സ്പോട്ട്ലൈറ്റ്  
OPINION

SPOTLIGHT | അയ്യപ്പന്റെ പൊന്ന് കട്ടതില്‍ ഇനിയുമാരൊക്കെ?

ഇവരെല്ലാവരും ഇക്കാര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു എന്നല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്

Author : അനൂപ് പരമേശ്വരന്‍

ഹരിവരാസനം എഴുതിയ പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ കുടുംബത്തിലെ അംഗമാണെന്ന വലിയ ബഹുമാനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ആളാണ് എ. പത്മകുമാര്‍. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമാണെങ്കിലും തികഞ്ഞ അയ്യപ്പ ഭക്തനാണെന്ന് തുറന്നു പറഞ്ഞാണ് സ്ഥാനമേറ്റത്. അങ്ങനെയുള്ള എ. പത്മകുമാര്‍ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായി എന്നു കേട്ടപ്പോള്‍ ആരെങ്കിലും അമ്പരന്നോ? ഇക്കഴിഞ്ഞ സിപിഐഎം സംസ്ഥാന സമ്മേളനം കഴിഞ്ഞ ദിവസത്തെ പ്രതികരണം എത്രപേരുടെ മനസ്സിലേക്കു വന്നിട്ടുണ്ടാകും? താനിവിടെ ഉള്ളപ്പോള്‍ വീണാ ജോര്‍ജിനെ എന്തിനാണ് സംസ്ഥാന സമിതിയിലേക്ക് എടുത്തത് എന്ന ആ പരസ്യമായ ചോദ്യം എത്രപേര്‍ ഓര്‍ത്തു. പത്മകുമാര്‍ ബിജെപിയിലേക്കു വരെ പൊയ്ക്കളയും എന്ന് അന്നു പലരും പറഞ്ഞു. പത്മകുമാറിന്റെ അന്നത്തെ പ്രതികരണം സ്ഥാനമാനങ്ങളോടുള്ള ഭ്രമത്തില്‍ നിന്ന് ഉണ്ടായതാണ്. അനിയന്ത്രിതമായ ഭ്രമം ഉള്ളവര്‍ക്കു മാത്രമേ ഇങ്ങനെ തീരാത്ത ആഗ്രഹങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് പത്മകുമാര്‍ ഗൂഢാലോചന നടത്തി എന്നു കേള്‍ക്കുമ്പോള്‍ ഒരാളും അന്തംവിടുന്നുണ്ടാകില്ല. പുള്ളിക്കാരന്‍ അത് ചെയ്തുകാണും എന്ന് ഊഹിക്കുകയാണ് പലരും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതുപോലെ എ. പത്മകുമാര്‍ ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്. ആ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നതു പൊതുമുതല്‍ കട്ടതിനല്ല. സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും അഴിമതി നടത്തിയതിനുമല്ല. ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ സ്വര്‍ണം മോഷ്ടിക്കുന്നതിനുള്ള ആവാസ വ്യവസ്ഥ ഒരുക്കിയതിനാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ്. സാമ്പത്തിക ഇടപാടുകളുടെ തെളിവു ലഭിച്ചതിനാലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇരുന്നുവാഴാന്‍ സ്വന്തം ഓഫിസ് മുറി വിട്ടുകൊടുത്തതിനാണ്. ആരോപിക്കപ്പെട്ടിരിക്കുന്നതൊന്നും നിസ്സാരങ്ങളായ കുറ്റങ്ങളല്ല.

ആ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നതു പൊതുമുതല്‍ കട്ടതിനല്ല. സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും അഴിമതി നടത്തിയതിനുമല്ല

അയ്യപ്പന്റെ പൊന്ന് കട്ടതില്‍ ഇനിയുമാരൊക്കെ?

പത്മകുമാറിന്റേത് പൂര്‍ണമായും രാഷ്ട്രീയ നിയമനമായിരുന്നു. മുന്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിന്റേത് പൂര്‍ണമായും രാഷ്ട്രീയ നിയമനം എന്നു പറയാന്‍ കഴിയുമായിരുന്നില്ല. സിപിഐഎം സഹയാത്രികനായ ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറമുള്ള ബന്ധമൊന്നും എന്‍. വാസുവിന് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന എ. പത്മകുമാര്‍ ഇപ്പോള്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മുന്‍ കോന്നി എംഎല്‍എയാണ്. കഴിഞ്ഞ സമ്മേളനത്തില്‍ സംസ്ഥാന സമിതിയിലെത്തുമെന്ന് സ്വയം വിശ്വസിച്ചിരുന്ന ആളുമാണ്. സിപിഐഎമ്മിന് സംഘടനാപരമായ മര്യാദകളും ചിട്ടകളുമുണ്ട്. അതെല്ലാം ബാധകമായ ഒരാളാണ് ഇപ്പോള്‍ സ്വര്‍ണമോഷണക്കേസിലെ കൂട്ടുപ്രതിയായിരിക്കുന്നത്. എന്തൊക്കെയാണ് പത്മകുമാറിന് എതിരേയുള്ള കുറ്റങ്ങള്‍ എന്നു നോക്കുക. കട്ടിളപ്പാളിക്കേസില്‍ എട്ടാംപ്രതിയാണ്. സ്വര്‍ണം കവര്‍ന്നത് പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം എഴുതിവച്ചിരിക്കുന്നത്. തട്ടിപ്പിനു നേതൃത്വം നല്‍കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ട്. സാമ്പത്തിക ഇടപാടുകളുടെ ഉള്‍പ്പെടെ രേഖകള്‍ പൊലീസ് ശേഖരിച്ചു. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന് അനുവദിച്ചിരുന്ന മുറി പൂര്‍ണസ്വാതന്ത്ര്യത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റി കൈകാര്യം ചെയ്തു. പ്രസിഡന്റ് ഇല്ലാത്തപ്പോഴും ഉണ്ണികൃഷ്ണന്‍ പോറ്റി ആ മുറി ഉപയോഗിച്ചു. പൂജ ബുക്കിങ്ങിലടക്കം പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചത് ഈ അടുപ്പംകൊണ്ടാണെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഈ ബോര്‍ഡിന്റെ കാലത്തെ ദേവസ്വം കമ്മിഷണറായിരുന്നു എന്‍ വാസു. പത്മകുമാറിനെ പിന്തുടര്‍ന്ന് വാസുവാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത്. നേരത്തെ അറസ്റ്റിലായ വാസു നല്‍കിയ മൊഴികളും പത്മകുമാറിലേക്കു വിരല്‍ചൂണ്ടുന്നതായിരുന്നു.

കളങ്കിതരുടെ അരിയിട്ടു വാഴ്ച

ശബരിമലയില്‍ തസ്‌കര സംഘം പിന്തുടര്‍ച്ച ഉണ്ടാക്കിയെടുത്തത് ഏതു സംവിധാനത്തേയും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു. ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവും ഉണ്ണികൃഷ്ണന്‍ പോറ്റിയും എ. പത്മകുമാറും ഒരേയന്ത്രത്തിന്റെ ഭാഗമെന്ന മട്ടില്‍ പ്രവര്‍ത്തിച്ചവരാണ്. എ പത്മകുമാറിന് അധികാര തുടര്‍ച്ച ലഭിക്കില്ല എന്ന ഘട്ടമെത്തിയപ്പോള്‍ എന്‍. വാസുവിനെ അവിടേക്കു നിയോഗിക്കാന്‍ മാത്രം ശക്തരായിരുന്നു ഈ സംഘം. മൂന്നുപേരും തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാക്കുന്നതായിരുന്നു എന്‍. വാസു ചുമതലയേറ്റതിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച ഇ-മെയില്‍. കയ്യില്‍ സ്വര്‍ണം ബാക്കിയുണ്ട്, കല്യാണത്തിന് ഉപയോഗിക്കട്ടെ എന്നാണ് വീട്ടിലെ കാര്യസ്ഥന്‍ കാരണവരോട് ചോദിക്കുന്നതു പോലുള്ള ആ മെയില്‍. എന്‍. വാസു ആ മെയില്‍ തിരുവാഭരണം കമ്മിഷണര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയാണ്. പിന്നെ ഒരനക്കവും ഉണ്ടാകുന്നില്ല. ഇവരെല്ലാവരും ഇക്കാര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു എന്നല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്. വാസു അത്തരമൊരു മെയില്‍ ലഭിച്ചാല്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് അവതരിപ്പിക്കേണ്ടത്. പോറ്റിയുടെ കയ്യില്‍ സ്വര്‍ണമെങ്ങനെ ബാക്കി വന്നു എന്നാണ് അന്വേഷിക്കേണ്ടത്. അതൊന്നും ഉണ്ടായില്ല.

നേരത്തെ അറസ്റ്റിലായ വാസു നല്‍കിയ മൊഴികളും പത്മകുമാറിലേക്കു വിരല്‍ചൂണ്ടുന്നതായിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റംഗം ചെയ്തത്

ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്ന ഘട്ടത്തില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു എ പത്മകുമാര്‍. സിപിഐഎമ്മിന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള ചുമതലകളില്‍ ഒന്നാണത്. ആഡംബരത്തോടും ആര്‍ഭാടങ്ങളോടും ത്വരയൊന്നുമില്ലാത്ത പൂര്‍ണമായും കളങ്കരഹിതര്‍ ഉള്‍പ്പെട്ടത് എന്ന് കണക്കാക്കുന്ന സമിതിയാണത്. അവിടെ എത്തിയ ഒരാളാണ് ഇത്തരം കൂട്ടുകെട്ടുകളുടെ ഭാഗമായത്. അല്ലെങ്കില്‍ തന്നെ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റില്‍ അംഗമായ ഒരാള്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലെ ഒരു ഇടനിലക്കാരനുമായി എങ്ങനെയാണ് ബന്ധം ഉണ്ടാകുന്നത്. ദേവസ്വം പ്രസിഡന്റ് എന്ന നിലയില്‍ ഉദ്യോഗസ്ഥരുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതുപോലെയല്ല ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റി അക്കാലത്ത് ശബരിമലയില്‍ ആരുമല്ല. പതിറ്റാണ്ടിനു മുന്‍പ് ഒരു മേല്‍ശാന്തിയുടെ സഹായിയായി ശബരിമലയില്‍ എത്തി എന്ന അടുപ്പം മാത്രമേയുള്ളൂ. അങ്ങനെയൊരാള്‍ക്കാണ് സ്വന്തം ഓഫിസ് സര്‍വസ്വാതന്ത്ര്യത്തോടെയും വിട്ടുകൊടുത്തത്. സിപിഐഎമ്മിന്റെ വഴിയായിരുന്നില്ല എ പത്മകുമാറിന് അന്നും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ കിട്ടുന്ന ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാന്‍ നല്‍കാമെന്ന് പത്മകുമാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ പറയുന്നത്. സ്ത്രീപ്രവേശനത്തിന് ശ്രമിച്ചവരെയോര്‍ത്ത് പത്മകുമാര്‍ കണ്ണീരണിഞ്ഞിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. വിശ്വാസങ്ങളോട് അത്രയും അടുപ്പമുണ്ടായിരുന്ന ഒരാളാണ് ഇപ്പോള്‍ ആരധനാമൂര്‍ത്തിയുടെ പൊന്നു മോഷ്ടിച്ച കേസില്‍ അറസ്റ്റിലാകുന്നത്. ഇതിനപ്പുറമൊരു വൈരുദ്ധ്യം എങ്ങനെ ഉണ്ടാകും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ കിട്ടുന്ന ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാന്‍ നല്‍കാമെന്ന് പത്മകുമാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ പറയുന്നത്

ഇതിനും മുകളില്‍ ഉള്ളവരുണ്ടോ?

വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും എല്ലാവരേയും നയിക്കുന്ന ഒരു നന്മയുണ്ടാകണം. അത് സത്യസന്ധതയുടെയും ധാര്‍മികതയുടേയും വഴിയാണ്. സത്യം കളഞ്ഞിട്ട് വിശ്വാസിയായതുകൊണ്ടു കാര്യമില്ല. അധാര്‍മിക വഴികളിലൂടെ പോകുന്നവരെ എങ്ങനെയാണ് വിശ്വാസി എന്നു വിളിക്കുന്നത്. അവിശ്വാസിയായ ഒരാള്‍ക്കു പോലും വിശ്വാസികളുടെ പ്രശംസ നേടിയെടുക്കാന്‍ കഴിയും. ശരിയുടെ പാതയിലൂടെയാണ് പോകുന്നതെങ്കില്‍ വിശ്വാസികള്‍ക്കു വിയോജിപ്പുണ്ടാകാന്‍ ഇടയില്ല. എ. പത്മകുമാറും എന്‍. വാസുവും വഞ്ചിച്ചത് വിശ്വാസികളെ മാത്രമല്ല, പാര്‍ട്ടി സംവിധാനത്തെ തന്നെയാണ്. ഇപ്പോള്‍ സിപിഐഎം മറുപടി പറയാന്‍ ബാധ്യസ്ഥരായിരിക്കുകയാണ്. ഇവരെയൊക്കെ നിയമിച്ച സര്‍ക്കാരിനും ആ ഉത്തരവാദിത്തത്തില്‍ നിന്നു മാറിനില്‍ക്കാന്‍ കഴിയില്ല. ഈ കേസ് ഇതുവരെ എത്തി നില്‍ക്കുന്നത് ശരിയുടെ പാതയിലാണെന്നാണ് ഹൈക്കോടതി വിലയിരുത്തലുകളില്‍ നിന്ന് മനസ്സിലാകുന്നത്. അല്ലെങ്കില്‍ സാധാരണക്കാര്‍ക്കു കിട്ടുന്ന പ്രതിച്ഛായ അങ്ങനെയാണ്. ഉത്തരവാദികളായ ഒരാളേയും മാറ്റി നിര്‍ത്താതെ അന്വേഷിക്കുന്നു എന്നാണ് ഇപ്പോള്‍ വരെ മനസ്സിലാക്കുന്നത്. എന്‍. വാസു എന്ന മുന്‍പ്രസിഡന്റില്‍ മാത്രം ഒതുങ്ങാതെ എ. പത്മകുമാറിലേക്കും കൂടി അന്വേഷണം എത്തിയത് അങ്ങനെയാണ്. ഇനി ഇതിനു മുകളില്‍ ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യമാണ് ബാക്കിയുള്ളത്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് പത്മകുമാര്‍ എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനു ശേഷമാണ് സ്വര്‍ണത്തെ ചെമ്പാക്കിയ അട്ടിമറി നടന്നത്. ആ പത്മകുമാറിന് മറ്റാരെങ്കിലും നിര്‍ദേശം നല്‍കിയോ എന്നാണ് ഇനി അറിയാനുള്ളത്. അതിനുള്ള ഉത്തരവും ഏറെ വൈകില്ല എന്നു കരുതാം.

SCROLL FOR NEXT