോൾ, മുൻ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ കൂടുതൽ കരുതലോടെയാണ് പ്രതികരിച്ചത്. സൈനിക നേതൃത്വത്തിന്റെ ഈ ഭിന്നത, ദിഗന്തരയുടെ ഉപഗ്രഹ വിശകലനവും USCC റിപ്പോർട്ടും പുറത്തുവന്നതോടെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഓപ്പറേഷൻ സിന്ദൂർ തുറന്നുകാട്ടിയത് പാകിസ്താനു പിന്നിലെ ചൈനീസ് സൈനിക-സാങ്കേതിക കരുത്തിനെയാണ്. ആയുധങ്ങളും രഹസ്യാന്വേഷണ പിന്തുണയും നയതന്ത്ര ഇടപെടലുകളും ചേർന്ന ഈ കൂട്ടുകെട്ട് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇന്ത്യക്കെതിരെ ചൈന നയിക്കുന്നത് ഒരു 'നിഴൽ യുദ്ധ'മാണോ എന്ന ചോദ്യം ഇനി അവഗണിക്കാനാവില്ല.