2025 ജൂലൈ മാസമാണ് കൊല്ലം ജില്ലയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 13 വയസ്സുള്ള ഒരു വിദ്യാര്‍ഥി മരിച്ച ദാരുണ സംഭവം ഉണ്ടായത്. കെഎസ്ഇബിക്ക് എതിരെയും പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെയും രൂക്ഷമായ പ്രതികരണം ഉയര്‍ന്ന സമയമായിരുന്നു അത്. ഇത്കണ്ട് കെഎസ്ഇബിയില്‍ പുതിയതായി ചാര്‍ജ് എടുത്ത ചെയര്‍മാന്‍ ജീവനക്കാരുടെ ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് വിളിച്ചു. സാധാരണ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരെ മാത്രം വിളിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിന് പകരം ചെയര്‍മാന്‍ ഏറ്റവും താഴെത്തട്ടില്‍ ഉള്ള സെക്ഷന്‍ തലത്തിലുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ മുതല്‍ മുകളിലോട്ടാണ് മീറ്റിംഗ് വിളിച്ചത്. ചെയര്‍മാന്‍ എല്ലാവരുടെയും അഭിപ്രായങ്ങളും ചോദ്യങ്ങളും സൂം മീറ്റിംഗിന്റെ കമന്റില്‍ രേഖപ്പെടുത്താം എന്ന് പറഞ്ഞതോടെ കമന്റ് ബോക്സിൽ നിർദേശങ്ങൾ ഒഴുകി.
താഴേത്തട്ടിൽ സെക്ഷൻ ഓഫിസുകളിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ വിമുഖത കാട്ടിയിരുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു കെ.എസ്.ഇ.ബിയുടെ അനാസ്ഥ വിളിച്ചറിയിച്ച ആ കമന്റുകൾ. മീറ്റിങ്ങിനിടയില്‍ കമന്റുകള്‍ നോക്കിയ ചെയര്‍മാന്‍ അവ പരിഹരിക്കാന്‍ നടപടി ഉണ്ടാകും എന്ന് ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി. അവയില്‍ ചൂണ്ടിക്കാണിക്കപ്പെട്ട കെഎസ്ഇബിയുടെ പരാധീനതകളില്‍ ഭൂരിഭാഗവും ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപഭോക്താവിന്റെ ജീവന് സുരക്ഷയാകേണ്ടതും അടിയന്തമായി നടപ്പിലാക്കേണ്ടതുമായ കെഎസ്ഇബിയുടെ അത്തരം ചിലനടപ്പ്ദോഷങ്ങൾ അറിയേണ്ടതു തന്നെയാണ്.
'കെഎസ്ഇബിയില്‍ പുതുതായി വലിക്കുന്ന ലൈനുകള്‍ അപകടരഹിതമായ ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ അഥവാ എബിസി കേബിളുകള്‍ ആക്കി വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോക്കേല്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാത്തിരിക്കാന്‍ നടപടി സ്വീകരിക്കും'' എന്ന് 2025 ജൂലൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ച ശേഷം വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇന്നും പുതിയ ലൈനുകൾ വലിക്കുന്നത് പരമ്പരാഗതമായി തുടർന്നുപോരുന്ന വൈദ്യുതി കമ്പിയിട്ടുതന്നെയാണ്. ഉൾപ്രദേശങ്ങളിലെ സിംഗിൾ ഫേസ് ലൈനുകൾ കേബിളുകളാക്കാനുള്ള നടപടി പോലും ഉണ്ടായിട്ടില്ല. മാത്രമല്ല, നാട്ടിലെ ലക്ഷക്കണക്കിന് കിലോമീറ്റര്‍ കമ്പികള്‍ പാടത്തിലൂടെയും പറമ്പിലൂടെയും വഴികളിലൂടെയും ഏത് നിമിഷവും പൊട്ടാം എന്ന രീതിയില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ട് . അവ ഇടയ്ക്കിടയ്ക്ക് പൊട്ടിവീഴുന്നു , ചില നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ അതില്‍ ചവിട്ടി മരിച്ചുവീഴുന്നുമുണ്ട്. 2024-25 വര്‍ഷം മാത്രം 241 പേരുടെ ജീവനാണ് വൈദ്യുതി അപകടങ്ങളില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ക്ക് കാരണക്കാർ എന്ന് പറഞ്ഞ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം കേസുകളും അച്ചടക്കം നടപടികളും ഉണ്ടാകുന്നു.
വ്യവസായ സൗഹൃദ നടപടി എന്ന നിലയില്‍ എത്ര കിലോ വാട്ടിന്റെ കണക്ഷന്‍ ആണോ ആവശ്യം അതിനനുസരിച്ച തുക മാത്രം കെഎസ്ഇബിയില്‍ അടച്ചാല്‍ മതി എന്ന റെഗുലേറ്ററി കമ്മീഷന്‍ നിയമഭേദഗതി 2024 ജൂലായ് മാസമാണ് കൊണ്ടുവന്നത്. ലൈന്‍ വലിക്കുന്നതും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നതും കെഎസ്ഇബി സ്വന്തം ചിലവില്‍ ചെയ്യണമെന്ന് ആ റഗുലേഷനിൽ പറയുന്നു. ആറുമാസത്തിനുള്ളില്‍ ഇവ നടപ്പാക്കണം എന്ന നിബന്ധന റെഗുലേറ്ററി കമ്മീഷന്‍ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇത് നടപ്പാക്കാന്‍ കെഎസ്ഇബിക്ക് സാധിച്ചിട്ടില്ല. കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കാന്‍ താല്പര്യമില്ല എന്നതിൽ കവിഞ്ഞ് ഈ അനാസ്ഥക്ക് മറ്റൊരു കാരണവും ഇല്ല. ഒരു ട്രാന്‍സ്‌ഫോമറില്‍ പുതിയ ലോഡ് കണക്ട് ചെയ്യാന്‍ ശേഷി ഉണ്ടോ ഇല്ലയോ എന്ന് പറയുന്നത് പൂര്‍ണമായി താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരാണ്. അവര്‍ വിചാരിച്ചാല്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നതിനുള്ള ലക്ഷക്കണക്കിന് രൂപ ഒഴിവാക്കാന്‍ പറ്റും. അങ്ങനെ താല്പര്യമുള്ളവര്‍ക്ക് ഒഴിവാക്കി നല്‍കിയും ഒഴിവാക്കി നല്‍കാന്‍ വേണ്ടി പണം വാങ്ങിയും വലിയ ക്രമക്കേട് അപൂര്‍വ്വം ഓഫീസുകളില്‍ നടക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഒരു സെക്ഷനില്‍ വെറും 9 കിലോ വാട്ട് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു സ്ഥാപനത്തോട് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നതിന് നാലര ലക്ഷം രൂപ അടയ്ക്കാന്‍ പറഞ്ഞ സംഭവം അടുത്തകാലത്തുണ്ടായി.
നിലവില്‍ കേരളത്തില്‍ ഒരു ചെറുകിട-ഇടത്തരം സംരംഭം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ ലൈന്‍ വലിക്കുന്നതിനും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നതിനും ലക്ഷങ്ങള്‍ കെഎസ്ഇബിക്ക് അടയ്‌ക്കേണ്ട അവസ്ഥയാണ് ഉള്ളത്. സിംഗിള്‍ ഫേസ് ലൈന്‍ ത്രീ ഫേസ് ആക്കുന്നതിന് എബിസി കേബിള്‍ അടക്കമുള്ള മുഴുവന്‍ തുകയും ഉപഭോക്താവ് വഹിക്കണം. പലരും ത്രീ ഫേസ് കണക്ഷനിലോട്ട് മാറ്റാന്‍ തയ്യാറാണെങ്കിലും ലക്ഷങ്ങള്‍ വരുന്ന ഈ ഭാരിച്ച തുക കാരണം ഇതില്‍നിന്ന് പിന്മാറുകയാണ്. ലൈനുകള്‍ പൂര്‍ണമായും കെഎസ്ഇബി ഉടമസ്ഥതയില്‍ ആയതിനാല്‍ ഇതിനാവശ്യമായ ചെലവ് കെഎസ്ഇബി വഹിക്കേണ്ടതാണ്. എന്നിട്ടും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് തുടരുന്നു.
സെക്ഷന്‍ ഓഫീസുകളില്‍ കരാര്‍ വാഹനം ലഭ്യമല്ലാത്തത് സംബന്ധമായ തീരുമാനങ്ങളും ഫയലുകളില്‍ ഉറങ്ങുകയാണ്. 24 മണിക്കൂറും ഡ്രൈവറോടുകൂടിയ ജീപ്പ് , 1500 കിലോമീറ്റർ ഓടാനുള്ള ഇന്ധനവും അടക്കം നല്‍കുന്നതിന് കെഎസ്ഇബി ഒരു കരാറുകാരന് നല്‍കുന്ന തുക ഒരു മാസം 45000 രൂപ മാത്രമാണ്. ഇത്ര തുച്ഛമായ തുകക്ക് 24 മണിക്കൂറും ജീപ്പും ഡ്രൈവറെ ലഭ്യമാക്കാന്‍ പറ്റാത്തതുകൊണ്ട് പല സെക്ഷന്‍ ഓഫീസുകളില്‍ രാത്രികാലത്ത് വണ്ടി ലഭ്യമല്ല. ജീവനക്കാര്‍ തന്നെ ജീപ്പ് ഓടിക്കുകയോ അതല്ല ഇരു ചക്ര വാഹനങ്ങളില്‍ ഫീല്‍ഡില്‍ പോവുകയോ ആണ് നിലവിൽ ചെയ്യുന്നത്. രാത്രി ഡ്രൈവര്‍ നിര്‍ബന്ധമാണ് എന്ന് പറയുന്ന അസിസ്റ്റന്റ്എഞ്ചിനീയര്‍മാരുള്ള സെക്ഷന്‍ ഓഫീസുകളില്‍ കരാര്‍ ജീപ്പ് ലഭിക്കുന്നില്ല. അങ്ങനെ കരാര്‍ വാഹനം ലഭ്യമല്ലാത്ത ധാരാളം സെക്ഷന്‍ ഓഫീസുകള്‍ കേരളത്തിലുണ്ട്.
സേവനങ്ങള്‍ സമയാസമയം നല്‍കിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പിഴ നല്‍കണം എന്നത് ചട്ടത്തിൽ ഉണ്ടെങ്കിലും നടപ്പായിട്ടില്ല. 2015ൽ നിലവിൽ വന്ന ചട്ടമാണിത്. ഇത് പ്രകാരം പിഴ മടക്കി നല്‍കുന്നതിന് ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ പത്തുവര്‍ഷമായിട്ടും അങ്ങനെ ഒരു ഉദ്യോഗസ്ഥനെ കെഎസ്ഇബി ചുമതലപ്പെടുത്തിയിട്ടില്ല. നിലവില്‍ ഈ റെഗുലേഷന് പകരം ഇതേ കാര്യങ്ങൾ അവതരിപ്പിച്ച്, 2026ല്‍ പുതിയ ചട്ടം കൊണ്ടു വരികയും അത് ആറു മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ കെഎസ്ഇബിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിന് പഴയ റെഗുലേഷന്റെ അതേ ഗതി വരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
കെഎസ്ഇബി നടപ്പാക്കാന്‍ താല്‍പര്യം കാണിക്കാത്ത മറ്റൊന്നാണ് 2024 ല്‍ നിലവില്‍ വന്ന തര്‍ക്ക പരിഹാര റെഗുലേഷന്‍. ചട്ടത്തിൽ എല്ലാ മാസവും കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉപഭോക്താക്കളുടെ പരാതി കേള്‍ക്കാന്‍ ഒരു ദിവസം മാറ്റി വെക്കണം എന്ന് പറയുന്നുണ്ട്. അങ്ങനെ കേരളത്തിലെവിടെയെങ്കിലും നടക്കുന്നില്ല. മറ്റൊരു കാര്യം തര്‍ക്ക പരിഹാര ഫോറങ്ങളില്‍ ഉപഭോക്താക്കളുടെ പ്രതിനിധിയായി ഒരു വ്യക്തി കൂടി ഉണ്ടാകണം എന്ന റഗുലേഷനും നടപ്പിൽ വന്നിട്ടില്ല. വൈദ്യുതി നിയമം 2003 പ്രകാരം കെഎസ്ഇബിയുടെ ഇത്തരം നടത്തിപ്പ് കാര്യങ്ങളിൽ വീഴ്ച വന്നാൽ നടപടിയെടുക്കേണ്ടത്, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി ഒരു ലക്ഷം രൂപയോളം പിഴ ചുമത്താന്‍ പറ്റുന്ന കാര്യവുമാണ് . റെഗുലേറ്ററി കമ്മീഷൻ ആകട്ടെ ഈ അനാസ്ഥകൾ കണ്ടില്ലെന്ന് നടിക്കുന്നു.
കേരളത്തിന്റെ ഊര്‍ജ്ജം ആകേണ്ട കെഎസ്ഇബി കേരളത്തിന്റെ വികസനത്തിന് തടസ്സമാവുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ പാടില്ല. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരും അവരെ നിയന്ത്രിക്കേണ്ട ഭരണനേതൃത്വവും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. വൈകാതെ പുതിയ വൈദ്യുതി മന്ത്രിയെത്തുമ്പോളെങ്കിലും അടിയന്തിര പ്രാധാന്യമുള്ള ഇനിയും നടപ്പാക്കാത്ത റെഗുലേഷനുകള്‍ സമയപരിധി നിശ്ചയിച്ച് നടപ്പാക്കാനുള്ള നിര്‍ദ്ദേശം കെഎസ്ഇബിക്ക് നല്‍കിയാൽ നന്ന് എന്നുമാത്രം പറയാം.