പെട്ടിയില്‍ വിജയ വോട്ടുവീഴുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയ അന്ന് തുടങ്ങിയതാണ് യുഡിഎഫിലെ പ്രമുഖ നേതാക്കളുടെ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടുള്ള മനക്കോട്ട കെട്ടല്‍. ഹൈക്കമാന്‍ഡില്‍ നിന്ന് പഴി കേള്‍ക്കുമെന്ന് പേടിച്ച് പോളിങ്് വരെ അടക്കിപ്പിച്ചിടിച്ച ഗ്രൂപ്പ് വികാരം അണികളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അണപൊട്ടുകയാണ്. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല... സൈബര്‍ ക്യാംപുകളായി തിരിഞ്ഞാണ് ഇവരുടെ പടയൊരുക്കം.. വോട്ടെണ്ണലിന് പത്ത് ദിവസം മാത്രം മാത്രമേ ബാക്കിയുള്ളൂ... വിജയി ആരെന്നുപോലും നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും വിജയിച്ചാല്‍ കൂടെക്കൂട്ടേണ്ട സ്വന്തം എംഎല്‍എമാരും അണികളും ഒപ്പമില്ലേ, എന്ന പരിശോധന കൂടിയാണ് സൈബര്‍ കാമ്പയിനിലൂടെ ഉറപ്പാക്കുന്നത്...
കൊടുമ്പിരി കൊണ്ട് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍
പൊതുജനമധ്യത്തില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി അണികള്‍ ഉയര്‍ത്തിക്കാട്ടുന്ന കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവര്‍... വീഡിയോകളും ഡോക്യുമെന്ററിയും പുസ്തകങ്ങളുമായി കളം നിറയാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. രമേശ് ചെന്നിത്തലയെ വാഴ്ത്തി 'ജനനായകന്‍' എന്ന വീഡിയോ പുറത്തുവന്നുകഴിഞ്ഞു. ചെന്നിത്തലയുടെ ജീവചരിത്രം വ്യക്തമാക്കുന്ന നിലയില്‍ പ്രസംഗങ്ങളും വാര്‍ത്തസമ്മേളനങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയ വീഡിയോയാണ് പുറത്തിറക്കിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. വേണുഗോപാലിന്റെ ജീവചരിത്രം പുസ്തകമായി ഉടന്‍ പുറത്തുവന്നേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയില്‍ ഒരുങ്ങുകയാണ്.
റീല്‍സും പോഡ്കാസ്റ്റും പോസ്റ്ററുകളും
ഓരോ നേതാക്കളെയും ഉയര്‍ത്തിക്കാട്ടുന്ന എ.ഐ വിഡിയോകളും വാര്‍ത്തസമ്മേളനങ്ങളും റീല്‍സുകളുമെല്ലാം പ്രചരിക്കുകയാണ്. എന്തായാലും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയാകാന്‍ ആരാണ് 'യോഗ്യന്‍' എന്ന് ഉറപ്പിക്കാനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്... കെ.സി വേണുഗോപാലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റീലുകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു... രമേശ് ചെന്നിത്തലയാകട്ടെ യൂട്യൂബില്‍ പുതിയ പോഡ്കാസ്റ്റ് ചാനല്‍ ആരംഭിച്ച് വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം മലപ്പുറത്ത്, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം എന്ന ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. ഇതിനിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തര്‍ക്കത്തില്‍ മുസ്ലിം ലീഗ് പരസ്യമായി പ്രതിഷേധിച്ചിട്ടുണ്ട്. കെ.സി. വേണുഗോപലിന് വേണ്ടി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ പാണക്കാട്ട് എത്തി ലീഗ് നേതാക്കളുമായി ചര്‍ച്ചയും നടത്തി.
അലയൊലികള്‍ അടങ്ങുന്നില്ല
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കസേര ലാക്കാക്കിയുള്ള ചരടുവലികളും പക്ഷം ചേരലുകളും പുറമെ ശാന്തമാണെങ്കിലും അകത്ത് പ്രക്ഷുബ്ധമായി തുടരുകയാണ്. മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന മൂന്ന് ക്യാംപുകളും കൃത്യമായ കണക്കുകൂട്ടലില്‍ ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു... കോണ്‍ഗ്രസ് അനുഭാവിയായ എഴുത്തുകാരി സുധാ മേനാന്‍ കെ.എസി. വേണുഗോപാലിന് പിന്തുണയര്‍പ്പിച്ച് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് പങ്കുവെച്ച് തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാര്‍ തന്റെ പക്ഷം വ്യക്തമാക്കി. സ്ഥാനാര്‍ഥികളായ രമ്യ ഹരിദാസ്, റോജി എം. ജോണ്‍ എംഎല്‍എ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ തുടങ്ങിയവരും നവമാധ്യമങ്ങളില്‍ കെ.സി. അനുകൂല പോസ്റ്റിട്ടു.
സുധാകരന്റെ മലക്കംമറിച്ചില്‍
നവമാധ്യമങ്ങളില്‍ വാദപ്രതിവാദം രൂക്ഷമാകുന്നതിനിടെ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പിയാണ് ചേരിതിരിഞ്ഞുള്ള അടുത്ത വെടി പൊട്ടിച്ചത്. കെ.സി. വേണുഗോപാലിനെ വാനോളം പുകഴ്ത്തി ഫേസ്‌ക്കില്‍ കുറിപ്പെഴുതിയ കെ.സുധാകരന്‍ കേരളത്തിന് ആവശ്യം വേണുഗോപാലിനെ പോലെയൊരു നേതാവിനെയാണെന്ന് പറഞ്ഞുവെച്ചു. തനിക്ക് സീറ്റ് ലഭിക്കാതിരുന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി അകന്ന കെ. സുധാകരന്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രചാരണ ഘട്ടത്തില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാണിച്ചിരുന്നു. വിഷുദിനത്തില്‍ അഭിപ്രായത്തില്‍ മലക്കം മറിഞ്ഞ സുധാകരന്‍ കെ.സി. പക്ഷത്തേക്ക് ചേക്കേറി തിരിഞ്ഞുകൊത്തി. സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബറിടങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും മുന്‍നിര്‍ത്തിയുള്ള തര്‍ക്കം മുറുകുമ്പോള്‍ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രി എന്ന നിലയില്‍ കയറിവരാമെന്നാണ് കെ.സിയുടെ പ്രതീക്ഷ. ഇതിനിടെ എംപിമാരെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയത് സതീശനും സണ്ണി ജോസഫുമാണെന്ന് കരുതുന്ന മുതിര്‍ന്ന നേതാവ് എം.കെ. രാഘവന്‍ എം.പിയുടെ മനസ്സും വേണുഗോപാലിനൊപ്പമാണ്. സമാന വികാരമാണ് അടൂര്‍ പ്രകാശിനും.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി യോഗ്യത ആര്‍ക്ക്?
സംഘടനാ ശേഷിയില്‍ യുഡിഎഫിന്റെ ദൗര്‍ബല്യം പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നേതൃപരമായ മികവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷം എണ്ണത്തില്‍ വളരെ ചെറുതായിരുന്നിട്ടുപോലും കഴിഞ്ഞ അഞ്ചുവര്‍ഷം നേതൃത്വം കാട്ടിയ ആത്മവീര്യം വളരെ വലുതാണ്. സതീശന് മറുപടി പറയുക എന്നതിലേക്ക് ഇടതുപക്ഷം പലപ്പോഴും ചുരുങ്ങി. അതേസമയം, 'കളത്തില്‍ താനുമുണ്ട്' എന്ന സന്ദേശവുമായി രമേശ് ചെന്നിത്തലയുടെ അനുകൂലികളും നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിഭാഗവും പിന്തുണച്ചത് രമേശിനെയാണെങ്കിലും നറുക്ക് വീണത് സതീശനായിരുന്നു. പുതുമുഖം നയിക്കട്ടെ എന്നായിരുന്നു ഹൈക്കമാന്‍ഡ് പ്രഖ്യാപനം. ഇതിന് പ്രായശ്ചിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രമേശ്. പിന്തുണക്കുന്നവരുടെ എണ്ണമെടുത്താല്‍ കെ.സി. വേണുഗോപാലിന് വേണ്ടി ഉയരുന്ന കൈയും നാവും തന്നെയാകും കൂടുതല്‍. ഹൈക്കമാന്‍ഡിലെ പിടിപാട് വെച്ച്, കെ.സിക്ക് വേണ്ടി പണിയെടുത്താല്‍ നഷ്ടം വരില്ലെന്ന ഉറപ്പാണ് ഇതിന് പിന്നില്‍. കെ. മുരളീധരന്‍ ഈ മുഖ്യമന്ത്രി കളിയിലില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. വോട്ട് എണ്ണിക്കഴിയുംവരെ കാക്കുകയാവും നല്ലത് എന്നൊക്കെ മനസ്സിലാക്കാന്‍ വേണ്ട പക്വത കെ. മുരളീധരന്‍ കാട്ടിയിട്ടുണ്ട്.
മുള്‍മുനയില്‍ കോണ്‍ഗ്രസ് ചേരികള്‍
മുഖ്യമന്ത്രിയാകാനുള്ള ആളാണ് എന്ന് ഉറച്ചുവിശ്വസിക്കുന്ന വി.ഡി. സതീശനും അഞ്ചുവര്‍ഷം മുമ്പ് അങ്ങനെ ഉറപ്പിച്ചിരിക്കുമ്പോള്‍ പ്രതിപക്ഷനേതാവിന്റെ പദവി കൈവിട്ടുപോയ രമേശ് ചെന്നിത്തലയുമാണ് യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍, മുഖ്യമന്ത്രി പരിഗണനയില്‍ വരിക... കൂടുതല്‍ സീറ്റ് നേടിയ കക്ഷിയുടെ സാമാജികര്‍ അവരുടെ നേതാവിനെ തെരഞ്ഞെടുക്കുക എന്നതാണ് രീതി. പക്ഷേ, അങ്ങനെ നടക്കാറില്ല. നേതൃതീരുമാനം ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ എത്തുകയാണെങ്കില്‍ നിലവിലെ മുന്‍ഗണനകള്‍ അട്ടിമറിക്കപ്പെട്ട് കെ.സി. വേണുഗോപാല്‍ എന്ന നേതാവിലേക്ക് സ്ഥാനം എത്തുമോ എന്ന് കണ്ടറിയണം.