OPINION

സൗദി അറേബ്യ-പാകിസ്ഥാൻ-തുർക്കി പ്രതിരോധ കരാർ ഇന്ത്യക്ക് ഭീഷണിയോ ?

ഇറാനും ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഈ ത്രിരാഷ്ട്ര സഖ്യത്തിന്റെ തുടര്‍നീക്കങ്ങള്‍ വരുംകാലങ്ങളില്‍ ലോകരാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാകും

Author : പി.പി. പ്രശാന്ത്

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സൗദി അറേബ്യ, പാകിസ്ഥാൻ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ നിര്‍ണായകമായ ത്രിരാഷ്ട്ര കൂട്ടായ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നു. പങ്കാളിത്ത രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന വ്യവസ്ഥയാണ് കരാറിലെ പ്രധാന സവിശേഷത. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമായ ഒന്നല്ല ഈ കരാര്‍. പാകിസ്ഥാനും സുഹൃദ് രാഷ്ട്രമായ സൗദി അറേബ്യയും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന പ്രതിരോധ കരാറിലേക്ക് തുര്‍ക്കി കൂടി ചേരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഇന്ത്യയുടെ നയതന്ത്ര പരാജയം കൂടിയായി ഈ കരാര്‍ വിലയിരുത്തപ്പെടുന്നുണ്ട്. പ്രതിരോധ മേഖലയിലെ ഇസ്രയേലുമായുള്ള ബന്ധം ശക്തമാക്കി ഇന്ത്യ മറുപടി നല്‍കിയേക്കും എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

മക്കയില്‍ നടന്ന ഉംറ തീര്‍ത്ഥാടനത്തിന് ശേഷം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റെജെപ് തയ്യിപ് എര്‍ദോഗന്‍, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ പങ്കെടുത്ത സംയുക്ത പ്രതിരോധ ഉച്ചകോടിയിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഭാവിയില്‍ മറ്റ് പ്രാദേശിക രാജ്യങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്നും തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചത്.

മൂന്ന് രാജ്യങ്ങളുടെയും പരസ്പര താല്‍പ്പര്യങ്ങളും ചരിത്രപരമായ സഹകരണവും മുന്‍നിര്‍ത്തി, മേഖലയില്‍ സമാധാനവും കൂട്ടായ പ്രതിരോധ ശേഷിയും ഉറപ്പാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയില്‍ വ്യക്തമാക്കി. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുര്‍ക്കി, ലോകത്തെ പ്രധാന എണ്ണ ഉല്‍പാദക രാജ്യമാണ്. യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള രാജ്യം കൂടിയാണ് തുര്‍ക്കി. സൗദി അറേബ്യയുടെ സാമ്പത്തിക ശക്തിയും പാകിസ്ഥാൻ്റെ ആണവ ശക്തിയും തുര്‍ക്കിയുടെ ആയുധ ബലവും ചേരുമ്പോള്‍ മേഖലയില്‍ പുതിയ ചേരി രൂപപ്പെടുകയാണ്.

ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായി പലതവണ ആക്രമണങ്ങള്‍ക്ക് വിധേയമായ സൗദി അറേബ്യ, തങ്ങളുടെ പ്രതിരോധ പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇറാന്‍, ഹൂതികള്‍, ഇറാഖി സായുധ സംഘങ്ങള്‍ തുടങ്ങിയ അവരുടെ പ്രാദേശിക സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് സൗദിയുടെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും എണ്ണ കേന്ദ്രങ്ങളും പലതവണ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക് നാറ്റോ രൂപപ്പെടുന്നോ?

മുസ്ലിം രാജ്യങ്ങളുടെ സൈനിക സഖ്യം രൂപീകരിക്കുമെന്ന് നേരത്തെ പാകിസ്ഥാൻ നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇസ്ലാമിക് നാറ്റോ എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇതിലേക്കുള്ള ചുവടായി പുതിയ കരാറിനെ കാണുന്നുണ്ട്. എന്നാല്‍ ഇറാന്‍ ഒറ്റപ്പെടുമോ എന്ന ചോദ്യവും ബാക്കിയാണ്. മുസ്ലിം ലോകത്തെ സുരക്ഷാ-പ്രതിരോധ സഹകരണത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുന്ന കരാറായാണ് ഇതിനെ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിരോധ വ്യവസായം, സാങ്കേതികവിദ്യ, ആയുധ വികസനം, നിക്ഷേപം എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്ന രീതിയിലാണ് കരാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനും സൗദി അറേബ്യയും നേരത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. 25000 പാകിസ്ഥാൻ സൈനികരെ സൗദിയില്‍ വിന്യസിക്കാന്‍ നേരത്തെ തയ്യാറാക്കിയ സൗദി-പാക് പ്രതിരോധ കരാര്‍ പ്രകാരം സാധിക്കുമായിരുന്നു. 8000 പാക് സൈനികര്‍ നിലവില്‍ സൗദിയിലുണ്ട്. പുതിയ കരാര്‍ ഒപ്പുവെക്കുന്നതോടെ തുര്‍ക്കിയുടെ സൈന്യവും സൗദിയിലേക്ക് വരുമോ എന്നാണ് അറിയേണ്ടത്. അതേസമയം, ഇറാന്‍ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. ഇറാനുമായി സൗഹൃദം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് പാകിസ്ഥാനും തുര്‍ക്കിയും. അമേരിക്കയും സംശയത്തോടെയാണ് കരാറിനെ നോക്കിക്കാണുന്നത്.

ഇന്ത്യ - ഇസ്രയേലുമായി പുതിയ പ്രതിരോധ കരാറോ?

പാക്കിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒന്നിക്കുന്നതിന് മറുപടിയായി ഇന്ത്യ ഇസ്രയേലുമായി പുതിയ പ്രതിരോധ കരാറിന് ശ്രമിക്കുന്നു എന്ന് തുര്‍ക്കി മാധ്യമമായ സ്ട്രാറ്റൂര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത പാക് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ഈ പ്രചാരണം. പ്രചരിപ്പിച്ച വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഈ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തണം എന്ന ആവശ്യം നയതന്ത്രവിദഗ്ധരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായി പരസ്യമായ സൈനിക സഖ്യങ്ങളില്‍ ഏര്‍പ്പെടുന്നത് സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക-ഊര്‍ജ്ജ ബന്ധങ്ങളെയും പരമ്പരാഗത വിദേശനയത്തെയും ബാധിക്കാമെന്നത് ഇന്ത്യക്ക് മുന്നിലെ പ്രധാന നയതന്ത്ര വെല്ലുവിളിയാണ്.

കരാറിനെ വിമര്‍ശിച്ച് ഇറാന്‍

പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവര്‍ തമ്മിലുള്ള പുതിയ പ്രതിരോധ കരാറിനെ വിമര്‍ശിച്ച് ഇറാനും രംഗത്തെത്തിയിട്ടുണ്ട്. കരാര്‍ ഒപ്പുവെച്ചുവെങ്കിലും അത് റിയാദിന് ശാശ്വത സുരക്ഷ ഉറപ്പുനല്‍കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗമായ ഇബ്രാഹിം റെസായി പറഞ്ഞു. 'വര്‍ഷങ്ങളോളം അമേരിക്കക്കാരെ ഏകപക്ഷീയമായി ആശ്രയിച്ചിട്ടും സുരക്ഷ ലഭിക്കാതിരുന്നതുപോലെ തന്നെ, തുര്‍ക്കിയുമായും പാകിസ്ഥാനുമായുള്ള കടലാസ് കരാറുകളും തങ്ങള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് സൗദികള്‍ തിരിച്ചറിയണം. സൗദി അറേബ്യ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍, സുരക്ഷയ്ക്കായി മറ്റുള്ളവരുടെ മുന്നില്‍ യാചിക്കേണ്ട അവസ്ഥ അവര്‍ക്കുണ്ടാവില്ലെന്ന് റെസായി എക്സില്‍ കുറച്ചു. പശ്ചിമേഷ്യയില്‍ ഈ സഖ്യം തങ്ങള്‍ക്ക് വെല്ലുവിളിയായി, ഒരു രണ്ടാം പ്രതിരോധ നിരയായി മാറിയേക്കുമോ എന്ന് ഇറാന്‍ ആശങ്കപ്പെടുന്നുണ്ട്. തുര്‍ക്കിയും സൗദിയും തങ്ങളുടെ അതിര്‍ത്തികളില്‍ സ്വാധീനം ശക്തമാക്കുന്നത് ഇറാന്റെ പ്രാദേശിക താല്‍പര്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഷിയാ ഭൂരിപക്ഷമുള്ള ഇറാനെതിരെ സുന്നി ഭൂരിപക്ഷ രാജ്യങ്ങള്‍ കൈകോര്‍ക്കുന്ന ഒരു സുരക്ഷാ സഖ്യമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ഇറാനാണെന്ന് വ്യക്തമാണ്.

ആശങ്കയായി തുര്‍ക്കി-സൗദി സഹകരണം

2025 ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ തുര്‍ക്കിക്ക് നേരിട്ട് പങ്കുള്ളതായി തെളിവുകളില്ലെങ്കിലും, ആക്രമണത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളില്‍ തുര്‍ക്കി സ്വീകരിച്ച പാക് അനുകൂല നിലപാട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിയെത്തുടര്‍ന്ന്, തുര്‍ക്കി പരസ്യമായി പാകിസ്ഥാനെ പിന്തുണച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാകിസ്ഥാന് അനുകൂലമായ നിലപാട് എടുത്തത് ഇന്ത്യയുടെ കടുത്ത എതിര്‍പ്പിന് കാരണമായി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഭരണത്തിന്‍ കീഴില്‍ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. മാത്രമല്ല, തുര്‍ക്കിയും പാകിസ്ഥാനും തമ്മില്‍ സൈനിക-പ്രതിരോധ സഹകരണം വളരെ ശക്തമാണ്. ഡ്രോണ്‍ സാങ്കേതികവിദ്യയടക്കമുള്ള സൈനിക സഹകരണം തുര്‍ക്കി പാകിസ്ഥാന് നല്‍കിവരുന്നുണ്ട്.

പ്രതിരോധ കരാര്‍ ഇന്ത്യ-സൗദി പ്രതിരോധ-നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന് കണ്ടറിയണം. ഇന്ത്യയെയും യൂറോപ്പിനെയും സൗദി വഴി ബന്ധിപ്പിക്കുന്ന നിര്‍ണ്ണായകമായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഭാവിക്ക് പുതിയ സഖ്യം വെല്ലുവിളിയായേക്കാം. സൗദി-പാക്-തുര്‍ക്കി സഖ്യത്തിന്റെ പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ബന്ധം ശക്തമാക്കേണ്ടതുണ്ട്. അതായത് സൗദി പാകിസ്ഥാനോട് അടുക്കുമ്പോള്‍, ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിലെ ഏറ്റവും വിശ്വസനീയമായ പ്രതിരോധ-സാങ്കേതിക പങ്കാളിയായി യുഎഇയെ മാറ്റാന്‍ കഴിയുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.

സഖ്യത്തില്‍ മറ്റു രാജ്യങ്ങളും ചേരുമോ?

അമേരിക്കയെക്കുറിച്ചും അമേരിക്കയുടെ നിലപാടിന്റെ വിശ്വാസ്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍, പുതിയ സൈനിക സഖ്യങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും സൗദി അറേബ്യ ഉള്‍പ്പെടെ തേടുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇറാനെതിരെ ഉയര്‍ന്നുവരുന്ന ഈ പ്രാദേശിക കൂട്ടായ്മ ഗുണകരമാണെങ്കിലും, തങ്ങളുടെ കടുത്ത വിമര്‍ശകരായ തുര്‍ക്കി ഇതിന്റെ ഭാഗമായതോടെ ഇസ്രായേലും കടുത്ത ആശങ്കയിലാണ്. ഈ സഖ്യം ഗള്‍ഫ് സുരക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമോ അതോ ഇസ്രായേല്‍ വിരുദ്ധ നിലപാടുകളിലേക്ക് കടക്കുമോ എന്ന് ഇസ്രായേല്‍ നിരീക്ഷിച്ചു വരികയാണ്. സംയുക്ത പ്രതിരോധ ഉടമ്പടി ഈജിപ്ത്, ഖത്തര്‍, സിറിയ, യുഎഇ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്നത് വ്യക്തമല്ല. എന്നാല്‍ മുന്‍കാല ഭിന്നതകളും വ്യത്യസ്ത താല്പര്യങ്ങളും പരിഗണിച്ചാല്‍ സഖ്യത്തിന്റെ വികാസം അത്ര എളുപ്പമാവില്ല.

ഉയര്‍ത്തുന്നത് കടുത്ത സുരക്ഷാ- നയതന്ത്ര വെല്ലുവിളി

സൗദി അറേബ്യ, പാകിസ്ഥാൻ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള പുതിയ പ്രതിരോധ കരാര്‍ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. പാകിസ്ഥാന്റെയും തുര്‍ക്കിയുടെയും പങ്കാളിത്തമുള്ള ഈ സഖ്യം ഇന്ത്യയ്ക്ക് സുരക്ഷാപരമായും നയതന്ത്രപരമായും കടുത്ത വെല്ലുവിളിയുയര്‍ത്തുന്നു. ഇറാനും ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഈ ത്രിരാഷ്ട്ര സഖ്യത്തിന്റെ തുടര്‍നീക്കങ്ങള്‍ വരുംകാലങ്ങളില്‍ ലോകരാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാകും.

SCROLL FOR NEXT