ഇന്ത്യയില്‍ പെട്രോള്‍ വില നയാപൈസ പോലും കുറയാതെ നില്‍ക്കാന്‍ തുടങ്ങിയിട്ട് 500 ദിവസം പിന്നിട്ടു. 500 ദിവസം മുന്‍പ് കുറഞ്ഞത് രണ്ടു രൂപയാണ്. അത് 2024 മാര്‍ച്ച് 15ന്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് നാലു ദിവസം മുന്‍പ് രണ്ടു രൂപ കുറച്ചതാണ്. ആ രണ്ടു രൂപയുടെ കുറവ് അവഗണിച്ചാല്‍ 2022 മേയ് 22 ന് ശേഷം വില മാറിയിട്ടേയില്ല. അതായത് തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടു രൂപ കുറച്ചതൊഴിച്ചാല്‍ 1200 ദിവസമായി പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മൂന്നുവര്‍ഷവും നാലു മാസവും കൊണ്ട് ആഗോള വിലയില്‍ ഉണ്ടായ മാറ്റം അറിയുമോ? ഒരു വീപ്പയ്ക്ക് 116 ഡോളറില്‍ നിന്ന് 65 ഡോളറായി കുറഞ്ഞു. രാജ്യാന്തര വില പകുതിയോളം കുറഞ്ഞിട്ടും ഒരു രൂപയുടെ കുറവുപോലും ഇന്ത്യയിലെ പൗരന്മാര്‍ക്കു ലഭിക്കുന്നില്ല. ലോകത്ത് ഒരു രാജ്യത്തും ഇങ്ങനെ വില കയറ്റി നിര്‍ത്തിയിട്ടില്ല. വിപണി വില അനുസരിച്ച് ഏറുകയും കുറയുകയും ചെയ്യുന്ന ഫ്‌ളോട്ടിങ് നിരക്കാണ് എല്ലായിടത്തും ബാധകമായിട്ടുള്ളത്. രാജ്യാന്തര വില 128 ഡോളറില്‍ നില്‍ക്കുമ്പോള്‍ നിശ്ചയിച്ച വിലയിലാണ് ഇന്ത്യയില്‍ മാത്രം വില്‍പന.
ലളിതമായി പറഞ്ഞാല്‍ കഥ ഇങ്ങനെയാണ്. 2022 മേയ് 22ന് ഇന്ത്യക്ക് ബാധകമായ പെട്രോളിയം വില വീപ്പയ്ക്ക് 116 ഡോളര്‍. ഇപ്പോള്‍ രാജ്യാന്തര വില വീപ്പയ്ക്ക് 64.8 ഡോളര്‍. ഈ കാലത്തിനിടയ്ക്ക് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായ രണ്ടു രൂപ കുറവല്ലാതെ ഇന്ത്യയില്‍ മറ്റൊന്നും സംഭവിച്ചില്ല. ലോകത്ത് ഒരു രാജ്യത്തും ഇങ്ങനെ വില സ്ഥിരമായി നില്‍ക്കുന്നില്ല. വില മാറാതെ നിന്നാല്‍ ഒരു പ്രതിഷേധവും ഉണ്ടാകാത്ത രാജ്യവും ഇന്ത്യയല്ലാതെ വേറൊന്നുമില്ല. ഇവിടെ ജനത ഈ കൊള്ളയോട് പരുവപ്പെട്ടു കഴിഞ്ഞു. ഇതിനാണ് ഇഞ്ചിഞ്ചായി കൊല്ലുക എന്നു പറയുന്നത്. ഇതൊരു കൊലപാതകമാണ് എന്നു പറയാന്‍ കാരണമുണ്ട്. ഈ പണം എവിടെ നിന്നു വരുന്നതാണ്? നമ്മളോരോരുത്തരും ബുദ്ധിയും കായബലവും ഉപയോഗിച്ചു നയിച്ചുണ്ടാക്കുന്ന കാശാണ്. ആ പണമാണ് ഒരു മയവുമില്ലാതെ പെട്രോളിയം കമ്പനികള്‍ വഴി ഊറ്റിയെടുക്കുന്നത്. രാജ്യത്ത് വാര്‍ഷിക വരുമാനം 12 ലക്ഷം കടന്നവര്‍ക്കേ നികുതിയുള്ളൂവെന്നൊക്കെ വെറുതെ തള്ളുന്നതാണ്. ഇവിടെ പണിയെടുക്കാന്‍ വഴിയിലിറങ്ങുന്ന ഓരോരുത്തരും നികുതി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് നികുതി മാത്രം 43 രൂപ. പെട്രോളിയം കമ്പനികള്‍ക്കു ലഭിക്കുന്ന ശരാശരി ലാഭം 3 രൂപ. കേന്ദ്രസര്‍ക്കാരിന് ആ ലാഭത്തിന്മേല്‍ ലഭിക്കുന്ന ആദായ നികുതി വേറെയും. ഓരോ ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോഴും 50 രൂപയിലധികമാണ് സര്‍ക്കാരിന് തള്ളിക്കൊടുക്കുന്നത്.
കുടുംബത്തിനു വേണ്ടിയാണ് പണി എടുക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനത സര്‍ക്കാരിന് വേണ്ടിയാണ് പണിയെടുക്കുന്നത്
കുടുംബത്തിനു വേണ്ടിയാണ് പണി എടുക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനത സര്‍ക്കാരിന് വേണ്ടിയാണ് പണിയെടുക്കുന്നത്. ഇങ്ങനെ പണിയെടുക്കുന്നവര്‍ ലോകത്ത് വേറൊരിടത്തും കാണുകയുമില്ല. പാടത്തൊരു ട്രാക്ടറോ ഡ്രില്ലറോ ഓടുമ്പോഴും യന്ത്രക്കലപ്പ ചലിക്കുമ്പോഴും കൊയ്ത്ത് യന്ത്രം പ്രവര്‍ത്തിക്കുമ്പോഴും മെതിയെന്ത്രം അനങ്ങുമ്പോഴുമെല്ലാം സമാന നിരക്കില്‍ പണം സര്‍ക്കാരിലേക്കു വന്നുവീണുകൊണ്ടിരിക്കുകയാണ്. ഏതു ജോലി ചെയ്യുന്നവരും നേരിട്ടോ അല്ലാതെയോ ഈ പണം സര്‍ക്കാരിനൊടുക്കുന്നുണ്ട്. പച്ചക്കറിയുമായി ഒരു ട്രക്ക് തമിഴ്‌നാട്ടില്‍ നിന്നോടി കേരളത്തിലെത്തുമ്പോള്‍ തന്നെ ആയിരങ്ങളാണ് ഡീസല്‍ നികുതിയായി കൈമാറുന്നത്. ഇവിടെ നിന്ന് കുരുമുളകും ഏലവും റബറും തേയിലയും കാപ്പിയും തേങ്ങയും നെല്ലുമെല്ലാം കയറിപ്പോകുമ്പോഴും സ്ഥിതി ഇതുതന്നെ. ഒരു വീടു പണിയാന്‍ 100 ചാക്ക് സിമന്റ് വാങ്ങിയാല്‍ അതിന്റെ വിലയിലെ 30 ശതമാനം വരും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജ്. കമ്പിക്കും കല്ലിനും ഇഷ്ടികയ്ക്കുമൊക്കെ അങ്ങനെ തന്നെ. ന്യായമായ ലാഭം മാത്രമെടുത്താല്‍ ഇന്ത്യയില്‍ സകലമാന വസ്തുക്കള്‍ക്കും 10 ശതമാനമെങ്കിലും വില കുറയ്ക്കാന്‍ ഈ ഒരു ഇനംകൊണ്ടു മാത്രം കഴിയും. പ്രത്യക്ഷ നികുതികള്‍ക്കും പരോക്ഷ നികുതികള്‍ക്കും പുറമേ പാമരനികുതിയും ഇന്ത്യയിലുണ്ടെന്ന് പറയേണ്ടി വരുന്നു. പാമരന്മാര്‍ വരെ നികുതി കൊടുക്കേണ്ടി വരുന്നത് ഈ വിലയ്ക്കു പെട്രോളും ഡീസലും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതുകൊണ്ടാണ്.
ഈ ഉയര്‍ന്ന വില കണക്കാക്കുന്നതില്‍ പോലും ഇന്റര്‍നാഷനല്‍ തട്ടിപ്പു സംശയിക്കുന്നവരുണ്ട്. വില കണക്കാക്കാന്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ബാസ്‌ക്കറ്റിലെ നിരക്കാണ്
കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്ക് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം എത്തിയത് എത്ര രൂപയാണെന്ന് അറിയുമോ? അത് നാലു ലക്ഷത്തി പതിനയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലു കോടി രൂപയാണ്. 10 വര്‍ഷം മുന്‍പ് 2014-15ല്‍ കിട്ടിയിരുന്നത് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അറുപത്തിയഞ്ചു കോടി രൂപ. പത്തുവര്‍ഷം കൊണ്ടു കേന്ദ്ര ഖജനാവിലേക്കുള്ള വരവില്‍ 140 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വരവിലുമുണ്ട് സമാനമായ വളര്‍ച്ച. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഇക്കഴിഞ്ഞ വര്‍ഷം കിട്ടിയത് മൂന്നു ലക്ഷത്തി ഇരുപത്തിയയ്യാരിത്തി അഞ്ഞൂറ്റിഎണ്‍പത്തിമൂന്നു കോടി രൂപയാണ്. പത്തുവര്‍ഷം മുന്‍പ് കിട്ടിയത് ഒരു ലക്ഷത്തി അറുപതിനായിരത്തി അഞ്ഞൂറ്റിയന്‍പത്തിനാലു കോടി രൂപയും. സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് നികുതി കൂട്ടിയില്ലെങ്കിലും വില കൂടും. കാരണം കേന്ദ്രനികുതി ഉള്‍പ്പെടെയുള്ള വിലയിലാണ് സംസ്ഥാനങ്ങളുടെ വാറ്റ് വരുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കായി പെട്രോളും ഡീസലും വിറ്റ് ആകെ കിട്ടിയ നികുതി എഴു ലക്ഷത്തി നാല്‍പ്പതിനായിരത്തി എഴുനൂറ്റി അറുപത്തിനാലു കോടി രൂപയാണ്. ലാഭത്തിലെ ഡിവിഡന്റായി പെട്രോളിയം കമ്പനികള്‍ ഇക്കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിനു കൊടുത്ത തുക അറിഞ്ഞാല്‍ തന്നെ ഞെട്ടും. ഇരുപത്തിരണ്ടായിരത്തി തൊണ്ണൂറ്റി നാലു കോടി രൂപയാണ് ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ഈ തുകമുഴുവന്‍ രാജ്യത്തെ അതിദരിദ്രര്‍ മുതല്‍ വയോധികര്‍ വരെയുള്ളവരില്‍ നിന്ന് പിടിച്ചുവാങ്ങുന്നതാണ്.
ഈ ഉയര്‍ന്ന വില കണക്കാക്കുന്നതില്‍ പോലും ഇന്റര്‍നാഷനല്‍ തട്ടിപ്പു സംശയിക്കുന്നവരുണ്ട്. വില കണക്കാക്കാന്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ബാസ്‌ക്കറ്റിലെ നിരക്കാണ്. ഇന്ത്യന്‍ ബാസ്‌ക്കറ്റ് എന്നാല്‍ ഒമാന്‍-ദുബായി ശരാശരി വിലയും അസംസ്‌കൃത എണ്ണയുടെ രാജ്യാന്തരം വിലയും ചേര്‍ന്നു വരുന്നത് 78 ശതമാനം. ഇന്ത്യയില്‍ ശുദ്ധീകരിച്ചെടുക്കുന്നതിന്റെ വില 22 ശതമാനം. ഇതു രണ്ടും ചേര്‍ത്തെടുക്കുന്നതാണ് നമ്മുടെ വില. ഒമാനില്‍ നിന്നും ദുബായിയില്‍ നിന്നുമൊക്കെ ഇപ്പോള്‍ ഇന്ത്യയുടെ വാങ്ങല്‍ ഇപ്പോള്‍ നാമമാത്രമാണ്. രണ്ടരവര്‍ഷമായി നാല്‍പ്പത് ശതമാനവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ആ വില ഈ കണക്കുപുസ്തകത്തിന്റെ പരിസരത്തുപോലുമില്ല. റഷ്യയാണെങ്കില്‍ ഇന്ത്യക്കും ചൈനയ്ക്കും കുറഞ്ഞവിലയ്ക്കാണ് ഇന്ധനം നല്‍കുന്നതും. രാജ്യാന്തര ബ്രന്റ് എണ്ണയുടെ വില 64 ഡോളറിന്റെ പരിസരത്തു നില്‍ക്കുമ്പോഴും ഇന്ത്യന്‍ ബാസ്‌ക്കറ്റിലെ വില 79 ഡോളര്‍ എന്നാണ് സര്‍ക്കാര്‍ കാണിക്കുന്നത്. രാജ്യാന്തര വിലയേക്കാള്‍ 15 ഡോളറൊക്കെ കൂട്ടി ഇന്ധനം വാങ്ങുന്നുവെന്നു പറയുന്ന രാജ്യം ലോകത്തെങ്ങുമില്ല. ഈ വിലയുടെ കൂടെ ഇന്ത്യയിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് വേറെയും കാണിക്കുന്നുണ്ട് എന്നും ഓര്‍ക്കണം. എങ്ങനെ ലാഭം കണക്കുകൂട്ടിയാലും എഴുപതു രൂപയ്ക്ക് കിട്ടേണ്ട പെട്രോളിനാണ് നമ്മള്‍ തിരുവനന്തപുരത്ത് 107 രൂപ 33 പൈസയും കൊച്ചിയില്‍ 105 രൂപ 49 പൈസയും കോഴിക്കോട്ട് 106 രൂപ 22 പൈസയും നല്‍കിക്കൊണ്ടേ ഇരിക്കുന്നത്. ഇത്രയും സഹിഷ്ണുതയുള്ള ജനത ലോകത്ത് വേറെ കാണില്ല.