സകല രാഷ്ട്രീയ പ്രവചനങ്ങളെയും വിദഗ്ധാഭിപ്രായങ്ങളെയും കാറ്റില്‍ പറത്തുന്നതായിരുന്നു ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് ഫലം. ഭരണ, പ്രതിപക്ഷ നിരയില്‍നിന്ന് റനില്‍ വിക്രമസിംഗെയും, സജിത് പ്രേമദാസയും മത്സരിച്ച തെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയത് അനുര കുമാര ദിസനായകെ. പ്രേമദാസ രണ്ടാം സ്ഥാനത്തേക്കും, വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടപ്പോള്‍, സ്വാതന്ത്ര്യാനന്തര ശ്രീലങ്കയില്‍ ആദ്യമായൊരു ഇടതുപക്ഷക്കാരന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടുകള്‍ അടങ്ങുന്ന രണ്ടാം ഘട്ട വോട്ടെണ്ണലിലാണ് ദിസനായകെ എന്ന 55കാരന്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് ശതമാനം വോട്ടുകള്‍ മാത്രം നേടിയ ഒരാളെയാണ്, സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും ബാധിച്ച രാജ്യത്തെ വീണ്ടെടുക്കാന്‍ ദ്വീപ് ജനത തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ക്സിസ്റ്റ് രാഷ്ട്രീയ കക്ഷിയായ ജനത വിമുക്തി പെരമുനയുടെ (ജെവിപി) നേതാവാണ് ദിസനായകെ. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) എന്ന 21 രാഷ്ട്രീയ കക്ഷികളുടെ സഖ്യത്തിനൊപ്പമാണ് ജെവിപിയും ദിസനായകെയും തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയത്. അഴിമതി വിരുദ്ധ നിലപാടുകളും, സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ തീര്‍ത്തും ദരിദ്രരായ ജനതയ്ക്കുവേണ്ടി നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് ദിസനായകെയെ സ്വീകാര്യനാക്കിയത്. അപ്പോഴും അക്രമ രാഷ്ട്രീയവും, വംശീയ നിലപാടുകളുമൊക്കെ നിറഞ്ഞ ജെവിപിയുടെയും ദിസനായകെയുടെയും ഭൂതകാലം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ജെവിപിയിലൂടെ തുടക്കം
മധ്യ ശ്രീലങ്കയിലെ ഗലെവാലയില്‍ 1968 നവംബര്‍ 24നായിരുന്നു ദിസനായകെയുടെ ജനനം. സാംസ്കാരിക വൈവിധ്യമേറെയുള്ള, വിവിധ മതവിശ്വാസികള്‍ കഴിഞ്ഞിരുന്ന നഗരത്തില്‍ മധ്യവര്‍ഗ കുടുംബത്തിന്റെ എല്ലാ സാഹചര്യങ്ങളും അനുഭവിച്ചായിരുന്നു ദിസനായകെയുടെ വളര്‍ച്ച. സ്കൂള്‍ പഠനത്തിനുശഷം ഭൗതികശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. 1987ല്‍ ഇന്‍ഡോ-ശ്രീലങ്ക കരാര്‍ ഒപ്പുവെക്കപ്പെട്ട നാളുകളിലായിരുന്നു വിദ്യാര്‍ഥിയായിരുന്ന ദിസനായകെയുടെ രാഷ്ട്രീയ പ്രവേശം. ശ്രീലങ്ക കണ്ട ഏറ്റവും രക്തരൂക്ഷിതമായ അക്രമസംഭവങ്ങള്‍ നടന്ന കാലത്തെ ജെവിപി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അദ്ദേഹം മാറി. 1987 മുതല്‍ 1989 വരെ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ സായുധ കലാപം നടത്തിയവരായിരുന്നു ജെവിപി. രാജ്യത്തെ ഗ്രാമീണരില്‍ താഴേത്തട്ടിലെയും മധ്യവർഗത്തിലെയും യുവാക്കൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കുന്നതായിരുന്നു ജെവിപിയുടെ കലാപ പ്രചാരണം. രാഷ്ട്രീയ എതിരാളികൾക്കൊപ്പം സാധാരണക്കാരും റെയ്ഡുകള്‍ക്കും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാക്കപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 'ഭീകരതയുടെ കാല'മെന്ന് ചരിത്രം അതിനെ വിളിച്ചു.
1997ൽ ജെവിപിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ പാര്‍ട്ടിയുടെ നേതാവായി. ഭീകരതയുടെ കാലഘട്ടമെന്ന് പഴികേട്ട പഴയ കലാപത്തില്‍ അന്നു മുതലാണ് ദിസനായകെ ഖേദം പ്രകടിപ്പിച്ചു തുടങ്ങിയത്. "സായുധ പോരാട്ടത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചു," എന്നായിരുന്നു 2014ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. "ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളില്‍ നിന്നുണ്ടായതില്‍ ഞെട്ടിപ്പോയി. അതിൽ ഞങ്ങൾക്ക് ഇപ്പോഴും അഗാധമായ ദുഃഖവുമുണ്ട്" -എന്നായിരുന്നു ദിസനായകെയുടെ വാക്കുകള്‍. ഇത്തരം തിരുത്തിപ്പറച്ചിലുകള്‍ക്കൊപ്പമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്‍പിപിക്കൊപ്പം ദിസനായകെയും ജെവിപിയും ചുവടുറപ്പിച്ചത്.
വേറിട്ട നേതൃത്വം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദിസനായകെ ചര്‍ച്ചയാക്കിയ പ്രധാന സംഭവങ്ങളിലൊന്ന് 2019 ഈസ്റ്റര്‍ ഞായറിലെ ബോംബാക്രമണം ആയിരുന്നു. ശ്രീലങ്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഭയാനകമായ നിമിഷം. 2019 ഏപ്രിൽ 21ന്, തലസ്ഥാനമായ കൊളംബോയിലുടനീളമുള്ള പള്ളികളിലും അന്താരാഷ്‌ട്ര ഹോട്ടലുകളിലും തുടർച്ചയായി മാരകമായ സ്‌ഫോടനങ്ങളുണ്ടായി. ചുരുങ്ങിയത് 290 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണമായി അത് മാറി. ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കിയ ആക്രണത്തിനു പിന്നാലെ കോവിഡും പടര്‍ന്നതോടെയാണ് ദ്വീപ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയൊന്നാകെ ഇളകിയത്. ഇതൊക്കെയായിട്ടും, ഏകോപിപ്പിച്ച സ്ഫോടന പരമ്പര എങ്ങനെ സംഭവിച്ചു, അതിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകൾ എന്തൊക്കെ എന്നതിനെക്കുറിച്ച് അഞ്ച് വർഷത്തിനിപ്പുറവും അന്വേഷിക്കാനും കണ്ടെത്താനും സര്‍ക്കാര്‍ പരാജയപ്പെട്ടു. അന്വേഷണങ്ങള്‍ തടസപ്പെട്ടതില്‍ ഗൊതബായ രജപക്സെയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ കൂട്ടുപിടിച്ചായിരുന്നു ദിസനായകെയുടെയും തെരഞ്ഞെടുപ്പ് പ്രചരണം. അധികാരികൾ "സ്വന്തം ഉത്തരവാദിത്തം" വെളിപ്പെടുമെന്ന് ഭയന്നതിനാലാണ് അന്വേഷണം ഒഴിവാക്കിയതെന്നായിരുന്നു ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ദിസനായകെ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ സംഭവത്തില്‍ അന്വേഷണം നടത്തും. ശ്രീലങ്കന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പൂര്‍ത്തിയാക്കാത്ത പല വാഗ്ദനാങ്ങളില്‍ ഒന്നാണിതെന്നും ഓര്‍മിപ്പിച്ചായിരുന്നു ദിസനായകെയുടെ വാഗ്ദാനം. "ഇക്കാര്യം മാത്രമല്ല, അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞവര്‍ തന്നെ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. കടമില്ലാത്ത ശ്രീലങ്കയെ സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ രാജ്യത്തിന്റെ കടബാധ്യത കൂടുതല്‍ രൂക്ഷമാക്കി. നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞവര്‍ തന്നെ അതിനെ തകര്‍ക്കുന്നു. അതുകൊണ്ടാണ് ഈ ജനതയ്ക്ക് വേറിട്ടൊരു നേതൃത്വത്തെ ആവശ്യമായിരിക്കുന്നത്. അത് നല്‍കാന്‍ കഴിയുന്നത് ഞങ്ങള്‍ക്കാണ്" -ഇതായിരുന്നു ദിസനായകെയുടെ വാക്കുകള്‍.
മാറ്റത്തിനായുള്ള സ്ഥാനാര്‍ഥിത്വം
സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളാണ് ഗൊതബായ രജപക്സയെ അധികാരത്തില്‍ നിന്നിറക്കിയത്. വർഷങ്ങളായുള്ള കുറഞ്ഞ നികുതി, ദുർബലമായ കയറ്റുമതി, നയരൂപീകരണത്തില്‍ വന്ന പാളിച്ചകള്‍ എന്നിവയ്ക്കൊപ്പം കോവിഡ് കാലത്ത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരവും വറ്റി. പൊതുകടം 83 ബില്യൺ ഡോളര്‍ അധികരിച്ചു. പണപ്പെരുപ്പം 70 ശതമാനമായി ഉയര്‍ന്നു. പ്രതിസന്ധിക്ക് രജപക്സെയും അദ്ദേഹത്തിന്റെ സര്‍ക്കാരും പഴികേട്ടു. പിൻഗാമിയായെത്തിയ പ്രസിഡൻ്റ് വിക്രമസിംഗെ, പണപ്പെരുപ്പം കുറയ്ക്കുകയും ശ്രീലങ്കൻ രൂപയെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നെങ്കിലും ജനതയുടെ കഷ്ടപ്പാടുകള്‍ക്ക് മാറ്റമുണ്ടായില്ല. ചുരുക്കിപ്പറഞ്ഞാല്‍ 2022ലെ സാമ്പത്തിക പ്രതിസന്ധിയും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, മറ്റൊരു രാഷ്ട്രീയ നേതൃത്വത്തിനുള്ള ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി. അതിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയായിരുന്നു ദിസനായകെ. ഭരണ നേതൃത്വത്തിനെതിരെ ജനവികാരം ഉണര്‍ന്നു തുടങ്ങിയപ്പോള്‍, 'ജനത അരഗളായ' എന്ന പേരില്‍ പ്രക്ഷോഭവുമായി ജെവിപിയും ദിസനായകെയും രംഗത്തെത്തി. നിരന്തരം പ്രക്ഷോഭങ്ങളും പണിമുടക്കുകളും സംഘടിപ്പിച്ചുകൊണ്ട് ജെവിപി കളംനിറഞ്ഞു. പഴയ രക്തരൂക്ഷിത കലാപങ്ങള്‍ നല്‍കിയ ചീത്തപ്പേര് കൂടി ഇല്ലാതാക്കുക എന്നൊരു ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. ദിസനായകെയുടെ പ്രസ്താവനകളും ഇടപെടലുകളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അത് മനസിലാക്കാം. ഗൊതബായ രജപക്സെ അധികാരമുപേക്ഷിച്ച് രാജ്യം വിട്ടതിനു പിന്നാലെ, പുതിയ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ദിസനായകെ ലങ്കന്‍ രാഷ്ട്രീയത്തെ തന്നിലേക്കടുപ്പിച്ചു.
അതിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാണാനായത്. സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും മുറിവേല്‍പ്പിച്ച ദ്വീപ് രാജ്യത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തിക്കിടെ, മാറ്റത്തിനായുള്ള സ്ഥാനാര്‍ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടിയാണ് ദിസനായകെ തെരഞ്ഞെടുപ്പ് രംഗം പിടിച്ചെടുക്കുന്നത്. അഴിമതിക്കെതിരായ നിയമനടപടികള്‍ ശക്തിപ്പെടുത്തണമെന്ന് വാദിക്കുന്നതിനൊപ്പം രാജ്യത്തെ ദരിദ്രവിഭാഗത്തിന്റെ ക്ഷേമത്തിനായി പദ്ധതികള്‍ വേണമെന്ന പക്ഷക്കാരനാണ് ദിസനായകെ. അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കിയാല്‍ നികുതി കുറയ്ക്കാനാകുമെന്നും ഇടത് നേതാവ് പറയുന്നു. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ട്രാക്കിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ, ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിലവിലെ സർക്കാർ നികുതി വര്‍ധിപ്പിക്കുകയും, ക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരെ അത് തിരിച്ചടിച്ചു. സാമ്പത്തിക പ്രതിസന്ധി തന്നെയാകും പ്രധാന വിഷയമായി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന വിദഗ്ധരുടെ വിലയിരുത്തലുകള്‍ നിലനില്‍ക്കെ, ദിസനായകെയുടെ ഇത്തരം നിലപാടുകളും വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ദിസനായകെയുടെ സാമ്പത്തിക നയം സംബന്ധിച്ച കാഴ്ചപ്പാടുകള്‍, നിക്ഷേപകരെയും വിപണി പങ്കാളികളെയും നിരാശരാക്കിയേക്കുമെന്ന ചില പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും സാധാരണക്കാര്‍ക്കായുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹത്തിന് കൈയ്യടി നേടിക്കൊടുത്തു. അതേസമയം, ശ്രീലങ്കയെ കടക്കെണിയില്‍ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയും അദ്ദേഹം മുന്നോട്ടുവെച്ചു. അന്താരാഷ്ട്ര നാണയ നിധിയുമായി കൂടിയാലോചിച്ച് കടം തിരിച്ചടവുകളില്‍ എന്തൊക്കെ ക്രിയാത്മകമായി ചെയ്യാമെന്നതടക്കം കാര്യങ്ങളും ദിസനായകെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ ഉയര്‍ത്തിയിരുന്നു.
ചില ആശങ്കകള്‍
ദിസനായകെയുടെ ചരിത്രനേട്ടത്തിനൊപ്പം ചില ആശങ്കകള്‍ കൂടി രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജെവിപിയുടെ ഭൂതകാലം തന്നെയാണ് അത്തരമൊരു ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നത്. ജെവിപിയുടെ വംശീയ രാഷ്ട്രീയതയാണ് ദിസനായകെയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്. പരാജയപ്പെട്ടതെങ്കിലും ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നടത്തിയ പാരമ്പര്യമുണ്ട് ജെവിപിക്ക്. ഇത്തരം സായുധ വിപ്ലവങ്ങളിലെല്ലാം തമിഴ് വംശജര്‍ അക്രമങ്ങള്‍ക്കും കടുത്ത പീഡനങ്ങള്‍ക്കും ഇരയാക്കപ്പെട്ടിരുന്നുവെന്നതും ചരിത്രമാണ്. രജപക്സെ സര്‍ക്കാര്‍ എല്‍ടിടിഇയെ ഇല്ലാതാക്കാന്‍ നടത്തിയ ഓപ്പറേഷനുകളില്‍, സൈന്യത്തെ സഹായിക്കുന്നതായിരുന്നു ജെവിപി നിലപാട്. രാജ്യം കണ്ട ഏറ്റവും ഭീകരമായ കലാപത്തിന് നേതൃത്വം കൊടുത്തവരും മറ്റാരുമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം പഴയ തീവ്ര നയങ്ങളെയെല്ലാം ഒരുപരിധി വരെ മൃദുവാക്കിയാണ് ദിസനായകെ അവതരിപ്പിച്ചത്. എന്നിരുന്നാലും ജെവിപിക്ക് തങ്ങളുടെ പഴയ നയങ്ങളില്‍നിന്ന് മാറാനായിട്ടുണ്ടോ എന്നതാണ് ചോദ്യം. പുതിയ സര്‍ക്കാരില്‍ അവരുടെ നിലപാടുകളും നയങ്ങളും എങ്ങനെയുള്ളതാകുമെന്ന ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ശ്രീലങ്കയിലെ 11.2 ശതമാനം വരുന്ന, 22 ലക്ഷത്തലധികമുള്ള തമിഴ് ജനത ഇപ്പോഴും ജെവിപിയെയും ദിസനായകെയും സംശയത്തോടെയാണ് നോക്കുന്നത്. വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍നിന്ന് എന്‍പിപിക്ക് വോട്ട് കൂടിയിട്ടുണ്ടെങ്കിലും തമിഴ് വംശജര്‍ ദിസനായകെയെ അത്രത്തോളം അംഗീകരിച്ചിട്ടില്ല. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എന്‍പിപി നയം എങ്ങനെയായിരിക്കുമെന്ന ആശങ്കകള്‍ അവരിപ്പോഴും പങ്കുവെക്കുന്നുമുണ്ട്. ജെവിപി ഉള്‍പ്പെട്ട സായുധ കലാപങ്ങളിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിച്ച്, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന തമിഴ് വംശജരുടെ കാലങ്ങളായുള്ള ആവശ്യത്തെക്കുറിച്ച് ദിസനായകെയോ പാര്‍ട്ടിയോ എപ്പോഴെങ്കിലും സംസാരിച്ചിട്ടില്ല. വംശീയ സംഘടനങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, തമിഴ് വംശജരെ ഭരണകൂടത്തിന്റെ ഭാഗമായി നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന യുഎന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകളുടെ നിര്‍ദേശങ്ങളെക്കുറിച്ചും അവര്‍ മിണ്ടിയിട്ടില്ല. വംശീയ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ അഭിസംബോധന ചെയ്യുന്ന തരത്തിലൊരു ദേശീയ കാഴ്ചപ്പാട് രൂപീകരിക്കണമെന്നാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനായി അടിസ്ഥാനപരവും, സ്ഥാപനപരവുമായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അവര്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് ദിസനായകെ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അറിയേണ്ടതുണ്ട്.
എന്‍പിപിയുടെയും ജെവിപിയുടെയും പുതിയ രാഷ്ട്രീയ വളര്‍ച്ചയെ സശ്രദ്ധം വീക്ഷിക്കുന്ന രണ്ട് പ്രധാന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. ദിസനായകെയുടെ രാഷ്ട്രീയ നിലപാടുകള്‍ ചൈനയോട് ചേര്‍ന്നുനില്‍ക്കുന്നതും ഇന്ത്യക്ക് എതിരുമാണ്. ഇന്ത്യയുടെ ശ്രീലങ്കയന്‍ നയത്തെ എക്കാലത്തും എതിര്‍ത്തിട്ടുള്ളവരാണ് ജെവിപി. മേഖലയില്‍ ഇന്ത്യ നടത്തുന്ന വിപുലീകരണ നയത്തിന്റെ ഭാഗമായാണ് ശ്രീലങ്കയ്ക്കുള്ള സഹായമെന്നാണ് ജെവിപി നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന് ദിസനായകെ വിശ്വസിക്കുന്ന ഗൗതം അദാനി ഫണ്ട് ചെയ്യുന്ന കാറ്റാടി ഊര്‍ജ പദ്ധതി അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. അഴിമതിയുടെ ഭാഗമായ കരാര്‍, അത് തീര്‍ച്ചയായും റദ്ദാക്കേണ്ടതുണ്ട് എന്നായിരുന്നു ദിസനായകെയുടെ വാക്കുകള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറിയ ശ്രീലങ്കയ്ക്ക് എളുപ്പത്തില്‍ വായ്പകളും സഹായങ്ങളും നല്‍കി ഒപ്പം നിന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഭൂതകാലക്കുളിരിലാണ് ദിസനായകെ അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് പുതിയ നയം ചമയ്ക്കുന്നതെങ്കില്‍, അത് പുതിയ സര്‍ക്കാരിനു തന്നെയാകും വലിയ തിരിച്ചടിയാകുക. ഇക്കാര്യത്തില്‍ തികഞ്ഞ ബോധ്യമുള്ള ദിസനായകെ എടുത്തുചാടില്ലെന്ന് പ്രതീക്ഷിക്കാം.