OPINION

പിഎം ശ്രീയില്‍ സതീശന്‍ സര്‍ക്കാരും കുരുങ്ങിയോ?

പദ്ധതി തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സതീശന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു

Author : പി.പി. പ്രശാന്ത്

പിഎം ശ്രീ പദ്ധതിയുടെ ഊരാക്കുടുക്കിലാണ് യുഡിഎഫ് സര്‍ക്കാര്‍. പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ പിഎം ശ്രീക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍, നേതാക്കളെ തിരിഞ്ഞുകൊത്തുകയാണ്. ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ച് പോയില്ലേ, എന്ന് പറഞ്ഞ് പദ്ധതി തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സതീശന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി താല്‍കാലികമായി നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ 2025 നവംബര്‍ 12ന് കേന്ദ്ര വിദ്യഭ്യാസ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവിട്ടാണ് ഇടതുനേതാക്കള്‍ പ്രതിരോധിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കരിക്കുലവും സ്‌കൂളുകളും സര്‍ക്കാര്‍ തീരുമാനിക്കും എന്ന നിലപാടില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, നവീകരണ പദ്ധതികള്‍ നടപ്പാക്കുക എന്നീ ലക്ഷ്യത്തില്‍ 2022ല്‍ നടപ്പാക്കിത്തുടങ്ങിയ പി.എം ശ്രീ പദ്ധതി 2027ല്‍ തീരുകയാണ്. കേരളത്തില്‍ 336 സ്‌കൂളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്‌കൂളിന് ശരാശരി 1.13 കോടി രൂപ ലഭിക്കും. കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവും ആയിരിക്കും. സംസ്ഥാനങ്ങളുടെ അധികാരം ചോര്‍ത്തുന്ന ദേശീയ വിദ്യഭ്യാസ നയം പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടിവരും എന്നതായിരുന്നു എതിര്‍പ്പിനുണ്ടായിരുന്ന മുഖ്യ കാരണം. ഇതോടെ വിദ്യഭ്യാസമേഖലയിലെ കാവിവല്‍കരണ നടപടികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് ഉന്നയിക്കപ്പെടുന്നത്. സ്‌കൂളിനു മുന്നില്‍ 'പിഎം ശ്രീ സ്‌കൂള്‍' എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കേണ്ടിവരുമെന്നതും എതിര്‍പ്പിനു കാരണമായി.

കേന്ദ്ര - ഘടകകക്ഷി സമ്മര്‍ദത്തെ തുടര്‍ന്ന് ഒപ്പിടല്‍

വിദ്യഭ്യാസം എന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം കണ്‍കറണ്ട് ലിസ്റ്റിലാണ്. അതായത് നിയമങ്ങളും നയങ്ങളും രൂപീകരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമുണ്ട്. എന്നാല്‍ പി.എം ശ്രീയുടെ ഭാഗമാകാത്ത സംസ്ഥാനങ്ങളില്‍ വിദ്യഭ്യാസ മേഖലയിലെ സര്‍വ ശിക്ഷ ഫണ്ടുള്‍പ്പെടെ തടയപ്പെടും എന്ന ഭീഷണി മുഴക്കി 2022 മുതല്‍ക്ക് തന്നെ കേന്ദ്രം സമ്മര്‍ദം ചെലുത്തിത്തുടങ്ങിയിരുന്നു. 2023 മുതല്‍ സമഗ്ര ശിക്ഷാ വിഹിതം മരവിപ്പിച്ചു. ആയിരം കോടിയിലധികം കുടിശ്ശികയായപ്പോഴാണ് തല്‍ക്കാലം ധാരണാപത്രം ഒപ്പിട്ട് എസ്എസ്‌കെ വിഹിതം വാങ്ങാനും പദ്ധതി നടപ്പാക്കേണ്ടെന്നുമുള്ള തീരുമാനത്തില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകും എന്ന ആശങ്ക ഉയര്‍ത്തി സിപിഐ രംഗത്തെത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് ലീഗ് നേതാവും ഇപ്പോള്‍ മന്ത്രിയുമായ കെഎം ഷാജി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡിസതീശന്‍ ഉള്‍പ്പെടെ ബിജെപി-സിപിഐഎം ഡീല്‍ ആരോപിച്ച് രംഗത്തുവന്നു. അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കില്ലെന്ന് സതീശന്‍ വ്യക്തമാക്കുകയും ചെയ്തു. സിപിഐയുടെ എതിര്‍പ്പ് ശക്തമായതോടെ 2025 ഒക്ടോബര്‍ അവസാനത്തില്‍ പദ്ധതിയുടെ തുടര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ഒരു ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. തീരുമാനമെത്തും മുമ്പായിരുന്നു ഭരണമാറ്റം.

റദ്ദാക്കാനാകുമോ പിഎം ശ്രീ

കരാര്‍ റദ്ദാക്കാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണ് എന്നതാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ പ്രധാന ഉപാധി എന്ന് യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ പദ്ധതി തല്‍കാലം നടപ്പാക്കാനാവില്ല എന്ന മുന്‍ ഇടതുസര്‍ക്കാരിന്റെ തീരുമാനത്തിന് വിലയില്ല എന്നും അവര്‍ വാദിക്കുന്നു. അതേസമയം ഒപ്പിട്ട് 30 ദിവസത്തിനുള്ളില്‍ പൊതുതാല്‍പ്പര്യാര്‍ത്ഥം പദ്ധതി റദ്ദാക്കാമെന്ന് ധാരണാപത്രത്തിലുണ്ടെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു. 2025 നവംബര്‍ 12ന് പദ്ധതി നടപ്പാക്കുന്നില്ലെന്ന കത്ത് കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ ഒപ്പുവെച്ചതല്ലാതെ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയ നടപടി ഉണ്ടായില്ലെന്നത് മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് ഇടതുമുന്നണി സ്ഥാപിക്കുന്നത് കേന്ദ്രത്തെ അറിയിച്ച ഈ കത്തും, 2025 ഡിസംബര്‍ മൂന്നിന് രാജ്യസഭയിലെ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ മറുപടിയും ചൂണ്ടിക്കാട്ടിയാണ്.

ദേശീയ വിദ്യഭ്യാസ നയം അംഗീകരിക്കുന്ന ഏത് സംസ്ഥാനത്തിനും സര്‍വ ശിക്ഷ തുക അനുവദിക്കുന്നതില്‍ തടസ്സമില്ലെന്നായിരുന്നു കേന്ദ്ര വിദ്യഭ്യാസമന്ത്രി , ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുത്തരമായി അന്ന് വ്യക്തമാക്കിയത്. പദ്ധതിയില്‍ നിന്ന് കേരളം പിന്‍വാങ്ങിയതായും അദ്ദേഹം മറുപടിയില്‍ സൂചിപ്പിച്ചിരുന്നു. നിര്‍ബന്ധമായും കേന്ദ്ര വിദ്യഭ്യാസ നയം അടിച്ചേല്‍പിക്കപ്പെടുമെന്നും എങ്കിലേ സര്‍വ ശിക്ഷാ ഫണ്ട് ഉള്‍പ്പെടെ നല്‍കാനാവൂ എന്നുള്ള രണ്ടുകാര്യങ്ങള്‍ മന്ത്രിയുടെ മറുപടിയില്‍ വ്യക്തമായിരുന്നു. മാത്രമല്ല, യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പിഎം ശ്രീ പദ്ധതിയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ലെന്നതിന് തെളിവായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്തും പുറത്തുവന്നിട്ടുണ്ട്.

തുക അനുവദിച്ചത് ഒപ്പിട്ടതിനാലാണോ?

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേരളത്തിന് നിയമപരമായി ലഭിക്കേണ്ട റീഇംബേഴ്സ്മെന്റ് തുകയാണ് അനുവദിക്കപ്പെട്ടതെന്നും ഇത് കേരളം ഒപ്പിട്ട് വാങ്ങിയ പി.എം ശ്രീ ഫണ്ട് അല്ലെന്നും ഇടത് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും ഈ തുക നല്‍കാന്‍ കേന്ദ്രത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടായിരുന്നു.. 2025 നവംബര്‍ നാലിന് കേന്ദ്രം അനുവദിച്ച 92.41 കോടി രൂപ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും നല്‍കേണ്ട യൂണിഫോം, പാഠപുസ്തകം എന്നീ ഇനങ്ങളിലുള്ളത്. മെയ് 20ന് ഈ ഇനങ്ങളില്‍ കേരളത്തിന് അവകാശപ്പെട്ട ബാക്കി തുകയായ 106.58 കോടി രൂപ കൂടി അനുവദിച്ചു. ഈ തുകയും വൈകാതെ അക്കൗണ്ടില്‍ വൈകാതെ എത്തുമെന്നും അവര്‍ പറയുന്നു...

എന്താണ് ഇനി ചെയ്യാനുള്ളത്

യുഡിഎഫ് നേതാക്കളെ, മുന്‍പ് പറഞ്ഞ വാക്കുകള്‍ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പ്രതിസന്ധിയിലാണ് മുസ്ലീംലീഗ്. നിലപാടുകളില്‍ അന്നും ഇന്നും മാറ്റമില്ലെന്നും വ്യക്തിപരമായി തീരുമാനമല്ല, സര്‍ക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ന്യായീകരിച്ച് തടിയൂരുകയാണ് ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീക്കെതിരെ ശക്തമായ നിലപാടെടുത്ത മുസ്ലിംലീഗും ജമാ അത്തെ ഇസ്ലാമിയും ഇപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. അവര്‍ കോണ്‍ഗ്രസിനെ തിരുത്തുമോ അതോ പി.എം ശ്രീക്ക് വിധേയപ്പെടുമോ എന്ന് കണ്ടറിയണം.

പിഎം ശ്രീ എന്ന കടമ്പയില്‍ നിന്ന് പുറത്ത് കടക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്ന് എന്‍.കെ. പേമചന്ദ്രന്‍ എംപിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഏതായാലും പദ്ധതി അവസാനിക്കാന്‍ ഇനി ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ. ഈ കാലയളവിന് ശേഷം പൂര്‍ണമായി പദ്ധതി സംസ്ഥാനം ഏറ്റെടുക്കേണ്ടിവരും. വലിയ ബാധ്യതയാണ് ഇത് സൃഷ്ടിക്കുക. മാത്രമല്ല, സ്‌കൂളുകളുടെ നടത്തിപ്പിലോ നയരൂപീകരണത്തിലോ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ടാവില്ല. കേന്ദ്ര വിദ്യഭ്യാസ നയവും അതേപടി നടപ്പാക്കേണ്ടിവരും എന്നത് ഉള്‍പ്പെടെ ആശങ്കകള്‍ ഒരുപാടുണ്ട്. വിദ്യാഭ്യാസ രംഗത്തെ വികസനവും നവീകരണവും സ്വാഗതാര്‍ഹമാണെങ്കിലും, അത് സംസ്ഥാനങ്ങളുടെ താല്പര്യങ്ങളെയും അധികാരങ്ങളെയും ബലിനല്‍കിക്കൊണ്ടാകരുത് എന്ന നിലപാടാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കുള്ളത്.

SCROLL FOR NEXT